Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോളിനും വിഷാദത്തിനുമിടയിലെ കാൽപ്പന്തുകളി 

നുണ പറയണം എന്ന ഓർമയുണ്ടായിരുന്നു റോബർട്ടിനന്ന്. 2009 നവംബർ 10. ഭാര്യ തെരേസയോട് യാത്ര പറഞ്ഞു പത്തു മാസം മാത്രം പ്രായമുള്ള മകൾക്ക് ചുംബനമേകി കാൽപ്പന്ത് പരിശീലനം ഉണ്ടെന്ന് നുണ പറഞ്ഞു റോബർട്ട് വീടുവിട്ടിറങ്ങി. എട്ടു മണിക്കൂറോളം കാറോടിച്ച് അലഞ്ഞു, അവസാനം തീവണ്ടി വേഗത്തിന്റെ ചക്രങ്ങളിലേക്ക് തന്നെയും തന്റെ വിഷാദത്തെയും ചേർത്തു വെച്ചു. ജർമനിയുടെ എക്കാലത്തെയും മികച്ച ഗോളികളിൽ ഒരാൾ, റോബർട്ട് എൻകെ ജീവിതത്തിന്റെയും അന്താരാഷ്ട്ര കാൽപ്പന്തു കളിയുടെയും മൈതാനത്തോട് സ്വയം വിടപറഞ്ഞു മറഞ്ഞു. 

ലോകം കാണുന്ന തന്റെ ജീവിതത്തിൽ നിന്ന് തീവ്ര വിഷാദത്തിന്റെ കടുംകറകൾ വളരെ തന്മയത്വത്തോടെ നുണയിലൊളിപ്പിച്ചു ഒടുവിൽ 2009 നവംബർ 10ന് താൻ ഇല്ലാത്ത ലോകത്തോട് തന്റെ വിഷാദം വിളിച്ചു പറയാതെ, കാട്ടികൊടുത്ത് അയാൾ സ്വതന്ത്രനായി. ആ ജീവിതത്തെയും ആ ജീവിതത്തെ കാർന്നു തീർക്കുന്ന തീവ്രവിഷാദരോഗത്തെയും അസാധ്യം എന്ന് കരുതാവുന്ന പക്വതയോടെ അക്ഷരങ്ങളിലാക്കി വേദനയിറ്റുന്ന പുസ്തകമാക്കി നമുക്കു മുന്നിൽ വെച്ചിരിക്കുകയാണ് റോബർട്ട് എൻകെയുടെ അടുത്ത സുഹൃത്തും പത്രപ്രവർത്തകനും നോവലിസ്റ്റുമായ റൊണാൾഡ്‌ രംഗ്. (ഹൃസ്വജീവിതം : റോബർട്ട് എൻകെയുടെ വിപത്ത്‌ - A life too short: The Tragedy of Robert Enke)

2010ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന കാൽപന്ത് ലോകകപ്പിൽ ജർമൻ ടീമിനൊടൊപ്പം ഗോളിയാകേണ്ട കളിക്കാരനായിരുന്നു റോബർട്ട് എൻകെ. തന്റെ കളിജീവിതത്തെ അവിടേക്ക് എത്തിക്കുവാനാകാതെ വിഷാദരോഗ ചുഴിയിൽ അകപ്പെട്ട് തന്റെ മികവുകൾ തകരുന്നത് ഏറ്റം തീവ്രമായി തിരിച്ചറിഞ്ഞ നിമിഷമാവണം അടിയന്തിരമായി ജീവിതത്തിൽ നിന്ന് ഇറങ്ങി നടക്കാൻ അയാളെ പ്രേരിപ്പിച്ചത്. റൊണാൾഡ്‌ രംഗ് ന്റെ ആദ്യ കാൽപന്ത് പുസ്തകമായ 'സ്വപ്നങ്ങളുടെ കാവലാൾ: ജർമൻ ഗോളി ലാസ് ലീസിയുടെ കഥ' (The keeper of dreams, the story of the German goalkeeper Lars Leese) 2004ലെ മികച്ച കായിക പുസ്തകമായി യുകെയിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അങ്ങനെ ഒരിക്കലാണ് റോബർട്ട് എൻകെ, റൊണാൾഡ്‌ രംഗിനോട് നമുക്കൊരുമിച്ച് തന്റെ ജീവിതകഥ പുസ്തകമാക്കണം എന്നു പറയുന്നത്. റൊണാൾഡ്‌ രംഗ് പക്ഷേ പറയുന്നത് നോക്കുക– വിധി മറ്റൊന്നാണ് കരുതിവെച്ചത്. റോബർട്ട് ഇല്ലാതെ ആ ജീവിതം എനിക്ക് തനിച്ചു എഴുതേണ്ടി വന്നു. 'ഹൃസ്വജീവിതം : റോബർട്ട് എൻകെയുടെ വിപത്ത്‌' എന്ന ആ പുസ്തകം 2011ലെ മികച്ച വില്യം ഹിൽ കായിക പുസ്തകമായി തിരഞ്ഞെടുക്കപ്പെട്ടു. 

കാൽപ്പന്ത്കളിയുടെ ഭ്രാന്തൻ മികവുകൾ ചോർന്നില്ലാതായി കളിമ്പങ്ങളുടെ ആരവങ്ങളില്ലാതെ സാധാരണക്കാരിലൊരാളിലേക്കുള്ള തന്റെ സ്വത്വമാറ്റം ഭയപ്പെടുത്തിയിട്ടുണ്ടാവണം റോബെർട്ടിനെ. അസാധ്യമാകുംവരെ തന്റെ വിഷാദച്ചുഴികൾ കൽപ്പന്തിന്റെ കളിമൈതാനത്തു നുണയിലൊളിപ്പിക്കാൻ റോബർട്ട് ശ്രമിച്ചുകൊണ്ടേയിരുന്നിട്ടുണ്ട്. റൊണാൾഡ്‌ രംഗ് നിരീക്ഷിക്കുന്നതു പോലെ കാൽപ്പന്തുകളിയുടെ വർദ്ധിത സമ്മർദ്ദങ്ങളല്ല റോബെർട്ടിൽ വളർന്നു മുറ്റിയത്. തന്റെ രക്തത്തിൽ ഓടുന്ന കാൽപ്പന്തുകളിയിലെ ഗോൾ കാവലാൾ മികവ് അർഹിക്കുന്ന അംഗീകാരമില്ലാതെ അവമതിക്കപെട്ടു പോകുന്നുണ്ടോ എന്ന കടുത്ത സംശയം കളിഭ്രാന്തിലെ വിഷാദമായി എന്നും റോബെർട്ടിനൊപ്പമുണ്ടായിരുന്നു. FC ബാഴ്‌സലോണയിലെ കളികൾക്കിടയിൽ ആ വിഷാദം രോഗാവസ്ഥയോളം എത്തുന്നതറിഞ്ഞു തളർന്നിട്ടുണ്ട് റോബർട്ട് എൻകെ. കളിജീവിതത്തിനു പുറത്തെ വിഷാദമായി വളർന്നത് തന്റെ ആദ്യ മകളുടെ ജന്മനായുള്ള രോഗാവസ്ഥയും മരണവുമായിരുന്നു. ആദ്യ മകളുടെ മരണത്തിന് മൂന്നു വർഷങ്ങൾക്കുശേഷം ലീല എന്ന പെൺകുഞ്ഞിനെ ദത്തെടുത്തെങ്കിലും, മൂത്ത മകളുടെ അകാലവിയോഗം രോഗമായിമാറാവുന്ന വിഷാദമായി അയാളിൽ തുടർന്നുകൊണ്ടേയിരുന്നു. 

മനുഷ്യ മനസ്സിന്റെ ഭ്രാന്തമായ ആവേഗങ്ങളെ ഏതു വിധേനയും ഒളിപ്പിച്ചു കടത്താൻ, അഥവാ നിർവീര്യമാക്കി അസാധുവാക്കാൻ കളിച്ചുവടിന്റെ ചടുലതകൾക്ക് ആവുന്നില്ല എന്ന് ക്രമേണ റോബർട്ട് തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. റോബർട്ട് തന്റെ നോട്ട്ബുക്കിൽ എഴുതി - 'ഞാൻ എന്നിൽ പൂർണമായി അസ്വസ്ഥനായി. ഞാൻ എന്നെ ചുറ്റുപാടിൽ നിന്ന് അടർത്തിമാറ്റി.' വീട്ടിലോ സുഹൃത്തുക്കളുടെ സൗഹൃദവലകൾക്കകത്തോ മറ്റ്‌ കായികങ്ങളിലോ സാന്ത്വനസ്പർശം അയാൾ അറിഞ്ഞില്ല. ഒരിക്കൽ റോബർട്ട് തെരേസയോട് പറഞ്ഞിട്ടുണ്ട് - 'കുറച്ചു നേരത്തേക്ക് എന്റെ തല നിനക്ക് വെക്കാൻ കഴിഞ്ഞാൽ മനസ്സിലാവും, ഞാൻ എന്തുകൊണ്ട് ഭ്രാന്തനാവുന്നു എന്ന്.' അതെ, റിട്ടയർമെന്റിനു ശേഷം ഒന്നിച്ചു എഴുതണം എന്ന് റോബർട്ട് ആഗ്രഹിച്ച ആത്മകഥ (അതോ, ജീവചരിത്രമോ?) ഒരു ഏറ്റുപറച്ചിലാകുമായിരുന്നിരിക്കണം. ഓരോ കളികൾക്കിടയിലും താൻ അനുഭവിച്ചു തീർത്ത വിഷാദഗ്രസ്തമായ ഭ്രാന്തൻ ചുഴലികളുടെ കയ്പ്പുകൾ. ഒടുവിൽ ഒറ്റയ്ക്ക് റോബെർട്ടിന്റെ ഡയറികളും നോട്ട് പുസ്തകങ്ങളും കവിതകളും ഓർമകളും തടുത്തുകൂട്ടി അയാൾ സഞ്ചരിച്ചു തീർത്ത യാതനാപർവ്വം സത്യസന്ധമായി രംഗ് അക്ഷരങ്ങളിലാക്കി. അതിഭാവുകത്വവും നാടകീയതയും വിപണി താൽപ്പര്യങ്ങളും ഒഴിവാക്കി മനുഷ്യവിഷാദത്തിന്റെ അനുഭവസാക്ഷ്യങ്ങളായി ആ സത്യസന്ധമായ പുസ്തകം കാൽപന്തുകളിക്കാരുടെ മായികമായ പകിട്ടിനപ്പുറം വെളിപ്പെടാതെപോകുന്ന ആകാംക്ഷകളെയും സമ്മർദ്ദങ്ങളെയും മത്സര കുടിലതകളെയും നമുക്കു മുന്നിൽ തുറന്നു വെച്ചു. 

കാൽപന്തിന്റെ കളിയിടത്തിൽ ഗോൾമുഖത്തു ഒറ്റപ്പെടുന്ന ഗോളിയുടെ ഏകാന്തത മലയാളം വായനയിൽ മുന്നേ പരിചിതമാണ്. ഇവിടെ, ആ ഏകാന്തതയെപോലും തന്റെ രോഗാവസ്ഥ പുറത്തറിയാതെ സൂക്ഷിക്കാനുള്ള മറയാക്കി മാറ്റിയ ഒരു കാൽപന്ത് കളിക്കാരനാണ് നമുക്ക് മുന്നിൽ. ഒടുവിൽ എല്ലാ മറകളെയും തട്ടിനീക്കി രോഗം വിജയിച്ചിടത്തു കാൽപ്പന്തുകളിക്കാരൻ തോറ്റുപോകുന്നത് നാം അനുഭവിക്കുന്നു. 

കേവലമൊരു ജീവചരിത്രകാരൻ മാത്രമായിരുന്നില്ല റൊണാൾഡ്‌ രംഗ്. റോബെർട്ടുമായി രംഗിന് അടുത്ത സൗഹൃദം ഉണ്ടായിരുന്നു. സ്വയം ഒരു അമച്വർ ഗോളിയായിരുന്നു. സമാശ്വാസം അപര്യാപ്തമാവും റൊണാൾഡ്‌ രംഗിന്. ഈ പുസ്തകത്തിന്റെ എഴുത്തു ഈ വിധമായ സാഹചര്യത്തിലല്ല അയാൾ എഴുതാൻ ആഗ്രഹിച്ചിരുന്നത്. ഒന്നയാൾക്കുറപ്പിക്കാം. തന്റെ സുഹൃത്തു റോബെർട്ടിനോടും അയാളുടെ വിഷാദരോഗത്തോടും അസാധ്യമായ രീതിയിൽ സത്യസന്ധമായെന്ന്. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review