Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹിക്കുന്നതാരെ? സ്ത്രീയെയോ ഗർഭാശയത്തെയോ?

തഴച്ചുവളരുന്ന പ്രത്യുത്പാദന വ്യവസായത്തിൽ കച്ചവടതാൽപര്യങ്ങളുണ്ടോ. ഉണ്ടെന്നു പറയുന്നു ജനപ്രിയപുസ്തകങ്ങളിലൂടെ ഇന്ത്യയുടെ മനസ്സു കവർന്ന പത്രപ്രവർത്തക പിങ്കി വിറാനി. കൃത്രിമസന്താനോൽപ്പാദനത്തിലെ അപകടങ്ങൾ അനേകമാണെന്നും അതു കുഞ്ഞിനു ചെയ്യുന്ന ദോഷങ്ങൾ, അമ്മയ്ക്കേൽപിക്കുന്ന വേദനകൾ എന്നിവയെക്കുറിച്ചു ജനം മനസ്സിലാക്കേണ്ടതുണ്ടെന്നും കൂടി അവർ വാദിക്കുന്നു. വിദഗ്ധരുടെ കുത്തകയായ ഈ മേഖലയെക്കുറിച്ചു പഠിച്ചും ഗവേഷണം നടത്തിയും പിങ്കി പുറത്തിറക്കിയ പുസ്തകം ഇപ്പോൾ മലയാളത്തിലും ചർച്ചയായിരിക്കുന്നു. വിവാദങ്ങൾ സൃഷ്ടിക്കുന്നു. ഇന്ത്യൻ സാഹിത്യത്തിന്റെ മുഖംതന്നെ മാറ്റിമറിച്ച ‘അരുണയുടെ കഥ’ ഉൾപ്പെടെയുള്ള പുസ്തകങ്ങളെഴുതിയ പിങ്കി വിറാനിയുടെ ‘ഗർഭാശയത്തിന്റെ രാഷ്ട്രീയം’ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നതു തൃശൂർ കറന്റ് ബുക്സ്. ഐവിഎഫ്, വാടക ഗർഭം, കൃത്രിമ ശിശുക്കൾ എന്നിവയുടെ ദോഷങ്ങൾ വിശദീകരിക്കുകയാണു പിങ്കി ഗർഭാശയത്തിന്റെ രാഷ്ട്രീയത്തിൽ. ഒപ്പം തെളിവുകൾ ഹാജരാക്കി വാദങ്ങൾ സമർഥിക്കുകയും ചെയ്യുന്നു. കൃത്രിമ ബീജസങ്കലനം മാത്രമല്ല, സ്ത്രീശരീരത്തെ മുഴുവനായോ ഭാഗങ്ങളായി മുറിച്ചോ പുനഃക്രമീകരിക്കുന്നതിനെ എന്നന്നേക്കുമായി അവസാനിപ്പിക്കാൻ ആഹ്വാനവും ചെയ്യുന്നു. 

ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നതു സ്വാഭാവികമാകുന്നതുപോലെ കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനത്തെയും സ്വഭാവികമായി കാണണമെന്നു വാദിക്കുന്നു പിങ്കി. കാരണം വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെ ഭാഗമാണ് ആ തീരുമാനവും. കുഞ്ഞിനെ ശരീരത്തിൽ വഹിക്കുന്നതും കുഞ്ഞുങ്ങളുടെ എണ്ണം തീരുമാനിക്കുന്നതും ഇടവേള നിശ്ചയിക്കുകയും ചെയ്യുന്നതുപോലെ കുഞ്ഞിനെ വേണ്ടെന്നു വയ്ക്കാനുമാകണം. ക്രിത്രിമബീജസങ്കലനത്തിലൂടെ കുഞ്ഞിനെ നേടാൻ, ഐവിഎഫിന്റെ ഊതിപ്പെരുപ്പിച്ച അമിത പ്രതീക്ഷകളുടെ ലോകത്തേക്ക് കടക്കാൻ ആലോചിക്കുന്ന വ്യക്തിക്കും ദമ്പതിമാർക്കും ആ അവകാശമുണ്ട്. വേണമെന്നു തീരുമാനിക്കാൻ, വേണ്ടെന്നുവയ്ക്കാൻ, ഒന്നിൽ നിർത്താൻ, കുഞ്ഞിനു കൂടപ്പിറപ്പിനെ വേണമെന്നു തോന്നിയാൽ ഉപയോഗിക്കാനായി അധികമുള്ള ഒരു അണ്ഡത്തെ അല്ലെങ്കിൽ ഗർഭാങ്കുരത്തെ ശീതീകരിച്ചു സൂക്ഷിക്കാനുള്ള പ്രലോഭനത്തിൽ വീഴാതിരിക്കാനൊക്കെയുള്ളത് ആ അവകാശമാണ്. 

സ്വന്തം ശരീരത്തിനുമേൽ സ്ത്രീക്കുള്ള അവകാശത്തെക്കുറിച്ചാണു പിങ്കിയുടെ പുസ്തകം. സ്വന്തം ശരീരത്തിന്റെമേൽ പ്രത്യുൽപാദനത്തിലെ അച്ചടക്കത്തിനും സന്താനനിയന്ത്രത്തിനുമുള്ള അവകാശത്തിനുമൊപ്പം നിൽക്കുന്ന പുസ്തകം. അതുകൊണ്ടുതന്നെ സാമ്പത്തികാടിസ്ഥാനത്തിലുള്ള വാടകമാതൃത്വം നവജാതശിശുവിനെ മയത്തിൽ കടത്തിക്കൊണ്ടുപോകുന്നതാണ്. മൂന്നാം കക്ഷി മുഖാന്തിരമുള്ള വാണിജ്യാടിസ്ഥാനത്തിലെ പ്രത്യുൽപാദനം കുഞ്ഞിനും ഗുണകരമല്ലെന്നാണു പിങ്കിയുടെ പ്രധാനവാദം. കാരണം അതിന്റെ പേരിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ ഉൽപന്നമാക്കുകയാണ്. പണം കൊടുത്ത് ഉൽപ്പന്നങ്ങൾ കൈപ്പറ്റും പോലെ.

സ്ത്രീകളെ മാത്രമല്ല വിവാഹജീവിതത്തിന്റെ തുടർച്ചയായി കുട്ടികളെ ആഗ്രഹിക്കുന്ന പുരുഷൻമാരെയും അഭിസംബോധന ചെയ്യുന്നു ഗർഭാശയത്തിന്റെ രാഷ്ട്രീയം. വന്ധ്യതയെത്തുടർന്നു കൃത്രിമബീജസങ്കലനത്തിലെ സങ്കീർണമല്ലാത്ത പ്രക്രിയകൾ അവർ തുടക്കത്തിൽ പരീക്ഷിക്കുന്നു. പിന്നീടു വീണ്ടും ശ്രമിക്കുന്നു. കാരണം അതിനുള്ള സാങ്കേതികവിദ്യകൾ ലഭ്യമാണ്. പക്ഷേ, പുരുഷൻ തന്റെ ഭാര്യയെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കണമെന്ന് അഭ്യർഥിക്കുന്നു പിങ്കി. വിവാഹം ചെയ്തതു ഗർഭപാത്രത്തിനുവേണ്ടി മാത്രമാണോ. ആ വ്യക്തിക്കു പ്രാധാന്യമൊന്നുമില്ലേ. ഭാര്യ, ഇല്ലാത്ത രോഗങ്ങളേക്കാൾ നൂറുകണക്കിനുരീതികളിൽ വഷളായ പരിഹാരത്തിനായി പല പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതുണ്ടോ. നിരാശ ഇവിടെ ജീവിതത്തിന്റെ ഭാഗമാകുന്നു. വിജയമായില്ലെന്ന് ഇരുവർക്കുമുള്ള ചിന്ത ചെറുക്കാനാവാത്തത്ര വലുതാവുന്നു. ഗർഭ പരിശോധനാഫലങ്ങൾ ‘വീക്ക് പോസിറ്റീവ്’എന്നു കാണിച്ചുകൊണ്ടിരിക്കുമ്പോഴും ദമ്പതിമാർ പിന്നെയും ചികിൽസയ്ക്കു വിധേയരാവുന്നു. പ്രതീക്ഷകളുടെ കൂട്ടമരണം കണ്ടിട്ടും വീണ്ടും പരീക്ഷണം. വീണ്ടും വീണ്ടും നൽകുന്ന ശക്തിയേറിയ ഹോർമോണുകൾ സ്ത്രീയുടെ രക്തപ്രവാഹത്തിൽ കടന്ന് മാറ്റങ്ങളുടെ പരമ്പരകൾ സൃഷ്ടിക്കുന്നു. മരുന്നിന്റെ അളവു പിന്നെയും കൂട്ടുന്നു. വൈദ്യശാസ്ത്രപരമായ കബളിപ്പിക്കലിലൂടെയാണ് ഇതു ചെയ്യുന്നത്. സ്വാഭവികമായി ചെയ്യാൻ കഴിയാത്തത്, ചെയ്യാൻ ആഗ്രഹിക്കാത്തത് ഗർഭപാത്രത്തെക്കൊണ്ടു ചെയ്യിക്കുന്നു എന്നു പറയുന്നു പിങ്കി. മാതാവാകാനുള്ള അഭിനിവേശം സഫലമാക്കാൻ നടത്തുന്ന പരീക്ഷണങ്ങളിലൂടെ ഹോർമോണുകളുടെ പുഴയിൽ സ്ത്രീ മെല്ലെമെല്ലെ മുങ്ങിത്താഴുന്നു. 

വന്ധ്യതയെന്ന ധാരണയിൽനിന്നു പുരുഷൻമാർ സ്വയം മോചിതരാകാൻ ആഹ്വാനം ചെയ്യുന്നുണ്ടു പിങ്കി. വന്ധ്യത ഒരു രോഗമല്ല. കുറവുമല്ല. സ്ത്രീയെ സ്വതന്ത്രയാക്കുക. പുരുഷനും സ്വതന്ത്രനാകട്ടെ. അങ്ങനെയെങ്കിലും പിറക്കാത്ത കുഞ്ഞിനു വൻപ്രശ്നങ്ങളുണ്ടാക്കുന്നത് അവസാപ്പിക്കണമെന്നു പിങ്കി ശക്തമായിപ്പറയുന്നു. കാരണങ്ങളും നിരത്തുന്നു.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌Books In Malayalam LiteratureMalayalam Literature NewsMalayalam Book Review