Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാത്മാഗാന്ധി ജീവിതം, ദർശനം, കത്തുകൾ

എന്നും എക്കാലത്തും തിളങ്ങി നിൽക്കുന്നതാണ് മഹാത്മാഗാന്ധിയുടെ ദർശനങ്ങൾ. ഗാന്ധിയൻ ദർശനങ്ങൾ പോലെ മനസ്സിലാക്കേണ്ടതാണ് അദ്ദേഹത്തിന്റെ ജീവിതവും. ഒരു ജനതയെ സ്വാതന്ത്ര്യത്തിലേക്കു നയിക്കാൻ മുന്നിൽനിൽക്കുക മാത്രമായിരുന്നു ഗാന്ധിജി ചെയ്തത്. സ്വന്തം ജീവിതവും ദർശനവുമെല്ലാം മറ്റുള്ളവർക്കു മാതൃകയാക്കാവുന്ന വിധത്തിൽ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ ജീവിതവും ദർശനങ്ങളും മനസ്സിലാക്കിത്തരുന്ന പുസ്തകമാണ് ഒലിവ് ബുക്സിന്റെ മഹാത്മാഗാന്ധി ജീവിതം, ദർശനം, കത്തുകൾ. പത്രപ്രവർത്തകനായ കൃഷ്ണൻ ചേലേമ്പ്രയാണ് ഗാന്ധിയുടെ ദർശനവും ജീവിതവും മറ്റെല്ലാവർക്കും അനുഭവത്തിൽ കൊണ്ടുവരാവുന്ന വിധത്തിൽ എഴുതിയിരിക്കുന്നത്.

അഹിംസ

അഹിംസയുടെ പരമമായ മാനസികാവസ്ഥയിലെത്തിച്ചേരണമെങ്കിൽ കഠിനമായ ഒരു ജീവിതരീതി അഥവാ ഒരു പരിശീലനക്രമം തന്നെ അനുവർത്തിക്കേണ്ടതായുണ്ട്. ഒരു പട്ടാളക്കാരന്റെ അച്ചടക്കപൂർണമായ ജീവിതശൈലി പിൻതുടരണം. അതൊരുപക്ഷേ, എല്ലാവരെക്കൊണ്ടും സാധ്യമായെന്നുവരില്ല. മനസ്സിന്റെ പരിപൂർണമായ സഹകരണം കൂടാതെ ബാഹ്യമായ ആചരണം കൊണ്ട് അഹിംസ യാഥാർഥ്യമാകുമെന്നു കരുതുന്നത് മൗഢ്യമാണ്. അതു ചരിക്കുന്ന ആളിനെയെന്നപോലെ മറ്റുള്ളവർക്കും ദോഷകരമായിരിക്കും.

ബ്രഹ്മചര്യം

ബ്രഹ്മചര്യം എന്നാൽ ബ്രഹ്മത്തെ അതായത് സത്യത്തെ കണ്ടെത്തുന്നതിനുള്ള അനുഷ്ഠാനം. ഈ ധാത്വർഥത്തിൽ നിന്ന് എല്ലാ ഇന്ദ്രിയങ്ങളുടെയും നിയന്ത്രണം എന്ന പ്രത്യേകാർഥം ഉണ്ടാകുന്നു. ഈ പദത്തെ ലൈംഗികാർഥത്തിൽ മാത്രം പരിമിതപ്പെടുത്തിക്കൊണ്ടുള്ള പൂർണമായ വ്യാഖ്യാനമാണ് പണ്ഡിതന്മാർ പോലും നൽകിക്കൊണ്ടിരിക്കുന്നത്.

ബ്രഹ്മചര്യാ നിഷ്ഠ തികച്ചും ദുഷ്ക്കരമാണെന്നോ അസാധ്യമാണെന്നോ എന്ന ഒരു വിശ്വാസമുണ്ട്. മൃഗസഹജമായ വികാരങ്ങളെ നിയന്ത്രിക്കുന്നതു മാത്രമാണ് ബ്രഹ്മചര്യ നിഷ്ഠ എന്നൊരു ധാരണയുണ്ട്. ഇതു അപൂർണ്ണവും അബദ്ധവും ചേർന്നുണ്ടായ ധാരണയാണ്. ബ്രഹ്മചര്യം എല്ലാ ഇന്ദ്രിയങ്ങളുടെയും നിയന്ത്രണമാണ്. ഒരൊറ്റ ഇന്ദ്രിയത്തെ മാത്രം നിയന്ത്രിക്കുകയും മറ്റെല്ലാറ്റിനും സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്നത് ബ്രഹ്മചര്യമല്ല. അതുകൊണ്ട് ഏതെങ്കിലുമൊരു ഇന്ദ്രിയത്തെ നിയന്ത്രിക്കാൻ പുറപ്പെടുന്ന ആൾ മറ്റിന്ദ്രിയങ്ങളെയും നിയന്ത്രിച്ചേ പറ്റൂ. ബ്രഹ്മചര്യത്തിന് തുടക്കം മുതലേ സങ്കുചിതമായ അർഥം നൽകിയതുമൂലം ഉണ്ടായിട്ടുള്ള അപകടങ്ങൾ ഏറെയാണ്. 

ബ്രഹ്മചര്യ നിഷ്ഠയോട് വളരെയേറെ അടുത്ത ബന്ധമാണ് രസനേന്ദ്രിയത്തിനുള്ളത്. രസനേന്ദ്രിയത്തെ നിയന്ത്രിക്കുന്നവർക്ക് അവിവാഹിത ജീവിതം നയിക്കുന്നതിൽ ഏറെ ഉത്സാഹം തോന്നും. ഒരു ബ്രഹ്മചാരി മരുന്നു കഴിക്കുന്നതു പോലെ വേണം ആഹാരം കഴിക്കാൻ. അതായത് അതിന്റെ രുചിയൊന്നും ഒരു പ്രശ്നമായി കരുതരുത്. മാത്രമല്ല മരുന്ന് തീരെ കുറച്ചു മാത്രമേ  കഴിക്കുന്നുള്ളൂവെങ്കിൽ അതു രോഗശമനത്തിനു സഹായകമാവുകയും ചെയ്യും.

സ്വന്തം ഭാര്യയെയോ മറ്റൊരു സ്ത്രീയെയോ കാമത്തോടെ കടാക്ഷിക്കുകയോ സ്പർശിക്കുകയോ ചെയ്താൽ അതു ബ്രഹ്മചര്യ ലംഘനമാണ്. ഏറ്റവും ഹീനമായ ലംഘനം. എന്നു കരുതി ബ്രഹ്മചാരിയെ സംബന്ധിച്ചിടത്തോളം സ്ത്രീ നരകത്തിന്റെ ദ്വാരപാലകയല്ല. മറിച്ച് സ്വർഗീയ മാതൃത്വത്തിന്റെ അവതാരം തന്നെയാണ്. സ്ത്രീയെ സ്പർശിക്കുമ്പോൾ മനഃശ്ചാഞ്ചല്യം ഉണ്ടാകുന്നവൻ ബ്രഹ്മചാരിയല്ല. ആത്മനിയന്ത്രണ ശീലമുള്ള മനുഷ്യൻ അനുഷ്ഠിക്കുന്ന ബ്രഹ്മചര്യം നിന്ദിക്കേണ്ടതായ ഒരു വസ്തുതയല്ല. അതിരുകടന്ന മാംസദാഹത്തിന്റെ ഊറ്റം അതൊട്ടൊന്നു കുറയ്ക്കുക തന്നെ ചെയ്യും. മാംസത്തെ നിയന്ത്രിക്കുന്നിന് ഉപവാസമനുഷ്ഠിക്കുകയോ മറ്റു മാർഗങ്ങൾ അവലംബിക്കുകയോ ഒക്കെയാവാം.

ഏതെങ്കിലും ഒരു കാര്യത്തിനു സ്ത്രീയെ സമീപിക്കേണ്ടതു ആവശ്യമായി വരുമ്പോൾ അതു ചെയ്യാതെ ഓടിപ്പോകുന്ന മനുഷ്യനു ബ്രഹ്മചര്യത്തിന്റെ പൂർണമായ അർഥം അറിഞ്ഞുകൂടാ. സ്ത്രീ എത്രകണ്ട് ആകർഷണീയയാണെങ്കിലും വികാരരഹിതനായ ഒരു പുരുഷനിൽ യാതൊരു പ്രതികരണവും സൃഷ്ടിക്കുകയില്ല. യഥാർഥ ബ്രഹ്മചാരി അവരുടെ ഉള്ളിൽ കാണുന്ന ഈശ്വരനെത്തന്നെയാണ് എല്ലാ സ്ത്രീകളിലും  കാണുന്നത്. ബ്രഹ്മചര്യം സാധ്യമല്ല എന്നു പറയുന്നത് ദൈവമില്ല എന്നു വാദിക്കുന്നതിനു തുല്യമാണ്.

ഉപവാസം

യഥാർഥ ഉപവാസം ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും പരിശുദ്ധമാക്കുന്നു. ഉപവാസം ചിരപുരാതനമായ ഒരു സമ്പ്രദായമാണ്. അതു ശരീരത്തെ എത്ര കണ്ടു പീഡാനുഭവത്തിനു വിധേയമാക്കുന്നുവോ അത്ര കണ്ട് ആത്മാവിനെ സ്വതന്ത്രമാക്കുകയും ചെയ്യും. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review