Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഗ്നി ചിതറുന്ന എഴുത്തുകളുമായി പുള്ളിക്കണക്കൻ 

കായംകുളത്തിനടുത്തുള്ള പുള്ളിക്കണക്ക് എന്ന സ്ഥലം ഒരുപക്ഷേ ഇനി അറിയപ്പെടാൻ പോകുന്നത് റോയ് കെ ഗോപാൽ എന്ന കവിയുടെ പുസ്തകത്തിന്റെ പേരിലായിരിക്കും. "പുള്ളിക്കണക്കന്റെ കവിതകൾ", എന്ന കവിത സമാഹാരം അത്രത്തോളം തീക്ഷ്ണമായ ഒരു കവി മനസ്സിനെ പേറുന്നുണ്ട്. 

റോയ് കെ ഗോപാൽ എന്ന കവി സുഹൃത്തിനെ ആദ്യമായി കാണുന്നത് ഒരു സാഹിത്യ പരിപാടിയിലാണ്. അന്നവിടെ വളരെ ധാർഷ്ട്യത്തോടെ കവിതയെ കുറിച്ചും എഴുത്തുകാരുടെ പൊള്ളത്തരങ്ങളെക്കുറിച്ചും കവിതകളിലെ ശരികേടുകളെ കുറിച്ചും പറഞ്ഞു കഴിഞ്ഞപ്പോൾ, ഇതെന്തൊരു ധിക്കാരിയെന്നു തോന്നി. പക്ഷേ, റോയിയുടെ കവിതകളിൽ ആ തോന്നലിന്റെ മറുപടികളുണ്ട്. എല്ലാത്തിനോടും എല്ലാക്കാലത്തും കലഹിക്കുന്ന ഒരാൾക്ക് നീതിക്കുവേണ്ടിയും ന്യായത്തിനു വേണ്ടിയും ഉറക്കെ സംസാരിക്കാനുമാകും. ആ കവിതകൾ തന്നെയാണ് അതിന്റെ സാക്ഷി. ഒരു വർഷം മുൻപാണ് ഒരു സ്ട്രോക്ക് വന്നു ഗൾഫിലായിരുന്ന റോയ് തളർന്നു വീണത്. കവിതകൾ ഉറക്കെ ചൊല്ലി നടന്നിരുന്ന, ചങ്കൂറ്റത്തോടെ ശരികളെ ഉറക്കെ പറയാൻ മടിയില്ലാത്ത റോയ് അതോടെ നിശബ്ദനായി. സുഹൃത്തുക്കൾ അദ്ദേഹത്തോട് വീണ്ടും ചേർന്നിരുന്നു. നാട്ടിലെത്തി ചികിത്സ തുടങ്ങാനും ഒപ്പം ഇരിക്കാനും പുള്ളിക്കണക്കന്റെ കവിതകൾ എന്ന പേരിൽ റോയിയുടെ കവിതകൾ സമാഹരിച്ചു പുസ്തകമാക്കാനും എല്ലാത്തിനും മുന്നിൽ നിന്നത് റോയിയുടെ സത്യസന്ധതയും നന്മയും അറിയുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. ആ ചടങ്ങളിൽ മെലിഞ്ഞു വെളുത്തു, ക്ഷീണിതനായി വേദിയിലിരുന്ന റോയിയുടെ മുഖത്തു പക്ഷേ ആ പഴയ ചങ്കൂറ്റം ഇടയ്ക്കിടെ തെളിഞ്ഞു കണ്ടു. 

പുള്ളിക്കണക്ക് എന്ന ഗ്രാമത്തിന്റെ ഓരോ വഴിയിലും ഒരു വെയിൽ വിളറി നിന്നിരുന്നു, പക്ഷേ റോയിയുടെ കവിതകൾ സുഹൃത്തുക്കൾ ഉറക്കെ ചൊല്ലുമ്പോൾ മങ്ങിയ വെയിലിനെ മായ്ച്ചു കളഞ്ഞു മഴ പെയ്യാൻ തുടങ്ങി. 

"ഹൃദയത്തിന്റെ 

അടഞ്ഞകൂട്ടിൽ നിന്നല്ല 

കിളിയെ; നീ,

സംസാരിക്കേണ്ടത്...

അനന്ത വിഹായസ്സിന്റെ

വാതിൽ തുറന്നു

പറന്നകന്നു കൊണ്ടാണ്..."

സ്വാതന്ത്ര്യത്തെ പറ്റി ഇത്രമാത്രം വ്യക്തതയുള്ള ഒരു കവിക്കു മാത്രമേ എന്തിനെ കുറിച്ചും ആർജ്ജവത്തോടെ സംസാരിക്കാൻ ആകു. എല്ലാത്തിൽ നിന്നും വിടുതൽ നേടി കവിതകളിലേയ്ക്ക് മാത്രം തിരിച്ചു വച്ച ഹൃദയമായിരിക്കുന്നതു കൊണ്ടാണ് അതിലെ പൊള്ളത്തരങ്ങളും ശരികേടുകളും കാണുമ്പോൾ പുള്ളിക്കണക്കന് മിണ്ടാതെ ഇരിക്കാൻ കഴിയാത്തതും!

"മരിക്കാത്തവർ" എന്ന ആദ്യ കവിത റോയിയുടെ രാഷ്ട്രീയമാണ്

"പച്ചമാംസത്തോട് 

വല്ലാത്ത കൊതിയാണ്,

വെട്ടിയിലാക്കുമ്പോൾ

കുതിയ്ക്കുന്ന 

ചോരചൂരിനോടും!

അതുകൊണ്ടാണ് 

കൊടിപിടിച്ചവന്റെ

നെഞ്ചിലെ കിതപ്പ് വാറ്റിയെടുത്ത് 

സമൂഹത്തിനോടും അവന്റെ 

കുടുംബത്തോടും ഐക്യദാർഢ്യം

പ്രഖ്യാപിക്കുന്നത്!"

രാഷ്ട്രീയ കുരുതികളിൽ മരിക്കുന്നവർ ഒരിക്കലും ആരാലും ഓർക്കപ്പെടാൻ വേണ്ടി മരിച്ചവർ ആയിരുന്നില്ലല്ലോ എന്ന് പുള്ളിക്കണക്കൻ വിലപിക്കുന്നു. വെറുപ്പിന്റെയും ഹിംസയുടെയും രാഷ്ട്രീയത്തെ എഴുത്തുകാരൻ വെറുക്കുന്നു എന്നതിനും അദ്ദേഹത്തിന്റെ രാഷ്ട്രീയം മാനുഷികതയുടേത് ആണെന്നതിനും പ്രത്യേകം തെളിവ് ഇനി ആവശ്യമില്ല. അല്ലെങ്കിലും മാനുഷികതയ്ക്കു വേണ്ടി നിൽക്കുന്നവനേ നിലപാടുകളുള്ള കവിയാകാൻ കഴിയൂ.

അടുക്കി വച്ച മനോഹരമായ കാവ്യ ഭംഗിയുള്ള കവിതകളും ഗദ്യ കവിതകളും റോയ് കെ ഗോപാലിന്‌ വഴങ്ങുന്നുണ്ട്. എല്ലാത്തിലുമുള്ളത് നമ്മൾ കാണുന്ന ലോകത്തിലെ പലതിനോടും കലഹിക്കുന്ന കവിയെ ആണ്. 

"പ്രിയ റോയ്, അങ്ങയുടെ കവിതകൾ ഓരോ വസന്തത്തിലും പുനർജ്ജനിക്കുന്ന ശലഭങ്ങളാണ്. അവയ്ക്ക് മരണമില്ല.. അവയോടൊപ്പം സഞ്ചരിക്കുന്ന അനുവാചകൻ ഭാഗ്യവാനാണ്, അവർ എന്നും ആരാധനയോടെ അങ്ങനെയേ സ്നേഹിക്കും...." എന്ന് പുസ്തകത്തിന്റെ അവതാരികയിൽ വയലാർ മാധവൻകുട്ടി എഴുതുന്നത് എത്ര കൃത്യമാണ്!

എന്ത് വൈകാരികതയാണെങ്കിലും അത് അത്രമേൽ തീക്ഷ്ണമാണ് റോയിക്ക്. അതിൽ എല്ലാമുണ്ട്, സങ്കടവും വിരഹവും പ്രണയവും ആന്തലുകളും ഒറ്റപ്പെടലും എല്ലാം. 

"ഒരു അയൽനോട്ടം പോലും

മറന്നുവെച്ചിടത്താണ് 

കാത്തിരിപ്പിന്റെ

ജനൽച്ചില്ലകളിൽ

ഇരുട്ട്, കൊളുത്തിട്ടത്...

....................................

എന്നിട്ടും 

ഒരിക്കലും തുറക്കാനാവാത്ത 

ആ ജനൽ ചില്ലകളിൽ 

കാത്തിരുന്നു മുഷിയുന്നുണ്ട്

പൊടിഞ്ഞ

ചിലന്തിനാരുകൾക്കിടയിലൂടെ

സ്വാതന്ത്ര്യം മോഹിക്കുന്ന

രണ്ടിരുൾക്കൊളുത്തുകൾ...!"

ഇരുളിലേക്ക് നോക്കി നെടുവീർപ്പെടുന്ന ഏകാന്തപഥികരായ മനുഷ്യന്റെ ഉൾസങ്കടങ്ങൾ കൊളുത്തുപോലെ സ്വാതന്ത്ര്യം മോഹിക്കപ്പെടുന്നുണ്ട്. പക്ഷേ ഒരിക്കലും തുറക്കാൻ കഴിയാത്ത ജനൽ ചില്ല പോലെ ഹൃദയങ്ങൾ പൊടിഞ്ഞു പോകുന്നു. 

"ചേക്കേറി ചേക്കേറി

ചൂളിച്ചുരുങ്ങും...

ആത്മാവ് ചത്തയിടങ്ങളിലും

ചേതനയുടെ കറുപ്പ് വാറ്റി

ആടിയാടി നടക്കും",

നിഴൽ എന്ന പേരിലെഴുതിയ കവിത നശ്വരമായ ഉടലിനെ ആത്മാവിൽ നിന്നും വേർപെടുത്താൻ പര്യാപ്തമാണ്.

കക്ഷി രാഷ്ട്രീയത്തിന്റെ അപ്പുറത്തു നിന്നു ശരികളെ കണ്ടെടുക്കാനും ശരികേടുകൾക്കു നേരെ തുറന്നടിക്കാനും എന്നും റോയ് ശ്രമിച്ചിരുന്നു. കവിതാസമാഹാരത്തിലെ പല കവിതകളും അതിനുദാഹരണങ്ങളുമാണ്. 

റോയ് ഇനിയും അഗ്നി ഉള്ളിൽ പേറി നടക്കുന്ന വ്യക്തിയെന്ന നിലയിൽ നിർത്താതെ എഴുതിക്കൊണ്ടേയിരിക്കട്ടെ എന്നതു മാത്രമാണ് സുഹൃത്തുക്കളുടെ ആശംസ. അവർ പുള്ളിക്കണക്കനോടു പറയുന്നു,

"ഒരു വെയിൽ വിളറുമ്പോൾ, ഒരു മഴ പൊഴിയുമ്പോൾ,

ഒരു മിന്നലിടറുമ്പോളിമചിമ്മി നിൽക്കുമോ കൂട്ടുകാരാ..."

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review