Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകൾകൊണ്ടൊരു ചിരിപുസ്തകം

ഹോംലി മീൽസ്, പേരു തന്നെ ഒരുതരം ഗൃഹാതുരതയുടെ സുഖം ഉണർത്തുന്നില്ലേ? ഏതോ സിനിമ പേരിനെ ഓർമിപ്പിക്കുമ്പോഴും ഹോംലി മീൽസ് എന്നാൽ ആദ്യം വരുന്ന മുഖം രാജീവ് പണിക്കരുടേത് തന്നെയാണ്. പണിക്കത്തി എന്ന പേരിൽ രാജീവ് ബ്ലോഗ് എഴുതി തുടങ്ങിയിട്ട് വർഷങ്ങളായി. എത്രയോ വർഷം മുൻപുള്ള അനുഭവങ്ങളെയും കാഴ്ചകളെയും വളരെ രസകരമായ അനുഭവങ്ങളാക്കി മാറ്റി പണിക്കത്തി അത്രയും തന്നെ വർഷങ്ങളായി വായനക്കാരെ രസിപ്പിച്ചു കൊണ്ടും ചിന്തിപ്പിച്ചുകൊണ്ടുമിരിക്കുന്നു. അതേ പണിക്കത്തി തന്നെയാണ് ഇപ്പോൾ ഹോംലി മീൽസ് എന്ന പേരിൽ പുസ്തകമായി കയ്യിലെത്തിയിരിക്കുന്നത്. പുസ്തകമാകുമ്പോൾ ആധികാരികത കുറച്ചു കൂടി വർധിച്ചിട്ടുണ്ടാകണമല്ലോ, എഴുത്തിന്റെയും എഴുത്തുകാരന്റെയും, അതുകൊണ്ടു തന്നെ പുസ്തകങ്ങൾ ചർച്ചകയാകേണ്ടതുമുണ്ട്. 

പണിക്കരുടെ കത്തിയായി പണിക്കത്തി എന്ന് ടാഗ് ലൈനിൽ രാജീവ് പുസ്തകത്തെ അടയാളപ്പെടുത്തുന്നു. സംഭവം സത്യമാണ്, ഒരുതരം കത്തിയടി തന്നെയാണ് രാജീവിന്റെ ഭാഷ. വളരെ രസകരമായി നമ്മളോട് സംസാരിക്കുന്ന സുഹൃത്തുക്കളില്ലേ, എന്ത് അനുഭവം വന്നാലും അവർ അത് അവതരിപ്പിക്കുന്ന വിധം വ്യത്യസ്തമായിരിക്കും, ഒരു വിഷയത്തെ തന്നെ വ്യത്യസ്തമായി അവതരിപ്പിക്കാമല്ലോ. അത്തരത്തിൽ സങ്കടകരമായ ഭീകര അനുഭവങ്ങളെ പോലും ഒരു കത്തിയുടെ രൂപത്തിൽ ചിരിക്കാൻ ഉതകുന്ന വിധത്തിൽ രാജീവ് അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഹോംലി മീൽസിന്റെ പ്രാധാന്യം.

ഇരുപത്തിയൊൻപത് അനുഭവക്കുറിപ്പുകളാണ് ഹോംലി മീൽസിൽ ഉള്ളത്. അതിൽ എല്ലാം തന്നെയും രാജീവിന് ഏറെ പരിചിതമായ ഇടങ്ങളാണ്, അതായതു ഒന്നും എഴുത്തുകാരൻ എഴുതാൻ വേണ്ടി എഴുതിയതേയല്ല, പകരം സ്വന്തം ജീവിതത്തിലെ സത്യസന്ധമായ അനുഭവത്തെ രസകരമായി പകർത്തിയെഴുതി എന്നു മാത്രം.

എപ്പോഴാണ് ചിരിയിൽ ചിന്തയുണ്ടാവുക? ഒരു വായനയിൽ ആദ്യ തവണ ചിരി തോന്നുകയും ഒന്നുകൂടി അത് മനനം ചെയ്യുമ്പോൾ അതിലെന്തോ ഉണ്ടല്ലോ എന്ന തോന്നൽ ഉണ്ടാവുകയും ചെയ്യാം. അങ്ങനെ മനനം ചെയ്യപ്പെടാൻ നിർബന്ധിക്കുന്ന എഴുത്തുകളാണ് ചിരിയിലും ചിന്തയുണ്ടാക്കുന്നത്. ഹോംലി മീൽസ് അത്തരം ചിരിയും ചിന്തയും ആവശ്യത്തിന് വായനയിൽ പകർന്നു നൽകുന്നുണ്ട്. അല്ലെങ്കിൽ വാലിന്റെ പോലെയൊരു എഴുത്ത് ഉണ്ടാകുമായിരുന്നില്ലല്ലോ. വാലെന്റൈൻസ് ഡേയ്ക്ക് പതിവിനു വിരുദ്ധമായി ഭാര്യയ്ക്ക് ചെറിയൊരു സമ്മാനം നൽകണമെന്ന എഴുത്തുകാരന്റെ മോഹമാണ് ദിവസത്തിന്റെ ഒടുവിൽ തകർന്നടിഞ്ഞു വീഴാൻ വെമ്പി നിന്നത്, പക്ഷേ സമയം കഴിഞ്ഞെങ്കിലും മുഖം വീർപ്പിച്ച് നിന്ന ഭാര്യയുടെ മുന്നിലെത്തിയപ്പോൾ അയാളുടെ കയ്യിലൊരു വിലപിടിപ്പുള്ള പ്രണയ ദിന സമ്മാനമുണ്ടായിരുന്നു. എന്നാൽ അതുവരെ എഴുത്തുകാരൻ അനുഭവിച്ച ദുരന്ത പർവം... പക്ഷേ ഇത്ര തീവ്രമായ അനുഭവത്തെ ഏറ്റവും ലഘൂകരിച്ചും സ്വയം പരിഹാസ രൂപത്തിലുമാണ് രാജീവ് അവതരിപ്പിച്ചിരിക്കുന്നത് എന്നു കാണുമ്പോൾ അവിടെ എഴുത്തുകാരനെ നാം മനസ്സിലാക്കണം. അത്രയെളുപ്പമല്ല, ഒരു തീവ്രമായ വിഷയത്തെ ലഘൂകരിക്കുക എന്നത് എന്നതാണ് ഏറ്റവും ആഴമേറിയ സത്യം. അതിൽ രാജീവ് വിജയിച്ചിരിക്കുന്നു.

ജീവിതത്തിൽ സംഭവിച്ച ചെറുതും വലുതുമായ കഥകളാണ് ഹോംലി മീൽസിലുള്ളത്. കോളജിൽ നിന്ന് ടൂർ പോയപ്പോൾ മദാമ്മയെ വളച്ചതും അരിയും സാധനങ്ങളും തൂക്കി പിടിച്ച് 'അമ്മ വീട്ടിലേയ്ക്കുള്ള യാത്രയും ഓഫീസിൽ നിന്ന് ലഭിച്ച ചില പണികളുടെ കഥയും ഒക്കെ എത്ര രസകരമായി വായനയെ സ്വാധീനിക്കുന്നു! 

"എഴുത്തിൽ സാഹിത്യകാരന്റെ ക്യാമറകൾ വായനക്കാരനെ ബോറടിപ്പിക്കുന്ന കാലത്ത് തെല്ലും കുളിരില്ലാതെ കുളത്തിലേക്ക് എടുത്തു ചാടുന്ന എഴുത്തുകാരനാണ് രാജീവ് പണിക്കരെന്ന്" അവതാരികയിൽ ബെർളി തോമസ് സാക്ഷ്യപ്പെടുത്തുന്നു. വായനയുടെ ഇടയിൽ പലതും അയ്യോ ഇതെന്റെ ജീവിതത്തിലും ഉണ്ടായതാണല്ലോ എന്ന് ബെർളിയും അനുസ്മരിച്ച് പോകുന്നു. ആ തിരിച്ചറിവിലാണ് ഓരോ വായനക്കാരനെയും ഹോംലി മീൽസ് കൊണ്ടെത്തിക്കുന്നത്. 

എവിടെ വച്ചോ എങ്ങനെയൊക്കെയോ എഴുത്തുകാരന് കൈമോശം വന്ന അനുഭവങ്ങളുടെ എഴുത്തു രൂപമാണ് ഹോംലി മീൽസ് എന്നു രാജീവ് തന്നെ എഴുതി ചേർക്കുന്നു. കുട്ടിക്കാലത്തെ സങ്കടങ്ങളുടെയും അനുഭവങ്ങളുടെയും വിവരങ്ങൾ വർഷങ്ങൾക്കു ശേഷം എഴുതുമ്പോൾ അത് സരസമായി അനുഭവപ്പെടാം എന്ന തത്വശാസ്ത്രം ഇവിടെ പ്രയോഗികമാക്കപ്പെട്ടിരിക്കുന്നു. രാജീവിന്റെ അച്ഛന്റെ സൈക്കിൾ വാങ്ങിക്കൊണ്ടു പോയ സുഹൃത്തിനെ കാണാൻ നാളുകൾക്കു ശേഷം കൂട്ടുകാരന്റെ വീട്ടിൽ എത്തിച്ചേർന്ന രാജീവിനും അച്ഛനും വീണ്ടും പഴയ സൈക്കിൾ കാണാൻ കിട്ടിയ "സൈക്കിൾ " എന്ന കഥയനുഭവം ഒരിത്തിരി വേദന എവിടെയൊക്കെയോ നിറച്ചു. കുറുമ്പിന്റെയും കുസൃതിയുടെയും കാലമാണ്, തന്നിൽ നിന്നും നഷ്ടപ്പെട്ട സൈക്കിൾ തന്നെപോലെയുള്ള മറ്റൊരു കുട്ടിയുടെ കയ്യിൽ കണ്ട കുഞ്ഞു രാജീവിന് അതു സഹിക്കാൻ കഴിയുന്നില്ല, ആകെ ചെയ്തത് ടയറിന്റെ കാറ്റ് ഊരി വിടുകയും വാൽവ് ട്യൂബ് ദൂരെ കളയുകയുമാണ്. ഇത്രേ ഞാൻ ചെയ്തുള്ളൂ, അതിനാ അവരെന്നെ.... എന്ന മട്ടിൽ രാജീവ് സൈക്കിൾ കഥ പറഞ്ഞവസാനിപ്പിക്കുമ്പോൾ നിഷ്കളങ്കതയ്ക്കു മുകളിൽ ഒരു സങ്കടം ചിറകു വിരിക്കുന്നു.

എന്നു സ്നേഹപൂർവം, പെരും തച്ചൻ, മറന്നു പോയതാണേ, തുടങ്ങിയ അനുഭവങ്ങൾ ചില നിമിഷങ്ങളെ ഓർമിപ്പിക്കും. ഹോംലി മീൽസിന്റെ വായന സുഖകരമാണ്, ഒരു തട്ടും തടയുമില്ലാതെ അതിങ്ങനെ ആദ്യ വായനയിൽ ചിരിപ്പിച്ചു കൊണ്ടേയിരിക്കും. പക്ഷേ, വായന കഴിഞ്ഞു പുസ്തകം താഴെ വച്ചാലും എന്നാലും അങ്ങനെ ആലോചിക്കാൻ പാടുണ്ടോ? അങ്ങനെ ചെയ്യാൻ പാടുണ്ടായിരുന്നോ എന്നു ചോദിക്കാൻ തോന്നും. പക്ഷേ, അത്തരം രണ്ടാമത് വരുന്ന ചോദ്യങ്ങളെല്ലാം തന്നെ നമുക്ക് നമ്മളോട് തന്നെയുള്ള ചോദ്യങ്ങളാണ്. അത് തന്നെയാവും രാജീവിലെ എഴുത്തുകാരനും ആഗ്രഹിച്ചിട്ടുണ്ടാവുക.

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review