Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിശയങ്ങൾ കാത്തുവച്ചു കാട് വിളിക്കുന്നു

കാട്, മഹാതിശയങ്ങളുടെ ലോകമാണ്. പ്രകൃതിയുടെ സമസ്തഭാവങ്ങളും നിറഞ്ഞു തുളുമ്പുന്ന ഇടം. ആ ഇടത്തിൽ ഓരോ ചെറുസസ്യത്തിനും മഹാവൃക്ഷത്തിനും അവരവരുടേതായ കഥകളുണ്ട്. ഓരോ ജീവജാലവും പ്രകൃതിയുടെ താളത്തിനൊപ്പം നീങ്ങുന്നു. കാടിന്റെ വിസ്താരമായ കലവറയിൽ ഇവയ്ക്കെല്ലാം വേണ്ടത് ഒരുക്കിയിരിക്കുന്നു. കാടിനെ ഗാഢമായി പ്രണയിക്കുവാന്‍, വനസൗന്ദര്യം ആവോളം മുത്തിക്കുടിക്കുവാൻ വാക്കുകളും ചിത്രങ്ങളുമായി നമുക്കു മുന്‍പിൽ ഒരു പുസ്തകം. എൻ.എ. നസീറിന്റെ ‘കാടേത് കടുവയേത് ഞാനേത്’.

വനഭംഗിയുടെ വിസ്മയിപ്പിക്കുന്ന ഭാവമാണ് ഈ പുസ്തകത്താളുകളിൽ. ഒരു മഴക്കാല ഓർമയുമായാണ് പുസ്തകം ആരംഭിക്കുന്നത്. പനിനീർ തളിച്ച് വിവാഹപന്തലിലേക്കു പ്രവേശിപ്പിക്കുന്നതുപോലെ ആരണ്യസൗന്ദര്യം ഫ്രെയിമിലാക്കാൻ പുറപ്പെട്ട ഫൊട്ടോഗ്രഫറായ എഴുത്തുകാരനു ലഭിച്ച സ്വീകരണം. ചെറുസസ്യങ്ങളും വൻമരങ്ങളും പൂക്കളും പൂമ്പാറ്റകളും, പക്ഷികളും, മൃഗങ്ങളുമെല്ലാം ഈ മഴ അനുഭവം ആവോളം ആസ്വദിക്കുകയാണ്. മഴയുടെ നനവിലും ഗന്ധത്തിലും സംഗീതത്തിലുമെല്ലാം ഇപ്പോൾ കാട് തനിച്ചാണ്.

മഴയെ ശേഖരിച്ചു വെച്ച ചില ചെറുകൂണുകൾ. അവ എണ്ണ നിറച്ച മൺചിരാതുകൾ പോലെ നിലകൊണ്ടു. ഉറുമ്പുകൾ ദാഹമകറ്റാനായിരിക്കുമോ ആ കൂണുകൾക്കു ചുറ്റും കൂടിയത്? ഓരോ ജലകണത്തെയും കാട് എത്രമാത്രം കരുതലോടെയാണ് സൂക്ഷിച്ചു വെക്കുന്നത്.

വയനാടൻ കാടുകൾ മറ്റു കാടുകളെ അപേക്ഷിച്ചു ഛിന്നഭിന്നമായി കിടക്കുന്നു. ‘കാടിന്റെ ഇടയിൽ നാടും നാടിന്റെ ഇടയിൽ കാടും’. കാട്ടുമൃഗങ്ങള്‍ നാട്ടിൽ ഇറങ്ങി നാശം വരുത്തുന്നതിനുള്ള കാരണം നസീർ വ്യക്തമാക്കുന്നുണ്ട്. വനവിസ്തൃതി വർധിപ്പിക്കുക എന്നതാണ് ഇതിനുള്ള പോംവഴി എന്നും അദ്ദേഹം പറയുന്നു.

വംശനാശം വന്നുകൊണ്ടിരിക്കുന്ന കുട്ടിത്തേവാങ്കുകളെ കുറിച്ച് പരാമർശിക്കുന്ന ഒരു അധ്യായമുണ്ട്. മിത്തും യാഥാർഥ്യവും ചേർത്തൊരുക്കുന്ന വിവരണം. അവയുടെ കണ്ണിൽ എപ്പോഴും ഭയം നിറഞ്ഞിരിക്കുന്നതായി ഗ്രന്ഥകർത്താവു പറയുന്നു. അവർ ഭയപ്പെടുന്നത് മനുഷ്യരെയാണ്.

ചെങ്കുത്തായ മലഞ്ചെരിവുകളിലും വഴുവഴുപ്പുള്ള പാറകളിലും ബാലൻസ് പിടിച്ച് കുതിച്ചു പായുന്ന വരയാടുകളെ കണ്ടുമുട്ടിയ വിവരണം പുസ്തകത്തിലുണ്ട്. വനം നസീറിനെ ലഹരിപിടിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് തനിച്ചായിരിക്കുമ്പോൾ.

‘കാട്ടിൽ ഒറ്റയ്ക്കാവുക എന്നത് നാം കാടായി മാറുക എന്നതാണ്. പിന്നെ ഞാൻ ഇല്ല. കാടു മാത്രം. അത് മറ്റൊരവസ്ഥയാണ്. മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും പുതുവാതായനങ്ങൾ നാമറിയാതെ തുറക്കുന്ന നിമിഷങ്ങൾ.’

കാട്ടിലൂടെ ചിത്രങ്ങൾക്കായുള്ള യാത്ര സാഹസികമാണ്. അതിനായി പാറയിൽ പാദങ്ങളും കൈപ്പത്തികളും ഉരച്ചു പരുപരുത്തതാക്കും. പല്ലി കുത്തനെയുള്ള ഭിത്തിയിലൂടെ നീങ്ങുന്നപോലെ ശരീരം കൂടി പാറയോടു ചേർത്ത് പതുക്കെയാണ് യാത്ര. നല്ല ചിത്രങ്ങൾക്കായി മണിക്കൂറുകളോളം വൃക്ഷശിഖരങ്ങളിൽ കാത്തിരിക്കുന്നതിന്റെ വികാരം പുസ്തകത്തിലൂടെ വായനക്കാരനും പങ്കുപറ്റാം

ഒട്ടേറെ കൗതുകകരമായ നിരീക്ഷണങ്ങൾ ഈ എഴുത്തിനെ അനന്യമാക്കുന്നു. ജീവവർഗ്ഗങ്ങൾ വൃക്ഷക്കൂട്ടങ്ങളോട് നല്ല ആത്മബന്ധം പുലർത്തുന്നതായി രേഖപ്പെടുത്തുന്നു. സുരക്ഷിതമായി വിശ്രമിക്കാനും ശരീരം വൃത്തിയാക്കാനും വാസയിടം നിർമിക്കാനും ശരീരഗന്ധങ്ങൾ മറ്റുള്ളവർക്ക് തിരിച്ചറിയാനും ഒക്കെയാണ് വന്യജീവികൾ സസ്യലതാദികളുമായി അടുപ്പം സൂക്ഷിക്കുന്നത്.

‘കടുവകൾക്ക് നഖങ്ങൾ വൃത്തിയാക്കാൻ ചോരക്കാലി വൃക്ഷം, കരടികൾക്ക് മൂത്തുവിളയുന്ന കായ്കളോടെ നിൽക്കുന്ന കണിക്കൊന്ന മരങ്ങൾ, മലമുഴക്കി വേഴാമ്പലുകൾക്ക് പഴങ്ങളാൽ നിറഞ്ഞ കാട്ടാൽ വൃക്ഷങ്ങൾ, നീലഗിരി മാർട്ടന് മറഞ്ഞിരിക്കാനായി കാട്ടുകാരവൃക്ഷം, ആനകൾക്ക് മുളങ്കൂട്ടങ്ങൾ, പൂമ്പാറ്റകൾക്ക് വംശം നിലനിർത്താൻ അനേകതരം ചെടികൾ.’

കാട്ടിലുയരുന്ന ശബ്ദങ്ങൾക്ക് പലതരം അർഥങ്ങളുണ്ട്. കടുവയോ, പുള്ളിപ്പുലിയോ വരുമ്പോൾ കേഴമാൻ നിർത്താതെ കരഞ്ഞുകൊണ്ടിരിക്കും.. ഹനുമാൻ കുരങ്ങുകളും ശത്രുഭയം കൊണ്ടാണ് കരയുന്നത്.

കാട്ടിനുള്ളിലെ അവസാനിക്കാത്ത വിസ്മയ കാഴ്ചകളാണ് ഈ പുസ്തകം. പുള്ളിപ്പുലി വിശ്രമിക്കുന്ന വൃക്ഷങ്ങൾ. അവയിൽ നഖങ്ങളാൽ ആഴ്ന്നിറങ്ങിയ അടയാളങ്ങൾ. ഒരു വലിയ വൃക്ഷത്തിന്റെ കവരകൾക്കിടയിൽ രക്തം ഇറ്റുവീഴുന്ന ഇരയെ കടിച്ചുവലിക്കുന്നു. നസീറിന്റെ ശ്രദ്ധേയമായ നിരീക്ഷണം ഇവിടെ കാണാം.

‘ഒരു മാന്‍ ജീവനുള്ള ഇലകള്‍ കടിച്ചു പറിച്ചു ഭക്ഷിക്കുന്ന അതേ മനസ്സോടെത്തന്നെയാണ് മാംസഭോജികളും അവയുടെ ഇരകളെ ഭക്ഷിക്കുന്നതും നമ്മൾക്കത് കാണാൻ സാധിക്കേണ്ടതും.’

കാടിനു നമ്മേ പരവശരാക്കുന്ന സുഗന്ധമുണ്ടെന്ന് നസീർ പറയുന്നു. സിംഹവാലൻ കുരങ്ങുകൾ, കടുവ, പുലി, ആന, കാട്ടുപോത്ത്, മലമുഴക്കി വേഴാമ്പലുകൾ, മറ്റു പക്ഷികൾ തുടങ്ങി കാടിന്റെ സ്വന്തം പ്രജകളുടെ വിവരണം ആരെയും കൊതിപ്പിക്കുന്ന വിധത്തിലാണ് അവതരിപ്പിക്കുന്നത്.

ഒരു നല്ല ചിത്രത്തിനുവേണ്ടി കാട്ടിൽ ദിവസങ്ങളോളം അലഞ്ഞുതിരിഞ്ഞ് കാട്ടുചോലകളിൽ നിന്നു വെള്ളം കുടിച്ചു കഴിയുന്ന നസീറിന്റെ ചിത്രം ഈ ഗ്രന്ഥത്തിൽ നമുക്കു കാണുവാൻ കഴിയും.

മനോഹരമായ പല കൽപ്പനകളും ഇതിലുണ്ട്. വരയാടുകളെക്കുറിച്ചു പറയുമ്പോൾ ‘വിസ്മയിപ്പിക്കുന്ന മിന്നൽവേഗങ്ങൾ’ എന്ന് എഴുതുന്നു. ഉൾവനത്തിലെ സെൻഗുരുവായി പുള്ളിപ്പുലികളെക്കുറിച്ചു, സർപ്പങ്ങളെക്കുറിച്ചു ഇഴഞ്ഞിഴഞ്ഞെത്തുന്ന ഉഗ്രപ്രതാപികളെന്നും എഴുതുന്നു. വാക്കും ചിത്രങ്ങളും ഇഴപിരിച്ച് നെയ്തെടുത്തിരിക്കുകയാണ് ഈ കൃതിയിൽ. കാട് ഭയപ്പെടുത്തുന്ന ഒന്നല്ല ഏറെ ആരാധിക്കാനും ആശ്വസിക്കാനുമുള്ള പുണ്യസ്ഥലമാണെന്ന പ്രതീതി വായനക്കാരിൽ ഉളവാക്കുവാൻ സഹായിക്കുന്ന പുസ്തകം. പ്രകൃതിയെ സ്നേഹിക്കാന്‍ നമ്മെ പഠിപ്പിക്കുന്ന കൃതി.

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review