Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു വോട്ടു തരുമോ; സ്വര്‍ഗസ്ഥനാകാന്‍

മരണം മഥിക്കാത്ത മനസ്സുകളില്ല; മരണാനന്തര ജീവിതവും. ജീവിതത്തിലെന്നുമുണ്ട് മരണത്തിന്റെ ചിന്തകള്‍. നല്ല നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴൊക്കെ ആ നിമിഷം തീരാതിരുന്നെങ്കില്‍ എന്നു കൊതിക്കാറില്ലെ? ആഗ്രഹിക്കാതെ തീര്‍ന്നുപോകുന്ന ഓരോ നിമിഷവും ഓര്‍മിപ്പിക്കും രംഗബോധമില്ലാത്ത കോമാളിയെ. അപ്രതീക്ഷിതമായി കര്‍ട്ടന്‍ വീഴുന്ന നിമിഷങ്ങള്‍ മരണവീടു പോലെ മൂകമാക്കുന്നു ഹൃദയങ്ങളെ. ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങള്‍. കൊഴിഞ്ഞുവീഴുന്ന കണ്ണുനീര്‍ത്തുള്ളികള്‍. മരണവും പുനര്‍ജനനവും. പുനരപി ജനനം; പുനരപി മരണം. 

മരണമാണു വാടിവീഴുന്ന പൂക്കള്‍. കൊഴിഞ്ഞുവീഴുന്ന ഇലകള്‍. വീശിമാറുന്ന കാറ്റ്. അസ്തമിക്കുന്ന സൂര്യന്‍. കടന്നുപോകുന്ന വെയില്‍നാളങ്ങള്‍. കഴിഞ്ഞുപോകുന്ന നിമിഷങ്ങളും. ഒരു ജീവിതത്തില്‍ ഒട്ടേറെത്തവണ ജനിക്കാനും മരിക്കാനും പുനര്‍ജനിക്കാനും വിധിക്കപ്പെട്ടിരിക്കുന്നു മനുഷ്യന്‍.‘ഓരോ നിമിഷവും ഓരോ മനുഷ്യന്‍ ജനിക്കുകയാണ്, സഹിക്കുകയാണ്, മരിക്കുകയാണ്’ എന്നു കവി. ചില ജീവിതങ്ങള്‍ നോക്കിയാല്‍ അവര്‍ മരിക്കുകയെ ഇല്ലെന്നു തോന്നും. അത്രമാത്രം ആത്മവിശ്വാസത്തോടെയും ആസക്തിയോടെയും ജീവിക്കുന്നു. മരണനിമിഷത്തിലാകട്ടെ അവരെ ശ്രദ്ധിച്ചാല്‍ അവര്‍ ഒരു നിമിഷം പോലും ജീവിച്ചിട്ടില്ലെന്നും തോന്നും. അത്രമാത്രം ദുഃഖഭാരം. നിരാശ. അസംതൃപ്തി. അസന്തുഷ്ടി. കണ്ണുനീര്‍. സഫലമാകാത്ത മോഹങ്ങള്‍. ആസ്വദിക്കാത്ത ജീവിതവും ദുഃഖം നിറഞ്ഞ മരണവും. ജീവിക്കാനറിയാത്തവര്‍; മരിക്കാനും. അവരാണു ഭൂരിപക്ഷവും. 

ജീവിതത്തെ ആസ്വദിക്കാനാകാതെയും മരണത്തെ സ്നേഹിക്കാനാകാതെയും മറവിയുടെ ചുഴിയലകപ്പെട്ട മനുഷ്യന്റെ ജീവിതമാണ് ഒരുപക്ഷേ, എല്ലാ കൃതികളുടെയും ഇതിവൃത്തം. പ്രത്യക്ഷമായോ പരോക്ഷമായോ എന്ന വ്യത്യാസം മാത്രം. അബിന്‍ പി.സി എന്ന ചെറുപ്പക്കാരനാകട്ടെ മരണത്തിന്റെ നിമിഷങ്ങളെയും മരണാനന്തര ജീവിതത്തെയും നേരിട്ടുതന്നെ തന്റെ നോവലിലേക്ക് ആനയിക്കുന്നു. ആ ശ്രമത്തിന്റെ ഫലമാണ് വോട്ട് ഫോര്‍ ഹെവന്‍ എന്ന അത്യപൂര്‍വ്വ പ്രമേയം കൈകാര്യം ചെയ്യുന്ന നോവല്‍. തെറ്റായ പ്രവർത്തികളിലൂടെ മരണത്തിന്റെ നിഴലില്‍ ജീവിക്കുന്നവരുടെയും ശരി തിരിച്ചറിഞ്ഞു ഭൂമിയില്‍ സ്വര്‍ഗം തീര്‍ക്കുന്നവരുടെയും ജീവിതം. നമ്മുടെ വര്‍ത്തമാനകാല ജീവിതം തന്നെ. 

പരലോക വിചാരണ നേരിടുന്ന മനുഷ്യനാണ് വോട്ട് ഫോര്‍ ഹെവനിലെ പ്രധാനകഥാപാത്രം. ദൈവത്താലോ മനുഷ്യരാലോ അല്ല അയാള്‍ വിചാരണ ചെയ്യപ്പെടുന്നത്. മറിച്ച് അറിഞ്ഞും അറിയാതെയും അയാള്‍ വെറുക്കുകയോ ദ്രോഹിക്കുകയോ ചെയ്ത അയാളുടെ ജീവിതപരിസരങ്ങളിലെ ഉറുമ്പ്, കോഴി, ആട്, പൈക്കുട്ടി, എലി, പൂച്ച, ഉടുമ്പ്, പാമ്പ് തുടങ്ങിയ ജീവജന്തുക്കളാലും ചെടികളാലും മരങ്ങളാലും. വിചാരണയ്ക്കൊടുവില്‍ സ്വര്‍ഗത്തിലെത്താന്‍ വേണ്ടത്ര പിന്തുണ കിട്ടാത്ത അയാള്‍ ഭൂമിയിലേക്കു തിരിച്ചയക്കപ്പെടുന്നു. മുന്‍ജന്‍മത്തിലെ തെറ്റുകള്‍ തിരുത്തി മികച്ച ജീവിതം ജീവിക്കാന്‍. പ്രധാനമായും ആത്മഹത്യ അയാളുടെ പിന്തുണ വല്ലാതെ കുറച്ചിരുന്നു. ഇനിയൊരിക്കലും ആത്മഹത്യയില്‍ അഭയം തേടില്ലെന്നു ശപഥം ചെയ്താണയാള്‍ തിരിച്ചുവരുന്നത്. ഭൂമിയില്‍ അയാളെ കാത്തിരുന്ന വെല്ലുവിളികള്‍ നോവലിന്റെ രണ്ടാംഭാഗത്തെ സജീവമാക്കുന്നു. മിശ്രവിവാഹിതരുടെ മകനായി ജനിച്ച അഭിമന്യു. അയാള്‍ വര്‍ഗീയക്കോമരങ്ങള്‍ തീര്‍ക്കുന്ന യുദ്ധഭൂമിയില്‍ പ്രണയത്തിന്റെ മാത്രം കരുത്തില്‍ തോല്‍ക്കുന്ന യുദ്ധം നയിക്കുന്നു. ഓരോ നിമിഷവും പോരാടുന്നു. സാറാ ജോസഫ് അഭിപ്രായപ്പെട്ടതുപോലെ വര്‍ത്തമാനകാല മലയാള ജീവിതത്തില്‍ ജാതി-മത വിവചനം പുലര്‍ത്തി ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യന്റെ കഥയാണ് വോട്ട് ഫോര്‍ ഹെവന്‍. എങ്ങനെ ഒരു മനുഷ്യക്കുട്ടി ഹിന്ദുവാദിയും ഇസ്ലാംവാദിയുമായി മാറി മനുഷ്യനല്ലാതായിത്തീരുന്നു എന്നതിന്റെ ആഖ്യാനം. ആക്ഷപഹാസ്യമാണ് എഴുത്തുകാരന്റെ ശൈലി. വിഷയത്തിനു പൂര്‍ണമായും യോജിക്കുന്ന ശൈലി. പാരിസ്ഥിതിക നീതിയും നോവലിന് പശ്ഛാത്തലം ഒരുക്കുന്നു. പുതിയ തലമുറയില്‍ തീര്‍ച്ചയായും വായിക്കപ്പെടണം അബിന്‍ എന്ന എഴുത്തുകാരന്‍ എന്ന് അടിവരയിടുന്ന, പുതുകാല വായനയിലക്കുള്ള സ്നഹാര്‍ദ്രമായ ക്ഷണം. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review