Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരികിടങ്ങളിൽ നിന്ന് ഉയരുന്ന നിലവിളി

സമൂഹത്തിന്റെ അരികിടങ്ങളിൽ നിന്ദയും, പരിഹാസവും അവഗണനയും ഏറ്റ ഒരു സമൂഹത്തിന്റെ ദൈന്യതയുടെ ചിത്രമാണ് പെരുമാൾ മുരുകന്റെ ‘കീഴാളൻ’ എന്ന നോവൽ.

അരച്ചാൺ വയറു നിറയ്ക്കാൻ ജന്മികളായ ഗൗണ്ടർമാരുടെ കൃഷിയിടങ്ങളിൽ രാവന്തിയോളം പണിയെടുക്കുന്ന ചക്കിലിയന്മാരുടെ കഥ. 

കുലയ്യൻ എന്ന ചെറുബാലനിലൂടെയാണ് നോവൽ വികസിക്കുന്നത്. വളരെ ചെറുപ്രായത്തിൽ തന്നെ അവന്റെ അച്ഛനമ്മമാർ തങ്ങളുടെ യജമാനനായ ഗൗണ്ടർക്കു മകനെ സമർ പ്പിച്ചു. ഗൗണ്ടർ അവരുടെ പൊന്നു തമ്പുരാനാണ്. അന്നദാതാവാണ്. കൺകണ്ട ദൈവം, അയാൾക്കല്ലാതെ മറ്റാർക്കാണ് മകനെ നൽകേണ്ടത് എന്നാണ് ആ പാവങ്ങൾ ധരിച്ചിരിക്കു ന്നത്. 

ഗൗണ്ടർ, കുലയ്യന് ഒരു ജോലി നൽകി. തന്റെ ആടുകളെ തീറ്റുന്ന പണി. പതിന്നാല് ആടുകളാണ് അയാൾക്കുള്ളത്. അവയുടെ പരിപാലനച്ചുമതല. കുലയ്യനും അവന്റെ ആടുകളും ഗ്രാമാതിർത്തിയിലുള്ള വിശാലമായ മേച്ചിൽപ്പുറത്തെത്തിയപ്പോൾ പുലർകാലം വിട പറഞ്ഞിരുന്നില്ല. തിരുച്ചെങ്കോട് കുന്നിന്റെ പുറകിൽ സൂര്യൻ, മിതമായ ആ ഉയരം പോലും കയറാൻ മടിച്ചിട്ടെന്ന പോലെ നിഗൂഢമായി പതുങ്ങിയിരുന്നു. കുലയ്യന്റെ ദിവസത്തിന്റെ തുടക്കം. 

ആടുകളുമായി അവൻ വേഗം ഇണങ്ങി അവന്റെ പ്രാണന്റെ ഭാഗമായി അവ മാറി. അവയോട് അവൻ സംസാരിക്കും. അവന്റെ ഭാഷ അവർക്കും മനസ്സിലാകുമായിരുന്നു. വീരൻ, നെടുമ്പി മൊള്ളച്ചി, വട്ടലു, മൂളി, വെള്ളച്ചി അങ്ങനെ പോകുന്നു അവന്റെ ആടുകളുടെ പേരുകൾ, കുലയ്യന്‍ ഉറങ്ങുന്നത് ആട്ടിൻ തൊഴുത്തിൽ. അവയുടെ മൂത്രവും വിസർജ്യവും ഏറ്റുള്ള ഉറക്കം. 

ഒരു തകരപ്പാത്രത്തിലാണ് അവൻ ഭക്ഷണം കൊണ്ടുവരുന്നത്. ആടുകൾ തീറ്റയിൽ മുഴുകുമ്പോൾ അവൻ കൂടെക്കൂടെ തന്റെ ഭക്ഷണ പാത്രത്തിലേക്ക് നോക്കും. അതിൽ നിറയെ കഞ്ഞിയാണ്. കമ്പച്ചോളത്തിന്റെ രണ്ടുരുളകൾ അതിൽ നീന്തി കളിക്കുന്നുണ്ട്. ഏതാനും നീണ്ടു മെലിഞ്ഞ ഉണക്കമുളകുകളും. പലപ്പോഴും ആ പാത്രം തുറന്നു കഴിക്കാൻ അവനു തോന്നാറുണ്ട്. എന്നാൽ ഉച്ചകഴിഞ്ഞ്  പട്ടിണിയാകുമല്ലോ എന്ന ചിന്ത അവനെ അതിൽ നിന്നും വിലക്കി. തലേന്നത്തെ കമ്പച്ചോളമാണ് ചിലപ്പോൾ അവനു ലഭിക്കുന്നത്. ചുക്കിച്ചുളിഞ്ഞ ഉരുളകളിൽ നിന്ന് വളിച്ച മണം ഉയരുന്നുണ്ടാകും. എല്ലാ പ്രഭാതങ്ങളിലും ക്ഷമയോടും പ്രത്യാശയോടും ഇതിനായി അവൻ കാത്തിരിക്കും, ‘ഡായ്, നിന്റെ പാത്രം കൊണ്ടുവാടാ’. എന്ന ഗൗണ്ടച്ചിയുടെ ശബ്ദം കേൾക്കുന്നതുവരെയാണ് ആ നിൽപ്പ്. 

കുലയ്യന് പല ജോലികളുണ്ട്. ചാണകം വാരണം, മുറ്റമടിക്കണം, മൃഗങ്ങൾക്കു തീറ്റ കൊടുക്കണം, നാടാർ ജാതിക്കാർ പാർക്കുന്ന ഇടത്തേക്കു പാൽ കൊണ്ടു പോകണം. അറിയാതെ പോലും അവന്റെ വിരൽ പാൽപ്പാത്രത്തിൽ സ്പർശിക്കാതിരിക്കാൻ വലിയൊരു തുണികൊണ്ടാണ് പാത്രം പിടിക്കുന്നത്. അവനു ജോലി ഒന്നൊന്നായ് കിട്ടിക്കൊണ്ടിരിക്കും. ‘ഡായ് , കുലയ്യാ’ എന്ന ഗൗണ്ടച്ചിയുടെ ശബ്ദം അവനെ ഭയപ്പെടുത്തിക്കൊണ്ടിരിക്കും. 

ഗൗണ്ടർമാർക്ക് പണി എടുക്കുന്ന ചക്കലിയന്മാരുടെ കുട്ടികൾ പലരും ഈ നോവലിൽ പ്രത്യക്ഷപ്പെടുന്നു. വാവുറി, മൊണ്ടി, നെടുമ്പൻ, ശെവിടി തുടങ്ങിയവർ അവരും തങ്ങളുടെ യജമാനന്മാർക്കു വേണ്ടി പാടുപെട്ട് പണി എടുക്കുന്നു. ആടു മേയ്ക്കുവാൻ അവർ ഒത്തു കൂടുമ്പോഴാണ് സ്വാതന്ത്രത്തിന്റെ രുചി അറിയുന്നത്. പല കളികളിലും അവർ ഏർപ്പെടുന്നു. ബാല്യം അവരിലേക്ക് എത്തുന്ന നിമിഷങ്ങൾ. തങ്ങൾ, ധരിച്ചിരിക്കുന്ന അല്പ വസ്ത്രം ‘കോണകം’ പോലും വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യം ആവോളം അവർ അനുഭവിക്കുന്നു. 

ഗൗണ്ടർമാർ എവിടെയും ഒരു പോലെ തന്നെ. അധികാരത്തിന്റെ മുഴങ്ങുന്ന പരുപരുത്ത ശബ്ദമാണ് അവർക്ക്. വരണ്ടുണങ്ങിയ ചോളവയലുകൾ പോലെയാണ് അവരുടെ മനസ്സും. ആർദ്രതയോ കനിവിന്റെ നീരുറവകളോ അവിടെ മരുന്നിനു പോലും ലഭിക്കില്ല. 

ഇത് കുലയ്യന്‍ പല തവണ അനുഭവിച്ചിട്ടുണ്ട്. അവൻ മേയിക്കുന്ന ആടുകളിൽ ചിലത് നഷ്ടപ്പെടുവാനിടയായി. അവന്റെ ഗൗണ്ടർ ആടിന്റെ വില അവന്റെ പിതാവിൽ നിന്ന് ഈടാക്കി. ഈ കടം വീട്ടുവാനായി പിന്നീട് അയാളുടെ കഷ്ടപ്പാട്.

ഒരിക്കൽ കുലയ്യൻ അടുത്ത ഗൗണ്ടറുടെ പറമ്പിൽ നിന്ന് ഒരു തേങ്ങ പറിച്ചെടുത്തു. കയ്യോടെ അവൻ പിടിക്കപ്പെട്ടു. തൊണ്ടി മുതലുമായി  അടിച്ചും തൊഴിച്ചും കുലയ്യനെ അവന്റെ ഗൗണ്ടറുടെ പക്കൽ അയാൾ എത്തിച്ചു. പിന്നീട് ശിക്ഷ അവന്റെ സ്വന്തം ഗൗണ്ടറുടെ വക. അതിക്രൂര പീ‍ഡനം. ചക്കിലിയന്മാരുടെ നിസ്സഹായത നിറഞ്ഞതാണ് ഈ നോവലിന്റെ താളുകൾ കുട്ടികളുടെ വയർ നിറയ്ക്കാൻ കഴിയാത്ത ദരിദ്ര ജീവിതങ്ങളുടെ ദയനീയ കഥ.

എന്നാൽ ഒരു നാൾ അവരുടെ സ്വാതന്ത്ര്യബോധം ഉണർന്നു. അതും കുലയ്യനിലൂടെ. നിരന്തരം അപമാനിക്കുന്ന അവന്റെ യജമാനന്റെ പുത്രൻ അവന്റെ കൈകളാൽ കിണറുകളുടെ ആഴങ്ങളിലേക്ക് താഴ്ത്തപ്പെട്ടു. ‘ഓടിപ്പോ, കുലയ്യാ ഓടിപ്പോ എന്ന അവന്റെ കൂട്ടുകാരുടെ ശബ്ദത്തിനു കാതുകൊടുക്കാതെ അവനും കിണറിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങിക്കൊ ണ്ടിരുന്നു. 

ദളിത് സമൂഹം എവിടെയും എക്കാലത്തും നേരിടുന്ന പ്രശ്നങ്ങളാണ് ഈ നോവൽ വരച്ചിടുന്നത്. സ്വാതന്ത്ര്യത്തിനു മുൻപും ശേഷവും അവരുടെ അവസ്ഥകൾക്കു വലിയ മാറ്റം സംഭവിക്കുന്നില്ല. കുലയ്യനും അവന്റെ സമുദായത്തിന്റെ നൊമ്പരങ്ങളും വായനക്കാരെ പിന്‍തുടർന്നുകൊണ്ടിരിക്കും. എന്നാണ് ഇവർക്ക് മോചനം ഉണ്ടാവുക?

‘അർധനാരീശ്വരൻ’ എന്ന നോവലിലൂടെ ഒരു സമൂഹത്തിന്റെ ജീവിതം കോറിയിട്ട നോവലിസ്റ്റിന്റെ ശ്രദ്ധേയമായ രചന. അതീവ ഹൃദ്യമായ മൊഴി മാറ്റം ഈ നോവലിന് മിഴിവ് വർധിപ്പിക്കുന്നു. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം