Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാളിദാസൻ മരിക്കുന്നില്ല

കഥകളേറെയുണ്ട് കാളിദാസനെക്കുറിച്ച്; കെട്ടുകഥകളും. ചരിത്രമുണ്ട്; ചരിത്രാതീതമെന്നു വ്യാമോഹിപ്പിക്കുന്ന വിവരണങ്ങളും. കഥകളിലേക്കും വസ്തുതകളിലേക്കും നയിക്കുന്ന സൂചനകളുണ്ട്; നിഷേധിക്കാനാവാത്ത യാഥാർഥ്യങ്ങളും. കഥകളും ഭാവനയും മാറ്റിനിർത്തിയാലും തലമുറകൾ കൈമാറുന്ന കനപ്പെട്ട നിധികളായ കൃതികളുണ്ട്; എണ്ണമറ്റ അവസ്മരണീയ മുഹൂർത്തങ്ങളുണ്ട്. കേട്ടും ചൊല്ലിയും ആവർത്തിച്ചും പുനഃപ്രകാശനം നടത്തിയും മൊഴിമാറ്റിയും അതിജീവിച്ച കാവ്യങ്ങളുണ്ട്; തത്വചിന്തയും പ്രണയവും വിരഹവും മരണവും വേദനയും മൃതിയെ ജയിക്കുന്ന മന്ദഹാസവുമുണ്ട്. കാവ്യസരസ്വതിയാൽ അനുഗ്രഹിക്കപ്പെട്ടവർ ഒരിക്കലെങ്കിലും ആഗ്രഹിക്കാതിരിക്കില്ല ആ വിസ്മയത്തെ വാക്കുകൾകൊണ്ടു വണങ്ങാൻ. അക്ഷരപുഷ്പങ്ങളാൽ അർച്ചന ചെയ്യാൻ.

ഭാവനയുടെ ശ്രീകോവിലിൽ പ്രതിഷ്ഠിച്ച് പാദുകപൂജ ചെയ്യാൻ. കാളിദാസനാൽ പ്രകോപിപ്പിക്കപ്പെടുന്നതുതന്നെ പ്രതിഭയുടെ കൊടിയടയാളമാണെന്നിരിക്കെ ആവർത്തിച്ചുപറഞ്ഞ ആ ജീവിതത്തിനൊപ്പം മരണത്തെയും കാവ്യവിചാരണ ചെയ്യാൻ ധൈര്യം മാത്രം പോരാ, സിദ്ധിയും സാധനയും പ്രതിഭയും പ്രതിഭാവിലാസവും നിരീക്ഷണവും നൈപുണ്യവും കൂടി വേണം. ഒരു ജീവിതത്തിന്റെ സ്വപ്നസാക്ഷാത്കാരം എന്നൊക്കെ പറയാവുന്ന നിയോഗത്തിന്റെ അപൂർവത. അപൂർണമെങ്കിലും പൂർണതയുടെ ധ്യാനം. കഥയിലും നോവലിലും തനതായൊരു എഴുത്തുവഴിയാൽ മോഹിപ്പിച്ച നന്ദകുമാറിന്റെ പുതിയ പുസ്തകവും കാളിദാസന്റെ ആരാധകർക്കു ലഭിക്കുന്ന വാഗ്ദാനമാണ്, സർഗ്ഗലഹരിയുടെ അശാന്തിപർവങ്ങൾ തേടുന്ന ഹിമഗിരിവിഹാരം. 

കാളിദാസനെക്കുറിച്ചു നന്ദകുമാർ എഴുതിത്തുടങ്ങുന്നതു നാടകമായി. എഴുത്തിന്റെ നാടകീയത കാവ്യത്തിലേക്കു കടന്നു നോവലിലെത്തി നിന്നപ്പോൾ പിറന്നുവീണ അത്ഭുതമാണ് കാളിദാസന്റെ മരണം– അലച്ചിലുകൾക്കിടയിൽ സുഹൃദ്‍സംഘങ്ങൾക്കിടയ്ക്കും  പാനോത്സവങ്ങളിലും പറഞ്ഞുനടന്ന കഥയുടെ സർഗ്ഗകാന്തി. എഴുത്തിന്റെ വഴിയിൽ ഏതൊരാൾക്കും എന്നും വഴികാട്ടിയാണു കാളിദാസൻ. എഴുതിത്തുടങ്ങാൻ സംശയിക്കുമ്പോൾ അവനവനിലേക്കു തന്നെ നോക്കാൻ പറഞ്ഞ മഹാദാർശനികൻ. കാളിദാസനെത്തന്നെ ആശ്രയിച്ച് അദ്ദേഹത്തിലൂടെ സഞ്ചരിച്ച്, ആ ഭാവവും  ഭാവുകത്വവും കടംവാങ്ങി നന്ദകുമാർ ഒരു പുതിയ വഴി വെട്ടുന്നു– കാളിദാസന്റെ ഹൃദയം കവർന്ന സൗഹൃദത്തിലൂടെയും സ്ത്രീഹൃദയങ്ങളിലൂടെയും കവിയുടെ കഥ പറയാൻ. മാളവത്തിന്റെ പ്രതാപം. ഉജ്ജയിനിയുടെ ഉഗ്രത. ശിപ്രാനദിയുടെ തല്ലും തലോടലും. 

കഴിഞ്ഞുപോയ മാദകത്വത്തിന്റെ ആകാരവടിവുകൾ അറുപതാം വയസ്സിലും മിന്നലുകൾ പായിക്കുന്ന ഉടലുമായി ഉയർന്ന പീഠത്തിൽ ഇരുന്ന് ദേവദാസി ജരിത പറഞ്ഞുതുടങ്ങുന്നു– പലതും കേട്ടുകേൾവിയാണ്. ഭാരതവർഷം കണ്ട ഏറ്റവും മഹാനായ കവിയും നാടകകൃത്തുമാണ് കാളിദാസനെന്നു കരുതുന്നവരുണ്ട്. മറിച്ചുപറയുന്നവരുമുണ്ട്. എന്ന്, എവിടെ ജനനം, ജാതകപ്പേര്, മാതാപിതാക്കളാര്, കുലവും ഗുരുവും എപ്രകാരം എന്നൊന്നും തീർച്ച പറയാനാകില്ല. ഏതോ ദേശത്തുനിന്നും ദുരൂഹമായ വഴികൾ താണ്ടി പാടിനടന്നെത്തുന്ന സഞ്ചാരിയായ അയാൾ ഒരിക്കൽ ഉജ്ജയിനിയിലെ കൊട്ടാരത്തിലെത്തി.... അവിടെ ഒരു സൗഹൃദത്തിന്റെ കഥ തുടങ്ങുകയായി; വിക്രമാദിത്യനുമായി. ഒരിക്കൽ വേട്ടുവെങ്കിലും നിഷ്കാസനം ചെയ്യപ്പെട്ടതിനുശേഷം ഒരിക്കൽക്കൂടി പുതിയൊരു ബന്ധം തുടങ്ങുന്ന നിത്യജാരന്റെ സംശയഗ്രസ്തമായ യാത്രകൾ. ദേവദാസികളുടെ വീടുകളിലെ ഒളിയിടങ്ങളും ലഹരിയുടെ ഒരിക്കലും അവസാനിക്കാത്ത രാത്രികളും. പകയും വെറുപ്പും സംശയവും ഒളിഞ്ഞുനോട്ടവും അഭിമാനവും അപമാനവുമായി രൂപംമാറുന്ന ദശാസന്ധികൾ. ആഹാരം കൊടുത്ത അതേ കൈകൾകൊണ്ടുതന്നെ വിഷം കൊടുക്കുകയും ആരാധിച്ച അതേ നേത്രങ്ങൾകൊണ്ടുതന്നെ വേട്ടയാടപ്പെടുകയും ചെയ്ത കവിയുടെ നിത്യദുരിതം.

വായിച്ചും പഠിച്ചും ആസ്വാദകരുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠ നേടിയ കാളിദാസനല്ല നന്ദകുമാറിന്റെ നായകൻ. ചരിത്രത്തോടു തെല്ലും നീതി പുലർത്താതെ ഭാവനയുടെ സ്വാതന്ത്ര്യത്തിൽ സൃഷ്ടിക്കപ്പെട്ട കാമമോഹിതൻ. വിഷയാസക്തൻ. സഹസ്രാബ്ദങ്ങളുടെ അകലത്തെ ആഖ്യാനത്തിന്റെ രസതന്ത്രത്തിൽ സമീപസ്ഥമാക്കുകയാണ് ഇവിടെ നോവലിസ്റ്റ്. ഇതുവരെ മനുഷ്യരായിരുന്നു കാളിദാസന്റെ കഥകൾ പറഞ്ഞതെങ്കിൽ‌ ഇതാദ്യമായി നിഴലുകൾ ചലിച്ചുതുടങ്ങുന്നു. നിഴലുകൾ പറഞ്ഞുതുടങ്ങുന്നു. അദൃശ്യ അംഗുലികളുടെ ചലനവും ചലനരാഹിത്യവും ഏറ്റെടുത്ത് നിഴലുകൾ പറയുന്ന കഥയിൽ ഇതുവരെ നടത്തിയ ആഖ്യാനങ്ങളിൽനിന്നു വഴുതിപ്പോയ വിവരങ്ങളുണ്ട്. വിവരണങ്ങളുണ്ട്. സൂചനകളും സാധ്യതകളുമുണ്ട്. 

ഹൃദയം കവർന്ന സ്ത്രീകളല്ലെങ്കിൽ മറ്റാരാണ് പ്രിയപ്പെട്ട ഹൃദയത്തെക്കുറിച്ച് പറയേണ്ടത്. ആസക്തിയുടെ അഗ്നിനാവുകൾ പരിചയമുള്ളവർതന്നെയല്ലേ ആ ഹൃദയത്തിന്റെ അത്യാസക്തികൾ വർണിക്കേണ്ടത്. നിസ്സഹായതയാൽ നിസ്സംഗനായ നിമിഷം പരിചയമുള്ളവരല്ലേ ആ വീഴ്ചയും വീണിടത്തു വീണ്ടും വീണുപോയ ദൈന്യവും ആലപിക്കേണ്ടത്. കാവ്യോപാസനയുടെ ഗിരിനിരകൾ കീഴടക്കിയ അതേ നാവിൽനിന്നുതന്നെ വരുന്ന ശകാരവും ശാപവും ശാപഗ്രസ്തമായ ജീവിതവും ശാപത്തിന്റെ ഇണകൾ തന്നെയല്ലേ പറയേണ്ടതും പറഞ്ഞുപൊലിപ്പിക്കേണ്ടതും. 

കാളിദാസൻ വാണിനിയെ ചേർത്തുപിടിച്ചു. പിന്തുടരാൻ പറ്റാത്തതിനാൽ മരങ്ങൾ കാറ്റിനെ പൂക്കളാൽ അനുഗമിക്കുന്നു. അതുപോലെ എന്റെ പ്രണയത്തിന്റെ അംശങ്ങൾ നിന്നെ എല്ലാ ലോകങ്ങളിലേക്കും സദാ അനുഗമിക്കും. നദീസമുദ്രങ്ങൾ അഴിമുഖത്തു പരസ്പരം പകരും പോലെ അവർ അധരപാനം ചെയ്തു. കണ്ണീരുപ്പുള്ള മുഖങ്ങളുടെ അഴിമുഖമായിരുന്നു അത്.