Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അട്ടഹസിക്കാത്ത അട്ടിമറികൾ...

വീടുവിട്ടിറങ്ങിയ ഉണ്ണികൾ എഴുതിയ കഥകളല്ല വാങ്കിൽ. ആദർശവൽക്കരണമോ രക്തസാക്ഷിത്വ പരിവേഷമണിയലോ ഇവിടെയില്ല. പലവ്യഞ്ജനപ്പട്ടിക പോലെ രാഷ്ട്രീയത്തെ എണ്ണിയെണ്ണി പറയുന്നതിലല്ല, ഉച്ചകോടിയിലേക്ക് സ്വരത്തെ പറത്തിവിടുന്നതിലല്ല, വ്യഞ്ജിപ്പിക്കുന്നതിലാണ് ഇൗ കഥകളുടെ തൻമ. ആളലല്ല അടക്കമാണ് ഇതിന്റെ പൊരുൾ. പ്രകടമായി, വാചാലമായി രാഷ്ട്രീയം സംസാരിക്കുന്നില്ല ഇൗ കഥകൾ. എന്നാൽ രാഷ്ട്രീയമേ പറയുന്നുള്ളൂ താനും. സൂക്ഷ്മരാഷ്ട്രീയത്തിന്റെ വിവേകമാണ് ഉണ്ണി ആറിന്റെ കഥകളെ അസാധാരണമായ വായനാനുഭവമാക്കുന്നത്. ഭൂമിയുടെ ചെറിയ ശബ്ദങ്ങളിലേക്ക് കാതുതാഴ്ത്തിവയ്ക്കുകയെന്ന ദൗത്യം ഗംഭീരമാക്കുന്നു വാങ്കിലെ കഥകൾ. സബാൾട്ടേൺ ആയ രാഷ്ട്രീയത്തിന്റെ പശിമരാശിയുള്ള മണ്ണിലേ മണ്ണിര പോലൊരു കഥയുണ്ടാകൂ.

ആത്മരതിയുടെ സാമൂഹികമാധ്യമാഘോഷങ്ങൾ നടത്തുന്നവർ എഴുത്തുകാരായി ആഘോഷിക്കപ്പെടുന്ന കാലമാണിത്. ശരാശരിക്കും താഴെയാണ് ഇക്കാലത്തിന്റെ ശരി. വായനാഭിരുചിയും അങ്ങനെത്തന്നെ.  സാമൂഹികമാധ്യമ പൈങ്കിളിക്ക് മുഖ്യധാരയിൽ പോലും സ്വീകാര്യത ലഭിക്കുകയും എഴുത്തുകാരായി അവർ വാഴ്ത്തപ്പെടുകയും ചെയ്യുന്നു. പ്രകടമായ കെട്ടിച്ചമയങ്ങൾ കഥയിൽ നിരത്താൻ എഴുത്തുകാർ പ്രലോഭിപ്പിക്കപ്പെടുന്നു. തങ്ങളുടെ രാഷ്ട്രീയത്തെ, നിലപാടുകളെ ഉച്ചത്തിൽ പറഞ്ഞില്ലെങ്കിൽ എന്നുടെ ഒച്ച കേട്ടുവോ വേറിട്ടെന്ന് അവർക്കു സന്ദേഹിക്കേണ്ടി വരുന്നു. ഇത്തരമൊരു പ്രകരണത്തിൽ വേണം ഉണ്ണിയുടെ കഥകൾ വായിക്കാൻ. 

ഏറെ ആഘോഷിക്കപ്പെട്ട ഒരു എഴുത്തുകാരൻ ജനപ്രിയ അഭിരുചികൾക്കു വഴങ്ങാതെ, അതിന്റെ കെട്ടുകാഴ്ചകൾക്ക് അടിപ്പെടാതെ തന്റേടത്തോടെ മാറിനിൽക്കുന്നതിന്റെ സാക്ഷ്യങ്ങളാണ് വീട്ടുകാരൻ, മണ്ണിര, സോദ്ദേശ കഥാഭാഗം തുടങ്ങിയ കഥകൾ. കാവ്യാനുശീലനമുള്ളവർക്കു മാത്രം പൂർണമായും അഴിച്ചെടുക്കാനാവുന്ന കഥയാണ് വീട്ടുകാർ. ‘ബാഹുകദിനമുന്തിക്കഴിച്ച’ കവിയുടെ, ആ കവിതകളുടെ പുനർവായനയാണിത്. സൂക്ഷ്മസംവേദനക്ഷമതയുള്ളവരോടാണ് ഇൗ കഥകൾ സംവദിക്കുന്നത്. അവരുടെ തോളിൽ കയ്യിട്ടാണ് നടപ്പ്. അല്ലാതെ അകന്നുമാറി നിന്ന് കർതൃത്വത്തെ അപ്രാപ്യമായൊരു സവിശേഷ അധികാര മേഖലയാക്കുന്നില്ല. ബലംപിടിത്തങ്ങളില്ലാതെ അനായാസസുന്ദരമായി ഇതിലെ മനുഷ്യർ സംസാരിക്കുകയും ജീവിക്കുകയും ചെയ്യുന്നു. 

റസിയയുടെ വാങ്കുവിളിയുടെ സൂക്ഷ്മസ്വരഭേദങ്ങൾ എത്രയാണ്. മറ്റൊരു വാങ്കുവിളി ഇത്ര ശക്തമായി കാതിൽ മുഴങ്ങിയത് ഖസാക്കിൽ അള്ളാപിച്ചാ മൊല്ലാക്ക വാങ്കു വിളിച്ചപ്പോഴാകണം. ഒരാണും പെണ്ണും കാടിനകത്തേക്കു കയറുന്നതു കണ്ടു പിന്തുടരുന്ന ചെറുപ്പക്കാരുടെ കാലുകളെ നിശബ്ദമാക്കിക്കൊണ്ടാണ് റസിയയുടെ വാങ്കുവിളി മുഴങ്ങുന്നത്. പച്ചയുടെ ഇരുട്ടിൽ, നൂറ്റാണ്ടുകളുടെ തിരകൾ തൊട്ടു തെളിയിച്ച ആ നാദം ആകാശത്തിന്റെ തുഞ്ചത്തും മണ്ണിന്റെ ആഴത്തിലേക്ക് ഉയരം വച്ച വേരുകളിലും തൊട്ടു എന്ന് ഉണ്ണി എഴുതുന്നു. തൊണ്ണൂറുകൾക്കു ശേഷമുള്ള മലയാള ചെറുകഥയുടെ ഭാഗധേയങ്ങളിൽ ഉണ്ണിയുടെ രചനകൾ വഹിച്ച പങ്ക് വലുതാണ്. ആവർത്തിക്കാതിരിക്കാനുള്ള ഒൗചിത്യത്തിലൂടെ, പരാജയങ്ങളെ ഭയക്കാതെ, ജനപ്രിയതയിൽ അഭിരമിക്കാതെ അയാൾ എഴുതുന്നു. ആർപ്പുവിളികളും അട്ടഹാസങ്ങളുമില്ലെന്നെയുള്ളൂ, വലിയ അട്ടിമറികളാണ് ആ കഥകൾ സാധിച്ചുകൊണ്ടിരിക്കുന്നത്. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.