Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉള്ളു തൊടുന്ന ചില ഓർമ്മകൾ

ഈ ഭിക്ഷക്കാരനെ നീയെന്തിനാ കൊണ്ടുനടക്കുന്നേ?

അമ്മ ചോദിക്കും.

അമ്മേ, അതു ഭിക്ഷക്കാരനല്ല, വലിയ കവിയാ, അയ്യപ്പൻ

ഈ കവികളൊക്കെ എന്താ ഇങ്ങനെ?

അമ്മയ്ക്ക് അയാളുടെ വലുപ്പമറിയാഞ്ഞിട്ടാ

അയ്യപ്പൻ ആരാണെന്ന് എന്റെ അമ്മയ്ക്ക് അറിയില്ലായിരുന്നു. ഭിക്ഷാടകനെ പോലെ രാവിലെ വരുന്ന അയ്യപ്പന് അമ്മ ചായ കൊടുക്കും. പലഹാരം അയ്യപ്പൻ വേണ്ടെന്നു പറയും.

അക്കാദമി അവാർഡ് കിട്ടി അയ്യപ്പന്റെ പടം പത്രത്തിൽ വന്നപ്പോൾ അമ്മ അയ്യപ്പന്റെ മഹത്വമറിഞ്ഞു. രാവിലെ ഞാൻ ഉണർന്നെണീറ്റ് വരുമ്പോൾ അയ്യപ്പന് അമ്മ ഭക്ഷണം വിളമ്പുന്നു. അയ്യപ്പൻ അമ്മയോട് ഇരുന്നൂറു രൂപ ചോദിക്കുന്നു. അമ്മ നൂറുരൂപ കൊടുക്കുന്നു. നൂറ് രൂപ ഞാനും കൊടുക്കുന്നു. അയ്യപ്പൻ എന്റെ കൂടെ ഇറങ്ങുന്നു. ഞാൻ കോളജിലേക്ക്. അയ്യപ്പൻ ബാറിലേക്ക്.

രാവിലെ വരുന്ന അയ്യപ്പൻ തുടർക്കഥയാകുന്നു. ജ്യേഷ്ഠന്റെ കുട്ടികൾ വന്ന് വിളിക്കുമ്പോൾ ഞാൻ പറയുന്നു ‘ഞാൻ ഇല്ലെന്നു പറഞ്ഞേക്ക്’. അയ്യപ്പൻ പോകുന്നില്ല. പത്രമെല്ലാം അരിച്ചുവാരി വായിച്ച് അയ്യപ്പൻ കാത്തിരിക്കുന്നു. അമ്മയോട് അൻപതു രൂപ വാങ്ങി പടിയിറങ്ങുന്നു.

‘അവനിവിടെയുണ്ടെന്ന് എനിക്കറിയാം. അവൻ ഒളിച്ചിരിക്ക്യാ’.

വേച്ചുവേച്ചു നീങ്ങുന്ന അയ്യപ്പനെ നോക്കി അമ്മ ചിരിക്കുന്നു. വൈകിട്ട് ഞാൻ മടങ്ങിയെത്തുമ്പോൾ അമ്മ ഉച്ചത്തിൽ– ‘ ആ അയ്യപ്പനെ കൊണ്ടു തോറ്റു… പിന്നെയും വന്നിരിക്യാ.. പൈസക്ക്…’

എന്നിട്ടോ?

ഞാൻ കൊടുത്തില്ല.. ഞാനെവിടെ നിന്നെടുത്തുകൊടുക്കും

അയ്യപ്പൻ പിന്നെയും പിന്നെയും വന്നു. ഞാനുള്ളപ്പോൾ എൻറെ കയ്യിൽ നിന്നു വാങ്ങി. ഞാൻ ഇല്ലാത്തപ്പോൾ അമ്മയുടെ കയ്യിൽ നിന്ന് എന്തൊരു തൊന്തരവ് എന്നുപറഞ്ഞ് അമ്മ അയ്യപ്പന്റെ കുചേലഭാഷയ്ക്കു മുന്നിൽ തോറ്റു.

കണ്ണിലെ ചോര വീഴും പാതയിൽ നീ നിൽക്കുമോ

കണ്ണിനെച്ചുംബിച്ചെന്നെ തോളിലേറ്റുമോ,

നിന്റെ കണ്ണിന്റെ കനവെല്ലാം കാണുവാൻ കഴിയുമോ?

(വാക്കുതെറ്റിച്ച ജാതകം)

കവി അയ്യപ്പൻ സുഹൃത്തുക്കൾക്ക് ഓരോരുത്തർക്കും ഓരോ അനുഭവമായിരുന്നു. അയ്യപ്പൻ എന്ന അവധൂതൻ എങ്ങനെ തന്റെ കുടുംബത്തിനും വേണ്ടപ്പെട്ടൊരാളായി എന്നാണ് വി.ആർ. സുധീഷ് വാക്കുതെറ്റിച്ച ജാതകം എന്ന അനുഭവത്തിലൂടെ പറയുന്നത്. അനുഭവങ്ങളുടെ ചൂടും ചൂരും, പ്രണയവും വേർപാടുമെല്ലാം മാറിമാറി വരികയാണ് എന്നെ നീ എപ്പോഴും കാണുന്നപോലെ എന്ന പുതിയ പുസ്തകത്തിൽ. 

പാടുക കൂട്ടുകാരാ

ഹരിപ്രിയയ്ക്ക് എന്റെ എല്ലാ പ്രണയിനികളുടെയും മുഖശ്രീയാണ്. അഞ്ചുവയസ്സുള്ളപ്പോൾ ജയലേഖ എന്ന കൂട്ടുകാരി എന്നെ ‘സൂര്യകാന്തി സൂര്യകാന്തി സ്വപ്നം കാണുവതാരെ എന്നു പാടി കേൾപ്പിക്കുമായിരുന്നു. പ്രണയത്തിന്റെ സൂര്യകാന്തി എന്നിൽ ആദ്യം നിറച്ചത് അവളാണ്. അവളെ കണ്ടുകൊണ്ടാണ് ഹരിപ്രിയയെ ഞാൻ വരച്ചുതുടങ്ങിയത്. ഹരിതപത്രങ്ങൾ എന്ന കഥയിലും ജയലേഖയാണ് തെളിഞ്ഞത്. മാങ്കോസ്റ്റിൻ മരത്തിന്റെ ചുവട്ടിൽ ഓരോ പാട്ടും കേൾപ്പിക്കുമ്പോൾ ബഷീറിന്റെ വര ഒരു മുഖവുരയുണ്ടാകും. ഈ വരുന്നവൾ പാക്കിസ്ഥാനിയാ.. ഭയങ്കരിയാ.. ശിവകൃഷ്ണന് ബാബുരാജിനെക്കുറിച്ച് മാധവേട്ടൻ പറഞ്ഞുകൊടുക്കുമ്പോൾ ഞാൻ ഓർത്തത് ബഷീറിനെയാണ്. ജയലേഖയെ പിന്നീടു കണ്ടതില്ല. അവളെവിടെയാണാവോ? സൂര്യകാന്തിയുടെ സ്വപ്നങ്ങൾ അവളിൽ സാക്ഷാത്ക്കരിച്ചിരിക്കുമോ?

ഭാസ്കരൻമാഷും ബാബുരാജും ചേർന്നൊരുക്കിയ പ്രണയഗാനങ്ങൾ പിഴിഞ്ഞാണ് ഞാൻ ഈ കഥ എഴുതിയത്. ഇത് എനിക്കു പ്രിയപ്പെട്ടതാകുന്നത് ആ നാദശിൽപ്പങ്ങളുടെ വിഷാദശ്രുതി കഥയോടൊപ്പം അനുഭവിക്കുന്നതുകൊണ്ടുതന്നെ. കോഴിക്കോടൻ മനസ്സിലൂടെ ബാബുരാജിന്റെ കാലത്തിലൂടെ ഒരു സഞ്ചാരമാണിത്. കുറേക്കാലം കഥ മനസ്സിൽ കൊണ്ടുനടന്നു. 

എന്റെ ആദ്യ പുസ്തകം

ഒരുദിവസം പുനത്തിൽ കുഞ്ഞബ്ദുള്ളയോടൊപ്പം ഞാൻ കോട്ടയത്തു പോകുന്നു. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തൊട്ടടുത്തുള്ള കറന്റ് ബുക്സിന്റെ ഓഫിസിലേക്കാണു ഞങ്ങൾ പോയത്. പുനത്തിലിന് അവിടെ എന്തോ ഒരാവശ്യം. ഞാൻ ആദ്യമായി കറന്റിന്റെ ഓഫിസ് കാണുകയാണ്. ഓഫിസിനു താഴെ കറന്റിന്റെ ബുക് സ്റ്റാൾ ഉണ്ട്. അവിടെ കയറി പുനത്തിൽ സൗഹൃദം പറഞ്ഞു. പിന്നിൽ ചില്ലലമാരയിലെ പുസ്തകത്തിലേക്ക് നോക്കി നിന്ന ഞാൻ തലകറങ്ങുമെന്നായി. ദൈവമേ, എന്റെ പുസ്തകം  അലമാരയിൽ നിന്നും എന്നെ നോക്കി ചിരിക്കുന്നു. ക്രൂരഫലിതക്കാരൻ ദൈവം. ഞാനതു കയ്യിലെടുക്കുമ്പോൾ ബുക് സ്റ്റാളിലെ മാനേജർ പറഞ്ഞു– ഇന്നിറങ്ങിയിട്ടേയുള്ളൂ. ആദ്യപുസ്തകം നെഞ്ചോടുചേർത്ത് ഓമനിക്കുമ്പോൾ പുനത്തിൽ പറഞ്ഞു, ഇങ്ങനെയൊരനുഭവം എനിക്കുപോലുമില്ല. അത്ഭുതം പോലെ ആദ്യകൃതിയെ ചുംബിച്ച ആ നിയോഗത്തിന്റെ ഓർമ്മ എത്ര മധുരിതമാണ്.  രണ്ടു തവണ എന്നെ യൂണിവേഴ്സിറ്റി കലോത്സവത്തിൽ  മികച്ച കഥാകാരനാക്കിയ മുൾക്കിരീടം, കോലങ്ങൾ എന്നീ കഥകൾ തൊട്ട്  നന്നായി വായിക്കപ്പെട്ട ദുർവൃത്തങ്ങളുടെ രാത്രി, ചിരിക്കാൻ മറന്ന ചിരിക്കോപ്പുകൾ എന്നിവ ഉൾപ്പെടുന്ന പുസ്തകമായിരുന്നു ക്രൂരഫലിതക്കാരൻ ദൈവം. ആ ശീർഷകത്തിൽ അങ്ങനെയൊരു കഥയില്ല. വൈലോപ്പിള്ളിക്കവിതയിൽ നിന്നാണ് ആ പ്രയോഗം കിട്ടിയത്. സ്വച്ഛമാം നേരിനുള്ളിൽ നുണ പൂഴ്ത്തിവച്ചിരിക്കുന്ന ക്രൂരഫലിതക്കാരൻ ദൈവം’.

വി.ആർ.സുധീഷിൻറെ ഓർമ്മ, പഠനങ്ങൾ, സംഗീതവിചാരം, അഭിമുഖം എന്നിവയെല്ലാം ചേർത്തതാണ് എന്നെ നീ എപ്പോഴും കാണുന്നപോലെ എന്ന പുസ്തകം. ഹൃദയത്തിൽത്തൊട്ട അനുഭവങ്ങളുടെയും നേരിനെ തൊട്ട നിരീക്ഷണങ്ങളും ഈ പുസ്തകത്തെ വായനക്കാരന്റെ ഹൃദയത്തോടടുപ്പിക്കും.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.