Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദൂരതാരകത്തിന്റെ വിസ്മയവെളിച്ചം

സയാമീസ് ഇരട്ടകൾ മാത്രമുള്ള ഒരു ലോകത്തു നടക്കുന്ന നാടകം. അവിടെ കുട്ടികൾ പരപീഡനത്തിലും ആത്മപീഡനത്തിലും സന്തോഷം കണ്ടെത്തി. മരണമായിരുന്നു അവിടുത്തെ ഏകശിക്ഷ. അവിടെയുള്ള ഇരട്ടകൾ എല്ലാവരും എപ്പോഴും ചർച്ച ചെയ്തിരുന്നത് അരൂപികളെക്കുറിച്ചും ശൂന്യതയെക്കുറിച്ചും മരണാനന്തരജീവിതത്തെക്കുറിച്ചും ആയിരുന്നു. ഓരോ കഥാപാത്രവും തന്റെ ഇരട്ടയെ ഒരു പ്രത്യേകകാലയളവു വരെ പീഡിപ്പിച്ചുകൊണ്ടിരുന്നു. ഒരു സമയം കഴിയുമ്പോൾ പീഡകൻ പീഡിതനും മറിച്ചും ആയിക്കൊണ്ടിരുന്നു. ആഴങ്ങളെ ശുദ്ധീകരിച്ചുകഴിയുമ്പോൾ മാത്രമായിരുന്നു ഈ ക്രമത്തിൽ മാറ്റമുണ്ടായിരുന്നത്. ഈ നാടകം വായിക്കുന്ന ഒരാൾക്കു ഭാവന ചെയ്യാൻ കഴിയുന്ന തരത്തിലുള്ള എല്ലാ പീഡനരീതികളെയും അതിൽ കാണുവാൻ കഴിഞ്ഞിരുന്നു. നാടകത്തിലെ പ്രധാനസംഭവങ്ങളെല്ലാം നടന്നിരുന്നതു പ്രധാന കഥാപാത്രങ്ങളുടെ വസതിയിൽവച്ചോ, സയാമീസ് ഇരട്ടകൾ തങ്ങളുടെ ശരീരത്തിലെ പീഡനത്തിന്റെ അടയാളങ്ങൾ തുറന്നുകാട്ടുന്ന ഒരു സൂപ്പർമാർക്കറ്റിലെ പാർക്കിങ് ലോട്ടിൽവച്ചോ ആയിരുന്നു. പ്രവചിക്കാൻ കഴിയുന്നതുപോലെ, ഇരട്ടകളിൽ ഒന്നിന്റെ മരണത്തോടെ, നാടകം അവസാനിക്കുന്നില്ല. മറിച്ചു പീഡനങ്ങളുടെയും വേദനകളുടെയും പുതിയൊരു ചക്രത്തിലേക്കു കഥ പ്രവേശിക്കുകയാണ്. വേദനയാണു നമ്മുടെയെല്ലാം ജീവിതത്തിന്റെ അടിസ്ഥാന ഘടകം എന്ന വളരെ ലളിതമായ സിദ്ധാന്തമായിരുന്നു അതിന്റെ അടിത്തറ. ജീവിതം എന്തെന്നു കാട്ടിത്തരാൻ വേദനയ്ക്കു മാത്രമേ കഴിയൂ. 

ഒക്ടേവിയോ പച്ചേക്കോ എന്നൊരാളാണ് ഈ നാടകം എഴുതിയത്. ആരാണ് ഒക്ടേവിയോ പച്ചേക്കോ ? അങ്ങനെയൊരാളില്ല. ആ പേരിൽ വേറെയും പ്രസിദ്ധീകരണങ്ങളിൽ വരുന്ന കഥകളും കവിതകളും നാടകങ്ങളും എഴുതിയത് ആരാണെന്നുള്ള അന്വേഷണം നയിക്കുന്നത് കാർലോസ് വെയ്ഡറുടെ ഒളിയിടത്തിലേക്ക്. ഒരിക്കലും ഒരു ദൈവമാകാൻ കഴിവില്ലാത്ത മനുഷ്യൻ മാത്രമായ വ്യക്തിത്വത്തിലേക്ക്. ചിലിയുടെ രാഷ്ട്രീയാന്തരീക്ഷത്തിൽ എന്നപോലെ ആകാശത്തും കവിത വിരിയിച്ചുകൊണ്ട് വിമാനം പറത്തുന്ന ഒരു വ്യോമസേന വൈമാനികന്റെ ജീവിതത്തിലേക്ക്. ആ ജീവിതത്തിന്റെ കഥയാണ് വിദൂരതാരകം. തന്റെ തലമുറയിൽ ഏറ്റവുമധികം ആരാധിക്കപ്പെടുകയും സ്വാധീനം ചെലുത്തുകയും ചെയ്ത ചിലിയൻ എഴുത്തുകാരൻ റോബർട്ടോ ബൊലാനോയുടെ പ്രശസ്തമായ നോവൽ. മലയാളത്തിൽ പരിഭാഷയിലൂടെ വിദൂരതാരകത്തിന്റെ പ്രകാശം പരത്താൻ ശ്രമിക്കുന്നതു ജോണി എം.എൽ.

ബൊലാനോയുടെ നാസി ലിറ്ററേച്ചർ ഇൻ അമേരിക്ക എന്ന നോവലിന്റെ അവസാന അധ്യായത്തിൽ, ഇരുപതു പേജുകളിൽ താഴെ, ചിലിയൻ വ്യോമസേനയിലെ ലഫ്റ്റനന്റ് റാമിറസ് ഹോഫ്മാന്റെ കഥ വിവരിച്ചിരുന്നു. ലാറ്റിനമേരിക്കയുടെ നഷ്ടവിപ്ലവങ്ങളിൽ പങ്കാളിയും ആഫ്രിക്കയിൽ വച്ചു മരിക്കുവാൻ ശ്രമിക്കുയും ചെയ്ത ആർതുറോബി എന്ന സുഹൃത്തിൽനിന്നു കേട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ബൊലാനോയുടെ വിവരണം. പക്ഷേ, ആർതുറോ തൃപ്തനായില്ല. ആ കഥ ദീർഘമായി എഴുതണമെന്നു നിർബന്ധം പിടിച്ചു അദ്ദേഹം. ഒടുവിൽ നോവലിന്റെ അവസാന അധ്യായവുമായി ഒന്നരമാസക്കാലം ബ്ളെയിനിലുള്ള ബൊലാനോയുടെ വസതിയിൽ എഴുത്തുകാരനും ആർതുറോയും മുറിയടച്ചിരുന്നു. അവിടെവച്ച്, അയാളുടെ സ്വപ്നങ്ങളാലും പേക്കിനാവുകളാലും നയിക്കപ്പെട്ട് ഇരുവരും എഴുതിത്തീർത്തതാണു വിദൂരതാരകം. ചായയും പലഹാരങ്ങളും ഉണ്ടാക്കുക, പല ഖണ്ഡികകളും ആർതുറോയുമായി ചർച്ച ചെയ്യുക എന്നവയിൽ മാത്രം ഒതുങ്ങി തന്റെ പങ്കാളിത്തം എന്ന് ആമുഖത്തിൽ പറയുന്നുണ്ടെങ്കിലും ബൊലാനോ എന്ന ചിലിയൻ‌ എഴുത്തുകാരന്റെ എഴുത്തിന്റെ ശക്തിയും തീവ്രതയും അതിന്റെ പരകോടയിൽ കാണാം വിദൂരതാരകത്തിൽ. 

കേവലം ഒരു വൈമാനികന്റെ കഥ മാത്രമല്ല ഈ വിദൂരതാരകം. ചിലിയുടെ രാഷ്ട്രീയ സംഭവവികാസങ്ങളുമായും എഴുത്തുകാരന്റെ വ്യക്തിജീവിതവുമായും വളരെ അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. സോഷ്യലിസ്റ്റ് ഭരണകൂടത്തെ അട്ടിമറിച്ച് അധികാരത്തിലെത്തിയ പിനോഷെയുടെ ഭരണകാലമാണു നോവലിന്റെ ചരിത്രപശ്ചാത്തലം. ആരും എപ്പോൾ വേണമെങ്കിലും അപ്രത്യക്ഷമാകാവുന്ന കാലം. ആരും കൊല്ലപ്പെടാവുന്ന ദിവസങ്ങൾ. രാഷ്ട്രീയ ശത്രുവായി മുദ്രകുത്തപ്പെട്ട് നിരപരാധികൾ ജയിലിൽ അടയ്ക്കപ്പെട്ട മാസങ്ങൾ. രാഷ്ട്രീയം അടിച്ചർമത്തപ്പെടുകയും കവിതയും കഥയും പോലും പുകഴ്ത്തിയെഴുത്തലുകൾ മാത്രമാകുകയും ചെയ്ത ഒരു കാലത്ത് തന്റെ ജീവിതത്തിലൂടെ ദേശാഭിമാനം വളർത്താൻ ശ്രമിച്ച വൈമാനികനെ കാണാം വിദൂരതാരകത്തിൽ. വളർന്നുവരുന്ന ഒരു കവി കൊലപാതകിയായി മാറുന്നതെങ്ങനെയെന്നും കാണിച്ചുതരുന്നു ബൊലാനോ. ജീവിതത്തിന്റെ വൈരുധ്യങ്ങളാണു ബൊലാനുയുടെ വിഷയം. സങ്കീർണതകൾ. വിപ്ലവവും പ്രതിവിപ്ലവവും ഇവിടെ ഒരേപോലെ വിചാരണ ചെയ്യപ്പെടുന്നു. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review