Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറക്കാതിരിക്കാൻ ബുദ്ധിയുള്ളവരാകാൻ...

നെപ്പോളിയൻ ബോണപ്പാർട്ടിന്റെ സൈന്യത്തിൽ ആറുലക്ഷത്തോളം സൈനികരും ആറായിരം ക്യാപ്റ്റൻമാരും ഉണ്ടായിരുന്നു. ഈ ആറായിരം ക്യാപ്റ്റൻമാരുടെ പേരുകൾ നെപ്പോളിയൻ ഓർത്തിരുന്ന് അവരെ പേരു ചൊല്ലിവിളിച്ചാണ് നിർദേശങ്ങൾ നൽകിയിരുന്നത്. സ്വാമിവിവേകാനന്ദൻ വിദ്യാർഥിയായിരുന്നപ്പോൾ പുസ്തകശാലയിൽ നിന്ന് 600 പേജുള്ള പുസ്തകം എടുത്ത് രണ്ടു മണിക്കൂറുകൾ കൊണ്ട് വായിച്ച് തിരികെ നൽകി. ലൈബ്രേറിയന് ഒരു സംശയം. വിവേകാനന്ദൻ പുസ്തകം വായിച്ചിട്ടുണ്ടോ? അദ്ദേഹം പുസ്തകത്തിൽ നിന്ന് ഒട്ടേറെ ചോദ്യങ്ങൾ വിവേകാനന്ദനോട് ചോദിച്ചു. അവയ്ക്കെല്ലാം അദ്ദേഹം കൃത്യമായ മറുപടിയും നല്‍കി.

അപ്പോള്‍ ചിലർക്കുള്ളതാണോ ഓർമയുടെ ഈ നക്ഷത്ര കാന്തി. ആർക്കും പരിശീലനം കൊണ്ട് ഓർമശക്തി വർധിപ്പിക്കുവാൻ കഴിയുമെന്ന് പങ്കുവയ്ക്കുകയാണ് ഈ പുസ്തകത്തിൽ. ഓർമയുടെ അറകൾ നിറയ്ക്കാൻ കഴിയുന്ന പ്രായോഗിക നിർദേശങ്ങൾ, ഓർമശക്തി വർധിപ്പിക്കുവാൻ സഹായിക്കുന്ന ടെക്നിക്കുകൾ എല്ലാം പുരാണങ്ങളിൽ നിന്നും ഇതിഹാസങ്ങളിൽ നിന്നുമുള്ള കഥകളുടെ പിൻബലത്തോടെ അതീവഹൃദ്യമായി അവതരിപ്പിക്കുന്ന പുസ്തകം. 

കുട്ടികളുടെ ബുദ്ധിശക്തി വർധിപ്പിക്കാൻ ആഹാരപദാർഥങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് പറയുകയാണ് ഒന്നാം അധ്യായത്തിൽ. അതുപോലെതന്നെ ഏതൊക്കെ ഭക്ഷണ പദാർഥങ്ങൾ ഉപേക്ഷിക്കണമെന്നും.

‘ബുദ്ധിശക്തി വർദ്ധിപ്പിക്കണമെങ്കിൽ’ എന്ന രണ്ടാം അധ്യായം കുട്ടികളും രക്ഷകർത്താക്കളും അറിയേണ്ട വസ്തുതകളാണ് വിവരിക്കുന്നത്. പഠനമുറി കുട്ടികളുടെ പഠനത്തെ വളരെ സ്വാധീനിക്കും. നല്ല കാറ്റും വെളിച്ചവും ഉണ്ടോ എന്ന് ഉറപ്പു വരുത്തണം. ഏറ്റവും കൂടുതൽ ബൗദ്ധികശേഷി ഉണ്ടാകുന്നത് രാവിലെ 3 മണിമുതൽ 6 മണിവരെയാണ്. കുറയുന്നതാകട്ടെ ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെയും. അതിനാൽ പഠനം രാവിലെ ആക്കണം. ഏതു ദിശയിലിരുന്നാണ് പഠിക്കേണ്ടത് എന്നും ഈ അധ്യായത്തിൽ വിവരിക്കുന്നു. 

ആഹാരവും വെള്ളവും കുട്ടികൾക്ക് നൽകുന്നതിനെക്കുറിച്ചുള്ള ഭാഗത്ത് പറയുന്നു. ‘‘ഒരു മനുഷ്യൻ അഞ്ചു മണിക്കൂർ തൂമ്പയെടുത്ത് കിളച്ചാൽ എത്ര ഊർജം ചെലവാകുമോ അത്രയും ഊർജം ഒരു മണിക്കൂർ പഠിക്കുമ്പോൾ ആവശ്യമാണ്. അതുകൊണ്ട് പഠിക്കുമ്പോൾ അതിനു തക്ക ഊർജം നാം സമാഹരിച്ചിരിക്കണം. ഒരു കുട്ടി ഒന്നര മണിക്കൂർ പഠിക്കണമെങ്കിൽ‌ ഏഴു മണിക്കൂർ കായികാധ്വാനത്തിനാവശ്യമായ ഊർജം തലച്ചോർ ചെലവാക്കിയിരിക്കുകയാണ്. പല മാതാപിതാക്കളും ഇത് അറിയാതെയാണ് കുട്ടികളോട് ഇടപെടുന്നത്. 

അരിസ്റ്റോട്ടിലിന്റെ അടുക്കൽ ഒരു അമ്മ തന്റെ കുട്ടിയുമായി ചെന്നു. ഇവനെ ഇപ്പോൾ പഠിപ്പിക്കാൻ വിടാമോ എന്ന് അന്വേഷിച്ചു.  അരിസ്റ്റോട്ടില്‍ ഇവന് എന്തു പ്രായമായി എന്ന് ചോദിച്ചു. ‘അഞ്ചു വയസ്സ്’ അമ്മ പറഞ്ഞു. അപ്പോൾ അരിസ്റ്റോട്ടിൽ ‘അമ്മേ അഞ്ചു വയസ്സ് താമസിച്ചു പോയല്ലോ’ എന്ന് മറുപടിയും പറഞ്ഞു. ആധുനിക ശാസ്ത്രം പറയുന്നത് ‘ഒരു കുട്ടി ഗർഭത്തിൽ ഉരുവായി എൺപത്തി ഒൻ‌പത് ദിവസങ്ങൾ കഴിയുമ്പോൾ തലച്ചോറിന്റെ ആദ്യ കോശ വിഭജനം ആരംഭിക്കുന്നു. ‘അതായത് ആ സമയം മുതൽ ശ്രദ്ധിച്ചെങ്കിൽ മാത്രമേ ബുദ്ധിയും ഓർമ്മശക്തിയുമുള്ള കുട്ടി ജനിക്കുകയുള്ളൂ.’ ഗർഭം മുതൽ പന്ത്രണ്ട് വയസ്സു വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന മൂന്നാം അധ്യായത്തിൽ ഗർഭകാലം കുഞ്ഞിന്റെ ബുദ്ധിശക്തിയുടെ വളർച്ചയുടെ കാലമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ‘ഗർഭിണി ആയിക്കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് നല്ല രീതിയിൽ തലച്ചോർ പ്രവർത്തിക്കാൻ പാകത്തിൽ ഒരു കോഴ്സിനു ചേരുക എന്നതാണ്.’ തകൃതിയായി പഠിക്കണമെന്ന് പ്രത്യേകം സൂചിപ്പിക്കുന്നു. 

ബുദ്ധിശക്തി വർദ്ധിപ്പിക്കേണ്ട ടെക്നിക്കുകൾ തുടർന്നുള്ള അധ്യായങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ഇവയിൽ ആദ്യത്തേത് നെപ്പോളിയൻസ് കബോർഡ് ടെക്നിക്കാണ്. നമ്മുടെ തലച്ചോറിൽ പല അറകളുണ്ട്. ഇവയിൽ ഒരു സമയം ഏതാണ്ട് പത്തു കോടി വിവരങ്ങൾ ശേഖരിച്ചു വെയ്ക്കാം. ആൽബർട്ട് ഐൻസ്റ്റീൻ കഷ്ടിച്ച് 30 ലക്ഷത്തിൽ താഴെ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. 

നെപ്പോളിയൻ സൈനികരെ ഓർത്തിരിക്കുന്ന ടെക്നിക്ക് നേടിയത് ആളിന്റെ പേരും രൂപവും ഒരുമിച്ച് തലച്ചോറിൽ ശേഖരിച്ചു വെയ്ക്കും. ഇതേ രീതിയിലുള്ള കണക്ടഡ് മെമ്മറി ഉപയോഗിച്ച് പാഠഭാഗങ്ങൾ ഓർത്തിരിക്കാൻ കഴിയുമെന്ന് ഗ്രന്ഥകർത്താവ് ഓർമിപ്പിക്കുന്നു.

ടോയാൻബീസ് ക്രോണോളജിക്കൽ ടെക്നിക്കാണ് അടുത്തത്. വിശ്വപ്രസിദ്ധ ചരിത്രകാരൻ ആർനോൾഡ് ടോയൻബി ഓർമയുടെ അറകളിൽ അടുക്കടുക്കായി വിവരങ്ങൾ ശേഖരിച്ചതിന്റെ വിവരണം. വരകൾ വരച്ച് വിവരങ്ങൾ ശേഖരിക്കുന്ന രീതി. ഇതിലാണ് അദ്ദേഹം ചരിത്രത്തിന്റെ നാൾവഴികൾ അടുക്കി വച്ചത്. ആർക്കും പരിശീലിക്കാവുന്ന മാർഗം. 

ന്യൂട്ടന്റെ സിംടാക്സിങ്ങാണ് അടുത്തത്. ഈ പ്രശസ്ത്ര ശാസ്ത്രജ്ഞന് പല കാര്യങ്ങളും ഓർത്തിരിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രകാശം പ്രിസത്തിലൂടെ കടത്തിവിട്ടപ്പോൾ കണ്ട മഴവില്ലിന്റെ നിറങ്ങൾ അടുക്കായി ഓർത്തിരിക്കാൻ കഴിയാത്ത ന്യൂട്ടന്റെ ഓർമക്കുറവിന് ശിഷ്യൻ കണ്ടെത്തിയ നിർദേശം സിംടാക്സിങ്. നിറങ്ങൾ VIBGYOR എന്ന രീതിയിൽ ഓർക്കാൻ കഴിയും. ഇതാണ് സിംടാക്സിങ്. ദീർഘമായ അറിവുകള്‍ വളരെ ലളിതമായ രീതിയിൽ ഓർമയിൽ സൂക്ഷിക്കുവാൻ കഴിയും. പാഠഭാഗങ്ങൾ ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന രീതി. 

പാരലൽ തിങ്കിങ്ങിനെക്കുറിച്ച് മനോഹരമായ ഒരു അധ്യായമുണ്ട്. 

‘‘ഏതു കാര്യവും പഠിക്കണമെങ്കിൽ‌ അതു വെറും ഫാക്റ്റുകളായി പഠിക്കാതെ ഒരു ചോദ്യോത്തരമായോ അല്ലെങ്കിൽ വൈരുദ്ധ്യം കണക്റ്റ് ചെയ്തു കൊണ്ടോ അതുമല്ലെങ്കിൽ നിരൂപണരീതിയിലോ പഠിച്ചാൽ കാര്യങ്ങൾ വേഗത്തിൽ ഓർത്തിരിക്കുമെന്ന് ഈ അധ്യായത്തിൽ പറയുന്നു. 

സിംബല്‍ മാപ്പിങ്, വാൾചാര്‍ട്ടിങ് തുടങ്ങിയ പല ടെക്നിക്കുകളും ഇതിൽ പങ്കുവെയ്ക്കുന്നു. ബ്രെയിൻ സ്റ്റോമിങ്, കംപാരറ്റീവ് അനാലസീസ്, സ്പീഡ് റീഡിങ് തുടങ്ങിയ അധ്യായങ്ങളും ഉണ്ട്. 

കഥകളും ഉപകഥകളുമായി പുരോഗമിക്കുന്ന ഈ പുസ്തകത്തിലെ ഓരോ പേജും നമ്മെ വായിപ്പിക്കുകയല്ല. അനുഭവിപ്പിക്കുകയാണ് എഴുത്തുകാർ ചെയ്യുന്നത്. കുട്ടികൾക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നിടാൻ സഹായിക്കുന്ന ഈ കൃതി കുട്ടികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കു മെല്ലാം ഒരു പോലെ പ്രയോജനം ചെയ്യുമെന്ന് നിസംശയം പറയാൻ കഴിയും. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review