Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീതിയുടെ വലയ്ക്കുള്ളിലാക്കും ബെന്യാമിന്റെ 'ശരീരശാസ്ത്രം'!

ഏറ്റവും പ്രിയപ്പെട്ടൊരാളുടെ മരണത്തിൽ നിന്നും ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതം മാറി മറിയുന്ന അനുഭവമാണ് ശരീര ശാസ്ത്രം. അങ്ങനെ പറഞ്ഞു അതൊരു ഒറ്റ വാചകത്തിൽ അവസാനിപ്പിക്കാനുമാകില്ല. കാരണം എഴുതി വായനക്കാർക്കായി നൽകുന്ന പുസ്തകങ്ങളിൽ എന്തെങ്കിലുമൊക്കെ വായനയ്ക്ക് ശേഷവും ബെന്യാമിൻ ബാക്കി വയ്ക്കാറുണ്ട്. ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ബെന്യാമിൻ നോവലാണ് ശരീര ശാസ്ത്രം. ശരീരം എന്നതല്ല മനസ്സിന്റെയും ശരീരത്തിന്റെയും വ്യത്യസ്തമായ ഇടപെടലുകൾ തന്നെയാണ് ഇതിവൃത്തം. പുറമെ നമ്മൾ കാണുന്ന ചില അനന്തമായ കച്ചവട സാധ്യതകളുടെ കണക്കെടുപ്പും ഈ പുസ്തകം നടത്തുന്നു.

ആത്മീയത എന്നാൽ കൃത്യമായി കച്ചവട സാധ്യതയുള്ള പരിപാടിയായി തീരുന്നിടത്താണ് ശരീര ശാസ്ത്രം എത്തി നിൽക്കുന്നത്. വിശ്വാസം മനുഷ്യന്റെ മനസ്സും ജീവിതവും പിടിച്ചടക്കി അതിൽ അധികാരം സ്ഥാപിക്കുന്നത് നോവൽ പറഞ്ഞുവയ്ക്കുന്നു. മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾക്കു ശേഷമാണ് ശരീരശാസ്ത്രം പുറത്തിറങ്ങുന്നത്. എന്നാൽ നാളുകളേറെയായി അദ്ദേഹം എഴുതി തുടങ്ങി വച്ചിരുന്ന നോവലാണിത്, പൂർത്തിയാക്കാൻ വൈകിയെന്നു മാത്രം.

മിഥുൻ എന്ന യുവാവ് അവിചാരിതമായി അപകടത്തിൽ കൊല്ലപ്പെടുന്നു. അവനെ ഇടിച്ച വാഹനം നിർത്താതെ പോകുന്നുണ്ട്. അവന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ, ഋതുവും രാഗേഷും പിന്നെ അവന്റെ പ്രിയപ്പെട്ടവൾ സന്ധ്യ, എല്ലാവരും ഒരു വിശ്വാസി സഭയിലെ ഫെലോഷിപ് അംഗങ്ങളാണ്. മറ്റുള്ളവരെ ഫെലോഷിപ്പിലേയ്ക്ക് ചേർക്കുകയും സാക്ഷ്യം പറയുകയുമാണ് ഇവരുടെ കർത്തവ്യം. നാട്ടിൽ ഫെലോഷിപ്പിന്റെ വകയായി മികച്ച ജോലിയും ഇവർക്കുണ്ട്. എന്നാൽ മിഥുന്റെ മരണ ശേഷം ഈ സുഹൃത്തുക്കൾ കണ്ടെത്തുന്ന ചില സത്യങ്ങൾ ഇവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു. അവരുടെ കണ്ടെത്തലിൽ വായനക്കാരൻ പോലും ഒന്ന് ഞെട്ടിയുണരുന്നുണ്ട്. ആത്മീയത തകരുന്നത് അത് മനസ്സിനേക്കാൾ കൂടുതൽ തലച്ചോറിൽ വിശ്വസിക്കുമ്പോഴാകണം. കാരണം ജീവിക്കാൻ ആവശ്യമായ പണം തന്നെയാണ് മുന്നോട്ടുള്ള ഏതു കച്ചവടത്തിന്റെയും ഗതി നിർണയിക്കുന്നത്, അതെ നിലപാട് തന്നെയാണ് ഫെലോഷിപ്പിനുമുള്ളത്. പക്ഷേ, ഒരിക്കൽ പെട്ടു കഴിഞ്ഞാൽ ഇതിൽ നിന്നും പുറത്തേയ്ക്ക് കടക്കാൻ വാതിലുകൾ ഇല്ലാത്തതിനാൽ ഓരോരുത്തരും അവിടെ തന്നെ അടച്ചിടപ്പെടുന്നു. പക്ഷേ, രാഗേഷും ഋതുവും സന്ധ്യയും ഇവിടെ നിന്നും പുറത്താക്കപ്പെടുകയാണെങ്കിലും അവരതു ആഗ്രഹിച്ചിരുന്നു. ചില സത്യങ്ങൾ മനസ്സിലാകുമ്പോൾ ഇറങ്ങി പോകൽ അല്ലെങ്കിലും അനിവാര്യമായി തീരുമല്ലോ.  

അവയവങ്ങളുടെ കച്ചവട സാധ്യതകൾ അത്ര ചെറുതല്ല. മിഥുന്റെ മരണ ശേഷം അവന്റെ അവയവങ്ങൾ കൈമാറ്റം നടത്തിയിരുന്നു. കോടികളുടെ ആ ഇടപാടുകൾക്ക് പിന്നിൽ ആരായിരുന്നു പ്രവർത്തിച്ചത്? അത്രയും കാലം എല്ലാം മറന്നു വിശ്വസിച്ച പ്രസ്ഥാനം പിന്നിൽ നിന്ന് കുത്തുമ്പോൾ ചങ്കു തകർന്നു പോകും. അത്തരത്തിൽ തകർന്ന ഹൃദയങ്ങളോടെയാണ് ഋതുവും രാഗേഷും സന്ധ്യയും ആ നഗരത്തിൽ നിന്ന് തന്നെ ഇറങ്ങിപ്പോക്ക് നടത്തുന്നത്. ഫെല്ലോഷിപ്പിലേയ്ക്ക് വരാൻ ഓരോരുത്തർക്കും അവരുടേതായ കരണങ്ങളുണ്ടായിരുന്നു. ഒറ്റപ്പെടൽ, ജോലിയില്ലായ്മ, ഏകാന്തത, സ്വന്തം ആനന്ദം കണ്ടെത്തൽ, അങ്ങനെ പല കാരണങ്ങൾ. അത്തരം എല്ലാ കരണങ്ങളെയും സഭ പ്രോത്സാഹിപ്പിച്ചുമിരുന്നു. എന്തിനാണ് ചെറുപ്പക്കാർ പോലും ഇത്തരം ഫെല്ലോഷിപ്പിലേയ്ക്ക് ആകർഷിക്കപ്പെടുന്നതെന്നു ഋതുവിന്റെ അപ്പൻ കുര്യൻ സാറിനു വരെ തോന്നിയിരിക്കണം, പക്ഷേ മകളുടെ തീരുമാനത്തിന് പിന്നിൽ അദ്ദേഹം നിശബ്ദനായി. യഥാർത്ഥ സഭയെയും ക്രിസ്ത്യാനിയെയും കണ്ടെടുക്കുന്ന അദ്ദേഹത്തിന്റെ എഴുത്തുകളും കണ്ടെത്തലുകളും ഋതുവിന്റെ ഹൃദയത്തിലേക്ക് അതെ അവസരത്തിൽ തന്നെ ചേക്കേറുന്നുണ്ട്. ഒരു പക്ഷേ, വഴിമാറി സഞ്ചരിക്കാൻ ഋതു തുടങ്ങിയതിന്റെ പിന്നിൽ പോലും അവളുടെ അപ്പൻ കുര്യൻ സാറിന്റെ പുസ്തകമാണെന്നും വായിച്ചെടുക്കാം. 

ആത്മീയതയുടെ പിന്നിലെ കാണാക്കാഴ്ചകളാണ് ശരീര ശാസ്ത്രം. ഇവിടെ ആത്മീയതയും സയൻസും കൈകോർക്കുന്നു, അത് മനുഷ്യ നന്മയ്ക്കു വേണ്ടിയല്ല എന്നത് ശ്രദ്ധേയമാണ്. ഉദ്വേഗം ജനിപ്പിക്കുന്ന ആഖ്യാന രീതിയാണ് ഇത്തവണ ബെന്യാമിൻ പുതിയ നോവലിൽ കൈക്കൊണ്ടിരിക്കുന്നത്. മിഥുന്റെ അപകടത്തിൽ തുടങ്ങുന്ന പുസ്തകം അതിന്റെ കാരണങ്ങളിലേക്കാണ് അവസാനം ചെന്നെത്തുന്നത്. അതിലേക്കവരെ നയിക്കുന്ന പല ഘടകങ്ങളുമുണ്ട്, ഉത്തരം എല്ലാവരുടെയും നാവിൻ തുമ്പിലുണ്ടെങ്കിലും ആ കണ്ടെത്തൽ അവർക്ക് മൂന്നു പേർക്കും എന്നതുപോലെ വായനക്കാർക്കും ഞെട്ടലുണ്ടാക്കുന്നുണ്ട്. പുറത്തേയ്ക്ക് പറയാൻ ഭയമോ അവിശ്വസനീയതയോ ഒക്കെ കലർന്ന ഒരു മടിയുമുണ്ട്. പക്ഷേ സത്യങ്ങളെ വെളിപ്പെടുത്താതെ അവർ മൂവരും ഒളിച്ചോടുകയാണ് നോവൽ അവസാനത്തിൽ എന്നത് ധിഷണാ തലങ്ങളെ തകർത്തു കളയുന്നു. ഋതുവിന്റെ സ്ഥാനത്തോ സന്ധ്യയുടെയോ രാഗേഷിന്റെയോ സ്ഥാനത്തോ സ്വയം സങ്കൽപ്പിച്ചു നോക്കുമ്പോൾ അതിനുള്ള ഉത്തരങ്ങൾ ലഭിക്കുന്നുണ്ട്. എങ്കിലും പിന്നാമ്പുറത്ത് ഇനിയുമെത്രയോ മിഥുൻമാർ ബലിയാടാക്കപ്പെടേണ്ടി വരുമെന്ന ആധിയിൽ മാത്രമേ വായന അവസാനിപ്പിക്കാൻ ആകൂ. കാലം എപ്പോഴായാലും സത്യങ്ങളെ പുറത്തു കൊണ്ട് വരുമെന്ന തോന്നലിൽ അങ്ങ് ജീവിച്ചു തീർക്കാം. 

ചൂഷണങ്ങളുടെയും ആത്മീയ കച്ചവടങ്ങളുടെയും കഥയാണ് ശരീരശാസ്ത്രം. അതിനിടയിൽ അവയവ കച്ചവടങ്ങളുടെ പിന്നാമ്പുറകളികളും ഭീതിപ്പെടുത്തുന്ന ആത്മീയ സ്ഥാപനങ്ങളിലേക്കും വലിയ സ്വകാര്യ ആശുപത്രികളിലേയ്ക്കും നടന്നു കയറുമ്പോൾ ഉറപ്പായും അറിയാതെ ഭീതി വന്നു വലയം വയ്ക്കും. അക്കാര്യത്തിൽ ബെന്യാമിൻ എന്ന റിയലിസ്റ്റ് എഴുത്തുകാരന് അഭിമാനിക്കാം, കാരണം അദ്ദേഹം ജീവിതം തന്നെയാണ് അക്ഷരങ്ങളായി പകർത്തുന്നത്.

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review