Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലയ അച്ചാറുകളിലെ രാഷ്ട്രീയ രുചി

വിരുദ്ധോക്തിയുടെ വിചിത്രകൽപ്പനകളാലും സൂക്ഷ്മരാഷ്ട്രീയ കൂർപ്പിനാലും സഹജമായ കവിത്വത്താലും സമൃദ്ധമാണ് എം.എസ്. ബനേഷിന്റെ കവിതകൾ. മെരുങ്ങാനും ഞെരുങ്ങാനും ഒരുക്കമല്ല ഈ കവിതകൾ. കാവ്യശരീരത്തിൽ സ്ഫോടകവസ്തുക്കൾ ചേർത്തുകെട്ടിവച്ചിട്ടുണ്ടോ എന്നു വായനക്കാർക്കു തോന്നിയേക്കാം. എയ്യുമ്പോൾ നൂറാണെങ്കിലും കൊള്ളുമ്പോൾ ആയിരമാകുന്ന അസ്ത്രങ്ങൾ ഏറെയുണ്ട് ഈ കാവ്യ ആവനാഴിയിൽ. ‘നെഞ്ചും വിരിച്ചു തലകുനിക്കുന്നു’ എന്ന ആദ്യ സമാഹാരത്തിൽ തന്നെ ബനേഷിന്റെ കയ്യടക്കവും കാവ്യാഭിജ്ഞതയും പ്രകടമാക്കുന്ന രചനകളുണ്ടായിരുന്നു. കാത്തുശിക്ഷിക്കണേ...എന്ന രണ്ടാമത്തെ സമാഹാരത്തിലെത്തിയപ്പോൾ ആ കവിതകൾ കൂടുതൽ ഏകാഗ്രമായി. ‘നല്ലയിനം പുലയ അച്ചാറുകൾ’ എന്ന ഏറ്റവും പുതിയ സമാഹാരത്തിലെത്തുമ്പോൾ പുതിയ തുറസ്സുകളിലേക്ക് കുതറുന്ന കവിതയെ കാണാം. 

ബനേഷിന്റെ കവിതകളുടെ സ്വഭാവം തന്നെയായ തീക്ഷ്ണത ഒട്ടും കുറയാതെയുണ്ട്, പുതിയ സമാഹാരത്തിലെ കവിതകളിലും. രൂക്ഷരുചിയാണ് ‘നല്ലയിനം പുലയ അച്ചാറുകളി’ലെ കവിതകൾക്ക്. മധുരിക്കുന്ന സവർണ അച്ചാറുകൾ ശീലമായവരെ അത് അലോസരപ്പെടുത്തും. മൃദുരുചികൾ ശീലിച്ച നാവുകൾ എരിയും. ‘മല്ലു ഗേൾ ഹോട്ട് മൊബൈൽ കോൾ’പോലുള്ള ഒരു കവിത സങ്കൽപ്പിച്ചെടുത്ത കവിയുടെ രാഷ്ട്രീയ ബോധ്യത്തെ അഭിനന്ദിക്കാതെ വയ്യ. ‘ഞാൻ കെടക്കണ കട്ടിലിൽക്കൂടെയാ നാലുവരിപ്പാത പോകാൻ പോണത്’എന്നാണു പെണ്ണുര. രതിയും ടോൾ പിരിവും നാലുവരിപ്പാത സമരവുമൊക്കെ ഇടകലർന്ന് കവിത മുന്നോട്ടുപോകുന്നു.

‘‘മോനേ,

ഇതൊരു ബുജിക്കമ്പിവർത്തമാനമായല്ലോടാ.

എന്തായാലും പിടി വീഴും.

ഒന്നുകിൽ ബിഎസ്എൻഎല്ലിലെ

ഏതെങ്കിലും ഞരമ്പുരോഗി

ഇതു യുട്യൂബിലിടും.

അല്ലേൽ മാവോയിസ്റ്റ് കമ്പിയെന്ന് പറഞ്ഞ്

സൈബർ സെല്ലുകാര് നമ്മെ ഒറ്റും.

എങ്കിലും,

സമരങ്ങൾക്കായി

കല്യാണം കഴിക്കാത്ത

നമ്മൾക്ക്

പൊട്ടാനൊരുങ്ങുന്ന ബോംബുകൾക്കും

ചിതറുന്ന ചീളുകൾക്കുമിടയിൽ കിടന്ന്

ഇങ്ങനെയല്ലേ 

ഇണ ചേരാനാവൂ.

നമ്മൾക്ക് കാര്യത്തിലേക്ക്

സങ്കൽപപ്പെടാം. വാ.’’

ആസക്തികളുടെയും അടക്കിയ അഭിലാഷങ്ങളുടെയും സീൽക്കാരങ്ങളെ അതിന്റെ പരമാവധി മുഴക്കത്തിൽ ബനേഷിന്റെ കവിത പിടിച്ചെടുക്കുന്നു.

രക്തസാക്ഷി പരിവേഷത്തിൽ അഭിരമിക്കുന്ന കവിയോ കവിതയോ അല്ല ഇത്. നിഗ്രഹോൽസുകമായ നിസംഗതയുണ്ട് ഈ സമാഹാരത്തിലെ മിക്കവാറും കവിതകളിൽ. ഉപരിപ്ലവമായ വൈകാരിക പ്രസ്താവനകളോ ഉച്ചത്തിലുള്ള വിലാപസ്വരമോ ആദർശനഷ്ടപ്രകീർത്തനമോ ഇവിടെ ഇല്ല. 

കറുത്ത ഹാസ്യത്തിന്റെ അടക്കിപ്പിരിച്ച കൊലച്ചിരി കാണുന്നു നാമീ വരികളിൽ.  പുതുകവിതയുടെ പരിചിതമായ സത്രങ്ങളിലൊന്നും കണ്ടിട്ടില്ല ബനേഷിന്റെ കവിതയെ. കനമില്ലായ്മയുടെ കനമോ തീരെ കനം കുറഞ്ഞ ഒച്ചകളോ അല്ല ബനേഷിനു കവിത. ഏതെങ്കിലും സംജ്ഞകളുടെ തണലിലല്ല, ജീവിതത്തിന്റെ പൊരിവെയിലത്താണ് ഈ കവിതകൾ നിൽക്കുന്നത്. ഗദ്യത്തിലും പദ്യത്തിലും ഒരേ ഇഴയടുപ്പത്തോടെ കവിത കെട്ടുന്ന മികവ് ഈ സമാഹാരത്തിലെ മിക്കവാറും രചനകളിൽ കാണാം. kകയ്പൻ അനുഭവങ്ങളെ പച്ചയ്ക്ക് എഴുതാൻ മടിക്കാത്ത കവിയാണ് ബനേഷ്. എല്ലാത്തിനെയും വണങ്ങിനിൽക്കുന്ന, പരിചരിക്കുന്ന ശീലമില്ല ഈ കവിതകൾക്ക്. സുഖം സ്വസ്ഥമായി ചാരുകസേരയിൽ ഇരുന്നുള്ള എഴുത്തല്ല അത്. പ്രതിബോധത്തിൽ നിന്നാണ് ഈ കവിമൊഴിയുടെ ഉരുവപ്പെടൽ.  

ഉള്ളിൽത്തറയുന്ന മുള്ളുപോലെയാണ് ‘നല്ലയിനം പുലയ അച്ചാറുകളി’ലെ കവിതകൾ. അംഗീകൃത ലാവണ്യബോധത്തിന്റെ ചതുരവടിവുകൾക്കകത്ത് ഒതുങ്ങാൻ കൂസാക്കാത്ത ഒരു കവിക്കേ ഈ കവിതകളെഴുതാനാകൂ.

Malayalam Literature ReviewBooks In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം