Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എനിക്കറിയാം ഇതവസാനമാണ്'...

1980 ഒക്ടോബർ 2. അമേരിക്കയിലെ ലാസ് വെഗാസിലെ താൽക്കാലിക അറീനയായ സീസേഴ്സ് പാലസ്. മുഹമ്മദ് അലി – ലാറി ഹോംസ് പോരാട്ടത്തിന്റെ 11–ാം റൗണ്ട്. 

ജീവിതത്തിലാദ്യമായി അലി ചുറ്റുമുള്ളവരെ ദയനീയമായി നോക്കി. മൽസരം നിർത്താൻ ആരെങ്കിലും പറയണേ എന്നാണ് അപ്പോൾ അദ്ദേഹം ആഗ്രഹിച്ചത്. മൂന്നുവട്ടം ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാംപ്യനായിരുന്ന, ഒളിംപിക് സ്വർണമെഡൽ ജേതാവ്. പരിശീലകൻ ഡൺഡി അലിയോടു പറഞ്ഞു: ചാംപ്യൻ, ഞാൻ ഫൈറ്റ് നിർത്താൻ പോകുകയാണ്. മറ്റു വഴികളൊന്നും ഞാൻ കാണുന്നില്ല അലി ഉടൻ പറഞ്ഞു: നന്ദി. 

11–ാം റൗണ്ടിൽ മൽസരം അവസാനിച്ചു. ലാറി ഹോംസിനു വിജയം. 

മൽസരശേഷം വിജയശ്രീലാളിതനായ, ആർത്തട്ടഹസിക്കുന്ന ജേതാവിനെയല്ല ലാറി ഹോംസിൽ ലോകം കണ്ടത്. അയാൾ പൊട്ടിക്കരഞ്ഞു. അലിയെ ഇടിച്ചതിൽ വലിയ ദുഃഖമുണ്ടെന്നദ്ദേഹം പറഞ്ഞു. അലിയുടെ കിരീടം തട്ടിയെടുത്തു – പക്ഷേ, അതൊരു ശാപമാണ്. അലി ലോക ചാംപ്യനായി നിൽക്കേണ്ടയാളാണ്. താൻ കാരണം അലിക്കു കിരീടം നഷ്ടമായതിൽ കരയുന്ന ഹോംസ്. തൈറോയിഡ് രോഗത്തിനുശേഷം വിശ്രമിക്കുന്ന അലിയെ വേദനിപ്പിച്ചതു മാപ്പർഹിക്കാത്ത കുറ്റമാണെന്നും ഹോംസ് വിലപിച്ചു. ഫൈറ്റിനുശേഷം വിശ്രമിക്കുകയായിരുന്ന അലിയുടെ അടുത്തു ചെന്നു ഹോംസ്. താങ്കളെ ഞാൻ സ്നേഹിക്കുന്നു എന്നു പറയാനായി മാത്രം. സഹതാപം ഏറ്റുവാങ്ങുന്നതിനുപകരം അലി ചോദിച്ചു: എവിടെയാണ് നമ്മുടെ റീ മാച്ച്. എനിക്കു നിങ്ങളെ ആവശ്യമുണ്ട്. എപ്പോഴാണ് റീ മാച്ച്. 

ഒരിക്കലും തോൽക്കാൻ കൂട്ടാക്കാത്ത, എന്നും പോരാളിയായി നിന്ന മനുഷ്യന്റെ ശബ്ദമായിരുന്നു അത്. തോൽവിയിലും ചാംപ്യനെപ്പോലെ മുഷ്ടി ചുരുട്ടിപ്പിടിച്ചാണ് അദ്ദേഹം സംസാരിച്ചതും. 

അലിയുടെ പോരാട്ടം അവിടെ തീർന്നില്ല. 1981 ഡിസംബർ 11 ന് വീണ്ടും അദ്ദേഹം റിങ്ങിലേക്കു കയറി. എതിരാളി അലിയേക്കാൾ 12 വയസ്സ് ഇളപ്പമായ ട്രെവോർ ബെർബിക്ക്. 

ബഹാമസ്സിലെ നാസ്സുവിലുള്ള ക്വീൻ എലിസബത്ത് സെന്ററിൽ നടന്നതു ലോകം കാത്തിരുന്ന പോരാട്ടം. മൽസരം നീണ്ടതു 10 റൗണ്ടുവരെ മാത്രം. മൂന്നു വിധികർത്താക്കളും ഏകപക്ഷീയമായി പ്രഖ്യാപിച്ചു: ബെർബിക്ക് തന്നെ ജേതാവ്. രണ്ടു പതിറ്റാണ്ടോളം ബോക്സിങ്ങിലെ കിരീടം വച്ച രാജാവായി ജീവിച്ച ചാംപ്യൻ, എന്നത്തെയും മഹാൻ ഞാൻ തന്നെ എന്ന് ആവർത്തിച്ചു പ്രഖ്യാപിച്ച മുഹമ്മദ് അലി തോറ്റു പിൻമാറുന്നു. പിറ്റേന്നു നടന്ന പത്രസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞത് അലി ആയിരുന്നില്ല; ചുറ്റും കൂടിയ പത്രപ്രവർത്തകർ. പിതാക്കൻമാരുടെ കാലം കഴിഞ്ഞു. ഞാൻ അവസാനിപ്പിക്കുന്നു. യാഥാർഥ്യത്തെ അഭിമുഖീകരിക്കാതിരിക്കാനാവില്ല. എനിക്കു നാൽപതു വയസ്സായെന്ന് എനിക്കിപ്പോൾ ബോധ്യമായി. എനിക്കറിയാം – ഇതവസാനമാണ്. അന്തസ്സോടെ കരിയർ അവസാനിപ്പിക്കുകയായിരുന്നു കാഷ്യസ് ക്ളേ എന്ന മുഹമ്മദ് അലി. 

പരാജയപ്പെട്ടെങ്കിലും എഴുന്നേൽക്കാനാവാതെ തറയിൽ വീണുകിടക്കുന്ന അലിയുടെ ചിത്രമില്ല. റിങ്ങിലെ റോപ്പിലൂടെ ഒടിഞ്ഞുമടങ്ങി വീഴുന്ന ചിത്രവുമില്ല. പല്ലുകൊഴിഞ്ഞ ചിത്രമോ ചോരയൊലിപ്പിച്ചു നിൽക്കുന്ന ചിത്രമോ ഇല്ല. ധീരനായി, സുന്ദരനായി, വേദനയാൽ ചുളിയാത്ത മുഖത്തോടെ അലി ഏതൊരു നായകന്റെയും ജീവിതത്തിലെ വിജയമെന്നതുപോലെ പരാജയവും ഏറ്റുവാങ്ങി വിടവാങ്ങി. 

കറുത്തവന്റെ കരുത്തും സൗന്ദര്യവും ലോകത്തിനു കാണിച്ചുകൊടുത്ത പ്രതിഭയായിരുന്നു മുഹമ്മദ് അലി. ഒളിംപിക് മെഡൽ കഴുത്തിലിട്ടു നടന്നിട്ടുപോലും കറുത്തവനായതിനാൽ റസ്റ്റോറന്റിൽ ഭക്ഷണം നിഷേധിച്ചപ്പോൾ സ്വർണമെഡൽ ഓഹിയോ നദിയിലേക്കു വലിച്ചെറിഞ്ഞ് നടന്നവൻ. അമേരിക്കയുടെ വിയറ്റ്നാം യുദ്ധത്തെ അനുകൂലിക്കാത്തതിന്റെ പേരിൽ ബോക്സിങ് റിങ്ങിൽനിന്നു മൂന്നുവർഷത്തെ വിലക്കു നേരിട്ട താരം. അഞ്ചുവർഷത്തെ ജയിൽശിക്ഷ എന്നു ഭീഷണി കാട്ടി പേടിപ്പിച്ചിട്ടുപോലും പതറാതെ നിലപാടിൽ ഉറച്ചുനിന്നവൻ. റിങ്ങിലെ ആരവം അവസാനിച്ചിട്ടും കറുത്തവർക്കും പാവപ്പെട്ടവർക്കും വേണ്ടി എങ്ങനെ ജീവിക്കണം എന്നു കാണിച്ചുകൊടുത്ത തളരാത്ത പോരാളി. ദിവസങ്ങൾ എണ്ണരുത്, ദിവസങ്ങൾ നിങ്ങളെ എണ്ണട്ടെ എന്നുപറഞ്ഞ തത്വചിന്തകൻ. 

ലോകത്തിനു വിജയപാഠമായ, ഏറ്റവും വലിയ മുഷ്ടിയുദ്ധക്കാരിലൊരാളായ അലിയുടെ ജീവിതം അതിന്റെ എല്ലാ നാടകീയതകളോടെയും ഇതൾ വിരിയുകയാണ് മൂഹമ്മദ് അലി:ഒരു മുഷ്ടിയുദ്ധക്കാരന്റെ ജീവിതം എന്ന മനോഹരമായ പുസ്തകത്തിൽ. രചയിതാവ് എം. കമറുദ്ദീൻ.

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review