Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖങ്ങൾക്കുമുണ്ട് പ്രശ്നങ്ങൾ; പരിഹാരങ്ങളും: പുതുകാലത്തിന്റെ പാസ്‍വേഡുമായി ബോണി

ഏഴാം ക്ളാസുകാരനായ മകൻ ഇ–മെയ്ൽ തുറന്നു; അച്ഛന്റെ ചിത കെട്ടടങ്ങി ദിവസങ്ങൾക്കുശേഷം. അപകടം സംഭവിക്കുന്നതിനും മുമ്പ് എപ്പോഴോ അച്ഛനയച്ച മെയിൽ. ഓണത്തിനു നാട്ടിൽ വരുന്നതിനെക്കുറിച്ചും വരുമ്പോൾ എന്തൊക്കെ സാധാനങ്ങളാണു കൊണ്ടുവരേണ്ടതെന്ന് ലിസ്റ്റ് അയച്ചുകൊടുക്കാനും ആവശ്യപ്പെടുന്ന കത്ത്. അകാലത്തിൽ അന്തരിച്ച അച്ഛന്റെ ഓർമ കണ്ണീരിന്റെ അണക്കെട്ടു തുറന്നുവിടേണ്ടതിനു പകരം മകൻ മറുപടി അയയ്ക്കാൻ ഇരുന്നു. കൊണ്ടുവരേണ്ട സാധനങ്ങളുടെ ലിസ്റ്റ്. കുറേ വിശേഷങ്ങൾ.അമ്മയെക്കുറിച്ച്. പരീക്ഷയെക്കുറിച്ച്. അങ്ങനെ ഒരുപാടു കാര്യങ്ങൾ. വല്ലാത്ത ആശ്വാസം തോന്നി മകന്. അച്ഛനോടു നേരിട്ടു സംസാരിക്കുന്നതുപോലെ. 

ആ കുട്ടി വായിച്ചിട്ടുണ്ടായിരുന്നു; എല്ലാവരും മരിക്കുമ്പോൾ മസ്തിഷ്കമോ ഹൃദയമോ ഏതെങ്കിലും ഒന്നേ മരിക്കൂ. ഹൃദയം നിന്നുപോയപ്പോഴാണ് അച്ഛൻ മരിച്ചത്. അഥവാ ഹൃദയം മാത്രമേ മരിച്ചിട്ടുള്ളൂ. അപ്പോൾ തലച്ചോറ്. അതിപ്പോഴും എപ്പോഴും ജീവിച്ചിരിക്കുന്നു. ആ തലച്ചോറിൽ ഇപ്പോഴും കാണില്ലേ മകനെക്കുറിച്ചുള്ള ചിന്തകൾ. 

വൈകിട്ടു കംപ്യൂട്ടർ വീണ്ടും തുറന്നത് അച്ഛന്റെ കത്ത് ഒന്നുകൂടി വായിക്കാനായിരുന്നു. സ്വാഗതം ചെയ്തതു സ്ക്രീനിലെ അസാധാരണ വെളിച്ചം. ദിവസങ്ങൾക്കു മുമ്പേ മരിച്ച, ചിതയിൽ എരിഞ്ഞടങ്ങിയ അച്ഛന്റെ മറുപടി സ്ക്രീനിൽ. മുൻപു വരാറുള്ള അതേ ശൈലിയിൽ. കെമിസ്ട്രി പരീക്ഷയിൽ മകൻ ജയിക്കും എന്നൊരു പ്രവചനവും. 

ആരെങ്കിലും പറ്റിക്കുകയാണോ. 

അല്ല. അച്ഛന്റെ പേരിൽനിന്നുതന്നെയാണു മെയിൽ വന്നിരിക്കുന്നത്. എങ്കിൽ അച്ഛന്റെ പാസ്‍വേർഡ് ???

ഹൃദയം നിന്നുപോയപ്പോൾ മരിച്ചെങ്കിലും തലച്ചോറിലൂടെ ജീവിച്ചിരിക്കുന്ന അച്ഛന്റെ പാസ്‍വേർഡ് കണ്ടുപിടിക്കാൻ മകൻ നടത്തുന്ന പ്രയത്നമാണ് തലച്ചോറിന്റെ താക്കോൽ എന്ന കഥയിൽ ബോണി പിന്റോ പറയുന്നത്. പുതിയ കാലത്തിന്റേതെന്ന വിശേഷണത്തോടെയെത്തുന്ന പഴയകാല ഭാവുകത്വത്തിന്റെ തടവിൽ കിടക്കുന്ന കഥകളെ അക്ഷരാർഥത്തിൽ പുതിയ ചക്രവാളങ്ങളിലേക്കു തുറന്നുവിടുന്ന മറ്റു 19 കഥകളും കൂടിയുണ്ട് ബോണിയുടെ കഥാസമാഹാരത്തിൽ. മാറുന്ന കാലത്തിനൊപ്പവും ഒരു ചുവടു മുന്നേയും സഞ്ചരിക്കാനാവുമെന്നു തെളിയിക്കുന്ന അക്ഷരങ്ങളുടെ എല്ലുറപ്പ് വ്യക്തമാക്കുന്ന കഥാസമാഹാരം– മുഖങ്ങളുടെ പ്രശ്നം. 

മുഖമില്ലാതലറുന്ന തെരുവുകളാണു പുതിയ കാലത്തിന്റേത്. അലറുക മാത്രമല്ല, ചിരിക്കുകയും കരയുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തെരുവുകൾ. എങ്കിലും എഴുതാനിരിക്കുമ്പോൾ എഴുത്തുകാരന്റെ പേന സഞ്ചരിക്കുന്നതു പിന്നിലേക്ക്. പിന്നിട്ട കാലത്തിലേക്ക്. വായിച്ചു മടക്കിവച്ച പുസ്തകങ്ങളിലേക്ക്. കേട്ടുമറന്ന കഥകളിലേക്കും ആവർത്തിച്ചുകേട്ട ജീവിതങ്ങളിലേക്കും. ആഖ്യാനത്തിൽ പുതുവഴി വെട്ടുമ്പോഴും, പുതിയ കാലത്തിരുന്ന് എഴുതുമ്പോഴും പിന്നോട്ടു നോക്കുന്ന മനസ്സുകൾ പിന്നെയും പിന്നെയും ഉൽപ്പാദിപ്പിക്കുന്നതു പോയകാലത്തിന്റെ നിറവും വെളിച്ചവും ഇരുട്ടും തന്നെ. കഥയും നോവലും കവിതയുമെല്ലാം നേരിടുന്ന ഈ പ്രതിസന്ധിയിൽ പൂർണമായും മുക്തമായ കഥകളാണു തേടുന്നതെങ്കിൽ ധൈര്യമായി കയ്യിലെടുക്കാം മുഖങ്ങളുടെ പ്രശ്നം. കാലത്തിലൂടെ അതിവേഗം സഞ്ചരിക്കുന്ന, മുന്നോട്ടു കുതിക്കുന്ന പേന സൃഷ്ടിച്ച കഥകളെ പരിചയപ്പെടാം. വായിക്കുന്നതിനൊപ്പം ഒരു തിരശ്ശീലയിലെന്നവണ്ണം കണ്ണിനു മുന്നിലെ സ്ക്രീനിൽ തെളിയുന്ന ചലനചിത്രങ്ങൾക്കൊപ്പം സഞ്ചരിക്കാം. ആഖ്യാനത്തിനൊപ്പം ഉള്ളടക്കത്തിലും മലയാള കഥ കരസ്ഥമാക്കുന്ന പുതുമയുടെ ഉൾത്തുടിപ്പുകൾ നേരിട്ടറിയാം. 

ഒരാൾക്കു രണ്ടുതരം ബന്ധങ്ങളേ ഒള്ളൂ. ഒന്നു മുൻഗാമി. രണ്ടു പിൻഗാമി. 

അങ്ങനെ പറഞ്ഞതു വെങ്കി അണ്ണയ്യയാണ്. ആന്ധ്രയിലെ നല്ലഗോണ്ട ജില്ലയിലെ ഉൾനാടൻ ഗ്രാമമായ യാദഗിരിഗുട്ടയിൽ സ്വന്തമായി സ്റ്റുഡിയോ നടത്തുന്ന വെങ്കി. 

പത്രത്തിൽ കൊടുക്കാനായി, മരിച്ചവരുടെ പഴയ ദ്രവിച്ചു തുടങ്ങിയ ഫോട്ടോകൾ റിപ്പയർ ചെയ്തു കൊടുക്കാറുണ്ട് അണ്ണയ്യ. നന്നായി വരയ്ക്കാനറിയുന്ന അണ്ണയ്യക്കു കിട്ടുന്നതെല്ലാം മൃതദേഹത്തിന്റെ ഫോട്ടോകൾ. കംപ്യൂട്ടറിൽ അണ്ണയ്യ മൃതദേഹത്തിന്റെ കണ്ണു തുറപ്പിക്കുന്നു. മുഖത്തു ചിരി വിടർത്തുന്നു. മൂക്കിലെ പഞ്ഞി മായ്ച്ചുകളയുന്നു. ജീവിച്ചിരുന്നപ്പോൾ സ്റ്റുഡിയോയിൽ‌ വരാൻ സമയം കിട്ടാതിരന്നവരാണ്. മരിച്ചതിനുശേഷം അവർക്കു ജീവൻ കൊടുക്കുകയാണ് അണ്ണയ്യ. പെണ്ണും പിടക്കോഴിയുമില്ലാതെ ജീവിച്ച അണ്ണയ്യ. ആ അണ്ണയ്യയാണു പറഞ്ഞത് യഥാർഥത്തിലുള്ള രണ്ടേ രണ്ടു ബന്ധങ്ങളെക്കുറിച്ച്. പറയുക മാത്രമല്ല ആ സത്യം സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയും ചെയ്യുന്നുണ്ട് അണ്ണയ്യ. ആ കഥയാണ് മുഖങ്ങളുടെ പ്രശ്നത്തിൽ ബോണി പറയുന്നത്. ഈ കഥയിൽ മാത്രമല്ല സാമാഹാരത്തിലെ 20 കഥകളിലും കാണാം മുൻഗാമികളുള്ള കഥാപാത്രങ്ങളെ. പിൻഗാമികളെ തേടുന്നവരെ. 

വെങ്കി അണ്ണയ്യയുടെ മുഴങ്ങുന്ന വാക്കുകൾ ബാബു കേട്ടു: നീയറിയുക..നീയാണെന്റെ പിൻഗാമി. 

മരിച്ചുപോയ അച്ഛന്റെ പാസ്‍വേർഡ് തേടിനടന്ന വിദ്യാർഥിക്കുമില്ലേ പിൻഗാമികൾ. ഗാന്ധാരം എന്ന കഥയിൽ താമരകൾ വിടർന്നുനിൽക്കുന്ന കുളത്തിൽ ഏറ്റവും സമർഥനായ ബീജമായി നീന്തുന്ന കാളിദാസനുമുണ്ടാകില്ലേ പിൻഗാമി. 

ലങ്കാപുരിയിൽ കാത്തിരുന്ന, രാവണനെ തിരസ്കരിച്ച, രാമനെ മാത്രം ധ്യാനിച്ചിരുന്ന സീതായനത്തിലെ ജനകപുത്രിയുടെ പിൻഗാമികൾക്കുണ്ടോ ക്ഷാമം ? 

രാത്രി തേവരയിൽ ബസ് ഇറങ്ങി പുതിമോടി മാറാത്ത പെണ്ണിന്റെ അടുത്തെത്താൻ ധൃതിപ്പെട്ടോടുന്ന, മോട്ടോർ സൈക്കിളിലെത്തിയ കുടവയറന്റെ രാത്രി സഹചാരിയാകുന്ന സിബിച്ചനുമില്ലേ പിൻഗാമികൾ...? 

പ്സ്‍വേർഡുകൾ ജീവിതം ഭരിക്കുന്ന കാലത്തും രഹസ്യമായി ഒരു ഇൻലൻഡ് കരസ്ഥമാക്കാൻ ശ്രമിക്കുന്ന യുവതികളുടെ നാടാണു നമ്മുടേതെന്നു പറയുന്നു വെയിൽപൂക്കുന്ന തണൽമരങ്ങൾ എന്ന കഥ. നാട്ടിൽ ജോലി തേടിയെത്തിയ ഇതരസംസ്ഥാനക്കാരനൊപ്പം വിദൂരവും അന്യവുമായ ഭൂമിയിലേക്കു യാത്ര ചെയ്തെത്തിയ യുവതിയുടെ ഹൃദയത്തിൽ പടർന്ന വെയിലിൽ പൂത്ത തണൽമരത്തിന്റെ കഥയിൽ. ഭാട്ടിക്കൊപ്പം ഇതരസംസ്ഥാനത്തെത്തിയ യുവതിക്കു ലഭിച്ചതു ഭാട്ടിയെ മാത്രമായിരുന്നില്ല; ഒരു വീട്ടിലെ പുരുഷൻമാരെയെല്ലാം. ഓരോരുത്തരായി ഭാരം ഇറക്കിവച്ചപ്പോഴും ആ യുവതി നാട്ടിലേക്കു രക്ഷപ്പെടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതേയില്ല. താമരയുടെ ചിത്രം പച്ച കുത്തിയ അയൽവീട്ടിലെ കമലയുടെ ചോര പൊടിഞ്ഞ കയ്യിൽ അവളുടെ വിറയാർന്ന വിരലുകൾ കണ്ടെത്തുന്നു മരുപ്പച്ചൾ. ജീവിതത്തിലെ ഏറ്റവും മധുരമേറിയ ചുംബനം. ശരിയേയും തെറ്റിനെയും ആട്ടിപ്പായിച്ച്, മൃദുതലോടലുകളുടെ സംരക്ഷണവലയിൽ ഒതുങ്ങിനിൽക്കുമ്പോൾ അവർക്കുമേൽ പൊഴിഞ്ഞുവീഴുന്നുണ്ട് വാകക്കുരുക്കൾ. നിറയെ ഇലകളുള്ള ഒരു തണൽമരം നാമ്പെടുക്കുകയാണ്....

കഥയില്ലാത്ത കഥകളുടെയും ആഖ്യാന സങ്കീർണതകളുടെ നീരാളിപ്പിടുത്തത്തിൽ നഷ്ടപ്പെടുന്ന കഥയില്ലായ്മകളുടെയും ഊഷരഭൂമിയിൽ ബോണി പിന്റോ പുതിയ കാല സ്വപ്നങ്ങളുടെ തണൽമരങ്ങൾ നടുകയാണ്. കഥ തേടുന്ന മനസ്സുകൾക്ക് ഈ തണലിലിരിക്കാം. കുളിർമ നിറഞ്ഞ മനസ്സുമായി മടങ്ങാം. അല്ലെങ്കിലും മുഖങ്ങളാണല്ലോ നമ്മുടെയൊക്കെ പ്രശ്നം. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review