Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാച്യൂ പി.ഒ എന്ന പെരുവഴിയമ്പലം

സാധാരണ ഒരാളായിരിക്കുക

ആരുമല്ലാതെ

പേരില്ലാതെ

അവകാശപ്പെടാനാരുമില്ലാതെ

അന്യരിലൊരു ശക്തിയും പ്രയോഗിക്കാതെ

സ്വന്തമാക്കണമെന്ന ഒരാഗ്രഹവുമില്ലാതെ

മേധാവിത്തം പുലർത്താനുള്ള ഒരുദ്യമവുമില്ലാതെ

ആരുമില്ലാത്തവനായി

ഒന്നുമില്ലാത്തവനായി

ഉണർന്നിരിക്കുന്നവനെപ്പോലെ സ്വസ്ഥൻ മറ്റാരുമില്ല. 

സ്റ്റാച്യു ലോഡ്ജിലെ ആളൊഴിഞ്ഞ മുറിയിലെ ചുവരിൽ ആരോ പെൻസിൽ കുത്തിപ്പിടിച്ച് എഴുതിയ വരികൾ. ഇത്തരം ചുമരെഴുത്തുകൾ ആ ലോഡ്ജിൽ‌ കുറവല്ല. ഏതോ താമസക്കാരന്റെ മനോവികാരം. പക്ഷേ, വരികൾ അവസാനം മുറി താവളമാക്കിയ വ്യക്തിയുടെ ജീവിതവുമായി എങ്ങനെയോ കൂട്ടിച്ചേർക്കപ്പെടുന്നുണ്ട്. ഒരു ആത്മബന്ധം. അയാളും സാധാരണക്കാരനായിരുന്നല്ലോ. പേരില്ലാത്ത, അന്യരിലൊരു ശക്തിയും പ്രയോഗിക്കാത്തയാൾ. മേധാവിത്തം പുലർത്തുക എന്താണെന്നുതന്നെ അറിവില്ലാത്തയാൾ. മുറിയിൽ അവശേഷിച്ച ഉറുമ്പിൻകൂട്ടം പറയും എങ്ങനെയാണ് അയാൾ ജീവിച്ചിരുന്നതെന്ന്. കുന്നുകൂടിക്കിടന്ന പ്ലാസ്റ്റിക് കവറുകളിൽ ഒന്നുപോലും തുറന്നുനോക്കിയിട്ടില്ല. അയാൾക്കു വാങ്ങിനൽകിയ ഭക്ഷണപ്പൊതികൾ. രണ്ടു ഡിക്​ഷ്ണറികൾ. പത്തുപതിനഞ്ചു പുസ്തകങ്ങൾ. രണ്ടുമൂന്നു ചെക്കുകൾ. അവയിലൊന്നുപോലും മാറിയിട്ടില്ല. 

മരിക്കുമ്പോൾ എന്റെ മാംസവും അസ്ഥികളും കുന്നുകൂട്ടിവച്ചാൽ അവയുടെ ഗന്ധത്തിൽനിന്നു മനസ്സിലാകും പ്രണയത്തെക്കുറിച്ച് എന്നെഴുതിയിട്ടുണ്ട് കവി. സ്റ്റാച്യു ലോഡ്ജിലെ അയാൾ താമസിച്ചിരുന്ന മുറിയിൽ നിന്നു പുറത്തേക്കുവരുന്ന ഗന്ധം സ്വസ്ഥതയുടേത്. സമാധാനത്തിന്റേത്. സ്വാതന്ത്ര്യത്തിന്റേത്. അറിയാവുന്നവർക്കൊക്കെയും അസ്വസ്ഥത സമ്മാനിച്ച മനുഷ്യൻ. ഒരു നോവലെഴുതുന്നെങ്കിൽ അത് അയാളെക്കുറിച്ചായിരിക്കണം എന്നു വ്യാമോഹിപ്പിച്ച കഥാപാത്രം. സ്റ്റാച്യു ലോഡ്ജിൽ ഇപ്പോൾ അയാളില്ല. ആ മുറിയില്ല. ലോഡ്ജ് തന്നെയില്ല. എങ്കിലും ഏതോ നഗരത്തിൽ, ഇടുങ്ങിയ വഴി കയറിച്ചെല്ലുമ്പോൾ കാണുന്ന പഴകിയ ചുമരുകൾക്കുള്ളിൽ, അടച്ചിട്ട മുറിക്കുള്ളിൽ, അയാളുണ്ടായിരിക്കും. അല്ലെങ്കിൽ അയാളെപ്പോലെയുള്ളവർ. അവരുടെ കഥ കൂടിയാണു ലോഡ്ജുകളുടെ ജീവിതം. നഗരങ്ങളുടെ ചരിത്രം. 

പുസ്തകം വായിക്കുമ്പോൾ ഇടത്തിനും പ്രസക്തിയുണ്ട്. വായിക്കുന്ന ഇടത്തിന്. എവിടെ, എപ്പോൾ ഏത് അന്തരീക്ഷത്തിൽ. പുസ്തകവും വായിക്കുന്നയാളും തമ്മിലുള്ള ജൈവബന്ധം. ചില പുസ്തകങ്ങളുടെ വിട്ടുപിരിയാത്ത ഓർമകൾക്കൊപ്പം വായിച്ച ഇടങ്ങളുമുണ്ടാകും. ചില ഇടങ്ങൾ ഓർമയിൽ അവശേഷിക്കുന്നതുതന്നെ പുസ്തകത്തിനോടുള്ള ആത്മബന്ധത്താൽ. 

എസ്.ആർ. ലാലിന്റെ സ്റ്റാച്യു പിഒ എന്ന നോവൽ വായിച്ചത് ഒരു ലോഡ്ജിൽ വച്ച്. വീട്ടിൽവച്ചോ മറ്റേതെങ്കിലുമിടത്തുവച്ചോ ആയിരുന്നു വായനയെങ്കിൽ വേട്ടയാടുമായിരുന്നു ഒരു നഷ്ടബോധം. ലോഡ്ജിൽ താമസിച്ചു വായിക്കേണ്ട നോവലാണ് സ്റ്റാച്യു പിഒ. എന്നെങ്കിലുമൊരിക്കൽ താമസിച്ച ലോഡ്ജിന്റെ വിദൂരമായ ഓർമയെങ്കിലുമുണ്ടെങ്കിൽ നന്ന്. ഇങ്ങനെയുള്ള ഭാഗ്യങ്ങളൊന്നുമില്ലെങ്കിലും നഷ്ടബോധത്തിനൊപ്പം ആത്മവേദനയും സമ്മാനിച്ച് സ്റ്റാച്യു ആഗ്രഹിക്കുന്ന ആരെയും ഒരു ലോഡ്ജുവാസിയാക്കും. നഗരവാസിയാക്കും. നഗരത്തിന്റെ പിന്നാമ്പുറങ്ങളിലെ തെരുവിലെ ഒരു നിഴലെങ്കിലുമാക്കും. വായിച്ചുപേക്ഷിക്കുന്ന എണ്ണമറ്റ നോവലുകളിൽനിന്ന് ലാലിന്റെ പുസ്തകത്തെ വ്യത്യസ്തമാക്കുന്നതും ഈ സവിശേഷത തന്നെ. ഇതു പുസ്തകമല്ല; ജീവിതം തന്നെ. കേട്ടറിഞ്ഞതോ കണ്ടറിഞ്ഞതോ ആയ ജീവിതമല്ല മനുഷ്യൻ തന്നെ. പേരില്ലാത്ത, ഒന്നുമില്ലാത്ത, ആരുമില്ലാത്ത ഒരു മനുഷ്യനെ സുഹൃത്തായിക്കൂട്ടുകയാണ് സ്റ്റാച്യു വായിക്കുന്നതിലൂടെ. 

തിരുവനന്തപുരം നഗരത്തിൽ പതിവായി വന്നുപോകുന്ന ഒരു എഴുത്തുകാരൻ നഗരത്തെ അക്ഷരങ്ങളിലേക്കു വിവർത്തനം ചെയ്യാൻ ശ്രമിച്ചതിന്റെ ഫലമാണ് സ്റ്റാച്യു പിഒ.  വിദ്യാർഥി ആയിരിക്കുമ്പോൾ മുതൽ പരിചയപ്പെട്ട, പ്രിയപ്പെട്ട ഹൃദയനഗരം. എവിടെ, എത്ര ദൂരെ പോയാലും തിരിച്ചുവരാൻ വെമ്പലും വ്യഗ്രതയും സമ്മാനിച്ചു തിരിച്ചുവിളിക്കുന്ന നഗരം. തിരിച്ചുവരാതിരിക്കാനാവാത്ത നഗരം. തണലിട്ട വഴികൾ, ഭക്ഷണശാലകൾ, കൂട്ടം ചേരാനുള്ള ഇടങ്ങൾ, പുസ്തകശാലകൾ, സൗഹൃദങ്ങൾ, സാഹിത്യസദസ്സുകൾ, പഴമയുടെയും പുതുമയുടെയും ഇടകലർപ്പുകൾ, സാധാരണക്കാരും പ്രശസ്തരുമായ വ്യക്തികൾ. നഗരത്തെ എഴുതാനുള്ള ശ്രമം സ്വാഭാവികമായും എഴുത്തുകാരനെ എത്തിക്കുന്നത് ഒരു ലോഡ്ജിൽ. സ്റ്റാച്യുവിൽ. ആലപ്പുഴയിൽനിന്നു പഠനത്തിനായി തിരുവനന്തപുരത്തെത്തുന്ന വിദ്യാർഥി കുറഞ്ഞ ചെലവിൽ താമസിക്കാൻ തിരഞ്ഞെടുക്കുന്ന ഇടം. ലോഡ്ജ് വിദ്യാർഥിയുടെ ഭാവിയെത്തന്നെ അടയാളപ്പെടുത്തുമ്പോൾ അതേ ലോഡ്ജിലെ മറ്റൊരു മുറിയുടെ ഉടമയെ പരിചയപ്പെടുന്നു; ഒരു കഥയിലൂടെ. നഗരവഴിയുടെ ഓരത്ത് വലിയൊരു വീട്ടിൽ ആരെയോ പ്രതീക്ഷിച്ചിട്ടെന്നവണ്ണം കാത്തിരിക്കുന്ന വൃദ്ധദമ്പതികളെ കഥാപാത്രമാക്കി വിദ്യാർഥി ഒരു കഥയെഴുതുന്നു. വലിയ പ്രചാരമൊന്നുമില്ലാത്ത ഒരു മാസികയിൽ. കഥയിലൂടെ വിദ്യാർഥിയെ പരിചയപ്പെടുന്ന പേരില്ലാത്ത യുവാവ് ഒരു കഥാപാത്രമായി മാറുകയാണ്. വൃദ്ധദമ്പതികൾക്കും അയാൾക്കും തമ്മിൽ അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണവർ അടുത്തത്. അയാൾ സഞ്ചരിക്കുന്ന ദുരൂഹമായ വഴികളിലൂടെ, നിഗൂഢമായ ഇടങ്ങളിലൂടെ നടത്തുന്ന യാത്രയുടെ കണ്ടെത്തലുകൾ കൂടിയാണ് സ്റ്റാച്യു പിഒ. ഒപ്പം ഒരോനിമിഷവും കെട്ടുപിണഞ്ഞ്, അടിമയാക്കാൻ ശ്രമിക്കുന്ന ചങ്ങലകളിൽനിന്നു സ്വതന്ത്രനാവാൻ മനുഷ്യൻ നടത്തുന്ന പരിശ്രമവും. 

സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഏറിയും കുറഞ്ഞും എല്ലാവരും നടത്തുന്നത്. കുട്ടിക്കാലത്ത് അച്ഛന്റെയും അമ്മയുടെയും നിയന്ത്രണങ്ങൾ ചുറ്റും അതിരുകെട്ടും. മുതിരുമ്പോൾ, അതിരില്ലാതെ പറക്കും എന്നു മോഹിക്കും. വെറുതെയാണ്. സ്വാതന്ത്ര്യം ആഗ്രഹിക്കുമ്പോഴും പൂർണതോതിൽ അനുഭവിക്കാൻ കഴിയാതെപോകുന്നവരാണു മനുഷ്യർ. കൂട്ടായി ജീവിക്കുമ്പോഴും അവനിലൊരു സ്വതന്ത്രനുണ്ട്. കുതറിമാറി നിൽക്കുന്ന ഒരാൾ. അയാളെ തൃപ്തിപ്പെടുത്താനുള്ള പെടാപ്പാടുകളാണ് ഓരോ ജീവിതവുമെന്നു തെളിയിക്കുന്നു മികച്ച സാമ്പത്തിക സ്ഥിതിയും ഉയർന്ന വിദ്യാഭ്യാസവും ജോലിയും ഭാഷാപ്രാവീണ്യവും വിപുലമായ ബന്ധങ്ങളുമൊക്കെയുണ്ടായിട്ടും അവയെല്ലാം ഉപേക്ഷിച്ച് നഗരത്തിന്റെ പിന്നാമ്പുറങ്ങളിലെ തെരുവുജീവിതത്തിലേക്കു സ്വയം പുറപ്പെട്ട ‘അയാളു’ടെ കഥ. ഇരുപതു വർഷത്തിലേറെ പരിചയമുണ്ടായിട്ടും അയാളുടെ പേര് അറിയില്ല. ഭക്ഷണം വാങ്ങിക്കൊടുത്തെങ്കിലും അയാൾ അതു കഴിച്ചോ എന്നു തിരക്കിയില്ല. അയാൾ ആരാണ് ? 

പൂർണതോതിലല്ലെങ്കിൽ ഒരു അംശമെങ്കിലുമായി അയാൾ നമ്മുടെയൊക്കെയുള്ളിലുണ്ട്. അതുകൊണ്ടല്ലേ സ്റ്റാച്യു പിഒ എന്ന നോവൽ കയ്യിലെടുക്കുന്നതും സുഖകരമായ അസ്വസ്ഥയോടെ വായിക്കുന്നതും വായിച്ചുതീർന്നിട്ടും മനസ്സിൽ കൊണ്ടുനടക്കുന്നതും. 

ഒരു ആത്മബന്ധത്തിന്റെ ഇഴയടുപ്പമുണ്ടാകുന്നുണ്ട് എസ്.ആർ.ലാലിന്റെ നോവലുമായി വായനക്കാർക്ക്. പക്ഷേ, എഴുത്തിന്റെ ചില നേരങ്ങളിൽ ഏകാഗ്രത നഷ്ടപ്പെടുന്നു എഴുത്തുകാരന്. ശൈലി ശിഥിലമാകുന്നു. അലസമെന്നു വ്യാഖ്യാനിക്കാവുന്ന പരിചരണം. അവസാനാധ്യായങ്ങളിൽ ഈ കുറവുകൾ പരിഹരിച്ച് ശിൽപഭദ്രമായ നോവൽഘടന തിരിച്ചുപിടിക്കുന്നുമുണ്ട് ലാൽ. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review