Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുട്ട് ഏകനായ വിജയിയല്ല

“സ്വന്തമായൊന്നും ഇല്ലെന്നിരിക്കെ

അവന് ഒന്നും നഷ്ടപ്പെടുന്നില്ല,

അവൻ ഭയപ്പെടുന്നില്ല

ചകിതനുമല്ല

അവൻ ബന്ധിതനല്ല

താമരയിലയിലെ ജലകണം പോലെ,

സൂചിമുനയിലെ കടുകുമണിപോലെ

ഒന്നിലും ഒട്ടി നിൽക്കാത്തവൻ

അവൻ ദുഖങ്ങളുടെ അന്ത്യമാണ്”

കവി എന്നാൽ ഒരുതരം പുനർജ്ജന്മമാണ്‌. കേവലം ബുദ്ധിപരമായ അറിവുകളെ മറികടന്ന് ആത്മസാക്ഷാത്കാരത്തിലേക്കുള്ള ഉണർച്ചയിലേക്ക് നിദ്രയുടെ കവാടങ്ങൾ തുറന്നിടുന്നവനാണ് കവി. സ്വയം ഇല്ലാതായിക്കൊണ്ട് ശുദ്ധശൂന്യതയുടെ മൗനസംഗീതം സൃഷ്ടിക്കുന്നവൻ. സെൻ ബുദ്ധമതം “ഒറ്റക്കയ്യടിശബ്ദം” എന്നു വിളിക്കുന്ന ആ നിർവാണാവസ്ഥയിൽ ആണ് കവിത ജനിക്കുന്നത്. അസ്ഥിരതയിൽ സ്ഥിരമുള്ളവൻ എന്ന് വിശേഷിപ്പിക്കപ്പെടുമ്പോളും ഈ ലോകത്തിന്റെ ഭ്രാന്ത് പിടിച്ച ഊർജ്ജത്തെ മുഴുവൻ കവി തന്നിലേക്കാവാഹിക്കുന്നു. അതിന്റെ പ്രതിഫലനമായി സൃഷ്ടിക്കപ്പെടുന്ന കവിത എന്തിനെയും പ്രതിഫലിപ്പിക്കുന്ന ഒരു ദർപ്പണമാവുന്നു. അല്ലാത്തപക്ഷം കവിതയെന്നാൽ “അന്ധരെ അന്ധർ നയിക്കും പോലെ”യാകും.

മുൻവിധികളോ വിലയിരുത്തലുകളോ ഇല്ലാതെ, ബുദ്ധിയുടെയോ അഹന്തയുടെയോ രഞ്ജിപ്പുകളില്ലാത്ത ഹൃദ്യമായ

കാവ്യാനുഭവമാണ് ഗോപകുമാർ തെങ്ങമത്തിന്റെ ‘കാലി(വി)സ്ഥാൻ’ എന്ന കവിതാ സമാഹാരം. സമകാലിക രാഷ്ട്രീയതയുടെ നേരാവിഷ്കാരമാണ് ഇതിലെ രചനകൾ.

മുറിച്ചു മാറ്റപ്പെട്ട ഒരു ഹൃദയത്തിന്റെ ഭാഗങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും. രണ്ടു രാജ്യങ്ങൾക്കിടയിൽ വരയ്ക്കപ്പെട്ട അതിർത്തി രേഖയായിരുന്നില്ല, ഹൃദയങ്ങൾക്കിടയിലുയർന്ന കന്മതിലായിരുന്നു റാഡ്ക്ലിഫ് രേഖ. ഇപ്പോഴും ചോര പൊടിഞ്ഞുകൊണ്ടിരിക്കുന്ന വിഭജനം എന്ന മുറിവിൽ നിന്നും ഉണ്ടായ, പരസ്പരം പേരുച്ചരിക്കാൻ മടിക്കുന്ന രണ്ടു ഭയങ്ങളാണ്” ഇന്ത്യയും പാകിസ്ഥാനും എന്ന് വിശേഷിപ്പിക്കുന്ന ‘ഭയം’ എന്ന ആദ്യ കവിത വിഭജനത്തിന്റെ നൊമ്പരത്തെ വേറിട്ട ബിംബങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

ഭാരതമെന്നാൽ ”തപ്തമാം ഹൃദയം തോറും സ്നേഹാർദ്രത ചുരത്തി, മൃതിയിൽ നിന്നുമമൃതത്തിലേക്കു നയിച്ച” നാടാണ്. ഭാരത ഭൂമിയുടെ ആത്മനഭസ്സിൽ ജ്വലിച്ചു നിൽക്കുന്ന നക്ഷത്രങ്ങളുടെ നിറമായിരുന്നു കാവി.. കാട്ടാളനെക്കൊണ്ട് മാനിഷാദ എന്ന് പാടിച്ച ഇന്ദ്രജാലത്തിന്റെയും ഉത്തിഷ്ഠതാ ജാഗ്രതാ എന്ന് ലോകത്തോടുച്ചരിക്കാൻ ഭാരതീയനെ പ്രാപ്തനാക്കിയ ആത്മധൈര്യത്തിന്റെയും പേരായിരുന്നു കാവി. കാട്ടാളനിൽ നിന്നു കവിയെയും കവിയിൽ നിന്നു കാലത്തെയും സൃഷ്‌ടിച്ച കാവിയുടെ നിറഭേദങ്ങൾ ‘കാലി(വി)സ്ഥാൻ’ എന്ന കവിതയിൽ കാണാം. ഒരിക്കൽ കാലത്തിന്റെ കൊടിയടയാളമായിരുന്ന കാവിയിൽ നിന്നും  “ഹിന്ദു രാജ്യത്തിന്നടിത്തറ കെട്ടുവാൻ രക്ത ബിന്ദു ചൊരിയുന്ന” കാടന്മാർ പിറക്കുന്ന ഈ കാലത്ത് മനുഷ്യർ സ്വന്തം വീടിനുള്ളിൽ പോലും സുരക്ഷിതരല്ലാതാവുകയും കന്നുകാലികൾ പൂജിക്കപ്പെടുകയും ചെയ്യുന്ന കാട്ടുനീതി നടപ്പിലായിക്കഴിഞ്ഞു. ഹിന്ദുസ്ഥാനെ കാവിസ്ഥാനും കാലിസ്ഥാനുമാക്കിമാറ്റുന്ന കാവിഭീകരതയോടുള്ള ശക്തമായ പ്രതിഷേധമായി കവിത വായിക്കപ്പെടും.

രക്തസ്വീകരണത്തിനു ദാതാവിന്റെ ജാതിയെകുറിച്ച് ചോദ്യമുണ്ടായി എന്ന വാർത്ത തമാശയുടെ തലക്കെട്ടോടെയാണ് മലയാളി വായിച്ചത്. മതതീവ്രവാദത്തിന് വളരാൻ  വളക്കൂറുള്ള മണ്ണായി കേരളം മാറുന്നതിന്റെ ശക്തമായ സൂചനയായിരുന്നു ഈ വാർത്ത. രോഗത്തിന്റെ ഗുരുതരാവസ്ഥയിലും രക്തസ്വീകരണത്തിനും അവയവ സ്വീകരണത്തിനും ജാതി തിരയുന്നവരെ പരിഹസിക്കുകയാണ് സ(0)മതം എന്ന കവിത..”അവയവത്തിനു ഖുറാൻ വശമില്ല, ദൈവത്തിനു ഗീതയും”

തുടങ്ങിയ വരികൾ ദൈവത്തെക്കാൾ വലിയവനായി മാറിയ മനുഷ്യന്റെയും, മനുഷ്യനേക്കാൾ ചെറുതായി പോയ ദൈവത്തിന്റെയും നേർചിത്രമാകുന്നു. ഈ സമാഹാരത്തിലെ ‘ഹൈലീ ഇൻഫ്ലേമബിൾ’ എന്ന കവിത വ്യത്യസ്തമായ ഒരു അനുഭവമാണ്.”പള്ളി കത്തിയെരിഞ്ഞത് വേദ ഗ്രന്ഥത്തിന് തീ പിടിച്ചോ, പൂരപ്പറമ്പിലെ കതിനയിൽ നിന്നോ അല്ല,”സാറാമ്മയുടെയും കേശവൻ നായരുടെയും അണയാതെ കിടന്ന ചുംബന തീയിൽ നിന്നും ബീഡി കത്തിക്കാൻ ഒരു ബഷീർ ശ്രമിച്ചപ്പോൾ തീ പടർന്നതാണെന്നു” പറയുന്ന വരികൾ ഒരിളം കാറ്റുപോലെ വന്ന് ഓർമയുടെ ജാലകങ്ങൾ തുറക്കുകയാണ്. മധുരം പൊഴിക്കുന്ന ഒരു മാങ്കോസ്റ്റിന്റെ ചുവട്ടിലേക്ക് വായനക്കാരനെ കൊണ്ടുപോവുകയാണ് ഈ കവിത.

 “നേരിന്റെ പകൽ വെളിച്ചത്തിലുള്ള നഗ്നമാക്കപ്പെടലാണ് പ്രണയം”

പ്രണയത്തിന്റെ ആഴം അറിഞ്ഞും അളന്നും പ്രണയിച്ചിരുന്ന കാലം മാറി മതം നോക്കി പ്രണയിക്കുന്ന കാലമാണിന്ന്‌. പ്രണയിക്കപ്പെടുന്നത് മതമാണ്.”മരിക്കാൻ ഒരുപാട് കാരണമുണ്ടെങ്കിലും ജീവിച്ചിരിക്കാൻ ഒരേ ഒരു കാരണം, അതാണെന്റെ പ്രണയം”എന്ന് കവി പാടിയ കാലത്തുനിന്നും ജീവനെടുക്കാൻ ഒരു കാരണമായി പ്രണയം മാറുന്ന ഈ കാലഘട്ടത്തിൽ”പ്രണയമെന്നാൽ ഏത് ഋതുവിലും വിതയ്ക്കാവുന്ന, ഒരിക്കലും കേടാകാത്ത വിത്ത്” 

എന്ന പുതിയ പ്രണയസങ്കൽപ്പത്തെ ‘പ്രണയം’എന്ന കവിതയിലൂടെ കവി അവതരിപ്പിക്കുന്നു.

ഈ കാലത്തിലെ മാതാപിതാക്കളുടെ ഏറ്റവും വലിയ വിഹ്വലതയാണ് വളർന്നു വരുന്ന മക്കളുടെ ശരീരം. ആൺ പെൺ ഭേദമന്യേ കുട്ടികൾ ആക്രമിക്കപ്പെടുന്ന ഈ കാലത്തെ ഒരച്ഛന്റെ ചിന്തകൾ “മകളോട്”എന്ന കവിതയിലൂടെ പങ്കുവയ്ക്കുന്നു.

”ഉറങ്ങരുത് നീ ഉടൽ നിന്നെ ഒറ്റിക്കൊടുക്കും"

ഹൃദ്യങ്ങളായ ഏതാനും ചെറുകവിതകളും ഈ സമാഹാരത്തിൽ ഉൾപ്പെട്ടിരിക്കുന്നു.”വാർദ്ധക്യം” എന്നാൽ കൂനിപ്പോയ ഓർമ്മകൾ, 'അമ്മ’ – “മക്കൾ അറിയാതെപോയ, എറുമ്പുകൾ അറിഞ്ഞ മധുരം”,’ചാരിത്ര്യം”-“ക്രയവിക്രയം ചെയ്യാൻ പ്രയാസമുള്ള വിശുദ്ധ പാപം”, തുടങ്ങി ഏറെ ചിന്തനീയമായ ആശയങ്ങളും ബിംബങ്ങളും ഉൾക്കൊള്ളുന്നവയാണ് ഈ കവിതകൾ. രാജ്യസേവനത്തിന്റെ ഓർമ്മകളെകുറിക്കുന്ന’അതിർത്തിയിൽ’ എന്ന കവിതയിൽ മദ്യത്തെ

“നോവടക്കിയ കടൽ”

എന്നാണ് കവി വിശേഷിപ്പിച്ചിരിക്കുന്നത്. മദ്യപാനത്തെ വിശുദ്ധീകരിക്കുന്ന ‘വേദന’(വിവിധങ്ങളായ) എന്ന സർവലൗകികനായ പുരോഹിതനെ ഈ കവിയും കൂട്ടുപിടിച്ചിരിക്കുന്നെങ്കിലും ഏത്  വേദനയിലും കൊടിയ ചിന്തയിലും രാജ്യരക്ഷക്കുള്ള ജാഗ്രതയെ

”തോക്കിൻ മുന അപ്പോഴും പിണങ്ങിപ്പോയ ഭൂപടത്തിന്റെ നെഞ്ചിലായിരിക്കും”

എന്ന വരിയിലൂടെ നമുക്ക്‌ വായിക്കാം.

  “നിങ്ങൾ പുല്ലുകളെപോലെ താഴേക്ക് വളരുക,

ഒരു കാറ്റിനെയും പ്രതിരോധിക്കാതെ,

നിശബ്ദത ഭാഷയാക്കി 

ചവിട്ടാൻ പാകത്തിൽ വളരുക” എന്ന് മരങ്ങളോട് പറയുന്ന ‘പുല്ല്’ എന്ന കവിതയിലെ മരങ്ങൾ എന്ന ബിംബത്തെ മനുഷ്യൻ എന്ന് ചിന്തിച്ചാൽ, അനീതികൾക്കു നേരെ നിശബ്ദനായി, ആർക്കും ചവുട്ടി മെതിക്കാൻ പാകത്തിൽ നിന്നുകൊടുക്കുന്നവനേ ദീർഘകാലം നിലനിൽക്കാനാവൂ അല്ലെങ്കിൽ

“നിന്റെ കൈകാലുകൾ അരിയാനുള്ള മഴു നിന്നെത്തേടിവരും”

എന്ന വാസ്തവത്തെ  ഏറെ വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുന്നു,

ഈ സമാഹാരത്തിലെ’ജനുവരി 30” എന്ന കവിത ചിലരൊക്കെ ചേർന്ന് ചരിത്രത്തെ തിരുത്തിയെഴുതാൻ ശ്രമിക്കുന്നതിനെതിരെയുള്ള കവിയുടെ പ്രതിഷേധമാണ്.

“ഗാന്ധി ഗോഡ്സെയ്ക്ക് നേരെ നിറയൊഴിച്ചു

ജനുവരി 30 ന്റെ കമ്പു വെട്ടി അവർ ഗാന്ധിയെ പൊതിരെ തല്ലി”

തുടങ്ങിയ വരികൾ ചരിത്രത്തെ മറിച്ചു ചൊല്ലുന്നതിനെതിരെയുള്ള പ്രതിഷേധമായി തന്നെ കാണാവുന്നതാണ്.

  “അനുവാദമില്ലാതെ പരോളിൽ പോകേണ്ടുന്ന ജയിൽ” 

എന്ന് ഭാര്യയെ വിശേഷിപ്പിച്ചിരിക്കുന്ന ‘ജയിൽ’ എന്ന കവിത പൂർണമായും സ്ത്രീ വിരുദ്ധം എന്ന് വായനക്കാരന് തോന്നുകതന്നെ ചെയ്യും.

”വിശക്കുമ്പോൾ പുല്ലുതിന്നാൻ ആഗ്രഹിക്കാത്ത,

വികാരങ്ങളുടെ കൊടുംകാട്ടിലെ

സിംഹമാണ് കാമം”

എന്നുപറയുന്ന  ‘നോൺവെജ്’, പരസ്പരം വച്ചു മാറുന്ന മുഖം മൂടിയിലൂടെ സുരക്ഷിതരാകുന്നവരാണ് നുണയും, സത്യവും എന്ന് പറയുന്ന ‘അഡ്ജസ്റ്റ്മെൻറ്റ്’ എന്നിവയും മികച്ച രചനകളാണ്.

കാവിഭീകരതയുടെ ഉന്മൂലനസംസ്‌കാരത്തിന്റെ ഇരയായ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനു സമർപ്പിക്കപ്പെട്ട കവിതകളാണ് ‘ഗൗരി,’തോക്കിനുള്ളിലെ വാക്ക്’എന്നിവ.

“ചിന്തയെയും ശബ്ദത്തെയും

ഹൃദയത്തെയും

മൂന്ന് വടിയുണ്ടകൾ കൊണ്ട്

ഹരിച്ചാൽ കിട്ടുന്ന

പൊളിറ്റിക്കൽ ശിഷ്ടമാണ് ഗൗരി” എന്ന് ‘ഗൗരി’ യിൽ പറയുമ്പോൾ

‘തോക്കിനുള്ളിലെ വാക്ക്’എന്ന കവിതയിൽ 

“നീ പാഞ്ഞു കയറിയത് 

ശബ്ദങ്ങളുടെ വാത്മീകത്തിലേക്കും

ചിന്തകയുടെ കൊടുംകാട്ടിലേക്കുമാണെന്നു”

ജാതിഭീകരതുടെ തോക്കിൻ കുഴലിൽ നിന്നുതിർന്ന വെടിയുണ്ടകളോട് പറയുന്ന കവി,

“മതേതരത്വത്തിന്റെ ലാവ

നിന്നെ വിഴുങ്ങുമെന്ന”

പ്രതീക്ഷ(വിഫല)ബാക്കിവയ്ക്കുന്നു.

ഈ സമാഹാരമുൾക്കൊള്ളുന്ന കവിതകളിൽ ആശയം കൊണ്ടും അവതരണം കൊണ്ടും വേറിട്ട ഒന്നാണ് ‘കാലസംവാദം’.“സ്വച്ഛന്ദ മൃത്യു’ എന്ന് വിശേഷിപ്പിക്കാവുന്ന ഔതയാണ് ഇതിലെ കഥാപാത്രം. കാലൻ വാതിലിൽ മുട്ടുമ്പോൾ “തൊറക്കില്ല” എന്ന് പറയുന്ന ഔത 90ലും യൗവനം ബാക്കിനിൽക്കുന്നവനാണ്.”ക്ഷീണം മാറുമ്പോൾ തിരിച്ചു പൊയ്ക്കോ” എന്ന് കാലനോട് പറയുന്ന ഔതയും ഗ്രാമ്യഭാഷയുടെ ചാരുതയാർന്ന പ്രയോഗങ്ങളും വായനയ്ക്കപ്പുറവും നമ്മെ പിന്തുടരും.

ജനാധിപത്യത്തിൽ കലക്കിയ നഞ്ചാണ് മതം എന്നുപറയുന്ന ‘നഞ്ച്’,വസ്ത്രം എന്ന ബിംബത്തെ ഉപയോഗിച്ച് മനുഷ്യരുടെ ഇടയിലെ വർഗ വർണ സാമ്പത്തിക അസമത്വങ്ങളെ കുറിച്ച് പറയുന്ന ‘ലിംഗവസ്ത്രം’, മാധ്യമങ്ങൾ തമ്മിലുള്ള രാഷ്ട്രീയ ഒത്തുകളികളും പിണക്കങ്ങളും ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന ‘പത്രവിവാഹം’,’മൃഗാതുരത’ തുടങ്ങിയ കവിതകളും വേറിട്ട ആശയങ്ങളുടെ അവതരണമാണ്.

ആമുഖകാരൻ പറയുംപോലെ മുൻപ് രാജ്യസേവകനായിരുന്ന കവിയുടെ മനസ്സിൽ ജ്വലിച്ചു നിൽക്കുന്ന രാജ്യസ്നേഹത്തിന്റെ പ്രതിഫലനമാണ് ‘സ്വാതന്ത്ര്യഗീതം’എന്ന കവിത. ഭാരതമെന്നാൽ രാജ്യസ്നേഹികളായ സൈനികരുടെ പ്രജ്ഞയിൽ നെയ്തെടുത്ത ഭൂപടം എന്നാണ് കവിഭാഷ്യം. വിലങ്ങുകൾക്കും വിലക്കുകൾക്കും ഇടയിലെ ചെറുത്തു നിൽപ്പായി ജീവിതം ചുരുങ്ങുമ്പോൾ നാം ശ്വസിക്കുന്ന ഈ ഓക്സിജന്റെ ഓർമ്മകൾ മറക്കരുതെന്ന് പറയുന്നതിലൂടെ ഭാരതത്തിന്റെ സമര ചരിത്രങ്ങളുടെ ഓർമകളിലേക്ക് വായനക്കാരനെ കൊണ്ടുപോവുകയാണ് കവി.

സമ്പന്നനായ ഒരു വായന സമ്മാനിക്കുന്ന കാലി(വി)സ്ഥാൻ വായനയിൽ ഇനിയും എന്തോ ബാക്കിനിൽക്കുന്നുവെന്ന തോന്നൽ നമുക്കുണ്ടാക്കുന്നു. വായനയ്ക്കപ്പുറവും വാക്കുകൾ പിൻതുടരും പോലെ...കവി പറയുംപോലെ ഇന്നലെയും ഇന്നും നാളെയും നമ്മെ വല്ലാതെ നനയ്ക്കും കവിതയുടെ ഈ പെരുമഴ.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം...