Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പല നിറങ്ങളുണ്ടെങ്കിലും ഒടുവിൽ ഒറ്റനിറമായവർ

പല നിറങ്ങളുണ്ടായിട്ടും അവരെങ്ങനെ ഒറ്റ നിറമായി? ഒരുപാട് പേരുണ്ടായിട്ടും എങ്ങനെ ഒറ്റയായി? അതിന്റെ ഉത്തരമാണ് "ഒറ്റനിറത്തിൽ മറഞ്ഞിരുന്നവർ " എന്ന പുസ്തകം. വ്യത്യസ്ത ലോകത്തിലിരുന്നു പല വക കാര്യങ്ങളെ കുറിച്ച് പല സ്ത്രീകൾ എഴുതിയ എഴുത്തുകൾ ഒന്നിച്ചൊരു പുസ്തകത്തിലുണ്ട്. അതിൽ കഥകളുണ്ട്, കവിതകളുണ്ട്, അനുഭവക്കുറിപ്പുകളുണ്ട്, ജീവിതങ്ങൾ തന്നെ തുറന്നിരിപ്പുണ്ട് ചിലയിടങ്ങളിൽ. അപ്പോൾ പിന്നെ ഒറ്റ നിറത്തിൽ മറഞ്ഞിരുന്നവർ.. അത് തന്നെയല്ലേ ഏറ്റവും യോജിച്ച പേര്...

ഒരു പുസ്തകം പുറത്തിറക്കുക എന്നത് ഒരാൾ മാത്രം വിചാരിച്ചാൽ നടക്കാൻ എളുപ്പമുള്ള കാര്യമല്ല. ഒരു ഗ്രൂപ്പിലെ കുറെയധികം, പല സ്വഭാവങ്ങളുള്ള, പല തരം കഴിവുകളുള്ള സ്ത്രീകളുടെ എഴുത്തുകൾ സ്വരുക്കൂട്ടി പുസ്തകമാക്കുക എന്ന് വച്ചാലോ? ഒട്ടും ഒട്ടും എളുപ്പമല്ല. കാരണം മികച്ച രചനകളുടെ തിരഞ്ഞെടുപ്പുകളുണ്ടാകണം, ആരെയും വിഷമിപ്പിക്കാതെ അതിന്റെ അവസാന വട്ട ചർച്ചകൾ ഉണ്ടായിരിക്കണം, അത് അച്ചടിക്കാൻ പ്രസാധകരെ കണ്ടെത്തുകയും ഡിടിപി ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുകയും വേണം. ക്വീൻസ് ലോഞ്ച് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയ്ക്ക് ഒരു അർത്ഥത്തിൽ ഇതൊക്കെ എളുപ്പമായിരുന്നു. ഒന്നിച്ചൊരെ മനസ്സോടെ നിൽക്കാനും പുസ്തകത്തിന് വേണ്ടി ജോലിയെടുക്കാനും എല്ലാം സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു, അങ്ങനെ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട മികച്ച രചനകൾ കൂട്ടി ചേർക്കപ്പെട്ട് പുസ്തകമാക്കപ്പെട്ടു. മഞ്‍ജു വാരിയർ പുസ്തകത്തിന് അവതാരികയും എഴുതി. അങ്ങനെ ഒറ്റ നിറത്തിൽ മറഞ്ഞിരുന്നവർ ക്വീൻസ് ലോഞ്ചിന്റെ ഒരു ഔദ്യോഗിക ചടങ്ങിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ടു. ഇത് പുസ്തകത്തിന്റെ ഔദ്യോഗികമായ കഥ. ഒരു പറ്റം പെണ്ണുങ്ങളുടെ പുസ്തകമാകുമ്പോൾ ഉറപ്പായും അതിനൊരു ഔദ്യോഗിക കഥ പറയണമല്ലോ!

ഇളം നിറങ്ങൾ, കടും നിറങ്ങൾ, തെളിഞ്ഞ നിറങ്ങൾ, നിറമില്ലാത്തവ, എന്നീ തരം തിരിക്കലുകൾ നടത്തിയ ശേഷമാണ് ഓരോ ഇടത്തിലുമാക്കി എഴുത്തുകൾ കൂട്ടി ചേർക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും ലളിതമായ വായന ഇളം നിറങ്ങളിലും തീക്ഷ്ണമായ വായന കടും നിറങ്ങളിലും എന്നിങ്ങനെ നിറങ്ങളുടെ തിരിവുകളിൽ വച്ച് അക്ഷരങ്ങൾ വേർതിരിക്കപ്പെടുന്നു. 

"എനിക്കും തുന്നണമൊരു

മതേതരക്കുപ്പായം

അധികാരത്തിനൊപ്പം

നിറം മാറുന്ന

വർണ്ണക്കുപ്പായം...", ഡോ. മുംതാസ് സി.വിയുടെ "മതേതരക്കുപ്പായം" എന്ന കവിതയുടെ തുടങ്ങുന്ന ഇളം നിറങ്ങളുടെയും പുസ്തകത്തിന്റെയും വായന പുസ്തകമെടുക്കുമ്പോഴുള്ള ചില പൗരുഷ ചിന്തകളെ തകിടം മറിച്ചേക്കാം. സ്ത്രീ എഴുത്തുകൾ എന്നാൽ പ്രണയവും രതിയും ബന്ധങ്ങളും അടുക്കളയും മാത്രമല്ല നല്ല സമകാലീക വായനയുടെ ബലമുള്ള, ആർജ്ജവമുള്ള എഴുത്തുകളുമുണ്ടെന്നു ആദ്യ കവിത തന്നെ വെളിപ്പെടുത്തുന്നു. അപ്പോൾ പിന്നെ തുടർന്നുള്ള വായന എളുപ്പമാകും. 

ചില മനോഹര സങ്കൽപ്പങ്ങളുടെ പൊളിച്ചെഴുത്തുകളാണ് പല വായനകളും. ദിവ്യാ ഗീതിന്റെ കൊൽക്കത്ത അനുഭവം നോക്കാം, മനസ്സിൽ കണ്ട സ്വപ്ന മനോഹരമായ രവീന്ദ്ര സംഗീതം ഉറങ്ങുന്ന തെരുവുകളെ അന്വേഷിച്ച് ഇറങ്ങിയവൾ കണ്ടെത്തുന്നത് തികച്ചും വിഭിന്നമായ കൊൽക്കത്ത തെരുവുകളാണ്. ഝാൻസി റാണിമാർ കാണുമ്പോഴും ഇന്ദിരാഗാന്ധിയെ കാണുമ്പോഴും ചുവന്ന തെരുവുകളിലെ പായലിനെയും സൊണാലിയെയുമൊക്കെ കൂടെ കൂട്ടണമെന്ന് മനസ്സ് തുറന്നെഴുതാൻ കഴിയുക ഒരു അനുഗ്രഹം തന്നെയാണെന്ന് മനസ്സിലാകും.

"കരിമണക്കുന്ന രാവും

ഇങ്ങിവിടെ പുക ചുവയ്ക്കുന്ന വറ്റും

ഇരുട്ടിലേയ്‌ക്കെടുത്ത് വച്ച കാലടികൾ

തിരികെയെടുക്കാനെനിക്കാവതില്ല...", ഇരുട്ടിലാക്കപ്പെടുന്നവർ എന്ന കവിതയിൽ ജ്യോത്സ്ന ജോസ് ഇങ്ങനെ കുറിച്ച് കൊണ്ട് തുടങ്ങുമ്പോൾ തടവറകൾക്കുള്ളിൽ ആരെയോ ഭയന്ന് ഒളിച്ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ തേങ്ങൽ എവിടെ നിന്നോ കേട്ടെന്ന പോലെ തോന്നി...

സെൽഫി ഭ്രമത്തിന്റെയും മലയാളിയുടെ നാർസിസ്റ്റ് അനുഭവത്തിന്റെയും വഴികളിൽ സത്യസന്ധമായി നിന്ന് പ്രസ്താവനകൾ നടത്തുകയാണ് അഞ്ജലി ചന്ദ്രന്റെ "ആഘോഷിക്കപ്പെടുന്ന സെൽഫി ചാരിറ്റി" എന്ന ലേഖനം. ആഘോഷിക്കപ്പെടുന്ന പൊങ്ങച്ച അനുഭവങ്ങളിൽ വേർതിരിഞ്ഞു നിൽക്കുന്ന കംപാഷനേറ്റ് കോഴിക്കോട് പോലെയുള്ള പ്രവണതയെ അഭിനന്ദിക്കാനും അഞ്ജലി മറന്നിട്ടില്ല. പ്രണയം എന്ന ഉന്മാദം മനസ്സുകളിൽ തീർക്കുന്ന ഭ്രാന്തൻ ഭാവങ്ങളെ കുറിച്ച് കൗൺസിലർ കൂടിയായ കലാ ഷിബു വളരെ മനോഹരമായി ഒരു കഥയിലൂടെ വിവരിച്ചിരിക്കുന്നു. കോളേജിലെ മൂന്നു വർഷങ്ങൾ ഒന്നിച്ചുണ്ടായിരുന്നപ്പോൾ സുഹൃത്തുക്കളെ പോലെ നടന്നവർ പെട്ടെന്ന് പിരിയാറായപ്പോൾ അവൻ അവളോട് പറഞ്ഞ പ്രണയം അവൾക്ക് സ്വീകാര്യമായിരുന്നില്ല... പക്ഷെ എന്ത് ചെയ്യാൻ... അവൻ അവളെ കൊലപ്പെടുത്തിയില്ല, പകരം സ്വയം ഉന്മാദിയാവുകയും ഭ്രാന്തെടുക്കുകയും ചെയ്തു. എത്ര മാജിക്ക് കാണിച്ചാലും നമ്മളൊക്കെ മനുഷ്യരാണെന്നു കലാ ഷിബുവിന്റെ ഈ അനുഭവം ഓർമ്മിപ്പിക്കുന്നു. 

ഓരോ വർഷവുമുള്ള ജീവിതത്തിന്റെ മുന്നോട്ടുള്ള പോക്കിൽ ഒരു തിരിഞ്ഞു നോട്ടം എപ്പോഴാണ് ആവശ്യമായി വരുക? "പുതിയ തുടക്കങ്ങൾ" എന്ന കുറിപ്പിലൂടെ അഞ്ജലി ഗോപിനാഥ് ഒരു ഓട്ടപ്രദക്ഷിണം നടത്തുന്നുണ്ട്. വെറുതെ വായനയ്ക്കിടയിൽ ഏതോ പഴയ കാലത്തിലേക്ക് മനസ്സിങ്ങനെ കുതിച്ചുകൊണ്ടേയിരുന്ന പോലെ...

"നീ ജോലിയ്ക്കു പോയി സമ്പാദിച്ചിട്ടു വേണോ കുടുംബം കഴിയാൻ?"എത്രയോ സ്ത്രീകൾ കേൾക്കുന്ന, കേൾക്കാനാഗ്രഹിക്കാത്ത വാക്കുകളാണിത്... പക്ഷെ ഈ വാക്കുകൾ ഏതു കാലത്തിലായാലും അവർത്തിക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്നു. മികച്ച കഴിവുണ്ടായിട്ടും ജോലിക്കു പോകാത്ത പെൺകുട്ടികളുടെ സങ്കടങ്ങൾ പ്രിയ പിള്ള ഒരു കുറിപ്പിൽ വിവരിക്കുന്നുണ്ട്. ഇന്നയാളിന്റെ സഹോദരിയോ അമ്മയോ ഭാര്യയോ ഒക്കെ മാത്രമായി അറിയപ്പെടുന്ന പെൺകുട്ടിയുടെ ആത്മത്വം ആര് കാണുന്നുവെന്നാണ്? പ്രിയയുടെ ലേഖനം ഇന്നത്തെ കാലത്തു പ്രസക്തി അർഹിക്കുന്നുണ്ട്.

ഒരിക്കലും പുസ്തകത്തെ കുറിച്ചുള്ള വായനയിൽ എഴുതിയ ലേഖനങ്ങളുടെ സൂചനകൾ അതിൽ ഏറ്റവും മികച്ച തിരഞ്ഞെടുപ്പുകളാണ് എന്നർത്ഥമില്ല. എൺപതിലധികം ഉള്ള എഴുത്തുകളിൽ നിന്നും വളരെ ചെറിയ കുറിപ്പുകൾ വായനയിൽ പരാമർശിച്ചു എന്ന് മാത്രം. പല നിറങ്ങളിലും ആർജ്ജവത്തിലുമാണ് ഓരോ സ്ത്രീയും അവരെ പകർത്തിയെഴുതിയിരിക്കുന്നത്. അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും അവരുടേത് മാത്രമായിരുന്നവ ഒരു ലോകത്തോട് മുഴുവനായി വിളിച്ചു പറയാൻ അവർ പ്രയത്നിച്ചിരിക്കുന്നു. 

"നീ ഇതുപോലെയൊന്നും ഇനി എഴുതരുത്..." ഇങ്ങനെ പറഞ്ഞ ആൺ മേൽക്കോയ്മയുടെ ഇടനാഴിയിലേക്ക് ഒരു പെൺകൂട്ടായ്മയുടെ വലിയ, തുറന്ന വായന ഇടത്തിലേക്ക് അവൾക്ക് അവളുടെ വൈകാരികതയെ ധൈര്യത്തോടെ തുറന്നു വയ്ക്കാം. അത് തന്നെയാണ് ക്വീൻസ് ലോഞ്ച് എന്ന സ്ത്രീ കൂട്ടായ്മ നൽകുന്ന ചേർത്ത് പിടിക്കലും. ഗ്രൂപ്പിൽ തന്നെയുള്ള സ്ത്രീകളുടെ ചിത്രങ്ങളും പുസ്തകത്തിന്റെ ഒടുവിലത്തെ പേജുകൾ വർണാഭമാക്കിയിരിക്കുന്നു. ഒപ്പം ധന്യാ ലോഹിയുടെ പുസ്തകത്തിന്റെ കവറും ആകർഷകമാണ്. 

"ഒരു സ്ത്രീയെ ഏറ്റവും നന്നായി മനസ്സിലാക്കാൻ കഴിയുന്നത് മറ്റൊരു സ്ത്രീക്ക് തന്നെയാണെന്ന് കേട്ടിട്ടുണ്ട്. ഞാൻ തന്നെയല്ലേ അവളെന്ന് അത്രമേൽ താദാത്മ്യം പ്രാപിക്കാവുന്ന ചിന്തകളും അനുഭവങ്ങളും ഓരോ പാരസ്പര്യത്തിലും മറഞ്ഞു കിടക്കുന്നതുകൊണ്ടുമാകാം അത്...", അവതാരികയിൽ പുസ്തകത്തിന് വേണ്ടി മഞ്‍ജു വാരിയർ എഴുതുന്നു. അത് സത്യമാണെന്നു ഈ പുസ്തകവും കൂട്ടായ്മയും എപ്പോഴും തെളിയിച്ചു കൊണ്ടുമിരിക്കുന്നു. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം