Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണം എന്ന സാധ്യതയുടെ കല

മരണത്തെ പരിഹാരമായും ഉത്തരമായും ഒടുക്കമായും കഥയിൽ നിന്നും ജീവിതത്തിൽ നിന്നും വിടുതൽ നേടാനുളള ഉപായമായും കാണുന്നതാണ് പതിവ്. ദീർഘമായ പാതയുടെ അന്ത്യമാണ്, ഉള്ളിലേക്കെടുത്ത ശ്വാസം പുറത്തേക്ക് വരാതിരിക്കുന്നതാണ്,  ശാരീരിക പ്രവർത്തനങ്ങളുടെ നിലച്ചുപോക്കാണ് മരണം എന്നിങ്ങനെയുള്ള കേവലമായ കാഴ്‌ചകൾക്കപ്പുറത്തേക്ക് മരണത്തെ കൊണ്ടുപോകാൻ കഴിയുമോ? മരണം പുതിയൊരു ദാർശനിക സാധ്യതയായി കണ്ടു ബഹുവിധമായ അർഥോൽപാദനങ്ങൾ നടത്താൻ കഴിയുമോ? ‘ബസ് വരാനായി രവി കാത്തു കിടന്നു’ എന്ന് ഖസാക്കിന്റെ ഇതിഹാസം ഒ.വി.വിജയൻ അവസാനിപ്പിക്കുന്നത് മരണത്തിനപ്പുറത്തുളള ലോകത്തെ തിരിച്ചറിഞ്ഞതിന്റെ ബലത്തിലാണോ? വിഷം തീണ്ടിയിട്ടും രവി കാത്തു നിൽക്കുന്ന ബസ് എങ്ങോട്ടു പോകാനുള്ളതാണ്?

ജോർജ് ലൂയി ബോർഹസിന്റെ കഥയാണ് അലിഫ്. ദീർഘവും സങ്കീർണവുമായ കഥ. അപാരത, നിത്യത എന്നീ സങ്കൽപ്പങ്ങളെ പിന്തുടരുകയാണ് ഇവിടെ ബോർഹസ്. ബോർഹസിന്റെ പല കഥകളിലെയും പോലെ കഥാകൃത്ത് തന്നെയാണ് നായകൻ. കഥയുടെ ആദ്യ ഭാഗത്ത് ബീട്രിസ് വിറ്റർബോ എന്ന കാമുകിയുടെ മരണത്തെ തുടർന്ന് എല്ലാ ജന്മദിനത്തിനും വീട് സന്ദർശിക്കുന്ന നാകനാണുള്ളത്. മരണത്തോടെ അവർ അപരിമിതയായിത്തീർന്നെന്നു കരുതുന്ന നായകൻ പലതരം ഓർമകളിലൂടെ അവരെ നിർമിക്കുകയും അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്‌തു കൊണ്ടിരിക്കുകയാണ്. ഭൂതകാലത്തിൽ ചെയ്‌തിരുന്നതു പോലെ അവളെ കാണാൻ പോകുമ്പോൾ സമ്മാനങ്ങൾ കൊണ്ടുവന്നു ഇപ്പോൾ തന്റെ സാന്നിധ്യത്തെ ന്യായീകരിക്കേണ്ടതില്ലെന്ന് അയാൾ കരുതുന്നു. അതിരുകളില്ലാതെ അവൾ തന്റെതായിത്തീർന്നിരിക്കുന്നു എന്നും അയാൾ വിചാരിക്കുന്നു. മരണത്തോടെ കൈവരുന്ന പുതിയ സാധ്യതയാണ് നായകൻ ഇവിടെ കണ്ടെത്തുന്നത്. ജീവിതത്തെയും കലയെയും കുറിച്ചുള്ള വിചാരങ്ങളെ അപാരതയുമായി ബന്ധപ്പെടുത്തി ഗഹനമായി ആലോചിക്കുകയാണ് അലിഫിന്റെ തുടർ ഭാഗങ്ങൾ.

മുന്നാമത്തെ വിയോഗം എന്ന ഗബ്രിയേൽ ഗാർഷ്യ മാർകേസിന്റെ കഥ ജീവിതത്തെയും മരണത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ചുള്ള പ്രഹേളികകൾ നിരത്തി വയ്ക്കുന്ന കഥയാണ്. മാർകേസിനു മാത്രം എഴുതാൻ കഴിയുന്ന ഒരു കഥയെന്നു അതിനെ വിശേഷിപ്പിക്കാം. കഥയിലെ നായകൻ ഏഴാം വയസ്സിലേ മരണത്തോടടുത്ത അനുഭവത്തിലെത്തിയിരിക്കുന്നു. പക്ഷേ, ഡോക്ടർമാർ അയാളെ പിടിച്ചു നിർത്താനും ആന്തരിക പ്രവർത്തനങ്ങൾ നടക്കാനുമുള്ള പണികൾ ഞങ്ങൾ ചെയ്‌തു തരാമെന്നു പറയുന്നു. അയാളുടെ പ്രജ്‌ഞയോ ഓർമയോ നശിച്ചു പോയിട്ടില്ല. മരിച്ചു പോയെങ്കിലും ഇനിയും വളരാൻ സാധ്യതയുള്ളതിനാൽ മുതിർന്നവർക്കു പാകമായ ശവപ്പെട്ടിയിൽ കിടത്തണമെന്ന് അമ്മയോട് ഡോക്ടർ നിർദേശിക്കുന്നു. സ്‌കെയിലെടുത്ത് അവർ ദിവസവും അവന്റെ കൈകാലുകളുടെയും ശരീരത്തിന്റെയും വളർച്ച പരിശോധിക്കുന്നു. ഇരുപത്തിയഞ്ചാം വയസ്സിൽ പെട്ടെന്ന് അവന്റെ വളർച്ച നിലക്കുന്നു. അതോടൊപ്പം ശരീരത്തിൽ നിന്നു മാംസം അളിഞ്ഞതിന്റെ ഗന്ധം പുറപ്പെടുകയും ചെയ്യുന്നു. അതു അഴിഞ്ഞു പോകലിന്റെയും നശിക്കലിന്റെയും മറ്റൊരു ഘട്ടമാണ്. പെട്ടെന്ന് അയാളുടെ ശരീരത്തിലേക്ക് പേടി അരിച്ചു കയറുന്നു. അമ്മയും ബന്ധുക്കളും തന്നെ സംസ്‌കരിക്കാൻ പോവുകയാണെന്ന പേടി. തനിക്കു പ്രതിരോധിക്കാൻ കഴിയുകയില്ലല്ലോ എന്ന പേടി. മണ്ണിലേക്ക് ശരീരം എടുത്തു വയ്ക്കുമ്പോൾ അവൻ വിയർപ്പിൽ നീന്തിത്തുടിക്കുകയായിരുന്നു, അമ്മയുടെ ഗർഭപാത്രത്തിൽ നീന്തിത്തുടിച്ചിരുന്നത് പോലെ എന്നാണ് കഥാകൃത്ത് എഴുതുന്നത്. ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചിരിക്കുന്നതിന്റെയും ഭൂമുഖത്ത് നിന്ന് സംസ്‌കരിക്കാനെടുക്കുമ്പോൾ മാത്രം വെപ്രാളത്തോടെ ഓർക്കുന്ന ജീവിതത്തെക്കുറിച്ചും മറ്റുമാകാം മാർകേസിന്റെ കഥ. അത് ആത്മാവിനെക്കുറിച്ചുള്ള കഥയാണോ എന്നും ചിന്തിക്കാവുന്നതാണ്. അത് ജീവിതത്തെയും മരണത്തെയും പ്രശ്‌നവൽക്കരിക്കുന്നു. ഇക്കഥയിലെ നായകന്റെ ഏഴ് വയസ്സു വരെയുള്ള ജീവിതം, തുടർന്ന് ഇരുപത്തിയഞ്ചു വരെ നീളുന്ന അവസ്ഥ, അവസാനം കുഴിമാടത്തിലെ ജീവിതം എന്നിങ്ങനെ മൂന്നു മരണങ്ങളെക്കുറിച്ച് മാർകേസ് പറയുന്നു. കൃത്യമായ രൂപമില്ലാത്ത, കൈക്കുടന്നയിലെ പൊടിക്കൂമ്പാരം, ജ്യാമിതീയ നിർവചനത്തിലൊതുങ്ങാത്ത എന്നെല്ലാമുള്ള വിശേഷണങ്ങൾ അവന്റെ ആത്മാവിനെക്കുറിച്ചല്ലേ?

മരണം എക്കാലത്തും എഴുത്തുകാരനെ വിഭ്രമിപ്പിച്ചിട്ടുണ്ട്. ഉത്തരങ്ങളിൽ തളയ്ക്കാൻ കഴിയാത്തതിനാൽ ആഖ്യാനം ചെയ്‌തു സമാധാനപ്പെടുകയാണ് പലരും ചെയ്‌തത്. ഒരു ജീവിതത്തെ മരണത്തിലെത്തിച്ചാൽ മൂരിനിവർന്നെഴുന്നേറ്റ് പോകാമെന്നു പലരും കരുതുന്നു. അതോടെ ആഖ്യാനത്തിൽ നിന്നു രക്ഷപ്പെടാമല്ലോ. മരണത്തിനപ്പുറത്തെ നിത്യതയെയും അനന്തതയെയും ശരീരത്തിനപ്പുറത്തുള്ള മനുഷ്യനെയും വ്യക്തിയെയും പറ്റി ആലോചിക്കുമ്പോഴാണ് ബോർഹസിനെപ്പോലുള്ള എഴുത്തുകാരുണ്ടാകുന്നത്. മൂന്നാമത്തെ വിയോഗം പോലുള്ള കഥകളുണ്ടാകുന്നത്.

ശംസുദ്ദീൻ മുബാറക് രചിച്ച, ഡി.സി ബുക്സ് പുറത്തിറക്കിയ ‘മരണപര്യന്തം–റൂഹിന്റെ നാൾമൊഴികൾ’ എന്ന നോവൽ നിലനിൽക്കുന്നത് വേറിട്ട അന്തരീക്ഷത്തിലും സ്ഥലത്തിലും കാലത്തിലുമാണ്. ആ സ്ഥലകാലങ്ങൾ പൊതുവെ നമ്മുടെ കഥാലോകത്തിന്റെ പരിചിതകവചത്തിനു പുറത്താണ്.

കഥയാരംഭിക്കുന്നത് ഒരു മരണം മുതലാണ്. തയ്യിലപ്പറമ്പിൽ അബൂബക്കറിന്റെ മകൻ ബഷീറിന്റെ മരണം. മരിക്കുന്നതോടെ റൂഹ് അഥവാ ആത്മാവ് മാത്രമായിത്തീരുന്ന അയാൾ എഴുതുന്ന ഡയറിക്കുറിപ്പുകളുടെ രൂപത്തിലാണ് ആഖ്യാനം മുന്നോട്ട് പോകുന്നത്. അയാൾക്ക് ചില ശക്തികൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും സ്ഥലകാലങ്ങളെ അതിജയിക്കുന്ന ചില സിദ്ധികൾ കൈവരികയും ഓർമകളുപയോഗിച്ച് കാലത്തിൽ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാൻ സാധിക്കുകയും ചെയ്യുന്നു. മാർകേസിന്റെ കഥയിൽ മൂന്ന് ജീവിത (മൂന്ന് മരങ്ങൾ എന്നുമാവാം) ത്തെക്കുറിച്ചു പറയും പോലെ ഇവിടെ റൂഹ് അഞ്ച് ജന്മങ്ങളെക്കറുച്ച് പറയുന്നു. പിൽക്കാലത്തേക്ക് സഞ്ചരിച്ച് ദൈവത്തിന്റെ സന്നിധിയിൽ റൂഹുകൾ മുഴുവൻ സമ്മേളിച്ച കാലം ഒന്നാമത്തെത്. ഉമ്മയുടെ ഗർഭത്തിലെത് രണ്ടാമത്തെയും ഭൂമിയിലെത് മൂന്നാമത്തെയും പിറ. നാലമത്തെത് ഖബറിടത്തിൽ. അഞ്ചാമത്തെത് പരലോകത്തും. ഈ അഞ്ചു കാലങ്ങളെ ആഖ്യാനത്തിൽ സഞ്ചയിക്കാൻ കഴിയുന്നതാണ് ഈ നോവലിന്റെ വ്യതിരിക്തത. നമ്മുടെ ഫിക്ഷനു സ്ഥലകാലങ്ങളുടെ പുതിയൊരു തുറവിയും സാധ്യതയും നൽകുകയാണ് ഈ പരിചരണത്തിലൂടെ നോവലിസ്‌റ്റ്. മരണം ഒരു സാധ്യതയാണെന്ന കണ്ടെത്തലാണ് നോവലിന്റെ കാതൽ. അതിലൂടെ ഖബർ ജീവിതത്തിലേക്കും പരലോകത്തേക്കും സ്വർഗനരകങ്ങളിലേക്കും വിടരുന്ന കഥാപ്രപഞ്ചം നമ്മുടെ ഫിക്ഷനു പുതിയ ഭാവനാഭൂപടവും സ്ഥലരാശിയും കാണിച്ചു തരുന്നു. മലയാറ്റൂർ രാമകൃഷ്‌ണന്റെ യക്ഷി, വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം മുതലായ രചനകളിൽ പ്രത്യക്ഷപ്പെടുന്ന, എന്നിങ്ങനെ വിശേഷിപ്പിക്കാവുന്ന തലങ്ങളെ വിസ്‌തൃതപ്പെടുത്തുകയോ പുതുക്കിപ്പണികയോ ചെയ്യുകയാണ് മരണപര്യന്തം.

ഇസ്ലാം മതത്തിലെ ദർശനങ്ങളും ആശയാവലികളും മുസ്ലിം സാമൂഹിക ജീവിതവും മലയാളസാഹിത്യത്തിന്റെ മുഖ്യധാരയിൽ വലിയ തോതിൽ തിരസ്‌കൃതമാണെന്നു കാണാം. ഇസ്ലാമോഫോബിയ പോലുള്ള വിചാരമാതൃകകളുടെ കാലത്ത് അവ വിശകലനം ചെയ്യപ്പെടുന്നുമുണ്ട്. ബ്രാഹ്മണിക മൂല്യമണ്ഡലവും പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും പുനരുൽപാദനവുമാണ് കുറെ കാലം നമ്മുടെ സാഹിത്യത്തിൽ നിലനിന്നിരുന്നതും തുടരുന്നതും. ലിബറൽ–മതേതര ചിന്താഗതിക്കാർ മുൻകൈ എടുത്ത് വരത്തന്മാർക്കു നേരെ നടത്തിയ അയിത്താചരണത്തിന്റെ ഭാഗമായിരുന്നു അത്. എം.ടി. അൻസാരി ആശാന്റെ ദുരവസ്ഥയെും എൻ.എസ്.മാധവന്റെ ഹിഗ്വിറ്റയെയും കുറിച്ചു നടത്തിയ പഠനങ്ങളിൽ ഇത് വിശകലനം ചെയ്‌തിട്ടുണ്ട്. അതേ സമയം ബൈബിളും ക്രിസ്‌തു–ക്രൈസ്‌തവ ജീവിതവും നമ്മുടെ ഫിക്ഷനിലെങ്കിലും വലിയ തോതിൽ കടന്നു വന്നിട്ടുണ്ട്. അതിനു പാതിരി മലയാളത്തിന്റെയും കൊളോണിയലിസത്തിന്റെയും ഒരു പശ്ചാത്തലവുമുണ്ട്. പൊൻകുന്നം വർക്കി, പോഞ്ഞിക്കര റാഫി, സക്കറിയ, സാറാ ജോസഫ് തുടങ്ങിയ എഴുത്തുകാർ ക്രൈസ്‌തവ ജീവിതത്തെ മലയാളത്തിന്റെ ആലോചനകളിലെത്തിച്ചവരാണ്.

ഖുർആന്റെ ദർശനപരതയെ മലയാളഭാവനയിലേക്കും വായനയിലേക്കും കൊണ്ടുവരുന്നു എന്ന പ്രസക്തി കൂടിയുണ്ട് ശംസുദ്ദീൻ മുബാറകിന്റെ മരണപര്യന്തത്തിന്. ജീവിതം, മരണം, പരലോകം, റൂഹ്, സ്വർഗനരകങ്ങൾ, പാപപുണ്യങ്ങൾ, ലോകചരിത്രം എന്നിവയെക്കുറിച്ചെല്ലാമുള്ള ഇസ്ലാമിക ദർശനങ്ങളാണ് ഈ നോവലിലുടനീളം പറയുന്നത്. അതിനെക്കുറിച്ചെല്ലാമുള്ള വിപുലമായ പഠനങ്ങളും വിവരശേഖരണവും നടത്തിയിട്ടുണ്ടെന്നു നോവലിസ്‌റ്റ് ആമുഖത്തിൽ പറയുന്നുമുണ്ട്. ഇസ്ലാം എങ്ങനെ കലാപരമായ ആവിഷ്‌കാരം നേടുന്നു എന്നതിനുള്ള മുന്തിയ മാതൃകയായി അത് അത് മാറുന്നു. ക്രിറ്റിക്കൽ ഔട്ട്‌സൈഡർമാർ സൃഷ്ടിക്കുന്ന പുകമറകളുടെയും ഇസ്ലാംഭീതിയുടെയും കാലത്ത് ഈ നോവൽ  അങ്ങനെയാണ്. അപകർഷതയിലേക്കും പ്രതിലോമപരതിയിലേക്കും പിൻവലിയുന്നതിനു പകരം മുഖ്യധാരയിൽ സ്വത്വം രൂപീകരിക്കുന്നതിലും നിർണയിക്കുന്നതിലും ഇത്തരം രചനകൾ വലിയ ഗുണം ചെയ്യും. മരണത്തെ ആഘോഷവും ആയുധവുമാക്കുന്ന ഐ.എസ് കാലത്ത് മരണത്തെ കലാപരമായ പരിചരണത്തിന് എങ്ങനെ ഉപയുക്തമാക്കാം എന്നു അന്വേഷിക്കുന്നിടത്താണ് ശംസുദ്ദീന്റെ മരണപര്യന്തത്തിന്റെ മൗലികത.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം