Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാലിനി, മാന്ത്രിക നൂലിൽ ബന്ധിക്കപ്പെട്ടവൾ

തത്തമ്മമാലിനിയുടെ വിവാഹം കഴിഞ്ഞു. വരന്റെ വീട്ടിലേക്കു പുറപ്പെടാനുള്ള ഒരുക്കങ്ങളിലാണ്. വീട്ടിൽനിന്നു കൊടുക്കേണ്ടതായതെല്ലാം വണ്ടികളിൽ കയറ്റിക്കൊണ്ടിരിക്കുന്നു. കുടുംബത്തിലെ ഒരംഗത്തിന്റെ വിടപറയലുണ്ടാക്കുന്ന ശൂന്യതയുടെ മുന്നോടിയായുള്ള ബഹളങ്ങളെ അംഗീകരിച്ചു വരാന്തയിൽ നിൽക്കുമ്പോൾ തത്തമ്മമാലിനി ഒടിവന്നു; ഒരു രഹസ്യത്തിന്റെ ചുരുളഴിക്കാൻ. ചില വധുക്കൾ വിവാഹം ചെയ്തയയ്ക്കുന്ന വീട്ടിൽവച്ച് പൊള്ളലേറ്റോ കിണറ്റിൽ വീണോ മരിക്കാറുണ്ട്. അങ്ങനെ അനേകം സംഭവങ്ങളുണ്ട്. തനിക്കങ്ങനെ വല്ലതും സംഭവിച്ചാൽ രഹസ്യവും അതോടെ മണ്ണടിയും. അതുകൊണ്ട്, സ്വാതന്ത്ര്യത്തിന്റെ അവസാനദിവസം, സ്വന്തം ജീവിതത്തിൽ നിയന്ത്രണവുമുള്ള അവസാനത്തെ നിമിഷങ്ങളിൽ‌ രഹസ്യത്തിന്റെ കെട്ടഴിക്കുകയാണ്. ഇനി ഒരു തിരിച്ചുവരവില്ലെന്ന പൂർണബോധ്യത്തോടെ. ഇനി ജീവിതത്തിനുമേൽ ഒരു ഉറപ്പുമില്ലെന്ന് അംഗീകരിച്ചുകൊണ്ട്. 

തത്തമ്മമാലിനി എന്ന അകത്തെ മാലിനി അകപ്പെട്ട അടിയന്തര സാഹചര്യം ജീവിതത്തിൽ ഒന്നിലേറെ തവണ നേരിടുന്നുണ്ട് സുസ്മേഷ് ചന്ത്രോത്തിന്റെ നായികമാർ. സന്ധ്യേച്ചിയും സാവിത്രിയും റീത്തയും സീതാലക്ഷ്മിയും സുശീലയും കപിലയുമെല്ലാം ജീവിതത്തിന്റ അതിരുകളിൽനിന്ന് നിലനിൽപിന്റെ പോരാട്ടം നടത്തുന്നവർ. അനുരഞ്ജനങ്ങളുടെയും ഒത്തുതീർപ്പുകളുടെയും പരിചയാൽ പ്രതിരോധിച്ചിട്ടും അനുഭവങ്ങളുടെ വാൾമുനയിൽനിന്ന് ഒഴിഞ്ഞുമാറാനാവാത്തവർ. സ്വന്തം മനസ്സിനേക്കാൾ വ്യക്തതയോടെയും സുതാര്യമായും സ്ത്രീമനസ്സിന്റെ ചുഴികളും മലരികളും അവതരിപ്പിച്ച കഥാകൃത്ത് ഒരു പടി കൂടി കടന്ന് സമകാലീന ഇന്ത്യയുടെ പെണ്ണനുഭവങ്ങളെ ഒരു കഥാസമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. മാലിനീവിധമായ ജീവിതം. 11 കഥകളിലൂടെ പുരുഷാസക്തികളുടെ നഖങ്ങളുടെ മൂർച്ചയും പവിത്രമായതെല്ലാം നഷ്ടപ്പെടുന്ന അവസ്ഥയിലും പുരുഷന്റെ കൂട്ടിൽ സനാഥയാകാൻ ശ്രമിക്കുന്ന സ്ത്രീയുടെ നിസ്സഹായതയും വരച്ചിടുന്ന അനുഭവസാക്ഷ്യങ്ങൾ. 

മാലിനീന്ന് ഒരേ പേരുള്ളവരും പല പ്രായത്തിലുള്ളവരുമായ പതിനൊന്ന് അംഗങ്ങളുള്ള ഒരു കുടുംബത്തിൽനിന്നാണു മാലിനീവിധമായ ജീവിതം എന്ന കഥയുടെ  പിറവി. പതിനൊന്നു മാലിനിമാരെ ഒരു ചെറുകഥയുടെ അതിരുകളിൽ തളിച്ചിടുന്നതെങ്ങനെയെന്ന ആശങ്ക സ്വാഭാവികം. ഓരോ മാലിനിയെയും തിരിച്ചറിഞ്ഞ് ഓർമിക്കുന്നതെങ്ങനെയെന്ന സംഭ്രമവുമുണ്ട്. എന്നാൽ പൂച്ചമാലിനിയും  തത്തമ്മമാലിനിയും പൊൻമാലിനിയുമുൾപ്പെടെയുള്ളവരെ കഥയുടെ ചരടിൽ കോർത്തു കയ്യടക്കത്തോടെ കഥ പറയുകയാണു സുസ്മേഷ്. കഥ പറയുന്ന മാലിനിയും കഥാപാത്രങ്ങളായ മാലിനിമാരും എള്ളുപാടവും മുതിരപ്പാടവും ആത്തമരത്തിന്റെ ബലം കുറഞ്ഞ ശിഖരങ്ങൾപോലും കഥയുടെ മാന്ത്രികനൂലിനാൽ ബന്ധിക്കപ്പെട്ട്, വ്യക്തിത്വമുള്ളവരായി വായനയെ സമ്പന്നമാക്കുന്നു. പരമ്പരാഗത കഥ പറച്ചിലിന്റെ സുവർണനൂലിഴ പൊട്ടാതെ ആഖ്യാനത്തെ സവിശേഷമാക്കുന്നതിനൊപ്പം പ്രമേയങ്ങളെ ആധുനിക ജീവിത പരിസരങ്ങളുമായി ബന്ധിപ്പിക്കുക വഴി കഥയുടെ പുതിയൊരു വഴി തുറക്കുകയാണു കഥാകൃത്ത്. 

സീതാലക്ഷ്മിക്ക് അറിയേണ്ടത് ഒരു പുരുഷനെക്കുറിച്ചാണ്. കുറ്റാന്വേഷണ ഏജൻസിയുടെ സഹായത്താൽ ഇനിയുള്ള ജീവിതത്തിൽ പിഴവില്ലാത്ത തീരുമാനം കൈക്കൊള്ളാമെന്ന ശുഭപ്രതീക്ഷയിലാണവർ. റീത്ത നടത്തുന്ന അന്വേഷണത്തിലാണ് അവരുടെ പ്രതീക്ഷ. തകരാത്ത ബന്ധത്തെക്കുറിച്ചുള്ള അവസാന പ്രതീക്ഷ. അന്വേഷണത്തിന്റെ വഴിയിലൂടെ റീത്ത എത്തുന്നതു സമാധാനത്തിന്റെ നാട്ടിൽ. നിശ്ശബ്ദമായ റോഡുകൾ. ശാന്തമായ ജീവിതം. അലോസരങ്ങളില്ല. അക്രമങ്ങളില്ല. കേസുകളില്ല. സമാധാനം ആഗ്രഹിക്കുന്നവർ എത്തിയാൽ തിരിച്ചുപോകാൻ ആഗ്രഹിക്കാത്ത പുണ്യഭൂമി. ബലിതർപ്പണം നടത്തി അവസാനബന്ധവും മുറിച്ചുകളഞ്ഞ് ശാന്തി തേടിയെത്തിയ ജീവിതത്തിന്റെ അറിയാക്കഥകൾ തേടിയാണ് അന്വേഷകയുടെ വരവ്. മനുഷ്യരെല്ലാം ഓരോരോ ഒളിച്ചോട്ടത്തിലെ കഥാപാത്രങ്ങളാണെന്ന കണ്ടെത്തിലിൽ റീത്ത എത്തുന്നു. ജോലിയോടു നീതി പുലർത്തിയാൽ ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷ കെടുന്നതു കാണാം. ജീവിതത്തോടു നീതി പുലർത്തിയാൽ ഒരുപക്ഷേ, ഇലകൾ വാടിക്കരിഞ്ഞ ചെടിയിൽ പച്ചപ്പിന്റെ പൊടിപ്പുകൾ എന്നപോലെ പുതിയൊരു പ്രതീക്ഷയുടെ നാളം വിടരാം. പരബ്രഹ്മമൂർത്തിയുടെ നാട്ടിൽ തുടങ്ങിയ അപസർപ്പക കഥ സമാധാനത്തിന്റെ നാട്ടിലെത്തുമ്പോൾ ആദ്യത്തെ കു‍‍ഞ്ഞു നഷ്ടപ്പെട്ട അമ്മയുടെ തീരാനോവുണ്ട്. നാൽപത്തിരണ്ടാം വയസ്സിൽ ഏകാന്തയുടെ ഭാരത്താൽ ഒറ്റപ്പെട്ടുപോയ ഏകാകിയുടെ വിരഹമുണ്ട്. പരീക്ഷണങ്ങൾക്കും പുതുമകൾക്കുമപ്പുറം മനസ്സിനെ പിടിച്ചുലയ്ക്കാൻ ശേഷിയുണ്ട് അപസർപ്പക പരബ്രഹ്മമൂർത്തി എന്ന കഥയ്ക്ക്. 

അക്രമാസക്തമായ ആൾക്കൂട്ടത്തെക്കുറിച്ചുള്ള ഭീതിദമായ സ്വപ്നം ഉള്ളിൽ പേറുന്നവരാണ് ഇന്നു പല പരുഷൻമാരും. പിന്നിൽ ഓടിയടുക്കുന്ന ആൾക്കൂട്ടത്തിൽനിന്നു രക്ഷപ്പെടാൻ വൃഥാ ശ്രമിക്കുന്നവർ. ഇല്ലാത്ത രക്ഷയുടെ കവാടം തേടിയാണ് അവരുടെ ഒളിച്ചോട്ടം. രാക്ഷസധർമചതുഷ്ടയം എന്ന കഥയിലെ ചാരുദത്തനെപ്പോലെ. ആൾക്കൂട്ടത്തെ യാഥാർഥ്യമാക്കാനുള്ള പ്രവൃത്തികളിൽ അയാൾ ഉൾപ്പെട്ടിട്ടുണ്ട്. അവർക്ക് എറിയാനുള്ള കല്ലുകളാണ് അയാളുടെ ഓരോ നീക്കങ്ങളും. അവർ ചൊരിയുന്ന ശാപവാക്കുകൾ അയാൾ തന്നെ സമ്മാനിച്ചതുമാണ്. എന്നിട്ടും പുതിയ ഇരകളെ തേടി ആ വേട്ടക്കാരൻ കുതിക്കുകയാണ്. അമ്മയെന്നോ മകളെന്നോ വ്യത്യാസമില്ലാതെ. ചാരുദത്തൻമാർ ചതിയുടെ മോഹവലകളുമായി വിഹരിക്കുന്നയിടത്തുനിന്നുമാണു സുസ്മേഷ് കഥ മെനയുന്നത്. സ്നേഹമുള്ള വാക്കുകളാൽ സുശീല തിരികെക്കൊണ്ടുപോകാൻ നോക്കുമ്പോഴും വഴങ്ങാതെ പുരുഷാരത്തിലേക്ക് ഊളിയിടുന്നു ചാരുദത്തൻ. എവിടേയ്ക്കും വിടാതെ തന്നെ പിടിച്ചുവയ്ക്കാൻ വെമ്പുന്ന സുശീലയുടെ പിടിയിൽനിന്നു മുക്തനായി. ഉച്ചവെയിലിനു കട്ടി കൂടുകയാണ്. ആസക്തികളുടെ അഗ്നിനാവുകൾക്കും തീക്ഷ്ണതയാകുന്നു. ചാരുദത്തൻമാർ പുരുഷാരത്തിലുണ്ട്. ഇവിടെയുണ്ട്. എവിടെയുമുണ്ട്. അവർക്കു കൂടി മുഖം നോക്കാനുള്ള കണ്ണാടിയാണ് മാലിനീവിധമായ ജീവിതം.  

നോട്ടു നിരോധനകാലത്തും വിലയിടിയാത്ത നോട്ടുകൾ പോലെയാണു സുസ്മേഷ് ചന്ത്രോത്തിന്റെ കഥകൾ. ധൈര്യമായി വായിക്കാവുന്ന സുവർണ അധ്യായങ്ങൾ. തലയുയർത്തിപ്പിടിച്ചുനിൽക്കുന്ന ഒരു കലാകാരന്റെ അന്തസ്സുള്ള വാക്കുകൾ. കഥയെന്ന മാധ്യമത്തോടു നീതി പുലർത്തുന്ന ആത്മാർഥത. ജീവിതത്തിലുള്ള കലർപ്പില്ലാത്ത വിശ്വാസം. മാലിനീവിധമായ ജീവിതം മാലിനിമാരുടെ മാത്രം ജീവിതമല്ല. മരത്തിന്റെ മുകളറ്റത്തെ തുഞ്ചത്തിരുന്ന് അവർ കാണുന്ന ജാരസംസർഗങ്ങൾ മാത്രമല്ല. ഇടനാഴികളിൽ പരസ്പരം മന്ത്രിക്കുന്ന രഹസ്യങ്ങൾ മാത്രമല്ല. നാം ജീവിക്കുന്ന കാലത്തിന്റെ അനന്തമായ വേദനയും ആശങ്കകളുടെ അലകടലുമാണ്. ഈ കഥകൾ കൂടിയില്ലെങ്കിൽ നമ്മുടെ സാഹിത്യം എത്ര ദരിദ്രമായിപ്പോകുമെന്ന് ഓർമിപ്പിക്കുന്ന അതിശയസൃഷ്ടികൾ. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.