Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതികാരത്തിന്റെ വഴികളിലൂടെ പത്മരാജൻ 

എങ്ങോട്ടാ ?

ഇതാ, ഇവിടെ വരെ ! 

മധ്യതിരുവിതാംകൂറിലെ തനതായ സംഭാഷശൈലികളിലൊന്ന്. 

കൃത്യമായ ഒരു ലക്ഷ്യവുമായി മുന്നോട്ടു നടക്കുമ്പോഴായിരിക്കും ചോദ്യം. ഉത്തരത്തിനു മാറ്റമില്ല; ദാ ഇവിടെ വരെ. പറയുന്നതു കള്ളമല്ല, സത്യവുമല്ല. 

എവിടെ വരെ ? ആരും ചോദിക്കുന്നില്ല. ചോദിക്കുന്ന ആളിനുതന്നെ അത് അറിയേണ്ട കാര്യവുമില്ല. എന്നിട്ടും തിരക്കുന്നു എവിടേക്കാണ്. മറുപടി വീണ്ടും ഒന്നുമാത്രം. ഇവിടെ വരെ. ഇവിടം രഹസ്യമാണ്. ആരും ആർക്കും അതു വിട്ടുകൊടുക്കുകയില്ല.

തൊട്ടടുത്ത വീട്ടിലേക്കു പോകുമ്പോഴും അന്വേഷിക്കുന്ന ആളിനോടു പറയുക ഇവിടെ വരെ എന്നായിരിക്കും. ഓരോ ആളിനും സ്വകാര്യലക്ഷ്യങ്ങൾ ഉണ്ടാവും. അതറിയാൻ മറ്റാർക്കും ആകാംക്ഷയുമില്ല. എന്നിട്ടും വെറുതെ അവരത് അന്വേഷിക്കുന്നു. ഒരു ഒഴുക്കൻ മറുപടിയിൽ സായൂജ്യം കാണുന്നു.

എങ്ങോട്ടാണ് ?

സ്വയം ചോദിച്ചു. 

ഇവിടെ വരെ – മറുപടി. 

എവിടെ ?

ഇവിടെ, ഇതാ, ഇവിടെ. 

ഇവിടെ വരെ. 

കാലത്തിന്റെ ദുർഗ്ഗമമായ നീരൊഴുക്കിലൂടെ ഒരു പതപ്പൻതണ്ടുപോലെ പൊങ്ങി ഒഴുകിനടക്കുന്ന മുപ്പതുകാരനായ യുവാവും ‘ഇതാ ഇവിടെ വരെ’ എന്നു പറഞ്ഞുവെങ്കിലും അയാളുടെ ഉള്ളിൽ ലക്ഷ്യമുണ്ട്; കൃത്യമായ, വ്യക്തമായ ലക്ഷ്യം. ജലപ്പരപ്പിൽ ഒഴുകിനീങ്ങുന്ന വള്ളത്തിൽ ദിവസങ്ങളായി യാത്ര ചെയ്യുമ്പോഴും പങ്കായം മാറ്റിവച്ച് ഇഷ്ടമുള്ള ദിക്കിലേക്കു പോകാൻ വള്ളത്തെ അനുവദിച്ചപ്പോഴും ഉണ്ടായിരുന്നു ലക്ഷ്യം. ലക്ഷ്യത്തിന്റെ കരുത്താണ് ഇരുപതു വർഷത്തിനുശേഷവും തിരിച്ചുവരാൻ ആഗ്രഹിക്കാതിരുന്ന ജൻമഗ്രാമത്തിലേക്ക് അയാളെ കൊണ്ടുവന്നത്. അവിടെ എത്തിയപ്പോൾ, പഴയ മുഖങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ വീണ്ടും അയാൾ മനുഷ്യനാവുകയായി. പകയും പ്രതികാരവും ദേഷ്യവും സങ്കടവും സന്തോഷവും കാമവുമൊക്കെയുള്ള മനുഷ്യൻ. കഴിഞ്ഞ ഇരുപതു വർ‌ഷമായി ഒറ്റപ്പെട്ട ജീവിതമൊന്നുമായിരുന്നില്ല അയാളുടേത്. മനുഷ്യർക്കിടയിൽതന്നെയാണ് അയാൾ ജീവിച്ചത്. വിവിധ വികാരങ്ങളിലൂടെ കടന്നുപോയിട്ടുമുണ്ട്. പക്ഷേ, അപ്പോഴൊന്നും അറിയാതിരുന്ന വൈകാരിക പൂർണത അയാൾ തിരിച്ചറിഞ്ഞു; ഇവിടെ എത്തിയപ്പോൾ– ജനിച്ചുവളർന്ന ഗ്രാമത്തിൽ എത്തിയപ്പോൾ. 

എന്റെ നാട്ടിലെ മഴ മറ്റെല്ലാ നാടുകളിലെ മഴകളിൽനിന്നും വ്യത്യസ്തമാണ്. 

എന്റെ മാനത്തെ മേഘം മറ്റെവിടെയുമുള്ള മേഘങ്ങളിൽനിന്നു വ്യത്യസ്തമാണ്. 

നാട്ടിലെ മഴ നനഞ്ഞും മേഘത്തിനു കീഴെ ഉറങ്ങിയും ശത്രുവിനെ അന്വേഷിച്ച് അയാൾ നടത്തുന്ന യാത്രയാണ് പത്മരാജന്റെ ചെറുനോവൽ ഇതാ ഇവിടെ വരെ. 70 പേജ് മാത്രമേയുള്ളൂ ഇതാ ഇവിടെ വരെ. ഒരു കഥയേക്കാൾ കുറച്ചുകൂടി മാത്രം വലുപ്പം. പക്ഷേ, നോവലെറ്റിനേക്കാളും വിപുലവും വിശാലവുമായ വികാരപ്രപഞ്ചത്തെ അനാവരണം ചെയ്യുന്നതിനാൽ നോവൽ എന്നുതന്നെ പറയേണ്ടിവരും. അധികമാണെന്നുകണ്ട് എടുത്തുമാറ്റാൻ ഒരു വാക്കോ വരിയോ ഇല്ല. ആവശ്യമില്ലാത്തതിനാൽ വായിക്കാതെ മറിച്ചുവിടാവുന്ന ഒരു താളുപോലുമില്ല. ഓരോ വാക്കിലും വരിയിലും കുത്തിലും കോമയിലും പോലും തുളുമ്പുന്ന ജീവിതം. ആത്മസംഘർഷങ്ങൾക്ക് കുറഞ്ഞ പേജുകളിൽ മലയാളത്തിലെ ഒരു എഴുത്തുകാരൻ സൃഷ്ടിക്കുന്ന അത്ഭുതം. ഉറങ്ങിക്കിടന്ന ഒരു ഭീകരജീവിയെ തട്ടിയുണർത്തുന്നതുപോലെ മനസ്സിനുള്ളിലെ നിഗൂഡവും വിദൂരവുമായ ലോകത്തുനിന്നു പത്മരാജൻ അസാധാരണ കയ്യടക്കത്തോടെ നിർമിക്കുന്ന വൈകാരിക ലോകം. 

ശത്രുവില്ലാത്ത മനുഷ്യരില്ല. ശത്രുക്കൾ തന്നെയുണ്ട് ഓരോരുത്തരുടെയുള്ളിലും. ശത്രുവിനെ ബന്ധനസ്ഥനാക്കി താനറിഞ്ഞ അതേ വേദന ശത്രുവിനെയും അനുഭവിപ്പിക്കാനാകും ശ്രമം. സാഹസികമായ ഒരു യാത്രതന്നെ വേണം ആ ലക്ഷ്യം നിറവേറ്റാൻ. ലക്ഷ്യത്തിൽനിന്നകറ്റാനും അകലേക്കു പായിക്കാനും നിരന്തരം ശ്രമങ്ങളുണ്ടാകുന്നു. 10 വയസ്സിൽ നാടുവിട്ട് ഇരുപതു വർഷത്തിനുശേഷം തിരിച്ചുവരുന്ന മുപ്പതുകാരന്റെ ഉള്ളിലുണ്ട് വീട്ടാനുള്ള കടങ്ങൾ. പറയാനുള്ള കണക്കുകൾ. 

അങ്ങോട്ടുചെന്നു കാണാനാവശ്യപ്പെട്ട നാട്ടിലെ പ്രമാണിയോട് ഷാപ്പിൽ മുറിയിലിരുന്ന് വേണമെങ്കിൽ ഇങ്ങോട്ടുവന്നു കാണട്ടെയെന്നു പറയുന്ന യുവാവ് മനസ്സർപ്പിച്ചിരിക്കുന്നതു പ്രതികാരം എന്ന ഒരൊറ്റ ബിന്ദുവിൽ. പകയുടെ കനലുകൾ മനസ്സിൽ എരിയുമ്പോൾ തനിക്കെങ്ങനെ ഉറങ്ങാനാവുന്നു എന്നയാൾ അത്ഭുതപ്പെടുന്നുണ്ട്. തീർക്കാനുള്ള കണക്കുകൾ പെരുകുമ്പോൾ എങ്ങനെ ഉണ്ണാനാകുന്നു എന്നതും അയാളെ അതിശയിപ്പിക്കുന്നു. ഉണ്ണുകയും ഉറങ്ങുകയുമൊക്കെ ചെയ്തിട്ടും അയാൾ തിരിച്ചുവരുന്നു; ലക്ഷ്യത്തിലേക്ക്. ഓരോ പടവിലും നാടകീയ വിജയത്തിലേക്കുള്ള വഴി വെട്ടുന്നു. 

ഈ സ്ഥലം മോശമാ. 

പൈലി നിവർത്തിയ പേനാക്കത്തി മേശപ്പുറത്തു കുത്തിക്കളിച്ചുകൊണ്ടു പറഞ്ഞു. 

ഞാനും. 

വിശ്വനാഥൻ നിവർന്നിരുന്നു. 

ഞാനും – ആ ഒറ്റവാക്കിലുണ്ട് ഇതാ ഇവിടെ വരെയുടെ പ്രസക്തിയും കാലത്തെ അതിജീവിക്കുന്ന മൂല്യവും. 

1972–ൽ പുറത്തിറങ്ങിയ ഒരു ചെറുനോവൽ പ്രത്യേകിച്ചു പഠനമോ വിലയിരുത്തലോ നിരൂപക പിന്തുണയോ ഇല്ലാതെ ഇന്നും വായനക്കാരുടെ ഇഷ്ടകൃതിയായി തുടരുന്നു. നാലു പതിറ്റാണ്ടിനുശേഷവും വായനയെ ആഘോഷമാക്കുന്നു. നിരൂപകരും വിധികർത്താക്കളും മാർക് ഇട്ടാലും ഇല്ലെങ്കിലും കോപത്തിന്റെയും കാമത്തിന്റെയും ഈ ഇതിഹാസം മുന്നോട്ട്. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം