Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം മുന്നിൽ കണ്ട ഒരാൾ

കേരളത്തിലെ നദികൾ കരകവിഞ്ഞൊഴുകുന്നു, ഡാമുകൾ തുറന്നു വിടുന്നു. ആൾ നാശവും അർഥനാശവും ഉണ്ടാകുന്നു. എന്തു കൊണ്ട് കൂടുതൽ തയാറായിരുന്നില്ല എന്നതിന് എല്ലാവർക്കും ഒരുത്തരമുണ്ട്.

'ഇത്രയൊക്കെ വലുതായി വെള്ളം പൊങ്ങുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല'

രണ്ടായിരത്തി പതിമൂന്നിലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തിനു ശേഷം എഴുതിയ ഒരു ലേഖനത്തിൽ ഞാൻ ഇങ്ങനെ പറഞ്ഞിരുന്നു. 

'അമ്പരിപ്പിക്കുന്നത്ര വെള്ളമാണ് ചില പ്രളയ കാലത്ത് നദികളിലൂടെ ഒറ്റയടിക്ക് ഒഴുകിയെത്തുന്നത്. പുഴയിലെ വെള്ളത്തിന്റെ സാധാരണനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ ഇതെത്താം. സാധാരണയായി വെള്ളം കയറാത്ത നദിയിൽ നിന്ന് ഏറെ ദൂരത്തിൽ പോലും ഇതിന്റെ പ്രഭാവം ഉണ്ടാകാം. ഇങ്ങനെയുള്ള പ്രളയങ്ങൾ പക്ഷേ അപകടവുമാണ്. ഇത് അൻപതോ നൂറോ വർഷത്തിനിടയിൽ ഒരിക്കലേ ഉണ്ടാകൂ. ഇതാണിതിന്റെ പ്രധാന പ്രശ്‌നവും. നദിയുടെ എത്രവരെ വെള്ളം വരാമെന്ന് ഒരു തലമുറകൊണ്ട് നാട്ടുകാർ മറന്നു പോകും. പക്ഷേ, പ്രകൃതിക്ക് മറവിയില്ല. പതിറ്റാണ്ടുകൾക്കും നൂറ്റാണ്ടുകൾക്കും ഇടയിൽ പിന്നെയും നദി അതിന്റെ യഥാർഥ അതിരുകളെ തിരിച്ചു പിടിക്കും.

അതിനിടക്ക് മനുഷ്യൻ അവിടെ ഹോട്ടലോ റോഡോ ഉണ്ടാക്കിയിരിക്കും. അതെല്ലാം നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്യും. കേരളത്തിലെ പ്രശസ്തമായ 'തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം' ഓർക്കുക. അന്ന് എവിടംവരെ വെള്ളം പൊങ്ങിയെന്ന് ഇപ്പോഴും പലയിടത്തും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അത് ആയിരത്തി തൊള്ളായിരത്തി ഇരുപത്തി നാല് ജൂലൈ മാസത്തിലായിരുന്നു. തിരുവിതാംകൂറിന്റെ വലിയൊരുഭാഗം വെള്ളത്തിനടിയിലായി. വൻ നാശനഷ്ടങ്ങൾ ഉണ്ടായി. കേരളത്തിലെ ഭൂരിഭാഗം ആളുകൾക്കും ഇതിനെക്കുറിച്ച് വലിയ ധാരണയില്ല. ഇടുക്കിയിൽ അണ കെട്ടിയതോടെ പെരിയാറിന്റെ കരയിൽ 'മനോഹരമായ' വീടുവെക്കാൻ ഇപ്പോൾ മത്സരമാണ്.

കീടനാശിനി ഉണ്ടാക്കുന്ന ഫാക്ടറി മുതൽ വിമാനത്താവളം വരെയുള്ള വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ അമ്പതു വർഷത്തിനകം നാം നടത്തിയിരിക്കുന്നത് തൊണ്ണൂറ്റൊമ്പതിൽ വെള്ളം കയറിയ സ്ഥലത്താണ്. ഇനിയൊരിക്കൽ ഇവിടെല്ലാം വെള്ളം കയറുമെന്നത്, അത്തരം ഒരു മഴ ഉണ്ടാകുമെന്നത് സ്റ്റാറ്റിസ്റ്റിക്കൽ ആയി ഉറപ്പാണ്. പുതിയതായി ഫ്ലാറ്റോ സൂപ്പർ മാർക്കറ്റൊ ഉണ്ടാക്കുന്നതിനു മുൻപ് ഇവിടെ പണ്ട് വെള്ളം പൊങ്ങിയിട്ടുണ്ടോ എന്നൊന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.

അണക്കെട്ടുകൾ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുമെന്നു പൊതുവേ ഒരു ധാരണയുണ്ട്. മിക്കവാറും വർഷങ്ങളിൽ ഇത് ശരിയും ആണ്. വൻപ്രളയത്തിന്റെ സമയത്ത് അണക്കെട്ടുകൾ ഇരുതല വാളാണ്. 2010 ലെ പാക്കിസ്ഥാൻ പ്രളയത്തിലും 2011ലെ തായ്‌ലന്റ് പ്രളയത്തിലും അണക്കെട്ടുകൾ പ്രശ്‌നം വഷളാക്കുകയാണ് ചെയ്തത്. വെള്ളം പരിധിവിട്ട് ഉയരുമ്പോൾ അണക്കെട്ടിന്റെ സുരക്ഷയെക്കരുതി വെള്ളം തുറന്നു വിടുന്നത് താഴെ ഭാഗത്ത് ദുരന്തത്തിന്റെ തീക്ഷ്ണത വർദ്ധിപ്പിക്കുന്നു. അതേ സമയം വെള്ളപ്പൊക്കമുള്ള സമയത്ത് അണക്കെട്ട് തുറന്നുവിടാത്തത് അണക്കെട്ടിന്റെ മുകളിലുള്ളവരുടെ ദുരന്തകാലം വർദ്ധിപ്പിക്കുന്നു. ലോകത്ത് പലയിടത്തും പ്രളയകാലത്ത് അണക്കെട്ടിനപ്പുറവും ഇപ്പുറവും ഉള്ളവർ തമ്മിൽ വാഗ്വാദവും അടിപിടിയും വരെ ഉണ്ടായിട്ടുണ്ട്. പാക്കിസ്ഥാനിൽ നാട്ടുകാർ സംഘടിച്ച് അണക്കെട്ടുകൾ തുറന്നു വിട്ടിട്ടുണ്ട്. തായ്‌ലന്റിൽ അണക്കെട്ടുകൾ സംരക്ഷിക്കാൻ പട്ടാളമിറങ്ങേണ്ടിവന്നു.

വാസ്തവത്തിൽ ചെയ്യേണ്ടത്, പ്രളയം ഉണ്ടാകുന്ന സമയത്ത് പുഴയ്ക്ക് വികസിക്കാനുള്ള സ്ഥലം ബാക്കിവെക്കുകയാണ്. അതായത് പുഴയുടെ അരികിൽ വീടുവെക്കാതെ കൃഷിസ്ഥലമാക്കി മാറ്റിയിടുക. പ്രളയം വരുന്ന വർഷങ്ങളിൽ കർഷകർക്ക് അവരുടെ കൃഷിസ്ഥലത്തേക്ക് വെള്ളം കടന്നു കയറുന്നതിന് നഷ്ടപരിഹാരം നൽകുമെന്നു മുൻപേ പ്രഖ്യാപിക്കുക. പുഴയുടെ അരികിൽ ഇപ്പോൾ നഗരങ്ങൾ ഉണ്ടെങ്കിൽ അവിടെ സംരക്ഷണഭിത്തികൾ കെട്ടി സംക്ഷിക്കുക. അതോടൊപ്പം തന്നെ പുഴയുടെ തീരത്തെ ജനസാന്ദ്രത നിയന്ത്രിക്കുകയും വേണം. യൂറോപ്പിൽ ഇപ്പോൾ വ്യാപകമായി നടക്കുന്നത് ഇതാണ്. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടന ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ദുരന്ത പ്രതിരോധത്തിന് മുന്നോട്ടുവെക്കുന്നത് ഈ ആശയമാണ്.

പുഴകളുടെ ഉത്ഭവസ്ഥാനത്തുള്ള ഉരുൾ പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കം വർദ്ധിപ്പിക്കുന്നതിന് മറ്റൊരു കാരണമാണ്. ഇവ രണ്ടും ഏറെക്കുറെ മനുഷ്യനിർമ്മിതമാണ്. കുത്തായ മലഞ്ചെരുവുകൾ വെട്ടിവെളുപ്പിക്കുന്നതും, അവിടേക്ക് റോഡുണ്ടാക്കുന്നതും അവിടെ വീടുവെക്കുന്നതും ഉരുൾപൊട്ടലിനേയും മണ്ണിടിച്ചിലിനേയും വിളിച്ചുവരുത്തുന്നതാണ്. കേരളത്തിൽ മുകളിൽ പറഞ്ഞതുകൂടാതെ മണ്ണെടുക്കുക എന്ന ഒരു പാതകം കൂടിയുണ്ട്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ഒരു പരിധി വരെ ഒഴിവാക്കാവുന്നതാണ് ഇവ രണ്ടും. ഈ പാഠങ്ങൾ എന്നെ പഠിപ്പിച്ച സുന്ദർലാൽ ബഹുഗുണയുടെ നാട്ടിൽ, ഇന്ത്യയിലെ പരിസ്ഥിതി സംഘടനകളിൽ ഒന്നാമത്തേതായ ചിപ്‌കോയുടെ നാട്ടിൽത്തന്നെ ഈ ദുരന്തമുണ്ടായി എന്നത് എന്നെ ഏറെ വേദനിപ്പിക്കുന്നു.

'പ്രളയം' എന്നത് സത്യത്തിൽ ഒരു പ്രകൃതി ദുരന്തമല്ല. പ്രകൃതിയുടെ ഒരു പ്രതിഭാസം ആണിത്. ഭൂഗർഭജലം റീചാർജ് ചെയ്യുന്നതുമുതൽ നദീതടങ്ങളിലെ മൈക്രോ ന്യൂട്രിയന്റിന്റെ വർദ്ധനവരെ പല നല്ല കാര്യങ്ങളും വെള്ളപ്പൊക്കം കൊണ്ട് നടക്കുകയും ചെയ്യുന്നു. പുഴയുടെ സ്വാഭാവിക അതിരുകൾ അറിഞ്ഞുള്ള ഭൂവിനിയോഗ പദ്ധതിയിലൂടെ (ലാന്റ് യൂസ് പ്ലാനിംഗ്) മഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ വനം നശിപ്പിക്കാതെയും കുന്നിടിക്കാതെയും നോക്കിയാൽ എത്ര വലിയ മഴയും അതിന്റെ വഴിക്കു പൊക്കോളും. അതിനു പകരം നദീതടങ്ങളിൽ വീടും ഹോട്ടലും ഫാക്ടറികളും വിമാനത്താവളവും പണിതിട്ട്, നദി അതിന്റെ അവകാശപ്പെട്ട അതിരുകൾ തിരിച്ചു പിടിക്കുമ്പോൾ പ്രകൃതിദുരന്തം ആണെന്ന് പരാതിപ്പെടുന്നത്, തീവണ്ടി വരുന്ന ട്രാക്കിൽ പാർക്ക് ചെയ്ത കാർ ട്രെയിനിടിച്ചു നശിപ്പിക്കുമ്പോൾ റയിൽവേയെ കുറ്റം പറയുന്നപോലുള്ള അത്ഥശൂന്യതയാണ്.

കേരളത്തിൽ ഏതൊരു അപകടം ഉണ്ടായിക്കഴിഞ്ഞാലും മാധ്യമസുഹൃത്തുക്കൾ എന്നെ വിളിക്കുന്നത് ഇപ്പോൾ ഒരു പതിവാണ്. 2018ലെ മഹാപ്രളയത്തിന്റ കാലത്തും എന്നെ വിളിക്കുകയുണ്ടായി. എന്തെങ്കിലും സാങ്കേതിക സംശയങ്ങൾ ചോദിക്കാനോ പ്രശ്‌നത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മുൻകൂട്ടി അറിയാനോ, എന്തെങ്കിലും കമന്റ് പറയാനോ ആവും ബന്ധപ്പെടുക.

ഇങ്ങനെ വിളിക്കുന്നത് സന്തോഷം ഉള്ള കാര്യമാണ്. സമയമുണ്ടെങ്കിൽ സംസാരിക്കാൻ ഇഷ്ടമാണെങ്കിലും ദുരന്തം ഉണ്ടാകുമ്പോൾ മാത്രം ഒരു പ്രശ്‌നത്തിന്റെ പുറകേ പോകുന്നത് ഒട്ടും ഇഷ്ടമല്ല. കേരളത്തിൽ ഒരു വർഷത്തിൽ എണ്ണായിരത്തിലധികം ആളുകളാണ് അപകടങ്ങളിൽ മരിക്കുന്നത്, അതിൽ ബഹുഭൂരിപക്ഷവും ഒഴിവാക്കാവുന്ന അപകടങ്ങൾ ആണ്. ഇക്കാര്യം അപകടങ്ങൾക്ക് മുൻപ് ആളുകൾ അറിയണം. എങ്ങനെയാണ് ദുരന്തമില്ലാത്ത കാലത്ത് ദുരന്തസാധ്യതകളെക്കുറിച്ച് ആളുകളെ ബോധ്യപ്പെടുത്തുന്നത്? ഇവിടയാണ് ശരിക്കും എനിക്ക് മാധ്യമ സുഹൃത്തുക്കളുടെ സഹായം വേണ്ടത്.

മഴക്കാലത്ത് സർവസാധാരണമായി മലമ്പ്രദേശങ്ങളിൽ സംഭവിക്കുന്ന ഒരു പ്രതിഭാസമാണല്ലോ ഉരുൾപൊട്ടൽ. നീണ്ടു നിൽക്കുന്ന മഴയിൽ മണ്ണിൽ വെള്ളം ഇറങ്ങി മല കുതിർന്നു നിറയുമ്പോളാണ് ഉരുൾ പൊട്ടൽ ഉണ്ടാകുന്നത്. മല തുരന്നു കരിങ്കൽ മടകൾ ഉണ്ടാക്കുന്നതും, മലയുടെ അരികുകൾ അരിഞ്ഞു റോഡ് വെട്ടുന്നതും, മലയുടെ സ്ലോപ്പ് ചെത്തി നിരപ്പാക്കി കെട്ടിടം പണിയുന്നതും, മലയിലെ മരങ്ങൾ വെട്ടിമാറ്റുന്നതും കരിങ്കൽ പൊട്ടിക്കാൻ ഡയനാമിറ്റ് വച്ച് മലയിളക്കുന്നതും ഉരുൾ പൊട്ടൽ സാധ്യത വർദ്ധിപ്പിക്കും. ഇതൊക്കെ ചെയ്യുന്ന സമയത്താണ് മാധ്യമ ശ്രദ്ധ അവിടെ വേണ്ടത്, അപ്പോഴാണ് ജനങ്ങളെ ബോധവൽക്കരിച്ച് ഇതിനെതിരെ പ്രവർത്തിക്കാൻ പറയേണ്ടത്, ആ സമയത്താണ് നിയമ ലംഘനം ഉണ്ടെങ്കിൽ അത് സർക്കാരിന്റെ മുന്നിൽ കൊണ്ടുവരേണ്ടത്. നിയമലംഘനത്തിന് ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നുണ്ടെങ്കിൽ അത് പുറത്തു കൊണ്ടുവരേണ്ടതും അപ്പോളാണ്. അല്ലാതെ മലയിടിഞ്ഞു തുടങ്ങുമ്പോൾ ആരെയെങ്കിലും വിളിച്ചിട്ടോ കുറ്റം പറഞ്ഞിട്ടോ എന്ത് കാര്യം?

2018 ഏപ്രിൽ മാസം മുതൽ തന്നെ മഴ തുടങ്ങിയിരുന്നു. മഴ നന്നായി പെയ്യുകയാണെങ്കിൽ ജൂലൈ ആകുമ്പോഴേക്കും നമ്മുടെ അണക്കെട്ടുകൾ നിറയുവാൻ തുടങ്ങും. കേരളത്തിലെ ഏറ്റവും വലിയ മഴകൾ ഉണ്ടായിട്ടുള്ളത് ജൂലൈ മാസത്തിലാണ്. വലിയ മഴയോടൊപ്പം അണക്കെട്ടും കൂടി തുറന്നുവിട്ടാൽ താഴെ വെള്ളം പൊങ്ങുകയും സ്ഥിതി പിടിച്ചാൽ കിട്ടാതാകുകയും ചെയ്യും. 

കേരളത്തിലെ അണക്കെട്ടുകളിലെ ജലനിരപ്പ് എത്രയാണ് എന്ന് നേരത്തെതന്നെ അന്വേഷിച്ച് മനസ്സിലാക്കേണ്ടത് അത്യാവശമാണ്. അതോടൊപ്പം അവിടുത്തെ റിസർവോയർ മാനേജ്‌മെന്റ് പോളിസി എന്തെന്ന് ചോദിച്ചു മനസിലാക്കുകയും വേണം. മഴക്കാലത്തിന്റ പകുതി ആകുമ്പോഴേക്കും അണക്കെട്ട് നിറയാൻ സാധ്യതയുണ്ടെങ്കിൽ ഷട്ടർ തുറക്കുന്നതിന്റെ പോളിസി എന്തെന്ന് ചോദിക്കുക. ഇതൊക്കെ എല്ലാ ദിവസവും ജനങ്ങളെ അറിയിക്കുക. ഇപ്രകാരം ചെയ്യുകയാണെങ്കിൽ വലിയ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കും. അതുകൊണ്ടുതന്നെ ദുരന്തം ഒഴിവാക്കുന്നതാണ് ഉണ്ടായ ശേഷം അതിനെ നേരിടുന്നതിലും എനിക്കിഷ്ടം.

നിർഭാഗ്യവശാൽ ഇത്തരം മുന്നറിയിപ്പുകൾ ഒക്കെ ആരും ശ്രദ്ധിച്ചില്ല. ഇതിന്റെ പ്രത്യാഘാതം നമ്മൾ കണ്ടു കഴിഞ്ഞല്ലോ. ഇനി ദുരന്തമില്ലാത്ത ഒരു കേരളം എങ്ങനെ കെട്ടിപ്പടുക്കാം എന്ന് നോക്കാം, അതിന് ആദ്യം ചെയ്യേണ്ടത് പഴയ ദുരന്തങ്ങളുടെ പാഠം പഠിക്കുകയാണ്.