Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകർച്ചവ്യാധികൾ നൽകുന്ന ബോധ്യപെടുത്തലുകൾ!

ഒരാളിൽ നിന്നും ഒരു കുടുംബത്തിലേയ്ക്കും അവരെ ചുറ്റി നിൽക്കുന്ന സമൂഹത്തിലേക്കും പകരുന്ന പകർച്ച പനി. നിപ്പാ വൈറസിനെ അപകടകാരിയായും പ്രാദേശികവത്കരിച്ചും ഒക്കെ പറയുമ്പോഴും മരിക്കുന്നവരുടെയും അപകടനിലയിൽ തുടരുന്നവരുടെയും എണ്ണം ഒന്നിൽ നിന്നും രണ്ടും മൂന്നും ഒക്കെയാകുന്നു. ചില വായനകളുണ്ട്, നമ്മളെ, ചില കാലങ്ങളിലേയ്ക്കും അവസ്ഥകളിലേയ്ക്കും കൂട്ടിക്കൊണ്ടു പോകുന്നവ... ആൽബേർ കമ്യുവിന്റെ എന്നത്തേയും വിഖ്യാത നോവൽ പ്ലേഗിന്റെ വായനാസമയത്തു തന്നെ നിപ്പാ വൈറസ് ഏറ്റവും കൂടുതൽ ഹൃദയത്തോട് ചേർന്നിരിക്കുന്ന ഒരിടത്തെ ജനങ്ങളെ ആക്രമിക്കുക! വായനയിൽ നിന്നും ഒരു ജനത അനുഭവിച്ചതൊക്കെയും തലച്ചോറിൽ നിന്നും പുറത്തേയ്ക്കിറങ്ങി വന്നു വെറുതെ ഭയപ്പെടുത്തുന്നുണ്ട്. എന്നിട്ടും നിപ്പായെ ഭയപ്പെടേണ്ടതില്ലെന്ന് അധികൃതർ പറയുന്നുണ്ട്! ആശ്വാസം, ഒന്നുമല്ലെങ്കിലും പ്ലേഗും നിപ്പായും തമ്മിൽ മലയും എലിയും പോലെയുള്ള വ്യത്യാസങ്ങളുണ്ടല്ലോ!

"ഞങ്ങളെ എന്തിനാണ് ഒറ്റപ്പെടുത്തുന്നത്? ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്?", കരഞ്ഞു കരഞ്ഞു നേർത്ത ശബ്ദത്തിൽ നിപ്പാ വൈറസ് ബാധിച്ചു മരിച്ച രാജന്റെ കുടുംബത്തിലെ ബാക്കിയുള്ളവർ ചോദിക്കുന്ന ചോദ്യം ചങ്കിൽ കുത്തുന്നുണ്ട്. മുഖത്ത് മാസ്ക് ഇട്ടു പൊതിഞ്ഞു അവർ തങ്ങളെ അവഗണിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടും അയൽക്കാരോടും ഈ ചോദ്യങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നു. ആ വാർത്ത കണ്ടപ്പോൾ ഓർമ വന്നത് ഡോക്ടർ റിയുവിനെയാണ്. "പ്ലേഗ്" എന്ന കാലത്തിനും അതീതവുമായി സഞ്ചരിക്കുന്ന നോവലിലെ നായകൻ. പ്ലേഗ് ബാധിച്ചു ഇവിടെ ഒരു കുടുംബമല്ല, ഒരു നഗരം മുഴുവനാണ് പുറം നാടുകൾക്കു മുന്നിൽ കൊട്ടിയടയ്ക്കപ്പെടുന്നത്. ഫ്രാൻസിലെ ഒറാൻ എന്ന നഗരത്തിൽ നിന്നും ആളുകൾക്ക് പുറത്തേയ്ക്ക് കടക്കാനോ പുറം നാട്ടിലുള്ളവർക്ക് ഇവിടേയ്ക്ക് വരണോ കഴിയാത്ത വിധത്തിൽ മറ്റു നാടുകളുമായുള്ള ഇവരുടെ കണ്ണികൾ അറ്റു പോകുന്നു. അവരിൽ നിന്നും പല അത്യാവശ്യങ്ങൾക്കും അതിർത്തി വിട്ടു പോയവർ അവരെ കാത്തു മറു നാടുകളിൽ ഉരുകി കഴിയുന്നു. പ്രിയപ്പെട്ടവരേ കാണാതെ ഒറാനിലുള്ളവർ നിലവിട്ടു കരയുന്നു. പകർച്ചവ്യാധികൾ പിടിപെട്ടവർക്കും അതിനെ കാത്തിരിക്കുന്നവർക്കും എല്ലാ നഗരങ്ങളിലും ഒരു മുഖമേയുള്ളു, അത് കരച്ചിലുകളുടേതാണ്!

ചുരുങ്ങിക്കൂടി പലയിടങ്ങളിലായി അടങ്ങിയൊതുങ്ങിക്കിടക്കുന്ന പ്ലേഗ് അണുക്കൾ അതിന്റെ സമയമെത്തുമ്പോൾ സകല അടിത്തറകളും തകർത്തെറിഞ്ഞു പുറത്തു കടക്കുന്നു, കമ്യു അതിനെ എഴുതുന്നത് ഇങ്ങനെയാണ്, "പ്ലേഗിന്റെ രോഗാണു ഒരിക്കലും പൂർണമായി ചത്തൊടുങ്ങുകയോ നിശേഷം ഇല്ലാതാവുകയോ ചെയ്യില്ല. വർഷങ്ങളോളം അത് ഉറങ്ങിക്കിടക്കും. മേശയിലും കസേരയിലും അലമാരയിലെ കിടക്കയിലും നിലവറയിലെ പെട്ടികളിലും ഷെൽഫുകളിലും അത് താമസിക്കും, എന്നിട്ടൊരു ദിവസം മനുഷ്യനെ നശിപ്പിക്കുവാനും അവനെ ബോധവത്കരിക്കുവാനും അതിന്റെ എലികളെ അത് അഴിച്ചു വിടും. സന്തോഷം നിറഞ്ഞ പട്ടണത്തിൽ പോയി ചാവാൻ.", ഈ വിധത്തിൽ പറഞ്ഞു കൊണ്ട് കമ്യു നോവൽ അവസാനിപ്പിക്കുന്നു. അതൊരു തിരിച്ചറിയലാണ്. അവസരങ്ങൾ പാർത്തിരിക്കുന്ന ദുരിതങ്ങൾക്ക് തിരികെ മനുഷ്യന്റെ ബുദ്ധിക്ക് മുകളിലും ബോധത്തിനും ജീവിതത്തിനും മുകളിലും ആധിപത്യം ഉറപ്പിക്കാൻ അവസരം ലഭിക്കുന്ന തിരിച്ചറിയൽ. പലപ്പോഴും ഇത്തരം ദുരന്തങ്ങൾ വരുമ്പോഴാണ് ഭരണവർഗ്ഗത്തിന്റെ പിടിപ്പു കേടു പോലും സമൂഹം തിരിച്ചറിയുന്നത്. തുടക്കത്തിൽ കണ്ടെത്താൻ കഴിയാതെ പോയ പ്ലേഗിന്റെ ഭീകരത അതിന്റെ താണ്ഡവം തുടങ്ങുമ്പോഴും ഇതിനെതിരെയുള്ള മരുന്ന് പരീക്ഷണങ്ങൾ വളരെ മന്ദഗതിയിൽ നടക്കുന്നതേയുണ്ടായിരുന്നുള്ളൂ. ദീർഘവീക്ഷണം വച്ച് പുലർത്താനുള്ള സാഹചര്യങ്ങളുടെയും അഭാവമാകാം. പക്ഷെ ആ സാഹചര്യങ്ങൾ ഒരു രീതിയിലും എവിടെയും മാറ്റപ്പെടുന്നില്ല എന്നതാണ് സത്യം.

പകർച്ചവ്യാധികൾ നൽകുന്ന ചില തിരിച്ചറിവുകളുണ്ട്. മതപരമായും സാമൂഹികമായും മാനസികമായും ഉയർന്ന മൂല്യങ്ങളിൽ ജീവിച്ച മനുഷ്യർ ജീവന്റെ തുച്ഛത മനസ്സിലാക്കുന്നതോടെ സർവ്വവും മറന്നൊരു പോക്കുണ്ട്. എന്തായാലും മരിക്കും എന്നാൽ അത് ജീവിതത്തെ അതിന്റെ അടിമട്ടോളം കണ്ടെടുത്തിട്ടാകുന്നതല്ലേ മനോഹരം എന്ന തിരിച്ചറിവ് "പ്ലേഗ്"ലെ ഓരോ കഥാപാത്രങ്ങൾക്കും ഉണ്ടാകുന്നുണ്ട്. അതിനായി മരണം നൃത്തമാടുന്ന തെരുവിൽ അവർ ഇറങ്ങുകയാണ്. ആദ്യമാദ്യം രോഗത്തെ ഭയന്ന് വീടിനുള്ളിൽ അടച്ചിരുന്നവർ പോലും പുറത്തേയ്ക്കിറങ്ങി ഉന്മാദനൃത്തമാടുന്നു, പരസ്പരം ആനന്ദിക്കുന്നു, പ്രണയിക്കുന്നു. എല്ലാം അവർക്കിടയിൽ തകർന്നടിഞ്ഞു വീഴുന്നു. ഇത്രയേ ഉള്ളൂ ജീവിതം എന്ന് അവരുടെ ഓരോ ചെയ്തികളും മറ്റുള്ളവരെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

അബ്‌സേഡ് സ്വഭാവമുള്ള നോവലാണ് പ്ലേഗ്. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിൽ മനുഷ്യൻ നിൽക്കുമ്പോഴുള്ള ഒരു നിസ്സാരതയുണ്ട്. ആ നിസ്സാരത തന്നെയാണ് നോവലിന്റെ ഇഴ പിരിച്ചു നോക്കുമ്പോൾ മനസ്സിലാകുന്നത്. എല്ലായ്പ്പോഴും മനുഷ്യനൊപ്പം സഹവസിക്കുന്ന എലികളാണ് ഇത്തവണ മരണത്തിന്റെ ദൂതന്മാരായി എത്തുന്നത്. മരണം ഓരോ നിമിഷവും ഓരോ ഇരുണ്ട മുലകളിലും പതുങ്ങിയിരിക്കുകയും അവ പകർച്ചവ്യാധി പേറുന്ന വൈറസുകളായി രൂപാന്തരം പ്രാപിച്ചു ഒരു സമൂഹത്തിലേക്ക് ദൂതന്മാർ വഴി ഇറങ്ങുകയും ചെയ്യുന്നതോടെ പിന്നെ എന്ത് ചെയ്തിട്ടും ഫലങ്ങളില്ലാതെയാകുന്നു. 

"ഓരോരുത്തരുടെ ഉള്ളിലും പ്ലേഗുണ്ട്, ഭൂമിയിൽ ഒരു മനുഷ്യനും അതിൽ നിന്നും മുക്തി നേടിയിട്ടില്ല. ഇതും ഞാൻ മനസ്സിലാക്കി: നമ്മൾ എപ്പോഴും നമ്മളെ ശ്രദ്ധിക്കണം, അല്ലെങ്കിൽ അശ്രദ്ധ കൊണ്ട് ഏതെങ്കിലും നിമിഷത്തിൽ നമ്മൾ മറ്റൊരാളുടെ മുഖത്തേക്ക് ശ്വാസം വിടും, അങ്ങനെ അയാൾക്ക് രോഗം പകർന്നു നൽകും. രോഗാണു മാത്രമാണ് പ്രകൃതിയിൽ വരുന്നത്. മറ്റെല്ലാം ആരോഗ്യം, അഭിമാനം, ശുദ്ധി (വേണമെങ്കിൽ) മനുഷ്യന്റെ ഇച്ഛയുടെ ഫലമാണ്. അതു കൊണ്ട് ശ്രദ്ധ ഒരിക്കലും തെറ്റരുത്. വളരെ ശ്രദ്ധിക്കുന്ന ആൾ നല്ലവനാണ്, കാരണം അയാൾ ആരെയും രോഗബാധിതനാക്കുന്നില്ല. നല്ല ആത്മധൈര്യം വേണം", പുസ്തകത്തിലെ വാചകങ്ങൾ ഒരുപാടു ആവർത്തി വായിച്ചാൽ മാത്രം ഉള്ളിലേയ്ക്ക് വന്നലയ്ക്കുന്ന വെളിച്ചത്തിന്റെ ഒരു കൂടാകുന്നു. മനുഷ്യന്റെ ഉള്ളിലുള്ള പ്ലേഗിന്റെ വൈറസുകൾ അവനവനെ തന്നെയും നശിപ്പിക്കുന്നതിനൊപ്പം അത് മറ്റുള്ളവർക്ക് പകർന്നു നൽകുമ്പോഴുള്ള ഒരു സംതൃപ്തിയും നൽകും. അതുതന്നെയാണ് ഇടുങ്ങിയ മാനുഷികതയില്ലായ്മ. ഈ നശീകരണത്തിൽ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല, അധികാരമുള്ളവനെന്നോ ചേരി വാസിയെന്നോ ഇല്ല. ലഭിക്കപ്പെടുന്നവർ സ്വയം ഇല്ലാതെയാകുന്നു, മനഃപൂർവ്വമോ അല്ലാതെയോ അവനത് പകർത്തുന്നു, മനുഷ്യർ ഓടിയൊളിക്കുന്നത് മരണത്തിൽ നിന്നുമാണ്. എങ്ങോട്ടേയ്ക്കാണ് ഓടിയൊളിക്കേണ്ടതെന്ന് അവനൊട്ട് കൃത്യമായ നിശ്ചയവുമില്ല. പ്ലേഗിന്റെ മുന്നിലും നിപ്പാ വൈറസിന്റെ മുന്നിലും പെടുന്ന മനുഷ്യന് ഒരേ മുഖമാകുന്നതും ഇതുകൊണ്ടു തന്നെയാണ്. 

പകർച്ച വ്യാധികൾ പടർന്നു പിടിക്കുമ്പോൾ തന്നെയാണ് ജീവിതത്തിന്റെ നിസ്സാരതയെ കുറിച്ചു ചോദ്യങ്ങൾ ചോദിക്കേണ്ടത്.

"ശരിയാണ് റാംബേർട്ട്. നിങ്ങളെ പിന്തിരിപ്പിക്കാൻ ലോകത്ത് ഒരു കാരണവും ഞാൻ കാണുന്നില്ല. ശരിയാണ് എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ, ഒരു കാര്യം. ഇതിൽ വീരഭാവമൊന്നുമില്ല. വെറും മര്യാദ മാത്രം. ആളുകൾ പുഞ്ചിരിക്കുവാനായി ഒരു ആശയം ആയിരിക്കാം. പക്ഷെ, പ്ലേഗിനെ നേരിടാൻ ഈ ഒരു വഴി മാത്രമേ ഉള്ളൂ - സാമാന്യ മര്യാദ ". ഇതേ വാക്കുകൾ കൊണ്ടാണ് ഓരോ ചോദ്യങ്ങളേയും അതിജീവിക്കേണ്ടതെന്ന് മനസ്സിലാകുന്നു. ഭ്രാന്ത് പിടിച്ചു നടക്കുന്നവർക്കിടയിൽ സാമാന്യ മര്യാദയുടെ നിലപാടുകൾ കടന്നു വരണമെങ്കിൽ അവർ എല്ലാം മറന്നു വച്ച് ജീവിതത്തെ ഏറ്റവും ലഘുവായി കണ്ടു തുടങ്ങണം. അത്തരത്തിൽ ജീവിതങ്ങളെ ലഘുവായി കണ്ടു തുടങ്ങുന്നിടത്തു വച്ച് നിസ്സാരതകൾ മനസ്സിലാവുകയും അവയെ അതിന്റെ വഴിക്കു തന്നെ വിടുകയും ചെയ്യുന്നു. പ്ലേഗിൽ ഒരു നാടിനു സംഭവിച്ചതും അതുതന്നെ. നിപ്പാ വൈറസ് അത്രയധികം അക്രമകാരിയല്ല, പക്ഷേ, പകർച്ചവ്യാധികൾക്ക് പൊതുവിലുള്ള സ്വഭാവം ഭയത്തിന്റെ തോത് വർദ്ധിപ്പിക്കുക എന്നതാണ്. മരണത്തെ അഭിമുഖീകരിക്കാൻ ചങ്കൂറ്റം നേടിയവൻ ഈ ഭയത്തെ അതിജീവിച്ചവനാകാം. ഒരിക്കൽ അവയെ കടന്നു പോയവന് പിന്നെ ഭീതിയുണ്ടാകുന്നതേയില്ല. പ്ലേഗിന്റെ വായന പലതും പഠിപ്പിക്കുന്നുണ്ട്, ഭയക്കാനും അതിനെ അതിജീവിക്കാനും പറയുന്നുണ്ട്. ജീവിതം നിസ്സാരവത്കരിച്ചു അവയെ ആനന്ദമാക്കാനും പറയുന്നുണ്ട്. പക്ഷേ ഒരു മുന്നറിയിപ്പുമുണ്ട്, ഏതൊരു കാലത്തും ഇല്ലാതായിപ്പോയ പ്ലേഗ് വൈറസുകൾ തിരികെ വരാം! അവ ശരീരത്തെയും മനസ്സിനെയും കീഴ്പ്പെടുത്താം. അപ്പോഴും ഭയത്തെ അതിജീവിച്ചവൻ അവയെ നേരിടുന്നു. അത്ര തന്നെ!

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review