Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രതിനിർവേദത്തിന്റെ പോസ്റ്റർ കണ്ട് ജയഭാരതി കോപിച്ചതെന്തിന്?

‘‘ ഒരു യുവതിയോട് കൗമാരക്കാരനുണ്ടാകുന്ന അഭിനിവേശമായിരുന്നു രതിനിർവേദത്തിന്റെ കാതൽ. പപ്പു എന്ന ആ കഥാപാത്രത്തെ അവതരിപ്പിച്ച ഗായകൻ കൃഷ്ണചന്ദ്രൻ പുതുമുഖമാണ്. ഒപ്പം അഭിനയിക്കാൻ മനോഹർ എന്ന കുസൃതിക്കുട്ടിയും. മദ്രാസിലെ മറീനാ ബീച്ചിൽവച്ച് പ്രതാപ് പോത്തനാണ് ഇരുവരെയും അഭിനയം പഠിപ്പിച്ചത്.  മലയാളത്തിൽ ഒരു കാലത്ത് യുവഹൃദയങ്ങളിൽ ലഹരിപടർത്തിയുള്ള ജയഭാരതിയുടെ മുന്നേറ്റകാലം. നേരിയ വസ്ത്രങ്ങൾ അണിഞ്ഞ് മലർന്നുകിടക്കുന്ന ജയഭാരതിയായിരുന്നു പോസ്റ്ററിൽ. സംവിധായകൻ ഭരതൻ തന്നെ ഡിസൈൻ ചെയ്ത പോസ്റ്റർ വിവാദമായി. ഈ രംഗം ഷൂട്ട് ചെയ്തത് അതീവ രഹസ്യമായിട്ടായിരുന്നു. ആ സമയം മറ്റു സാങ്കേതിക പ്രവർത്തകർക്കുപോലും ആ ഭാഗത്തേക്കു പ്രവേശനമുണ്ടായിരുന്നില്ല. പ്രധാന പോസ്റ്റർ ആയി ഈ രംഗം മാറുമെന്ന് ജയഭാരതിയും കരുതിയില്ല. മദ്രാസിന്റെ മുക്കിലും മൂലയിലും ഈ പോസ്റ്ററുകൾ നിരന്നു. ഇതുകണ്ട് ജയഭാരതി വല്ലാതെ കോപിച്ചു. ഹരിപോത്തനെ വിളിച്ചു. നിൽക്കക്കള്ളിയില്ലാതെ ഹരി നാലുപാടുമായി ഓടി. പിന്നെ ഹരിപോത്തന്റെ സകല ഡ്രൈവർമാരുടെയും പ്രധാനപണി പോസ്റ്റർ വലിച്ചുകീറുക എന്നതായിരുന്നു….!

സിനിമയുടെ അണിറയക്കഥകൾ കേൾക്കാൻ എല്ലാവർക്കും താൽപര്യമാണ്. മലയാളത്തിൽ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കു മാത്രം കാമറ ചലിപ്പിച്ച രാമചന്ദ്രബാബുവിന്റെ സിനിമാഅനുഭവങ്ങളുടെ സമാഹാരമായ സെല്ലുലോയ്ഡ് സ്വപ്നാടകൻ എന്ന പുസ്തകം അനുഭവങ്ങളുടെ വിവരണം മാത്രമല്ല. സാങ്കേതികമായി പിന്നാക്കം നിന്നിരുന്ന മലയാള സിനിമാചിത്രീകരണ കാലത്ത് എത്ര കഷ്ടപ്പെട്ടാണ് നമ്മുടെ സിനിമാ പ്രവർത്തകർ ലോകോത്തര സിനിമകൾ നിർമിച്ചതെന്ന സത്യത്തിന്റെ തിരിച്ചറിയൽകൂടിയാണ്. ഐ.വി.ശശി സംവിധാനം ചെയ്ത അലാവുദ്ദീനും അദ്ഭുതവിളക്കും എന്ന സിനിമയുടെ ചിത്രീകരണ വിവരണം വായിച്ചാൽ തന്നെ അക്കാര്യം ബോധ്യമാകും. ഡിജിറ്റൽ യുഗത്തിൽ, കോടികളുടെ ബജറ്റിൽ സിനിമയൊരുക്കുന്ന ഇക്കാലത്ത് ഇതൊക്കെ വലിയൊരു സംഭവമായിരുന്നോ എന്നു തോന്നുമെങ്കിലും എഴുപതുകളിലും എൺപതുകളിലും തൊണ്ണൂറുകളിലും സിനിമയെടുത്തവരുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല.

പത്മരാജന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത രതിനിർവേദം എന്നും മലയാളത്തിൽ ഹിറ്റ് ചിത്രമാണ്. അതിന്റെ വികലമായ പുനരാവിഷ്കരണം പോലും ഹിറ്റ് ചാർട്ടിൽ സ്ഥാനം പിടിച്ചിരുന്നു. യഥാർഥ രതിനിർവേദത്തിന്റെ പിന്നാമ്പുറക്കഥയാണ് ‘ തലമുറകളെ ത്രസിപ്പിച്ച രതിനിർവേദം’ എന്ന ഭാഗത്ത് രാമചന്ദ്രബാബു എഴുതുന്നത്. 

നിർമാല്യം

എം.ടി.വാസുദേവൻനായർക്ക് സംവിധായകൻ എന്ന രീതിയിൽ ഇന്ത്യയിലാകെ സ്വീകാര്യത കിട്ടിയ ചിത്രമായിരുന്നു നിർമാല്യം. ദാരിദ്ര്യമായിരുന്നു പ്രമേയത്തിന്റെ മൂലതന്തു. വെളിച്ചപ്പാടിന്റെ ദൈന്യതയുടെ കഥ പറയുന്ന ചിത്രത്തിൽ നായകനായ പി.ജെ.ആന്റണി വെളിച്ചപ്പാടായി ജീവിക്കുകയായിരുന്നു. പട്ടിണിയും ദാരിദ്ര്യവും കൊടിക്കുത്തിവാഴുന്ന കേരളത്തിന്രെ മുഖമാണ് നിർമാല്യത്തിലുള്ളത്. 

‘‘സിനിമയുടെ ചിത്രീകരണത്തിനായി കോഴിക്കോട്ട് എത്തിയപ്പോൾ ഞാനും ആസാദും താമസിച്ചത് എം.ടിയുടെ വീട്ടിലാണ്. ഞാനും എം.ടിയുടെ മകൾ സിതാരയും നല്ല കൂട്ടുകാരായി. അന്നു സിതാരയ്ക്ക് പ്രായം എട്ട്. ഞങ്ങൾകളിക്കൂട്ടുകാരെ പോലെ പെരുമാറിയതിനാൽ എം.ടി. സമപ്രായക്കാരായ ചെറിയകുട്ടികൾ എന്നു പറഞ്ഞുകളിയാക്കും.

വളരെ പ്രഗത്ഭമതിയായ ആരെങ്കിലും കാമറ കൈകാര്യം ചെയ്താൽ സിനിമയുടെ മികവ് പങ്കുവയ്ക്കേണ്ടി വരുമോ എന്ന എം.ടിയുടെ ആശങ്കയാണ് എന്നെ കാമാറാമാനാക്കിയത്. സിനിമയുടെ ചിത്രീകരണം എടപ്പാളിലായിരുന്നു. സുകുമാരന്റെ ആദ്യചിത്രം. സുകുമാരന്റെ അമ്മാവൻ എടപ്പാൾ കുട്ടൻ ആണ് ചിത്രീകരണത്തിനായി ലൊക്കേഷൻ സംബന്ധിച്ച കാര്യങ്ങൾ ശരിയാക്കിയത്. കോഴിക്കോട്ടെത്തിയപ്പോഴാണു മനസ്സിലായത് കാമറയ്ക്കാവശ്യമായ അനുബന്ധ ഉപകരണങ്ങൾ ഒന്നുമില്ലെന്ന്. എം.ടിയോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം ബാലൻ കെ. നായരെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വർക്ക്ഷോപ്പിൽ വച്ച് ആവശ്യമായ ഉപകരണങ്ങൾ ഉണ്ടാക്കി. ജനറേറ്ററൊന്നും അക്കാലത്ത് ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ല. അമ്പലത്തിനും വെളിച്ചപ്പാടിന്റെ വീടിന്റെ ഇടയിലെ ഇലക്ട്രിക് പോസ്റ്റിൽ നിന്നാണു രാത്രി ചിത്രീകരണത്തിനായുള്ള  താൽക്കാലിക കണൿഷൻ എടുത്തത്. 

പി.ജെ.ആന്റണി ചിത്രീകരണത്തിനെത്തുമ്പോൾ യഥാർഥ വെളിച്ചപ്പാടിനെ നേരിട്ടുകണ്ടിട്ടു പോലുമില്ലായിരുന്നു. വെളിച്ചപ്പാടിന്റെ രീതികളും ചിട്ടകളും സ്വഭാവവുംഅറിയാൻ എം.ടി. ഒരു വെളിച്ചപ്പാടിനെ വരുത്തി. ദക്ഷിണ കൊടുത്ത്, ചുവടുകൾ പഠിപ്പിച്ചു. കാൽച്ചിലമ്പിനു ഭാരമുണ്ട്. അതിട്ടുചുവടു വച്ചാൽകാലിനു മുറിവുണ്ടാകും. ആന്റണി പലപ്പോഴും വേദനകൊണ്ടു പുളയും. പക്ഷേ, ഷോട്ടായാൽ ഇതൊന്നുമുണ്ടാകില്ല. കഥാപാത്രമായി ആടിത്തിമിർക്കും. ഒരു യഥാർഥ നടൻ തന്റെ ആത്മാവിഷ്ക്കാരത്തിനിടയിൽ വേദനയൊന്നും അറിയാറില്ലെന്ന് ആന്റണിയിലൂടെ ഞങ്ങളറിഞ്ഞു.

ദേശീയതലത്തിൽ ശ്രദ്ധ നേടിയ നിർമാല്യം പി.ജെ.ആന്റണിക്ക് ഭരത് പുരസ്കാരം വരെ നേടിക്കൊടുത്തു. മികച്ച നടനുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളിയാണ് അദ്ദേഹം. ചിത്രവും എം.ടിയും ദേശീയതലത്തിൽ ഏറെ ശ്രദ്ധ നേടി. നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം. ഛായാഗ്രഹണത്തെക്കുറിച്ചു മികച്ച അഭിപ്രായങ്ങളുണ്ടായെങ്കിലും പ്രധാന പുരസ്കാരങ്ങളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് ഞാൻ ചെയ്ത ദ്വീപിന് മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചപ്പോൾ എം.ടി. എനിക്കുകത്തെഴുതി. നേരത്തെ കിട്ടേണ്ടതായിരുന്നു ഇത് എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. പക്ഷേ, ഞാൻ കരുതുന്നത് എം.ടിയുടെ ഈ കത്ത് തന്നെയാണ് ഏറ്റവും വലിയ പുരസ്കാരം എന്നാണ്’’.

എം.ടി.വാസുദേവൻനായരാണ് പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത്. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായി പോയിരുന്നകാലത്ത്, അവിടുത്തെ വിദ്യാർഥിയായിരുന്ന രാമചന്ദ്രബാബുവിനെ പരിചയപ്പെട്ടകാര്യവും പിന്നീട് നിർമാല്യത്തിനു കാമറാമാനായി എത്തിയകാര്യവുമൊക്കെ എം.ടി.എഴുതുന്നുണ്ട്. 

ഒരു ഛായാഗ്രാഹകൻ സിനിമയിൽ വന്ന മാറ്റങ്ങളെക്കുറിച്ച് സിനിമാ അനുഭവങ്ങളിലൂടെ പറഞ്ഞുപോകുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ജോൺ ഏബ്രഹാമിന്റെ വിദ്യാർഥികളേ ഇതിലേ, ഇതിലേ എന്ന ചിത്രത്തിനു കാമറ ചെയ്തുതുടങ്ങിയ തന്റെ സിനിമാജീവിതത്തെക്കുറിച്ച് സവിസ്തരം രാമചന്ദ്രബാബു വിവരിക്കുന്നുണ്ട്. പത്രപ്രവർത്തകനായ ജിതേഷ് ദാമോദറുമായിചേർന്നാണു രചന നിർവഹിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രം പഠിക്കാൻ ഇഷ്ടപ്പെടുന്നവർക്കു മുതൽക്കൂട്ടായിരിക്കും ഈ പുസ്തകം.