Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമതശബ്ദങ്ങളുടെ പുസ്തകം

അംഗീകാരമോ വിജയമോ അല്ല റിബൽ എന്ന വിമതനെ പ്രചോദിപ്പിക്കുന്നത്. സത്യം തിരിച്ചറിഞ്ഞു പുറത്തുപറയുമ്പോൾ അനുഭവിക്കുന്ന സംതൃപ്തിയും കാപട്യമില്ലാത്ത സന്തോഷവും. എന്നോ ലഭിക്കാവുന്ന വിജയത്തിനുവേണ്ടി ഇന്നേ പരാജയപ്പെടാൻ തയാറാകുമ്പോൾ ജനിക്കുന്നു വിമതൻ. ഒറ്റപ്പെട്ട വഴിയിലൂടെയാണു വിമതന്റെ യാത്ര. വിജനമായ വഴിയിലൂടെ. ആരവങ്ങളും ആർപ്പുവിളികളും ഇല്ലാതെ നിശ്ശബ്ദതയിലൂടെ. മൂകതയിലൂടെ. ഇന്നു താൻ ഏകനെങ്കിലും എന്നെങ്കിലുമൊരിക്കൽ സത്യം പുറത്തുവരുമെന്നും അന്നു താൻ നടന്ന വഴിയിലൂടെ പുതിയ തലമുറ സഞ്ചരിക്കുമെന്നുമുള്ള ശുഭാപ്തി വിശ്വാസത്തിന്റെ കരുത്തിൽ യാത്ര ചെയ്യുന്നവർ. വിമതന്റെ സ്വപ്നങ്ങളിലെ വിജയമുഹൂർത്തം വർത്തമാനത്തിലല്ല; ഭാവിയിൽ. സമീപ ഭാവിയിൽ പോലുമല്ല, വിദൂരമായ ഏതോ ഭാവിയിൽ. താൻ ഒരിക്കൽ കണ്ട സ്വപ്നം പിൽക്കാല തലമുറകൾ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിൽ. വർത്തമാനത്തിന്റെ സന്തോഷവും വിജയങ്ങളും ത്യജിച്ചു നടത്തുന്ന പരാജയപ്പെട്ടവരുടെ യാത്ര. 

‘ഐവറി ത്രോൺ’ എന്ന ആദ്യപുസ്തകത്തിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാർ നേടിയ മനു എസ്.പിള്ളയുടെ രണ്ടാമത്തെ പുസ്തകം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതു വിമതശബ്ദങ്ങൾ. ഇന്ത്യയുടെ ചരിത്രത്തിലെ വിസ്മരിക്കപ്പെട്ട അധ്യായം. അർഹതപ്പെട്ട അംഗീകാരം ലഭിക്കാതിരുന്ന, ഓർമകൾക്കു പകരം മറവിയുടെ ഇരുട്ടു വിധിക്കപ്പെട്ട ഒരു കൂട്ടർ. അവരിൽ രാജാക്കൻമാരും രാജകുമാരൻമാരും ഉണ്ട്. റാണിമാരും രാജകുമാരിമാരുമുണ്ട്. പ്രതാപത്തിന്റെയും ഐശ്വര്യത്തിന്റെയും സമ്പദ്സമൃദ്ധിയുടെയും സിംഹാസനങ്ങളിൽനിന്നു വലിച്ചുതാഴെയിടപ്പെട്ടവർ. ചരിത്രത്തിന്റെ ക്രൂരമായ വിസ്മൃതിയിൽനിന്ന് ഇരുളു മൂടിയ കാലത്തെ വെളിച്ചത്തിലേക്ക് ആനയിക്കുകയാണ് മനു– റിബൽ സുൽത്താൻസ് എന്ന ചരിത്രകൃതിയിലൂടെ. ഇന്ത്യാ ചരിത്രത്തിലെ 13–ാം നൂറ്റാണ്ടിന്റെ അവസാനത്തിൽനിന്നു തുടങ്ങി 18–ാം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള ചരിത്രത്തിലെ നിർണായക നിമിഷങ്ങൾ. കാലത്തിൽനിന്നു നിഷ്കാസിതരായവർ. അവരാണു റിബൽ സുൽത്താൻമാർ. അലാവുദ്ദീൻ ഖിൽജിയിൽ തുടങ്ങി ശിവാജിയിൽ എത്തുന്ന മധ്യകാലഘട്ടത്തിലെ ഡക്കാണിന്റെ ജീവചരിത്രം. 

ഭൂമിശാസ്ത്രപരമായി ഡക്കാൺ എന്നറിയപ്പെടുന്ന വിശാലഭൂമിക്കു താൻ സമർപ്പിക്കുന്ന ആദരമാണു പുസ്തകമെന്നു പറയുന്നുണ്ട് മനു. ഏതാനും വരികളിൽ അത്ര ഗംഭീരമായൊന്നും എഴുതപ്പെടാതിരുന്ന ഒരു കാലത്തിന്റെ യഥാർഥ നായകരെ കണ്ടെത്താനുള്ള ശ്രമം. വിമതരായിരുന്നു എന്നത് അവർക്കു നീതി നിഷേധിക്കാനുള്ള കാരണമോ ന്യായീകരണമോ അല്ല. ഒറ്റപ്പെട്ട വഴികളിലൂടെ സഞ്ചരിച്ചു എന്നത് വിസ്മരിക്കാനുള്ള മതിയായ ഒഴിവുകഴിവുമല്ല. ഒരുപക്ഷേ അവർ ആഗ്രഹിക്കുകയും അവർക്കു ലഭിക്കാതെപോകുകയും ചെയ്ത നീതിയുടെ സാക്ഷാത്കാരമാണ് റിബൽ സുൽത്താൻസ്. ചരിത്രം കാത്തുവച്ച നീതി. ഭാവി കാത്തുവച്ച പുണ്യം. 

ചരിത്രം പഠിക്കാതെ വിദ്യാഭ്യാസം പൂർണമാകില്ല. അടിസ്ഥാന ചരിത്രം സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗവുമാണ്. യുദ്ധങ്ങളും പടയോട്ടങ്ങളും അധിനിവേശങ്ങളും അടിച്ചമർത്തലുകളും ക്രൂരതയും ചതിയുമൊക്കെ നിറഞ്ഞ ചരിത്രം. പുണെയിൽ സ്കൂളിൽ പഠിക്കുന്നകാലത്തുതന്നെ ശിവജി എന്ന മറാത്ത യുദ്ധവീരന്റെ അപദാനങ്ങൾക്കിടയിലും അത്രയൊന്നും ആഘോഷിക്കപ്പെടാതെപോയ പരാമർശങ്ങൾ മനു ശ്രദ്ധിച്ചിരുന്നു. ചരിത്രപാഠപുസ്തകങ്ങളിൽ അവിടെയും ഇവിടെയും വന്നുപോയിരുന്നവർ. നിസാം ഷാ, ആദിൽ ഷാ എന്നിങ്ങനെയുള്ളവർ. സഹനടൻമാരുടെ റോളുകളായിരുന്നു അവർക്കൊക്കെ. വീരനായകരുടെ നിഴലിൽ ഒതുക്കപ്പെട്ടവർ. അവരുടെ പറയപ്പെടാത്ത കഥയും അറിയപ്പെടാത്ത ചരിത്രവും വിദ്യാർഥിജീവിതകാലത്തുതന്നെ മനുവിന്റെ മനസ്സിൽ കയറിക്കൂടി. നാലുവർഷം മുമ്പ് ഗോവയിൽ ഏതാനും മാസത്തെ താമസത്തിനിടെ സാംസ്കാരിക കേന്ദ്രമായി പുനരവതരിച്ച ആദിൽ ഷായുടെ കൊട്ടാരത്തിൽ നിന്നപ്പോൾ മനസ്സിന്റെ മൂലയിൽ അവശേഷിച്ചിരുന്നവർ പുനർജനിച്ചു. അവരുടെ കഥകൾ പറയാൻ അവർ ആവശ്യപ്പെടുന്നതുപോലെ തോന്നി മനുവിന്. ഒരു ട്രെയിൻ യാത്രയ്ക്കിടെ ഗുൽബർഗയിലൂടെ കടന്നുപോയപ്പോഴും ആരോ പിടിച്ചുനിർത്തുന്നപോലെയും കഥകൾ ഉണർന്നുവരുന്നതുപോലെയും തോന്നി. കഥകളും ചരിത്രത്തിന്റെ ശേഷിപ്പുകളും ശേഖരിക്കുകയായിരുന്നു പിന്നീടുള്ള കാലം. രണ്ടുവർഷം മുമ്പ് ഹൈദരാബാദിൽ ഗൊൽകോണ്ട കോട്ടയുടെ അവശിഷ്ടങ്ങളിൽ സന്ദർശകനായി സഞ്ചരിച്ചു മനു. മലമടക്കുകളിലൂടെയും കുന്നുകളിലൂടെയും ശവകുടീരങ്ങളിലൂടെയും അന്നു നടത്തിയ യാത്രയോടെ എഴുത്തിനു തുടക്കമായി– റിബൽ സുൽത്താൻമാരുടെ പിറവിക്കും. 

ഡക്കാണിന്റെ എല്ലാ കഥകളും മറാത്ത വീരൻ ശിവാജിയിലാണു തുടങ്ങുന്നത്. ആ വീരയോദ്ധാവിന്റെ സാഹസികതകളും ജനതയുടെ ആത്മവീര്യം ഉണർത്താനുള്ള ശ്രമങ്ങളുമാണു പ്രതിപാദ്യം. മനുവിന്റെ പുസ്തകത്തിലാകട്ടെ ശിവാജി എത്തുന്നത് അവസാനത്തെ അധ്യായത്തിൽ മാത്രം. ഔറംഗസേബും ശിവാജിയും തമ്മിൽ നടന്ന ഐതിഹാസികമായ പോരാട്ടമാണു ഡെക്കാണിന്റെ ചരിത്രം എന്ന രീതിയിലാണ് ഇതുവരെ വന്ന ചരിത്രപുസ്തകങ്ങളെങ്കിൽ ഇന്ത്യാ ചരിത്രത്തെ മാറ്റിയെഴുതിയ യുദ്ധത്തിന്റെ നിഴലിൽനിന്ന് ഒരുപറ്റമാളുകളെ വിമോചിപ്പിക്കികയും വെളിച്ചത്തിലേക്കു നീക്കിനിർത്തുകയുമാണു മനു. രാജാവായി എത്തിയ ഔറംഗസേബ് ഒരു സാമ്രാജ്യത്തിന്റെ പതനത്തിന് പൗരോഹിത്യം വരിച്ച കഥ. തഞ്ചാവൂർ മുതൽ ഗ്വാളിയോർ വരെയും ബംഗാൾ മുതൽ പഞ്ചാബ് വരെയും ശിവാജിയുടെ മറാത്ത വീരൻമാർ ആധിപത്യത്തിന്റെ കൊടിപാറിച്ച അതേ ഡക്കാൺ. എന്നാൽ മറാത്തയുടെ വീര്യം ഉണരുന്നതിനുമുമ്പേ ഒരു ഡക്കാണുണ്ട്. പ്രതാപത്തിന്റെയും പ്രതികാരത്തിന്റെയും ഡക്കാൺ. ആദ്യത്തെ മുഗൾ ആക്രമണവും പിടിച്ചെടുക്കലും മുതൽ തുടങ്ങുന്ന അധിനിവേശത്തിന്റെ കഥകൾ. ഡൽഹി സുൽത്താൻമാരിൽനിന്നു വിഘടിച്ചുമാറി സ്വന്തമായി സാമ്രാജ്യങ്ങൾ സ്ഥാപിച്ച ഹൊയ്സാല, കകടിയ രാജാക്കൻമാരുടെ ചരിത്രം. വൈരുദ്ധ്യങ്ങളും വീരസ്യവും നിറഞ്ഞ ഒരു കാലഘട്ടം. ശിവാജിക്കും മുമ്പേ തേരോടിച്ചുപോയ സുൽത്താൻമാരുടെയും സൗന്ദര്യത്തിനും വശ്യതയ്ക്കുമപ്പുറം ധീരത കൈമുതലാക്കിയ റാണിമാരുടെയും കാൽപാടുകൾ തേടുന്ന യാത്ര. അന്യോന്യം എതിർത്തും പോരടിച്ചും അവർ തകർച്ചയുടെ ഏണിപ്പടികൾ ഇറങ്ങിയെങ്കിലും ആധുനിക ലോകം പോലും അസൂയയോടെ നോക്കിക്കാണുന്ന ഒരു കാലത്തെയാണവർ സൃഷ്ടിച്ചത്. ആ കാലത്തിലേക്കാണു മനുവിന്റെ യാത്ര. റിബൽ സുൽത്താൻമാരുടെ മൗനത്തിലേക്കും മറവിയിലേക്കും. 

ഓർമപ്പെടുത്തലിന്റെ രേഖയാണു ചരിത്രം. അതേ ചരിത്രത്തിൽത്തന്നെ മറവിയുടെ നന്ദികേടുമുണ്ടെന്നു റിബൽ സുൽത്താൻമാർ ഓർമിപ്പിക്കുന്നു. ആനയിക്കുന്നതിന്റെ ആരവങ്ങളിൽതന്നെ ഉൾക്കൊണ്ടിരിക്കുന്ന അവഗണനയുടെ മൗനങ്ങൾ. വീരാരാധനയുടെ ആവേശത്തിമിർപ്പുകളിൽ അമർന്നുപോയ നിശ്ശബ്ദ സാന്നിധ്യങ്ങൾ. നായകരുടെ മാസ്മരിക പ്രഭാവത്തിൽ വിസ്മൃതിയും തിരസ്കാരവും ഏറ്റുവാങ്ങിയ ഉപനായകരുടെയും സഹ നടീനടൻമാരുടെയും തോറ്റുപോയെങ്കിലും തലയുയർത്തിപ്പിടിച്ചുനിന്ന ജീവിതങ്ങളുടെ കഥകൾ. മറവി മൂടിവച്ച കൊട്ടാരങ്ങളുടെ വാതിലുകൾ തുറക്കുകയായി. അമർത്തിയ ചിരികൾക്കൊപ്പം ഗൂഡാലോചനകൾക്കും പിടിച്ചെടുക്കലുകൾക്കും അരങ്ങൊരുക്കിയ അന്തഃപുരങ്ങളുടെ തിരശ്ശീലകൾ വകഞ്ഞുമാറുകയായി. 

ചരിത്രപുസ്തകമാണ് റെബൽ സുൽത്താൻസ്– അതാണ് ഈ പുസ്തകത്തിന്റെ കരുത്തും ദൗർബല്യവും. ചരിത്രത്തിലെ മാനുഷികതയെ പുനരാനയിക്കാനാണു ശ്രമിക്കുന്നതെങ്കിലും ഒരു ചരിത്രവിദ്യാർഥിയുടെ ക്ഷമയും സമർപ്പണവും ചരിത്രബോധത്തിന്റെ പശ്ചാത്തലവുമുണ്ടെങ്കിൽ മാത്രമേ റിബൽ സുൽത്താൻസ് വായിച്ചു പൂർത്തിയാക്കാൻ പറ്റൂ; ആവേശത്തിന്റെ നിമിഷങ്ങൾക്കൊപ്പം വർഷങ്ങളുടെയും തീയതികളുടെയും സാധാരണ വായനക്കാരനു വിരസമായേക്കാവുന്ന രേഖപ്പെടുത്തലുമുണ്ട്. ഒരു നോവലോ കഥയോ പോലെ വായിച്ചുതീർക്കാനാവില്ല റിബൽ സുൽത്താൻസ് എന്നതാണു യാഥാർഥ്യം. ചരിത്ര വിദ്യാർഥികൾക്കും ഗവേഷകർക്കും ചരിത്രാന്വേഷിയുടെ മനസ്സുള്ളവർക്കും മാത്രം പിടി തരും മനുവിന്റെ പുസ്തകം. ചരിത്രത്തോടു നൂറുശതമാനം നീതി പുലർത്തുമ്പോൾതന്നെ വലിയൊരു വിഭാഗം വായനക്കാരെ നിരാശരാക്കുകയും ചെയ്യും. പക്ഷേ, അതൊരു ന്യൂനതയല്ല ഒരു ഗവേഷക പുസ്തകത്തിന്റെ മാറ്റു കൂട്ടുന്ന വസ്തുതയാണ് എന്നതാണു യാഥാർഥ്യം. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review