Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായിക്കുമ്പോൾ തെളിയുന്ന സിനിമാകാഴ്ചകൾ

ഏറ്റവും മോശം എന്നാക്ഷേപിക്കപ്പെടുന്ന സിനിമ പോലും ഒരു നിമിഷത്തിലെങ്കിലും ഒരു പ്രേക്ഷകനെയെങ്കിലും രസിപ്പിക്കുന്നുണ്ട്. കൗതുകം പകരുന്നുണ്ട്. ആസ്വാദനത്തിന്റെ സാഹോദര്യം സ്ഥാപിക്കുന്നുണ്ട്. വലിയൊരു ലക്ഷ്യത്തിനായി ഒട്ടേറെപ്പേരുടെ അധ്വാനം ചെലവാക്കി നിർമിക്കപ്പെടുന്ന ചലച്ചിത്രം ആ ഒരു നിമിഷത്തിലായിരിക്കും അതിന്റെ ലക്ഷ്യത്തെ സാധൂകരിക്കുന്നത്. എങ്കിലും ഒരു ചീത്ത സിനിമ സൃഷ്ടിക്കുന്നതിനേക്കാൾ ഏറെ അധ്വാനമുണ്ട് സിനിമയെക്കുറിച്ച് എഴുതാൻ. ഒരേ കാഴ്ച കണ്ടവരോടും കേൾവി പങ്കിട്ടവരോടും ആസ്വദിച്ചവരോടുമാണ് സംവേദനം നടത്തുന്നത്. ചെറിയൊരു പിഴവു പോലും വേഗം കണ്ടെത്തപ്പെടാം. എഴുത്തുകാരന്റെ അജ്ഞതയും ബോധമില്ലായ്മയും നിലവാരവില്ലായമയും ഇരുട്ടിൽ‌ പെട്ടെന്നു തെളിയുന്ന വിളക്കുകളുടെ പ്രകാശത്തിലെന്നപോലെ വെളിപ്പെടാം. മൗലികമായ നിരീക്ഷണങ്ങളും പുതുമയുള്ള കണ്ടെത്തലുകളും പുത്തൻ കാഴ്ചകളിലേക്കുള്ള ക്ഷണവും ഹൃദയംഗമമായി സ്വാഗതം ചെയ്യപ്പെടാം. 

സിനിമയുടെ ദൃശ്യപ്രതിഷ്ഠാപനത്തെക്കുറിച്ചുള്ള എ.ചന്ദ്രശേഖറിന്റെ നിരീക്ഷണങ്ങൾ ഇന്നലെയുടെ പുകഴ്ത്തുപാട്ടുകളോ നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളോ അല്ല പങ്കുവയ്ക്കുന്നത്. ഇന്നിന്റെ സിനിമകൾ കാണുകയും ആസ്വദിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന വർത്തമാന സമൂഹത്തിന്റെ അഭിപ്രായങ്ങളും വിലയിരുത്തലുകളുമാണ്. ആശങ്കകൾ  ഉന്നയിക്കുകയാണ്. പിഴവുകൾ ചൂണ്ടിക്കാണിച്ചു തിരുത്തലുകൾക്കുവേണ്ടി വാദിക്കുകയാണ്. സർഗാത്മകമൗനങ്ങളുടെ അന്തരാർഥങ്ങൾ എന്ന ഒന്നാം അധ്യായം തന്നെ ഉദാഹരണം; നവമലയാളിയുടെ കാഴ്ചകളുടെ വെല്ലുവിളികളെ ആഴത്തിൽ പരിശോധിക്കാൻ ശ്രമിക്കുന്നു എഴുത്തുകാരൻ. 

അകിര കുറസോവയുടെ ഡ്രീംസ്– ചലച്ചിത്രപ്രണയികളുടെ പ്രിയ സിനിമകളിലൊന്ന്. കുറസോവ ഡ്രീംസ് സാക്ഷാത്കരിക്കുന്നത് അദ്ദേഹത്തിന്റെ എൺപതാം വയസ്സിൽ. കെന്നത്ത് ചാൾസ് ലോച്ച് 82–ാം വയസ്സിൽ സംവിധാനം ചെയ്ത ചിത്രം കാനിൽ പാം ഡി ഓർ നേടി – ഐ ഡാനിയൽ ബ്ളേക്ക്. ആഫ്റ്റർ ഇമേജ് പുറത്തുവരുമ്പോൾ ആന്ദ്രെ വൈദയ്ക്ക് 88 വയസ്സ്. ഇന്ത്യൻ സിനിമയുടെ ലോകമുഖം സത്യജിത് റേ 71–ാം വയസ്സിൽ സൃഷ്ടിച്ച അത്ഭുതമാണ് ആഗന്തുക്. പ്രായം സർഗാത്മകയ്ക്കു വിലങ്ങുതടി ഉയർത്തുന്നില്ല. അതിർത്തിരേഖ വരയ്ക്കുന്നുമില്ല. എന്നിട്ടുമെന്തേ മലയാളം മാത്രം അപവാദമായി നിലകൊള്ളുന്നു. സമീപഭൂതകാലത്ത് മികച്ച സിനിമകളിലൂടെ കേരളത്തെ ആഹ്ളാദിപ്പിച്ച മികച്ച സംവിധായകർക്ക് തുടർച്ചയായി കാലിടറുന്നതെന്തുകൊണ്ട്? ഈ ചോദ്യങ്ങളുടെ ഉത്തരം തേടുകയാണ് സർഗാത്മകതയുടെ അന്തരാർഥങ്ങൾ. 

സമൂഹമാധ്യമങ്ങൾ വാഗ്ദാനം ചെയ്യുന്ന തുറസ്സിൽ അഭിരമിക്കുന്നവരാണ് യുവതലമുറ. അവരെ മനസ്സിലാക്കാതെയും ഉൾക്കൊള്ളാതെയും നടത്തുന്ന ഏതൊരു ശ്രമവും സ്വാഭാവികമായും ദയനീയമായും പരാജയപ്പെടും. സാങ്കേതികവും രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങളും പരിഗണിക്കണം. കഴിഞ്ഞകാലത്തിന്റെ പ്രതിഭാവിശേഷം ഇന്നത്തെ പ്രേക്ഷകരോടു പറയാനുള്ള ന്യായീകരണമല്ല. വെളിച്ചം പ്രസരിപ്പിച്ചവർ നയിക്കേണ്ടതു കൂടുതൽ വെളിച്ചത്തിലേക്ക്. നിറക്കൂട്ടുകളാൽ വർണജാലങ്ങൾ വിരിയിച്ചവർ നിറങ്ങളുടെ വ്യത്യസ്ത സംയോജനത്തിലൂടെ സമ്മാനിക്കേണ്ടതു പുതിയ കാഴ്ചകൾ. സാങ്കേതികതയുടെ വിസ്ഫോടനം സൃഷ്ടിക്കുന്ന വെല്ലുവിളിയുമുണ്ട്. ഡിജിറ്റൽ ഫിലിം മേക്കിങ്ങിന്റെ അവസരങ്ങളും സാധ്യതകളുമുണ്ട്. സ്വയം നവീകരിക്കാത്ത ഒരു ചലച്ചിത്രകാരന് ഈ പുതിയ കാലത്തു പിടിച്ചുനിൽക്കുക എന്നതുതന്നെ വെല്ലുവളിയാകുന്നു. ഒന്നുകിൽ അകാലത്തിൽ മൗനത്തിലേക്കു പിൻവലിയാം. അല്ലെങ്കിൽ യഥാർഥ കലാകാരന്റെ ആത്മധൈര്യത്തിൽ സർഗശേഷിയുടെ വിളംബരം ഏറ്റവും പുതിയ ചിത്രത്തിലൂടെ പ്രഖ്യാപിക്കാം. മികച്ച സിനിമകളിലൂടെ ലോകത്തെ വിഖ്യാത ചലച്ചിത്രകാരൻമാർ ഈ പ്രതിസന്ധിയെ മറികടന്നിട്ടുണ്ടെങ്കിലും മലയാളം ദയനീയമായി പരാജയപ്പെട്ടു. കാരണങ്ങൾ കണ്ടെത്തി, പിഴവുകൾ അക്കമിട്ടുനിരത്തി, ഒരു പുതിയ സിനിമാ സംസ്കാരത്തിന്റെ ആവശ്യകതയിലേക്കു വിരൽചൂണ്ടുന്നു എ.ചന്ദ്രശേഖർ. സിനിമയുടെ പുതിയ കാഴ്ചയും വായനയും സാധ്യമാകണമെന്ന് ആഗ്രഹിക്കുകയും. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review