Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുക്കളകൾ ആക്രമിക്കപ്പെടുമ്പോൾ

സന്തുഷ്ട കുടുംബങ്ങളുടെ സന്തോഷത്തിനു സമാനതയുണ്ടെങ്കിലും ദുഃഖത്തിലും വേദനയിലും വ്യത്യാസപ്പെട്ടിരിക്കുന്ന കുടുംബങ്ങളെക്കുറിച്ചു പറഞ്ഞതു ടോൾസ്റ്റോയ്. വർഷങ്ങളുടെ പഴക്കമുള്ള ആപ്തവാക്യത്തിന്റെ വില ഇടിഞ്ഞിട്ടില്ലെങ്കിലും ഒരേ വേദനയുടെ ചങ്ങലയിൽ കുരുക്കപ്പെട്ട കുടുംബങ്ങളുണ്ട്. ഒരേ അസംതൃപ്തിയുടെ ഇരകൾ. മോഹഭംഗത്തിലും മൂകദുഃഖത്തിലും തളച്ചിടപ്പെട്ടവർ. പുതുകാലത്തിന്റെ സമസ്യകൾ പേറുന്ന ഈ പുതിയ വർഗം മനുഷ്യരെ എഴുത്തിന് അഭിമുഖം നിർത്തുക എന്നതൊരു വെല്ലുവിളിയാണ്; സമകാലിക എഴുത്തുകാർക്ക്. കുതിച്ചുപായുന്ന കാലത്തിന്റെ മാറുന്ന സമവാക്യങ്ങളെയും വലക്കണ്ണികളിൽ കുരുങ്ങിയവരുടെ സങ്കീർണജീവിതത്തെയും വിശ്വാസ്യത ചോർ‌ന്നുപോകാതെ ആവിഷ്ക്കരിക്കുക. പരിചിതരെയും പരിസരത്തുള്ളവരെയും കഥാപാത്രങ്ങളാക്കുന്ന സുരക്ഷിത മാർഗം വെടിഞ്ഞ് സ്വയം വെളിപ്പെടുത്തുന്ന ആത്മബലി. വേദനാകരമെങ്കിലും കാലം മുന്നോട്ടുവയ്ക്കുന്ന ഈ വെല്ലുവിളിയെ ഏറ്റെടുക്കാനും ഇഴകീറിക്കാണിക്കാനുമുള്ള പരിശ്രമങ്ങളാണ് പുതിയ കാലത്തെ കഥകൾ. തന്റേതായ രീതിയിൽ രവിവർമ്മത്തമ്പുരാൻ കാലത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതിന്റെ സദ്ഫലങ്ങളാണ് അദ്ദേഹത്തിന്റെ കഥകൾ. പുതുകാല വായനയിൽ ആത്മാർഥതയാലും ഉദ്ദേശ്യശുദ്ധിയാലും വേറിട്ടുനിൽക്കുന്ന സൃഷ്ടികൾ. സാഹചര്യങ്ങളുടെ നിഗൂഡതയും ആന്തരീകജീവിതത്തിന്റെ ദുരൂഹതയും നിലനിർത്തി തമ്പുരാൻ രചിച്ച കഥകളുടെ സമാഹാരം ചേർന്നുനിൽക്കുന്നു; പുതുകാലത്തോട്. സാമൂഹിക ശാസ്ത്രജ്‍ഞന്റെ സൂക്ഷ്മതയും വിശകലനപാടവും നിലനിർത്തുന്ന എഴുത്തുകാരന്റെ മുദ്ര പേറുന്ന കഥകൾ. 

ഒരു വീട്ടിൽ ഒരുമിച്ചു സ്നേഹത്തോടെ ജീവിക്കുന്ന ഭാര്യാഭർത്താക്കൻമാർ വ്യത്യസ്ത ധ്രുവങ്ങളിലേക്ക് അതിവേഗം സഞ്ചരിക്കുന്നതിന്റെ ദാരുണചിത്രമാണ് സന്തുഷ്ടകുടുംബം എന്ന കഥ. ഉറക്കം കൊതിക്കുന്ന ഭാര്യയുടെ നിഷ്കളങ്കതയോടു ചേർന്നുനിൽക്കുന്നുണ്ട് രാത്രിയിലും ഉറക്കം വെടിഞ്ഞു ജോലി ചെയ്യാനുള്ള ഭർത്താവിന്റെ വ്യഗ്രത. നാലു ചുവരുകൾക്കുള്ളിൽ വലിയ ദൂരത്തിന്റെ അകലം അകലമില്ലാതിരുന്നിട്ടും അവരെങ്ങനെ അകന്നുപോയി എന്ന ചോദ്യം പുതിയ കാലത്തെ ഓരോ കുടുംബവും നേരിടുന്നുണ്ട്. ഉത്തരം കണ്ടെത്തി ജീവിതത്തിന്റെ സന്തോഷവും സമാധാനവും കണ്ടെത്തുന്നതിനുപകരം കൂടുതൽ ചോദ്യങ്ങൾ ഉയർത്താനുള്ള ശ്രമങ്ങളിലാണു കുടുംബങ്ങൾ. സന്തോഷത്തിന്റെയും സന്തുഷ്ടിയുടെയും ചിത്രം വേദനയുടെയും കലഹത്തിന്റെ മറക്കാനാഗ്രഹിക്കുന്ന മുഖമാകുന്നതു 4 ജി വേഗത്തിൽ. സന്തുഷ്ടകുടുംബം എന്ന കഥ പുതുകാലത്തെ കുടുംബങ്ങൾക്കു നേരെ പിടിച്ച കണ്ണാടിയാകുന്നു. വിമർശനവും വിശകലനവും ഇടകലരുന്ന സൃഷ്ടി. 

സ്ത്രീ-പുരുഷ വിവേചനത്തിന്റെ അതിർത്തികൾ വേഗം മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന ഒരു കാലത്തിരുന്ന് എഴുതിയ കഥയാണ് വ്യത്യസ്തമായ പേരു വഹിക്കുന്ന ‘അവൾ അതിവേഗം ചാടിയിറങ്ങി അടുക്കളവാതിൽ പുറത്തുനിന്നു പൂട്ടി’ എന്നത്. കുറ്റാന്വേഷണത്തിൽ പൊലീസിനെ സഹായിക്കാൻ രേഖാചിത്രങ്ങൾ വരയ്ക്കുന്ന സുനന്ദയാണ് പ്രധാനകഥാപാത്രം. ദൃക്സാക്ഷികളില്ലാത്ത പൈശാചികമായ ഒരു കേസിലെ പ്രതിയുടെ രേഖാചിത്ര രചനയിൽ ഏർപ്പെട്ടിരിക്കുകയാണവർ. ഭർത്താവ് വിദേശത്ത്. ഏകമകനൊപ്പം താമസം. ഒറ്റയ്ക്കൊരു കുടുംബം നോക്കുന്ന യുവതിയുടെ ഉത്തരവാദിത്തം വലുതാണ്. അരക്ഷിതത്വവും വേവലാതികളും കൂട്ടിനുണ്ടാകും. സുനന്ദ പക്ഷേ, ക്രമസമാധാന പാലനത്തിനു ചുമതലപ്പെട്ട ഒരു സിസ്റ്റത്തിന്റെ ഭാഗമാണ്. കുറ്റകൃത്യങ്ങൾ എങ്ങനെ സംഭവിക്കുന്നുവെന്നും, കുറ്റവാളികൾ എങ്ങനെ ജനിക്കുന്നുവെന്നും അവരുടെ പ്രവർത്തനരീതികളുടെ സ്വഭാവവുമെല്ലാം ജോലിയുടെ ഭാഗമായി വിശകലനം ചെയ്യുന്ന ധീര. വേഗം പതറുന്ന ഒരു മനസ്സിന്റെ ഉടമയുമല്ല സുനന്ദ. പക്ഷേ, കരിയറിൽ ഇതുവരെ അനുഭവിക്കാത്ത ധർമസങ്കടത്തിലൂടെ കടന്നുപോകുകയാണ് അവർ. 

കണ്ണുകൊണ്ട് അളന്നെടുക്കാൻ കഴിയാത്തത്ര വിശാലമായി പരന്നുകിടക്കുന്ന പാടശേഖരത്തിന്റെ നടുവിലൂടെ തീർത്തും ഏകാന്തമായി കടന്നുപോകുന്ന വഴിയുടെ അരികിലെ കുറ്റിക്കാട്ടിലാണ് പത്തുവയസ്സുള്ള പെൺകുഞ്ഞിന്റെ ശരീരം കണ്ടത്. അതു പൂർണമായും നഗ്നമായിരുന്നു. തടിക്കാൻ തുടങ്ങുകയായിരുന്ന രണ്ടു മാറിടങ്ങളിൽനിന്നും അവയുടെ കണ്ണുകൾ കടിച്ചുപറിച്ചിരുന്നു. ചുണ്ട്, ചെവിക്കുട എന്നിവയും കടിയേറ്റു വികൃമായിട്ടുണ്ടായിരുന്നു. ജനനേന്ദ്രിയം പരിഛേദം തകർന്നിരുന്നു. ശിരസ്സിൽ അടിയേറ്റിട്ടുണ്ടായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 48 മുറിവുകൾ. 

പ്രതിയുടെ ചിത്രം വരയ്ക്കാൻ തുടങ്ങിയ നിമിഷത്തിൽ നഷ്ടപ്പെടുന്നു സുനന്ദയുടെ സമാധാനം. അവർ ഒരു പെൺകുഞ്ഞിന്റെ അമ്മയല്ലെങ്കിലും ശിശുരോദനങ്ങൾ കേൾക്കാതിരിക്കാൻ ചെവി കൊട്ടിയടച്ചിട്ടില്ല. പത്തുവയസ്സു പ്രായം അവരും പിന്നിട്ടതാണ്. രേഖാചിത്രം ഒരുവിധം പൂർത്തിയാക്കുന്നെങ്കിലും സുനന്ദയെ പിന്തുടരുന്ന അജ്ഞാതന്റെ നിഴലിലൂടെയാണ് കഥ വികസിക്കുന്നത്. സുനന്ദയുടെ മാത്രം പ്രശ്നമല്ല ഇത്. ‍ഞെട്ടിപ്പിക്കുന്ന വാർത്തകൾ ഓരോ ദിവസവും കേൾക്കുന്ന, മുറിവുകളിലൂടെ കടന്നുപോകുന്ന, ചോരയൊലിക്കുന്ന ഹൃദയത്തിന്റെ ഉടമകളായ എല്ലാ സ്ത്രീകളുടേതുമാണ്. ലിംഗവിവേചനത്തിനുപരി മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത പുരുഷൻമാരുടേതുമാണ്. ഈ നാടിന്റെ മനസാക്ഷിയാണ് സുനന്ദയുടെ ഉള്ളിലിരുന്നു വീർപ്പുമുട്ടുന്നതും മോചനത്തിനുവേണ്ടി പരതി നിരാശയോടെ പിൻവാങ്ങുന്നതും. പീഡനവും ശിശുദുരന്തങ്ങളും അനേകം കഥകൾക്കു പശ്ചാത്തലമായിട്ടുണ്ടെങ്കിലും ക്രമസമാധാന പാലനത്തിന്റെ ഒരു ഭാഗം തന്നെയായ രേഖാചിത്രകാരിയുടെ മനസ്സിലൂടെ 48 മുറിവുകളും ഇരയുടെ വേദനയും അനുഭവിപ്പിക്കുന്നത് ആദ്യമായിരിക്കും. ആദ്യം കാറിൽ. വീട്ടിലെ മുറികളിൽ. പിന്നെ എവിടെപ്പോകുമ്പോഴും സുനന്ദയെ പിന്തുടരുന്നുണ്ട് കണ്ണുകൾ. ശ്വാസം. പേടിപ്പിക്കുന്ന സാന്നിധ്യം. ചൂടേറിയ ശ്വാസഗതി. മുഴുവൻ കുഞ്ഞുങ്ങളെയും തിന്നൊടുക്കാൻ വിശപ്പുള്ള ആസക്തിയുടെ അഗ്നി ഒളിപ്പിച്ച ശരീരം. അയാൾ അജ്ഞാതനല്ല. എവിടെയുമുണ്ട്. എപ്പോഴുമുണ്ട്. രക്ഷപ്പെടാനാവാത്ത വിധം കുടുങ്ങിപ്പോയ ആക്രമണകാരിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന സുനന്ദ സമാഹാരത്തിലെ ഓരോ കഥകളിലുമുണ്ട്. എന്നും പേടിയുടെ നീർക്കയത്തിൽ മുങ്ങിത്തുടിക്കുന്നവർ. അവർ വീടിന്റെ മുൻവാതിൽ മാത്രമല്ല അടച്ചു തഴുതിടുക. ഓരോ ജനാലയും അടച്ചിട്ടുണ്ടോയെന്നു പലവട്ടം പരിശോധിക്കും. ഓരോ കതകും ഉറപ്പിച്ചിരിക്കുന്ന ആണികളുടെ ബലം പരിശോധിക്കും. അടുക്കളവാതിൽ പോലും അവർ പുറത്തുനിന്നു പൂട്ടും. കാറ്റും വെളിച്ചവും കടക്കാതെ അടച്ചിട്ട ആ വീടുകളിൽ വിലപ്പെട്ട ഹൃദയം സൂക്ഷിച്ചുവച്ചതിനുശേഷം മാത്രം പുറത്തിറങ്ങും– ലോകത്തിന്റെ തുറസ്സുകളിലേക്ക്. 

സാമൂഹിക ജീവിതത്തിന്റെ സങ്കീർണതകളിലേക്ക് ആഴ്ന്നിറങ്ങാൻ ശ്രമിക്കുന്നുണ്ട് രവിവർമ്മത്തമ്പുരാന്റെ വാക്കുകൾ. അസ്വസ്ഥമാക്കുന്ന വാർത്തകളുടെ പിന്നിലെ കഥകൾ തേടുന്നുണ്ട്. വാർത്തകളുടെ പിന്നാമ്പുറത്തേക്കു കടന്ന് സത്യത്തിന്റെ പ്രകാശം പ്രസരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. നിലവിളിയും നാണക്കേടും നിത്യസ്വഭാവമായ സമൂഹത്തിന്റെ പുഴുക്കുത്തുകളിൽനിന്നു സ്വപ്നം മെനയുകയാണ് കഥാകാരൻ. സഹകരണം എന്ന കഥയിലെ എഴുപത്തെട്ടുകാരി ഭാഗ്യലക്ഷ്മിയെപ്പോലെ ഒരു വാക്കിലോ വാചകത്തിലോ വിശദീകരിക്കാനാകാത്ത ധർമസങ്കടങ്ങൾ.

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review