Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രതിയും വിപ്ലവവും ഉന്മാദവും കൊണ്ട് സ്വയം ചിത്രമായ ഒരു സ്ത്രീ...

വൈകാരിക തീവ്രമായ ചിന്തകളുള്ള നാർസിസ്റ്റായ എഴുത്തുകാരിയും ചിത്രകാരിയുമായ ഒരു സ്ത്രീ അതായിരുന്നു ഫ്രിദ കാഹ്‌ലോ. എന്നാൽ ഇത്രയും വിശദീകരണങ്ങൾ കൊണ്ട് ഫ്രിദയെ ഒതുക്കി വയ്ക്കാനുമാകില്ല. വേദനകളുടെയും ആഗ്രഹങ്ങളുടെയും ഒരു വസന്തകാലമായിരുന്നു ഫ്രിദ. എല്ലാം ഒരേ സമയം ജീവിതത്തിൽ ഏറ്റുവാങ്ങിയവൾ. ജീവിതം ആഘോഷിക്കുകയും അതെ സമയം വേദന തിന്നുകയും ചെയ്തവൾ. തികച്ചും തുറന്ന പുസ്തകം പോലെ ജീവിച്ച ഒരുവളുടെ ആന്തരിക സംഘർഷങ്ങളെ ആരെങ്കിലും വായിച്ചിരുന്നുവോ? "ഫ്രിദ കാഹ്‌ലോ, വേദനകളുടെയും കാമനകളുടെയും ഉദ്യാനത്തിൽ" എന്ന പുസ്തകം അവരുടെ ജീവിതത്തെ കുറിച്ചുള്ള ഒരു തുറന്ന മാനം നൽകുന്നുണ്ട്. ഫ്രിദയുടെ ഡയറിക്കുറിപ്പുകൾ, അവരെ സംബന്ധിക്കുന്ന പഠന കുറിപ്പുകൾ എന്നിവയടങ്ങിയതാണ് ഈ പുസ്തകം. 

ഉന്മാദങ്ങളുടെ എഴുത്തുകാരി മാത്രമായിരുന്നില്ല ഫ്രിദ, അവർ പ്രശസ്തായായത് ഒരു ചിത്രകാരി എന്ന നിലയിലായിരുന്നു. ഏറ്റവുമധികം ഫ്രിദ വരച്ചു കൂട്ടിയത് സ്വന്തം ചിത്രങ്ങളും. അതിന്റെ കാരണമന്വേഷിച്ചവരോട് ഫ്രിദ പറഞ്ഞത്,

"ഞാൻ എന്നും ഒറ്റയ്ക്കാണ്. അതുകൊണ്ടാണ് ഞാൻ എന്നെ വരയ്ക്കുന്നത്", എന്നായിരുന്നു. ഒറ്റയ്ക്കായവൾ അവനവനെ കണ്ടെത്തുന്ന മാർഗ്ഗമായിരുന്നിരിക്കണം ഫ്രിദയ്ക്ക് നിറങ്ങളുമായുണ്ടായിരുന്ന അടുപ്പം. ഒരു സ്ത്രീ അവളുടെ ഉടലിനെ അവളുടെ തന്നെ രാഷ്ട്രീയം പറയുന്നതിന്റെ ഭാഗമാക്കുക എന്നാൽ അവർ അത്രയും കരുത്തുറ്റ ഒരു സ്ത്രീ കൂടി ആയിരുന്നു എന്ന് തന്നെയാണ് പറയേണ്ടത്. ഇരുപതു വയസ്സിനു മുൻപാണ് ഫ്രിദയുടെ ജീവിതത്തെ മാറ്റി മറിച്ച ഒരു അപകടം നടന്നത്, അതോടെ അവർ കുറെ കാലത്തേയ്ക്ക് കിടക്കയിൽ തന്നെയായി. ശരീരത്തിന്റെ പല ഭാഗങ്ങളും നാമാവശേഷമായ അവസ്ഥ. ഒപ്പം കാമുകന്റെ നിരാസം, കിടക്കയിലെ ഏകാന്തത.. ഒരു ഉന്മാദിനിയ്ക്ക് നിറങ്ങളിലേയ്ക്ക് തിരികെയെത്താൻ വേറെ കാരണങ്ങൾ വല്ലതും ആവശ്യമുണ്ടോ... 

"ആ തെളിഞ്ഞ വിദൂര ദിവസം

നീയെനിക്കെഴുതിയതിനാൽ

ആ ദിനങ്ങളിൽ നിന്നും എനിക്ക് രക്ഷപ്പെടാനാവില്ല

എന്ന് ഞാൻ വിശദീകരിക്കേണ്ടിയിരിക്കുന്നു.

കാലത്തിലൂടെ ആ മാറ്റത്തെ കാലത്തിലേക്ക് തിരിച്ചു പോകാനാകില്ല.

ഞാൻ നിന്നെ മറന്നിട്ടേയില്ല-രാത്രികൾ ദീർഘവും കഠിനവുമാണ്..."

ഫ്രിദയുടെ "നവവധു" എന്ന ചിത്രത്തിനെ അനുസ്മരിപ്പിക്കുന്ന ഒരു കത്തിന്റെ ഭാഗം മാത്രമാണിത്. വരകളുടെ ലോകത്തു പ്രശസ്തയായി തീർന്ന ശേഷം ഫ്രിദയ്ക്ക് ലഭിച്ച ചില പെൺ സൗഹൃദങ്ങളെയും അവയുടെ ആഴത്തിലുള്ള ബന്ധങ്ങളെയും കുറിക്കുന്നവയാണ് ഈ കത്തുകൾ എന്ന് പുസ്തകത്തിൽ വ്യക്തമായി പറഞ്ഞു വയ്ക്കുന്നുണ്ട്. 

"ഒരു വാക്കിനും ഈ നിരാശയെ വിശദീകരിക്കാനാകില്ല.

ഇപ്പോഴും ജീവിക്കാനെനിക്കാശ 

വീണ്ടും ഞാൻ ചിത്രം വരയ്ക്കാൻ തുടങ്ങി.

ഫാരിൽ ഡോക്ടർക്ക് കൊടുക്കാനുള്ള കൊച്ചു പടത്തിൽ

ഞാനെന്റെ സ്നേഹം മുഴുവൻ എടുത്ത് പണിയെടുക്കുന്നു. ചിത്രത്തെ കുറിച്ച് എനിക്കാശങ്കയുണ്ട്.

എല്ലാത്തിനുമുപരി അത് കമ്മ്യൂണിസ്റ്റുകാർക്കുപയോഗമുള്ള ഒന്നാക്കണം",

1950-51 എന്ന പേരിലുള്ള ഡയറിക്കുറിപ്പിൽ ഈ വരികളിൽ നിന്നും അപകടത്തിന് ശേഷമുള്ള എത്രയോ വർഷങ്ങളെ അവർ നിറങ്ങളിലൂടെയും സ്വന്തം രാഷ്ട്രീയത്തിലൂടെയും അതിജീവിച്ച അനുഭവം കണ്ടെടുക്കാം. ഡയറിക്കുറിപ്പുകളുടെ രൂപത്തിലായിരുന്നു ഫ്രിദയുടെ എഴുത്തുകളൊക്കെയും, അതിൽ തന്നെ കുറിപ്പുകളായും കത്തുകളായും അക്ഷരങ്ങൾ സജീവ സാന്നിധ്യമായി തീരുന്നു. ഡയറിയിലെ പല താളുകളും പക്ഷെ എപ്പോഴൊക്കെയോ അപ്രത്യക്ഷമാക്കപ്പെട്ടിട്ടുമുണ്ട്. സ്വന്തം ചിത്രങ്ങളിൽ ഫ്രിദ എന്നല്ലാതെ പല പല പേരുകളിൽ ഒപ്പിടാറുണ്ടായിരുന്ന ചിത്രകാരിയായിരുന്നു അവർ. ഈ ഡയറികുറിപ്പ് ഇറങ്ങുന്ന സമയത്ത് അധികം കുറിപ്പുകൾ ഫ്രിദയുടേതായി ഡയറിയിൽ ഉണ്ടായിരുന്നില്ല, പകരം അതിലുമധികം ചിത്രങ്ങൾ വരയ്ക്കുകയാണ് ഫ്രിദ അക്കാലത്ത് ചെയ്തത്. 

സർ റിയലിസ്റ്റിക് ചിത്രങ്ങളാണ് ഫ്രിദയുടേതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഫ്രിദ സ്വന്തം ചിത്രങ്ങളെ കുറിച്ച് പറയുന്നത്, "അവ എന്റെ തന്നെ സ്വപ്നങ്ങളാണ് അവ ഞാൻ തന്നെയാണ്" എന്നാണ്. ജീവിതാനുഭവങ്ങൾ നൽകിയ അനുഭവ തീക്ഷ്ണതകളുടെ ആകെ തുകയായിരുന്നു ഫ്രിദയ്ക്ക് ചിത്രങ്ങൾ. അവകളിൽ വേദനകളും രാഷ്ട്രീയവും അവരുടെ ഉടലിനെ ചേർത്ത് പറയുന്നുണ്ടായിരുന്നു.

1953 ൽ ഫ്രിദയുടെ കാലിന്റെ മുട്ടിനു താഴെയുള്ള ഭാഗം അപകടത്തെ തുടർന്ന് നീക്കം ചെയ്യപ്പെട്ടു. മുറിഞ്ഞു പോയ കാലിനെ നിറങ്ങളിലാക്കിയ ഫ്രിദ ആ നിറത്തെ അക്ഷരങ്ങളിലും പറഞ്ഞു വച്ചു,

"കാറ്റ് ഭൂമിയെ തഴുകുന്നത് പോലെ 

അവനെന്നെ താലോലിച്ചിരുന്നെങ്കിൽ

അവന്റെ സാന്നിധ്യം എന്നെ സന്തുഷ്ടയാക്കും

ഖേദത്തിൽ നിന്നും അതെന്നെ മോചിപ്പിക്കും 

എന്നുള്ളിലൊന്നും അത്രയ്ക്ക് ആഴത്തിലില്ല.

അത്രയും ആത്യന്തികമായി.

ലോലതയ്ക്കു വേണ്ടിയുള്ള എന്റെ ആവശ്യം 

എങ്ങനെ ഞാനവനോട് വിശദീകരിക്കും?

വർഷങ്ങളായുള്ള ഏകാന്തത.

ഐക്യമില്ലാതെ എന്റെ രൂപം അനിഷ്ടമുണ്ടാക്കുന്നു.

ഓടിപ്പോകുന്നതല്ല, പോകുന്നതാണെനിക്ക് നല്ലത്.

എല്ലാം ഒറ്റയടിയ്ക്ക് ഇല്ലാതായെങ്കിൽ,

ഞാനതാശിക്കുന്നു.."

ഡിയേഗോ റിവേറ എന്ന ചിത്രകാരനൊപ്പമാണ് ഫ്രിദയുടെ ജീവിതവും പിന്നീടുള്ള പ്രണയവും പുരോഗമിച്ചത്. തന്റെ ചിത്രങ്ങൾ കാണിക്കാൻ വേണ്ടി ചെന്ന ഫ്രിദ അദ്ദേഹവുമായി അടുപ്പത്തിലാവുകയും പ്രണയം വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു. പക്ഷെ അപകടത്തിൽ നഷ്ടപ്പെട്ട അമ്മയാകുവാനുള്ള മോഹം അവരുടെ ദാമ്പത്യത്തെ വല്ലാതെ ഉലച്ചു. നിറങ്ങളും ഉന്മാദവും കൂടി കലർന്നപ്പോൾ ദാമ്പത്യം വേദനാജനകം തന്നെയായി തീർന്നു. 

മൂന്നു വയസ്സുള്ളപ്പോൾ ഫ്രിദ നേരിട്ട് കണ്ട മെക്സിക്കൻ വിപ്ലവത്തിൽ നിന്നാണ് ശക്തമായ കമ്മ്യൂണിസ്റ്റ് അനുഭാവം ഫ്രിദയ്ക്ക് ഉണ്ടായത്. അവരുടെ ചിത്രങ്ങൾ വിപ്ലവത്തിലേയ്ക്ക് ഫ്രിദയെ കൂടുതൽ അടുപ്പിക്കുകയും ചെയ്തു. അന്യവത്കരണത്തിൽ നിന്നും മുക്തമായ മനുഷ്യരാശിയെ കുറിച്ചുള്ള സ്വപ്നം മാർക്സിസവും സർ റിയലിസവും പങ്കു വച്ചിരുന്ന കാലമായിരുന്നു ഇരുപതാം നൂറ്റാണ്ട്. എല്ലാം എല്ലാവരുടേതുമായിരുന്ന ഒരു കാലത്തിലേക്കുള്ള മടക്കയാത്രയിൽ ഫ്രിദയും ആ രാഷ്ട്രീയത്തിന്റെ ഭാഗമായി ഒപ്പം കൂടി. ഒപ്പം കൂട്ടായി വന്ന റിവേറയും ആഴത്തിലുള്ള കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. ഒരുപക്ഷെ അവർ തമ്മിൽ ഉണ്ടായിരുന്ന പ്രണയം നഷ്ടപ്പെട്ടപ്പോഴും, അവിശ്വാസം മഞ്ഞു മലപോലെ വളർന്നു വന്നപ്പോഴും വിപ്ലവവും നിറങ്ങളും അവരെ ഉള്ളിന്റെ ഉള്ളിൽ എപ്പോഴും കൂട്ടി യോജിപ്പിച്ചു കൊണ്ടേ ഇരുന്നിരിക്കണം. 

"ആഴത്തിൽ നീയെന്നെ മനസ്സിലാക്കുന്നു. നിനക്കറിയാം ഞാൻ നിന്നെ ആരാധിക്കുന്നു... നീയെന്റേതല്ല.. ഞാൻ തന്നെയാണ്..."കാൽപ്പനിക പ്രേമത്തിന്റെ അലകളും ഫ്രിദയുടെ വരികളിൽ കാണാൻ കഴിയുമെന്ന് പല കുറിപ്പുകളും സൂചിപ്പിക്കുന്നുണ്ട്. വരയിലും വാക്കുകളിലും ഉന്മാദം നിറച്ച് വച്ച വിപ്ലവം തുളുമ്പി നിന്ന, രതിയുടെ മനോഹരമായ ഭാവങ്ങൾ വിരിഞ്ഞു നിന്ന, ഒരു സ്ത്രീ ചരിത്രത്തിൽ അപൂർവ്വമായിരിക്കാം, അതുകൊണ്ട് തന്നെയാണല്ലോ ഫ്രിദ എല്ലായ്പ്പോഴും ഓർമ്മിക്കപ്പെടുന്നതും.