Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിലക്കപ്പെട്ട പ്രണയത്തിലെ പ്രതിനായകൻ; കാഫ്ക വീണ്ടും ചർച്ചയാകുമ്പോൾ

നീയെന്നെ ഓർമിക്കുമെങ്കിൽ ഒരു മറവിയും ഞാൻ കാര്യമാക്കുന്നില്ല... എന്റെ സംഗീതം നിന്നിൽ ജീവിക്കുവോളം ഞാൻ അനശ്വര. 

പതിനഞ്ചുകാരൻ കാഫ്ക മധ്യവയസ്ക സെയ്കിയുടെ വാക്കുകൾക്കു ചെവിയോർത്തു. അവർ തീവ്രമായ പ്രണയത്താൽ ബന്ധിക്കപ്പെട്ടവർ. പരസ്പരം കൈമാറിയ കാമുകീ–കാമുകൻമാർ. 

എന്നിട്ടും കാഫ്കയ്ക്കു സെയ്കിയോടു ചോദിക്കാതിരിക്കാനായില്ല. 

നിങ്ങൾ എന്റെ അമ്മ തന്നെയല്ലേ...? 

ഉത്തരം നിനക്കറിയാമെന്നിരിക്കെ എന്തിനാണ് ആ ചോദ്യം...

കാഫ്കയുടെ ചോദ്യത്തിൽ എല്ലാമുണ്ട്; ഒരു കൗമാരക്കാരന്റെ പ്രണയമത്രയും. ഉപേക്ഷിക്കപ്പെട്ടിട്ടും തിരിച്ചെടുത്ത അമ്മയോടുള്ള വാത്സല്യമത്രയും. ഇനി വരാനിരിക്കുന്ന ദിവസങ്ങളിൽ ശക്തിയും ചൈതന്യവുമാകുന്ന പ്രചോദനമത്രയും. 

സെയ്കിയുടെ മറുപടിയിലുമുണ്ട് ഒരമ്മയ്ക്ക് മകനോടുള്ള സമുദ്രവാത്സല്യം. സ്ത്രീയുടെ ശമനമില്ലാത്ത പ്രണയത്തിന്റെ ചൂടും ചൂരും. നഷ്ടപ്പെട്ടിട്ടും തിരിച്ചെടുത്ത കാമുകനെ വലിച്ചടുപ്പിക്കുന്ന മന്ത്രികത. 

അമ്മയും മകനുമാണ് സെയ്കിയും കാഫ്കയും. അവർ കാമുകി– കാമുകൻമാരുമാണ്. വിലക്കപ്പെട്ടതെന്നു പറയാവുന്ന അഗമ്യഗമനത്തിലൂടെ പ്രണയത്തിലെ പാപത്തെ വിശുദ്ധമാക്കുകയാണു കാഫ്കയുടെ ജീവിതം. പാപത്തിൽ അന്തർലീനമായിരിക്കുന്ന പ്രണയത്തിന്റെ ദിവ്യാത്ഭുതത്തെ വെളിപ്പെടുത്തുകയും. 

പാപത്തിന്റെ അംശം പോലുമില്ലാത്ത പ്രണയമുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം തേടലാകുന്നു കാഫ്ക ഓൺ ദ് ഷോർ. ജാപ്പനീസ് എഴുത്തുകാരൻ ഹരുകി മുറകമിയുടെ മാസ്റ്റർപീസ് നോവൽ. 

പ്രണയിനിയിൽ അമ്മയെക്കൂടി കാണാത്ത കാമുകനുണ്ടോ. സഹോദരിയുടെ നിഷ്കളങ്ക സ്നേഹം പ്രണയിനിയിൽനിന്ന് ആഗ്രഹിക്കാത്ത കാമുകരുണ്ടോ. കാഫ്ക എന്ന പതിനഞ്ചുകാരന്റെ പ്രണയപാപങ്ങൾ എല്ലാ പുരുഷൻമാരുടേതുമാണ്. സകുറ എന്ന പ്രണയിനിയുടെ പ്രതിബദ്ധത എല്ലാ പെൺകുട്ടികളുടേതുമാണ്. മിസ് സെയ്കി എന്ന മധ്യവയസ്കയുടെ വിഷാദവും കാത്തിരിപ്പും സാഫല്യവും എല്ലാ സ്ത്രീകളുടേതും. ഇതുവരെ ജീവിച്ച ജീവിതങ്ങളുടെയും ഇനി വരാനിരിക്കുന്ന ജീവിതങ്ങളുടെയും കൂടി ഇതിഹാസമാണു കാഫ്ക. എല്ലാ കാലത്തേക്കുമുള്ള ക്ലാസിക്. 

ആ കോവിലിൽ എങ്ങനെ എത്തിപ്പെട്ടുവെന്ന് അവനറിയില്ല. വസ്ത്രങ്ങളിലും ശരീരത്തും എങ്ങനെ രക്തം പടർന്നുവെന്നും. ഒരു മുറിവുപോലുമില്ല. സമീപത്തെങ്ങും മനുഷ്യർ പോയിട്ട് ജീവജാലങ്ങൾ പോലുമില്ല. തികച്ചും അപരിചിതമായ ഒരു സ്ഥലത്ത്, ജീവിതത്തിലാദ്യമായി എത്തിപ്പെട്ടതിന്റെ പകപ്പിനു പിന്നാലെയാണ് രക്തപ്രളയം. നിഗൂഡമായ അനുഭവത്തിൽ അകപ്പെട്ടരിക്കുകയാണ് കാഫ്ക തമുറ എന്ന പതിനഞ്ചുകാരൻ; ഒപ്പം അവനെ പിന്തുടരുന്ന വായനക്കാരും. കാഫ്കയുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരേയൊരു നിഗൂഡതയല്ല ഈ അനുഭവം. സാമാന്യബുദ്ധിക്കു നിരക്കാത്ത, യുക്തിയാൽ വ്യാഖാനിക്കാനാവാത്ത, മറ്റനേകം സംഭവങ്ങളും കാഫ്കയെ കാത്തിരിക്കുന്നു. യുക്തിയും അയുക്തിയും മാറിമറിയുന്ന, ഭാവനയും യാഥാർഥ്യയും ഇടകലരുന്ന അനുഭവങ്ങൾ. വിധിയുടെ അലംഘനീയതയും ഇഛാശക്തിയുടെ വിജയവും. അശ്ലീലം ആരോപിച്ച് ‘കില്ലിങ് കുമ്മന്തത്തോരെ’ എന്ന പുതിയ നോവലിനു ഹോങ്കോങ്ങിൽ വിലക്കു നേരിടുന്ന മുറകമിയുടെ നോവൽ അഞ്ഞൂറു പേജിൽ കൂടുതലുണ്ടെങ്കിലും ഒരു വാക്കിലോ വരിയിലോ പോലും മുഷിപ്പിക്കാത്ത, അത്ഭുതകരവും രസകരവും അതേസമയം സങ്കീർണവുമായ ആഖ്യാനമാണ്. ഹാംലറ്റ് എന്ന ഷേക്സ്പീരിയൻ കൃതി വായിച്ചിട്ടില്ലാത്തവർ ഇരുണ്ടഗുഹയിൽ ജീവിക്കുന്നവരാണെന്നു കാഫ്കയിൽ ഒരു കഥാപാത്രം പറയുന്നുണ്ട്. ഹാംലറ്റ് പോലെ ആധുനിക സാഹിത്യം ലോകത്തിനു സമ്മാനിച്ച ക്ലാസ് തന്നെ കാഫ്ക ഓൺ ദ് ഷോർ. 

ഇംഗ്ലിഷിൽ കാഫ്ക പുറത്തുവരുന്നത് 2005ൽ – ജാപ്പനീസ് ഭാഷയിൽനിന്ന് അതിമനോഹരമായി വിവർത്തനം ചെയ്തതു ഫിലിപ് ഗബ്രിയേൽ. വായിച്ചവരുടെയെല്ലാം പ്രിയം നേടിയ കൃതി വൈകി വായിച്ചപ്പോൾ ആദ്യം തോന്നിയതു നഷ്ടബോധം. ഇത്രനാളും മഹത്തായ ഒരു കൃതി വായിക്കാതെ മാറ്റിവച്ചുവല്ലോ എന്ന വിഷാദം. നിയോഗങ്ങളുടെ പുസ്തകം എന്നു വിളിക്കാവുന്ന കാഫ്കയിൽ സംഭവിക്കുന്ന യാദൃഛികത തന്നെയായിരിക്കാം ഇനിയും വൈകാതെ കാഫ്ക വായിക്കാൻ പ്രേരിപ്പിച്ചതും. 

കാഫ്കയുടെ ഒന്നാമധ്യായത്തിൽത്തന്നെയുണ്ട് ഒരു ജൻമദിനാശംസ.  ഒരു പതിനഞ്ചുകാരനു ലഭിക്കുന്ന ആശംസ. കാക്ക എന്നു വിളിക്കപ്പെടുന്ന കുട്ടിയാണ് ആശംസ നേരുന്നത്. നോവൽ തുടങ്ങുന്നതും അവസാനിക്കുന്നതും കാക്കയുടെ ആഖ്യാനത്തിൽ. കാക്ക എന്നു വിളിക്കപ്പെടുന്ന കുട്ടി യാഥാർഥ്യമല്ലെന്നും കാഫ്ക എന്ന പതിഞ്ചുകാരന്റെ ഭാവന മാത്രമാണെന്നും നോവൽ പുരോഗമിക്കുമ്പോൾ മനസ്സിലാകുന്നു. കാക്ക കാഫ്കയുടെ മനസാക്ഷിയാണ്. ചെക്ക് ഭാഷയിൽ കാഫ്ക എന്ന വാക്കിനർഥം കാക്ക എന്നാണ്. എന്തു പറയണമെന്ന സംശയം നേരിടുമ്പോൾ, എന്തു ചെയ്യണമെന്ന അനിശ്ചിതത്വത്തിലാകുമ്പോൾ കാഫ്ക കാക്കയെ തിരയുന്നുണ്ട്. കാഫ്കയുടെ ജീവിതത്തിന്റെ കർമസാക്ഷി. കാക്കയുടെ ആശംസയും ഏറ്റുവാങ്ങി കാഫ്ക വീടു വിട്ടിറങ്ങുന്നു. താമസിച്ചിരുന്ന വലിയ വീട്ടിൽ അവനെക്കൂടാതെ ഉണ്ടായിരുന്നത് പിതാവു മാത്രം. ലോക പ്രശസ്ത ശിൽപി കോയിച്ചി തമുറ. ടൊക്യോ നഗരത്തിനു സമീപമുള്ള നൊഗാതയിലെ നകാനോ വാർഡിൽ. പിതാവിന്റെ സമ്പാദ്യത്തിൽനിന്നു കുറച്ചെടുത്ത്, അദ്ദേഹത്തിന്റെ മൊബൈൽ ഫോണും ഇഷ്ടപ്പെട്ട ലൈറ്ററും പിന്നെ കുറച്ചു വസ്ത്രങ്ങളും ഒരു ബാഗിലാക്കി നടത്തുന്ന യാത്ര. വീട്ടിൽ കണ്ടില്ലെങ്കിലും അച്ഛൻ തന്നെ അന്വേഷിക്കുകയോ തിരക്കിവരികയോ ഇല്ലെന്ന വിശ്വാസത്തിലാണ് ഒളിച്ചോട്ടം. പിതാവിൽനിന്നും വീട്ടീൽനിന്നും ജൻമനാട്ടിൽ നിന്നും മാത്രമല്ല അച്ഛന്റെ ക്രൂരമായ പ്രവചനത്തിൽനിന്നുകൂടി. അമ്മയും സഹോദരിയുമുണ്ട് കാഫ്കയ്ക്ക്. അവന്റെ ചെറുപ്പത്തിൽ സഹോദരിക്കു നാലു വയസ്സുള്ളപ്പോൾ അമ്മ സഹോദരിയെക്കൂട്ടി വീടു വിട്ടുപോയി. കൊച്ചു കുട്ടിയായ കാഫ്കയെ ഭർത്താവിനെ ഏൽപിച്ച്. സഹോദരി ദമ്പതികൾക്കു ജനിച്ച കുട്ടിയല്ല. ദത്തെടുത്തതാണ്. അവരുടെ രക്തത്തിൽപിറന്ന നേരവകാശിയും ജീവന്റെ ജീവനും കാഫ്ക മാത്രമാണ്. എന്നിട്ടും തന്റെ  ഒരേയൊരു മകനെ ഒന്നുമ്മ വയ്ക്കുക പോലും ചെയ്യാതെ, യാത്ര പോലും പറയാതെ, ഏകാധിപതിയെപ്പോലെ പെരുമാറുന്ന ഭർത്താവിന്റെ സംരക്ഷണയിലാക്കിയിട്ട് അന്ന് അമ്മ എന്തിനു വീടു വിട്ടുപോയി എന്നു കാഫ്ക പിന്നീടു പല തവണ ചിന്തിക്കുന്നുണ്ട്. അവന്റെ ഒറ്റപ്പെടലിന്റെ കാരണങ്ങളിലൊന്നും അതുതന്നെ. അച്ഛൻ കോയിച്ചി തമുറ മകനെക്കുറിച്ച് ഒരു പ്രവചനം നടത്തിയിട്ടുണ്ട്. അദ്ദേഹമതു പല തവണ ആവർത്തിച്ചിട്ടുമുണ്ട്. 

‘ഇവൻ അവന്റെ പിതാവിനെ വധിക്കും. അമ്മയോടും സഹോദരിയോടുമൊപ്പം ഉറങ്ങും’. 

കൂടെ ഉറങ്ങുക എന്നതിന്റെ അന്തരാർഥം കുട്ടിക്കാലത്തു കാഫ്കയ്ക്കു മനസ്സിലായിരുന്നില്ല. പിന്നീട് അനുഭവത്തിലൂടെ അറിയുകയും അറിവിനെ അതിലംഘിക്കുകയും ചെയ്യുന്നുണ്ട് കാഫ്ക. അഗമ്യഗമനം എന്ന വിഷയമാണ് മുറകമി കാഫ്കയിൽ കൈകാര്യം ചെയ്യുന്നത്. അതുപക്ഷേ പ്രശസ്ത ക്ളാസിക്കായ ഈഡിപ്പസിൽനിന്നു തികച്ചും വ്യത്യസ്തമായും പുതുമയോടെയും. 

ഒളിച്ചോടുന്ന ബസ് യാത്രയിൽ കാഫ്കയെ പരിചപ്പെടുന്ന പെൺകുട്ടിയോടൊത്ത് ഒരുരാത്രി അവനു കഴിയേണ്ടിവരുന്നു. അന്ന് ഒരേ കിടക്കയിൽ ഉറങ്ങി അവർ എഴുന്നേൽക്കുന്നതു സഹോദരീ–സഹോദരൻമാരായി. ബന്ധങ്ങളുടെ തീവ്രയാഥാർഥ്യങ്ങളെക്കുറിച്ചാണു കാഫ്ക എഴുതുന്നത്. ബന്ധങ്ങളെക്കുറിച്ചുള്ള അറിവാണ് എല്ലാ സദാചാര സങ്കൽപങ്ങളുടെയും അടിസ്ഥാനമെന്ന വേദനിപ്പിക്കുന്ന സത്യവും. കാഫ്കയുടെ ഒളിച്ചോട്ടവും പിന്നീടുണ്ടാകുന്ന സംഭവങ്ങളും യാഥാർഥ്യവും അതേസമയം അയഥാർഥവുമാണ്. 

ദൂരെയെവിടെയെങ്കിലും ചെന്നാൽ, പിതാവുമായി ഒരു ബന്ധവും പുലർത്താതിരുന്നാൽ പ്രവചനം തെറ്റിക്കാമെന്ന വ്യാമോഹത്തിലാണു കാഫ്കയുടെ യാത്ര. ദൂരെ ഒരു ഗ്രന്ഥശാല കാത്തിരിക്കുന്നു. അവിടെ പുസ്തകങ്ങൾക്കൊപ്പം ഒരു ജീവിതം. ആ മോഹവുമായാണ് അവൻ യാത്ര പുറപ്പെടുന്നത്. ഒരു രാത്രി ഒറ്റയ്ക്ക് ഉറങ്ങിക്കിടന്ന കാഫ്ക ഞെട്ടിയുണരുമ്പോൾ ഒരു കോവിലിന്റെ മുറ്റത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്നതായി കാണുന്നു. അതേ സമയത്തു തന്നെയാണ് കിലോമീറ്ററുകൾ അകലെ, ടോക്യോ നഗരത്തിൽ കാഫ്കയുടെ പിതാവ് കോയിച്ചി തമുറ നെഞ്ചിൽ അജ്ഞാതന്റെ കുത്തേറ്റു കൊല്ലപ്പെടുന്നതും. ഈഡിപ്പസിനെ വേട്ടയാടിയ അതേ പ്രവചനത്തിന്റെ ദുരന്തവഴിയിൽ നിന്നു മാറിനടക്കാൻ ശ്രമിച്ച കാഫ്ക കടന്നുപോകുന്ന സങ്കീർണമായ അനുഭവങ്ങളുടെ ദുരന്താഖ്യാനമായി മാറുകയാണു നോവൽ. പക്ഷേ, കോയിച്ചിയുടെ പ്രവചനവും അതിന്റെ സാഫല്യവും മാത്രമല്ല കാഫ്ക ഓൺ ദ് ഷോർ. കാണാതായ പൂച്ചകളെ തിരഞ്ഞു കണ്ടുപിടിച്ച് ഉടമസ്ഥരെ തിരികെയേൽപിക്കുന്ന നകാത, സുഹൃത്ത് ഹോഷിനോ, അതീവ സുന്ദരിയും ഗായികയും പ്രതിഭാശാലിയുമായിരുന്നെങ്കിലും 20–ാം വയസ്സിൽ കാമുകനെ നഷ്ടപ്പെട്ട് വിഷാദത്തെ വരിച്ചുജീവിക്കുന്ന മിസ് സെയ്കി,  ലൈബ്രേറിയൻ ഓഷിമോ.... കാടും കാട്ടാറും ഗ്രന്ഥാലയവും ഗ്രന്ഥങ്ങളും ചേർന്ന ഇതിഹാസം. വായിച്ചുതീർന്നാലും താഴെ വയ്ക്കാനാവാതെ ശരീരത്തിന്റെ ഭാഗം പോലെയും ആത്മാവിന്റെ അംശം പോലെയും കൂടെ കൊണ്ടുനടക്കാൻ മോഹിപ്പിക്കുന്ന മഹത്തായ കൃതി. എത്ര എഴുതിയാലും തീരില്ല കാഫ്കയെക്കുറിച്ച്. എത്ര പറഞ്ഞാലും മതിവരില്ല വിശേഷങ്ങൾ. ഇവൻ എനിക്കു പ്രിയപ്പെട്ടവൻ എന്ന് ഒരായിരം തവണ പറയാൻ പ്രേരിപ്പിക്കും കാഫ്ക. 

50 അധ്യായങ്ങൾ നീളുന്ന നോവലിലൂടെ കടന്നുപോകുമ്പോൾ പതിനഞ്ചാം വയസ്സിൽ തുടങ്ങുന്ന കാഫ്കയുടെ യാത്ര ദീർഘ വർഷങ്ങളിലൂടെയാണു പൂർത്തിയാകുന്നതെന്ന തോന്നലുണ്ടാകും. പക്ഷേ, തുടങ്ങി ഏതാനും ദിവസങ്ങൾക്കകം യാത്ര പൂർത്തിയാകുകയാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് നോവലിന്റെ അവസാനം. ഒരു കൊലപാതകത്തെത്തുടർന്നുള്ള അന്വേഷണം പ്രതിസന്ധിഘട്ടത്തിലെത്തുമ്പോഴേക്കും നോവൽ പൂർണമാകുന്നു. ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും എന്ന കൃതിയിലെ റാസ്കൾനിക്കോഫിനെ ഓർമിപ്പിക്കുന്നുണ്ട് കാഫ്ക. വലിയ എഴുത്തുകാർക്കു മാത്രം സാധ്യമായ മാനസികാപഗ്രഥനവും മനഃശാസ്ത്ര ഉൾക്കാഴ്ചയും കാഴ്ചവയ്ക്കുന്ന മുറകമി ഈ നോവലിലൂടെ പകരുന്നതു ജീവിതത്തെക്കുറിച്ചുള്ള സമഗ്രമായ അവബോധം. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.