Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏകാധിപതികൾക്ക് എന്നും ഒരേ മുഖം, ഒരേ ശബ്ദം

ആധുനിക ആഫ്രിക്കൻ സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കുന്നവയാണ് ചിന്നു അച്ചബെയുടെ കൃതികൾ. ബ്രിട്ടന്റെ കോളനി ഭരണത്തിൽ നട്ടെല്ലു വളഞ്ഞു നിൽക്കുന്ന ആഫ്രിക്കൻ ജനതയുടെ ഉയിർത്തെഴുന്നേൽപിന്റെ കാഹള ശബ്ദമാണ് അദ്ദേഹത്തിന്റെ കൃതികളിലൂടെ പങ്കു വെയ്ക്കുന്നത്. നൈജീരിയൻ ജീവിതത്തെ അതിന്റെ എല്ലാ തനിമയോടും അവതരിപ്പിക്കുന്ന നോവലാണ് ‘പുൽമേട്ടിലെ ചിതൽപ്പുറ്റുകൾ’. ഗോത്രസംസ്കാരവും ഇഗ്ബോ വാമൊഴിയും വെളിപ്പെടുത്തുന്ന കൃതി.  

ആഫ്രിക്കൻ ജനതയുടെ ശാപമായ അസ്ഥിരഭരണകൂടങ്ങളും അത് ജനജീവിതത്തെ ദുരിതക്കടലിൽ ആഴ്ത്തുന്നതും ഈ കൃതിയിൽ അവതരിപ്പിക്കുന്നു. ഏകാധിപതിയായ ഭരണാധികാരി നടത്തുന്ന മനുഷ്യാവകാശ ലംഘനം എത്രമാത്രമാണെന്ന് നോവൽ പറയുന്നു. 

ഏകാധിപത്യം എവിടെയൊക്കെ ഉണ്ടാകുന്നുവോ അവിടെയെല്ലാം സ്വാതന്ത്ര്യം ഹനിക്കപ്പെടും എന്നുള്ളത് ചരിത്രം നൽകുന്ന പാഠമാണ്. ഏകാധിപതികൾക്ക് എന്നും എവിടെയും ഒരേ മുഖവും ശബ്ദവുമാണെന്ന് ഈ കൃതിയും പറയുന്നു. 

കങ്കൺ എന്ന സാങ്കൽപ്പിക വെസ്റ്റ് ആഫ്രിക്കൻ രാജ്യത്ത് നടക്കുന്ന സംഭവപരമ്പരകളാണ് നോവലിൽ അവതരിപ്പിക്കുന്നത്. സാം എന്ന ഏകാധിപതിയായ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ മന്ത്രിസഭാ യോഗത്തോടെയാണ് നോവൽ ആരംഭിക്കുന്നത്. പട്ടാള ഭരണത്തെ കടപുഴക്കിയെറിഞ്ഞ് ഏറെ പ്രതീക്ഷകളോടെ രൂപം കൊണ്ട സർക്കാർ. ബാല്യകാല സഖികളായ മൂന്നു പേരാണ് ഭരണചക്രം തിരിക്കുന്നത്. പ്രസിഡന്റ് സാം, വിവരാവകാശ കമ്മീഷണർ ക്രിസ് ഒറിക്കോം, സർക്കാർ നിയന്ത്രണത്തിലുള്ള പത്രത്തിന്റെ എഡിറ്റർ ഇകെം ഒസോദി. കവിയും ബുദ്ധിജീവിയുമാണ് ഇകെം. സർക്കാരിന്റെ നവീകരണത്തിന്റെ മുഖം. തീ പാറുന്ന തൂലികയാണ് അദ്ദേഹത്തിനുള്ളതെന്ന് തന്റെ മുഖപ്രസംഗങ്ങളിലൂടെ  വ്യക്തമാക്കിയ ഈ പ്രതിഭാശാലി വളരെ പെട്ടെന്നു തന്നെ പ്രസിഡന്റിന്റെ കണ്ണിലെ കരടായി മാറുന്നു. ഒരു ഏകാധിപത്യ രാജ്യത്തിന് ആവശ്യമില്ലാത്ത ഒന്നാണല്ലോ സ്വതന്ത്രമായ എഴുത്തും അഭിപ്രായ പ്രകടനവും.

അധികാരം ഭരണാധികാരികളെ ദുഷിപ്പിക്കുന്നു എന്ന ചൊല്ല് അന്വർത്ഥമാക്കുന്നതാണ് സാമിന്റെ പ്രവർത്തനം. അധികാരം എത്രയും വാരിക്കൂട്ടുവാൻ അയാൾ ആഗ്രഹിച്ചു. പഴയ പ്രസിഡന്റ് ന്ഗോജ്ഗോയുടെ വാക്കുകൾ അയാളുടെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ‘നിങ്ങളുടെ ഏറ്റവും വലിയ അപകടം നിങ്ങളുടെ ബാല്യകാല സുഹൃത്തുക്കളിൽ നിന്നാണ്, നിങ്ങളുടെ ഗ്രാമത്തിൽ നിങ്ങളോടൊപ്പം വളർന്നവരിൽ നിന്ന്’ അവരെ കൈയകലത്തിൽ നിർത്തിയാൽ നിങ്ങൾ ദീർഘകാലം വാഴും’.

സാം വളരെവേഗം ഏകാധിപതിയായി മാറിക്കൊണ്ടിരിക്കുന്നു എന്ന് ക്രിസ്സിനും ഇകെമിനും ബോധ്യമായി തുടങ്ങി. അയാളെ ഭരണത്തിൽ അവരോധിച്ചതിൽ അവർ ദുഃഖിച്ചു. കങ്കണിന്റെ ആജീവനാന്ത പ്രസിഡന്റായി മാറുവാൻ അയാൾ ആഗ്രഹിച്ചു. ഇതിനായി ജനങ്ങൾക്കിടയിൽ ഒരു അഭിപ്രായ സർവേ നടത്തി. അബാസോൺ പ്രദേശം ഇതിൽ പങ്കെടുത്തില്ല. ഇത് സാമിനെ കുപിതനാക്കി. അവരുടെ നാട്ടിലേക്കുള്ള വെള്ളം നൽകാതെ പകരം വീട്ടുവാൻ അയാൾ നിശ്ചയിച്ചു. അവരുടെ പ്രതിനിധി സംഘത്തെ കാണുവാന്‍ പോലും അയാൾ കൂട്ടാക്കിയില്ല. 

ഒരു സ്വേച്ഛാധിപതിയെ ആരാധിക്കുന്നത് വലിയ മെനക്കേടാണ്. വെറുതെ തലകുത്തി നൃത്തം ചെയ്യുന്നതു മാത്രമായിരുന്നെങ്കിൽ പിന്നെയും സഹിക്കാമായിരുന്നു കുറച്ചുനാൾ പരിശീലിപ്പിച്ചാൽ ആർക്കുമത് പഠിച്ചു ചെയ്യാം. പക്ഷേ, അടുത്ത ദിവസം അടുത്ത നിമിഷം എന്താണ് അദ്ദേഹത്തിനിഷ്ടപ്പെടുക എന്നറിയാന്‍ ഒരു വഴിയുമില്ലാത്തതാണ് ഇവിടുത്തെ യഥാർഥ പ്രശ്നം. 

ക്രിസ് അപകടം മനസ്സിലാക്കി. ഇകെമിന്റെ എ‍ഡിറ്റോറിയൽ കൂരമ്പായി മാറുന്നതിനാൽ അൽപ്പം കൂടി മയപ്പെടുത്താൻ അദ്ദേഹം സ്നേഹിതനോട് അഭ്യർത്ഥിച്ചു. 

ഇകെമിന്റെ രൂക്ഷ വിമർശനങ്ങളിൽ ഭീതിതനായ സാം, ആ സ്ഥാനത്തു നിന്നയാളെ മാറ്റുവാൻ ക്രിസിനോടു ആവശ്യപ്പെട്ടു. എന്നാൽ ക്രിസ് അതിന് തയാറായില്ല. ഒരു രാത്രിയിൽ ക്രിസിന്റെ പൊലീസ് ഇകെമിനെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു വന്ന് വെടിവച്ചു കൊന്നു. 

സാം അപകടകാരി എന്നറിഞ്ഞ ക്രിസ് ഒളിവിൽ പോയി. തന്റെ സ്നേഹിതന്റെ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ അദ്ദേഹം തുനിഞ്ഞിറങ്ങി. വിദ്യാർഥി നേതാവ് ഇമ്മാനുവൽ, ഡ്രൈവർ അബ്ദുൾ എന്നിവരുടെ സഹായത്തോടെ അദ്ദേഹം തലസ്ഥാനം വിട്ടു. ഈ സമയത്ത് ക്രിസിനെ അറസ്റ്റു ചെയ്യുവാനുള്ള ഉത്തരവ് പുറപ്പെട്ടിരുന്നു. ഒരു ബസ്സില്‍ തലസ്ഥാനം വിട്ട ക്രിസിന്റെ വാഹനം വഴി മധ്യേ ജനക്കൂട്ടം തടഞ്ഞു. ഒരു അട്ടിമറിയിലൂടെ സാം കൊല്ലപ്പെട്ടതിന്റെ ആഹ്ളാദം പങ്കു വയ്ക്കുകയാണ് ജനങ്ങൾ. ജനങ്ങൾക്കിടയിലൂടെ വഴി തേടി പുറത്തിറങ്ങിയ ക്രിസ് കാണുന്നത് ഇമ്മാനുവേലിന്റെ കാമുകിയെ പട്ടാളക്കാർ വലിച്ചിഴച്ചു കൊണ്ട് ബലാത്സംഗം ചെയ്യുവാൻ കൊണ്ടു പോകുന്നതാണ്. ക്രിസ് ചാടി വീണ് യുവതിയെ രക്ഷിക്കുന്നു. കുപിതരായ പട്ടാളക്കാർ ക്രിസിനെ കൊലപ്പെടുത്തി. 

രണ്ട് സ്ത്രീ കഥാപാത്രങ്ങൾ ഈ നോവലിൽ സജീവ സാന്നിധ്യം അറിയിക്കുന്നു. ഇകെമിന്റെ  കാമുകി എൽവായും ക്രിസിന്റെ പ്രേയസി ബിയാട്രിസും. ഏകാധിപത്യത്തിന്റെ തണലിൽ അരങ്ങു കൊഴുക്കുന്നത് അഴിമതിയും അക്രമവുമാണെന്ന് ഈ നോവൽ പറയുന്നു. മാനുഷിക മൂല്യങ്ങൾക്ക് വിലയില്ലാത്ത കാലത്തെ അടയാളപ്പെടുത്തുന്നു. 

കങ്കൺ, ഭാവനാ രാജ്യമാണെങ്കിലും നൈജീരിയയുടെ കഥ പറയുകയാണ് അച്ചബെ. ഉണർന്നെണീക്കുവാൻ വെമ്പൽ പൂണ്ട ആഫ്രിക്കയുടെ തനതു ഭാഷയും മൂല്യവും വ്യക്തമാക്കുവാനും ഈ നോവലിലൂടെ ശ്രമിക്കുന്നു. പാരമ്പര്യവും അഭിമാനവുമുള്ള ജനതയാണ് തങ്ങളെന്നു പറയുവാനും മാൻബുക്കർ സമ്മാന ജേതാവായ നോവലിസ്റ്റ് മറക്കുന്നില്ല. ഹൃദ്യമായ മൊഴിമാറ്റം.

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review