Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലീൻ സർട്ടിഫിക്കറ്റ് കിട്ടാത്ത ശൈലന്റെ അനുഭവക്കുറിപ്പുകൾ 

ചില എഴുത്തുകൾ വായിക്കുന്നത് ചില മനുഷ്യരെ കാണുന്നതു പോലെയാണ്. അതിതീവ്രം, തീക്ഷ്ണം. ശൈലൻ എന്ന കവി പലപ്പോഴും പരിചയപ്പെടലിലും എഴുത്തിലും അദ്ദേഹത്തിന്റെ സുതാര്യത കൊണ്ട് അമ്പരപ്പിച്ചിട്ടുണ്ട്. പ്രണയത്തിലും സൗഹൃദത്തിലുമുള്ള ഏറ്റവും വലിയ കാര്യമാണ്, സുതാര്യത. ആ നിഷ്കളങ്കത്വം ഒരിക്കൽ ശൈലനിൽ നിന്ന് ഏറ്റു കഴിഞ്ഞാൽ പിന്നെ ഒരു തിരികെ പോക്കുണ്ടാകില്ല. ശൈലന്റെ ഏറ്റവും പുതിയ ഓർമക്കുറിപ്പുകളുടെ സമാഹാരമാണ്, "ഇൻഡീസെന്റ് ലൈഫ് ഓഫ് മഹാശൈലൻ" ഗന്ധർവന്മാർക്ക് ദിനാന്ത്യങ്ങളില്ലെന്ന് പുസ്തകത്തിന് ടാഗ് ലൈൻ കൊടുത്തിരിക്കുന്നു. 

ശൈലന്റെ അനുഭവങ്ങളുടെ എഴുത്തുകളാണ് ഈ പുസ്തകത്തിലുള്ളത്. പേരുപോലെ തന്നെ സദാചാരം ആവശ്യത്തിലധികം പേറുന്ന ഈ സമൂഹത്തിൽ അത്ര ഡീസന്റ് ആയി നിൽക്കാത്ത ശൈലന്റെ അനുഭവങ്ങളൊക്കെ തന്നെ തീക്ഷ്ണ സദാചാരത്തോട് ചേർന്നു നിൽക്കുന്ന സമൂഹത്തിന്റെ നേർക്ക് കാർക്കിച്ചു തുപ്പുന്നതു പോലെയാവും അനുഭവപ്പെടുക. അയാൾ കണ്ട സ്ത്രീകൾ, അയാൾ അനുഭവിച്ച ശരീരങ്ങൾ, അയാളുടെ സൗഹൃദങ്ങൾ, പ്രണയങ്ങൾ എല്ലാം ഈ പുസ്തകത്തിലുണ്ട്. വായനയിൽ ഒട്ടും മടുപ്പിക്കാത്ത ഈ അനുഭവങ്ങൾ ഒരു ഫെയ്‌സ്ബുക്ക് കുറിപ്പോളം ലഘുവാണ്. ഗൗരവവായനകളുടെ പുസ്തകമല്ലെങ്കിലും ശൈലൻ എന്ന കവിയെ വ്യക്തമായി വായിക്കാൻ ഈ പുസ്തകം തീർച്ചയായും ഉപയോഗിക്കാം. എഴുതുന്ന ആളുടെ രഹസ്യങ്ങളും വായനക്കാരന് അയാളുടെ എഴുത്തുപോലെ കൗതുകം തന്നെയാണല്ലോ.

താൻ കണ്ട നിരവധി സിനിമകളെ കുറിച്ച് ശൈലൻ ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ജയരാജിന്റെ ഒറ്റാൽ മുതൽ ക്ലെയർ ഒബ്സ്ക്യൂർ എന്ന രജതചകോരം ലഭിച്ച സിനിമ വരെ സ്വന്തം മനസ്സിന്റെ ഉരകല്ലിലിട്ട് ആവും പോലെ പതം വരുത്തി പറഞ്ഞിരിക്കുന്നു. അങ്ങനെ പല സിനിമകളെ കുറിച്ചും ശൈലൻ കുറിയ്ക്കുന്നു. അല്ലെങ്കിലും ശൈലൻ എന്ന കവി ഒരു സിനിമ ഭ്രാന്തൻ കൂടിയാണല്ലോ, ഒപ്പം പുറത്തിറങ്ങുന്ന സിനിമകളെയൊക്കെ കണ്ടം തുണ്ടം വെട്ടി സ്വന്തം പ്രൊഫൈലിൽ ഒട്ടിക്കുന്ന ചങ്കൂറ്റക്കാരൻ നിരൂപകനും.

ചെറുതും വലുതുമായ എഴുത്തുകളുണ്ട് ഈ പുസ്തകത്തിൽ. അതിൽ കവി അയ്യപ്പനെ കുറിച്ചെഴുതിയത് വേറിട്ട് കിടക്കുന്നു. അയ്യപ്പനെ കുറിച്ച് ശൈലൻ എഴുതുന്നു. അനാർക്കിസത്തിന്റെ എഴുത്തുകാരനായ അയ്യപ്പനെ കുറിച്ച്, അനാർക്കിസം ഏറെ ഇഷ്ടപ്പെടുന്ന എന്നാൽ അങ്ങനെയാകാൻ കഴിയാതെ പോകുന്ന ഒരുവന്റെ ഉള്ളിലെ മുറിവിന്റെ ചോര പൊടിയുന്ന തലത്തിൽ എഴുതി പോകുന്ന വരികളാണ് ഈ പുസ്തകത്തിൽ അയ്യപ്പനായി കുറിച്ചിട്ടിരിക്കുന്ന ഭാഗം. ആ മുറിവിൽ നിന്നും ഊറി വരുന്ന രക്തം കൊണ്ട് ചില വരികളൊക്കെ മുറിവേൽപ്പിക്കുകയും ചെയ്തു. 

എത്ര അനാർക്കിയായി അകന്നു നിൽക്കുമ്പോഴും വേരുകളിൽ വന്നു തൊട്ടു പോകുന്ന എന്തോ ഒന്ന് ബാക്കിയുണ്ടെന്ന് അമ്മയുടെ ഓർമകൾ കാണിച്ചു തരുന്നുണ്ട്. ഇടയ്ക്കിടെ സ്വപ്നത്തിൽ വന്നു ദർശനപ്പെടുന്ന അമ്മയ്ക്ക് മരണത്തിന്റെ വരെ അർഥം അയാൾ സ്വയം കൽപിക്കുന്നുണ്ട്. എല്ലാം തോന്നലാണ് എന്നറിഞ്ഞാലും അമ്മയുടെ ഓർമകൾ വല്ലാതെ തളർത്തിക്കളയുന്നുണ്ട്. ഏതു മനുഷ്യനുമുണ്ട് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ കാണുവാൻ പാകത്തിൽ വാതിൽപ്പടിയിൽ നിൽക്കുന്ന ഒരു 'അമ്മ രൂപം. പ്രതിസന്ധികളിലൊക്കെ തളരാതെ കൈപിടിച്ച് നിൽക്കുന്ന സ്നേഹം. ആ ഓർമകൾ പോലും നൽകുന്ന ധൈര്യം അപാരമാണ്. യാഥാർഥ്യത്തിനും അയഥാർഥ്യത്തിനും ഇടയിലുള്ള ഏതോ വഴിയിൽ വച്ചാണ് ശൈലന് അമ്മയെ നഷ്ടമാകുന്നത്. അമലയിലേക്കുള്ള വഴിയിലെവിടെയോ വച്ച് അമ്മ കാറിൽ നിന്ന് ഇറങ്ങി പോക്ക് നടത്തുകയായിരുന്നു. പിന്നെ ഒരിക്കലും തിരികെ കിട്ടാത്ത, കളഞ്ഞു പോയ ഒരു വാക്ക് പോലെ 'അമ്മ'...

മൂന്നാം പതിപ്പും തീർന്ന ശൈലന്റെ താമ്രപർണീ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം, അതിന്റെ എഴുത്തിനെ കുറിച്ചോർക്കുമ്പോൾ മുന്നിലുണ്ട് ഒരായിരം ദീപങ്ങളുടെ നാരങ്ങാ വെളിച്ചം. അതിനിടയിൽ പ്രണയത്തിൽ വിപ്ലവങ്ങളുണ്ടാക്കിയ താമ്രപർണീ. നാലാം ക്ലാസ്സിലെ സാമൂഹിക പുസ്തകത്തിൽ നിന്ന് ആ പേര് ഇങ്ങിവിടെ ശൈലന്റെ പുസ്തകത്തിലെ പേരോളമെത്തുമ്പോൾ അതിനു വേണ്ടി അയാൾ നടന്നു തീർത്ത ദൂരം വിപുലമാണ്. തിരുനെൽവേലിയിൽ താമ്രപർണീ നദി അയാളുടെ നെഞ്ചിലെ പ്രണയത്തിന്റെ നിത്യാനുരാഗിയായ കവിതയുടെ പേരായി, പുസ്തകത്തിന്റെ പേരായി. ഒരു നദിയുടെ കരയിൽ നിലാവ് ഉദിച്ചതു പോലെ ദീപങ്ങൾ കത്തിച്ചു വച്ചായിരുന്നു ആ പുസ്തകത്തിന്റെ പ്രകാശനം. 

അമ്പരപ്പിക്കുന്ന ടെലിപ്പതി പാലമിടുന്ന സുഹൃത്തുക്കളുണ്ടോ? ഒരിക്കിലൊരു കാടു കയറ്റത്തിൽ അവൾ വിളിക്കുകയാണ്... 

"എവിടെയാ... ഞാനില്ലാതെ കാട്ടിലേക്കാണല്ലേ!" അവളുടെ കാര്യത്തിൽ അതൊരു വിസ്മയമാണ്, മനസ്സിൽ കാണുന്നത് പതിനായിരം കിലോമീറ്റർ ദൂരെയായാലും അവൾ വായിച്ചെടുക്കും. എങ്ങനെയാവും ഇങ്ങനെ പ്രിയപ്പെട്ടവരുടെ നെഞ്ചിനെ കുടുക്കുന്ന ടെലിപതിയാകാൻ കഴിയുക! ചില പ്രണയങ്ങളുണ്ട്, അവ ഇങ്ങനെയാണ് അപൂർവമായി മുന്നിൽ പോലും പെടാതെ മാറി നിന്നു കളയും, അത്തരം ഒരു സ്നേഹത്തിന്റെ ഓർമയാണ് ടെലിപ്പതി പെൺകുട്ടി ശൈലന് നൽകുന്നതെന്ന് ആ ഓർമ വായിച്ചു തീരുമ്പോൾ മനസ്സിലാകുന്നു. ആയിരം കവികളുടെ ഇടയിൽ നിന്നുകൊണ്ട് ഒരു ദിവസം അവൾ കണ്ണുകൾ കൊണ്ടൊരു പാലം വലിക്കും. പിന്നെയൊന്നും ചെയ്യാനില്ല, മുന്നിലുള്ള ദിവസത്തെ ഒരു മറയ്ക്കുള്ളിലാക്കി അവളായി മാറുക എന്നേയുള്ളു. പിന്നെ കവിതയുമില്ല, കവികളുമില്ല, ഇടങ്ങളും കടലും ഒന്നുമില്ല. ശൈലന്റെ ഭാഷയിൽ പറഞ്ഞാൽ പിന്നെ ഒരാത്മാവ് മാത്രമുള്ള പ്രപഞ്ചമായി ലോകം ചുരുങ്ങി പോകും. ഇത്ര മനോഹരമായി പ്രണയിക്കാനറിയുന്ന ഒരുവനു മുന്നിൽ ടെലിപതിപ്പെട്ടില്ലെങ്കിൽ അല്ലെ അതിശയിക്കാനുള്ളൂ. 

ഈ പുസ്തകത്തിലെ എല്ലാ ഓർമകളിലുമുണ്ട് ഇത്തരത്തിൽ ചങ്കിൽ കയറുന്ന എന്തെങ്കിലുമൊക്കെ. പ്രണയത്തിന്റെയും രതിയുടെയും അസഭ്യത്തിന്റേയും സിനിമയുടെയും സ്നേഹത്തിന്റെയുമൊക്കെ രാഷ്ട്രീയം നന്നായി അറിയുന്ന ആളാണ് ശൈലൻ. പുസ്തകത്തിന്റെ മുഖകുറിപ്പിൽ പറയുന്നതുപോലെ മുൻവിധികളോടെ ചെരുപ്പഴിച്ച് കാലു കഴുകി തുടച്ചു കയറേണ്ട ഒരു പുസ്തകമല്ലിത്. എഴുത്തിനും വായനയ്ക്കും സാഹിത്യത്തിനുമുപരിയായി ജീവിതം മാത്രമാണിത്. ഡയറിക്കുറിപ്പ് പോൽ ചുമലിൽ കുറിച്ചിട്ടത്. വെറുതെ ഓർമ കുറിപ്പുകൾ എന്ന രീതിയിൽ ഈ പുസ്തകത്തെ വായിക്കാനെടുക്കാനാവില്ല. ഒരു നിഷേധിയുടെ, തെമ്മാടിയുടെ ക്ളീൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത ജീവിതത്തിന്റെ കൂട്ടാണിത്. സദാചാര ഭ്രമം ബാധിച്ചവർക്ക് ഈ പുസ്തകത്തെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷേ ശൈലനെ മനസ്സിലാക്കിയാൽ ആ വഴി വളരെ അനായാസവുമായിരിക്കും.