Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരൂ യാത്ര പോകാം; ഏറ്റവും കുറഞ്ഞ ചെലവിൽ

ഒരിക്കൽ രുദ്രനാഥിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ ഒരു കുന്നുകയറി ഏകനായി ഒരു മനുഷ്യൻ മുകളിലേക്കു നടന്നു വരുന്നതു കണ്ടു. കാവി മുണ്ടും ഉടുപ്പുമാണ് വേഷം. ഉടുപ്പിനു പുറത്ത് കയ്യില്ലാത്ത കറുത്ത കമ്പിളി ബനിയൻ ധരിച്ചിട്ടുണ്ട്. കഴുത്തിലൊരു കമ്പിളി മഫ്ലറും കാലിൽ തേഞ്ഞുപഴകിയ ചെരുപ്പുമുണ്ട്. നടന്നു നടന്നാണ് ഈ പരുവമായതെന്ന് ചെരുപ്പ് അക്ഷരാർത്ഥത്തിൽ വിളിച്ചു പറയുന്നുണ്ട്. കത്തി നിൽക്കുന്ന സൂര്യഭഗവാനെ തടുക്കാനായി കുട ചൂടിയിട്ടുണ്ട്. കുടശീലയുടെ മടക്കു ഭാഗങ്ങൾ നരച്ചു വെളുത്തിട്ടാണ്. വടിയുടെ സഹായത്തോടെയാണ് കുന്നുകയറുന്നത്. മുഖാമുഖം എത്തിയപ്പോൾ കടന്നുപോകാനായി വഴിമാറി നിന്നു. കാഴ്ചയിൽ ഒരു മലയാളി ലക്ഷണം തോന്നിയതു കൊണ്ടാവാം ഒരു മുഖവുരയും കൂടാതെ മുകളിൽ കാലാവസ്ഥ എങ്ങനെയുണ്ടെന്ന ഒരു ചോദ്യം അദ്ദേഹം എന്റെ നേരെ തൊടുത്തുവിട്ടത്. വേഷത്തിലൊരു മലയാളി ലക്ഷണം പറയാൻ കഴിയാത്തതിനാൽ ലേശം അത്ഭുതത്തോടെ ഞാൻ ചോദിച്ചു. കേരളത്തിൽ എവിടെ നിന്നാണ്? നാട് പാലക്കാടാണെന്ന് ആ മനുഷ്യൻ പറഞ്ഞു. മുകളിൽ മഴയൊട്ടുമില്ല. പക്ഷേ തണുപ്പ് വളരെ കൂടുതലാണെന്ന എന്റെ മറുപടി സംഭാഷണങ്ങളുടെ ഒരു ചില്ലുജാലകം തുറന്നു. 

ഞാനദ്ദേഹത്തെ ശ്രദ്ധിച്ചു. നീണ്ടു മെലിഞ്ഞ ഒരു ഇടത്തരം മനുഷ്യൻ. ഇളം കറുപ്പുനിറം. നല്ല അദ്ധ്വാനിയാണെന്ന് ശരീരവും അതിന്റെ അവശേഷിപ്പുകളുള്ള ലേശം ചുളിവു വീണ മുഖവും കുഴിയിലാണ്ട കണ്ണുകളും വിളിച്ചു പറഞ്ഞു. പ്രായം എഴുപത് കടന്നിട്ടുണ്ടാകുമെന്ന് കാഴ്ചയിൽ തോന്നി. ചോദിച്ചപ്പോൾ 72 വയസ്സായെന്നു പറഞ്ഞു. കയ്യിൽ കാര്യമായ ഭാണ്ഡക്കെട്ടുകളൊന്നുമില്ല. തോളിൽ വളരെ പഴക്കം തോന്നിക്കുന്ന ഒരു ഇടത്തരം ബാഗുണ്ട്. അതിന്റെ പുറത്ത് ഏതു മഞ്ഞിൻപാളിയുടെ പുറത്തും വിരിച്ചു കിടന്നുറങ്ങാവുന്ന കട്ടിയുള്ള ഒരു പോളിത്തീൻ ഷീറ്റ് ചുരുട്ടികെട്ടി വെച്ചിട്ടുണ്ട്. നാട്ടിൽ അമ്പതു സെന്റ് ഭൂമിയുണ്ട്. അതിലെ കൃഷിപ്പണികൊണ്ട് കഴിഞ്ഞുകൂടുന്നു. ഗൃഹസ്ഥനാണ്. രണ്ടു പെൺകുട്ടികളായിരുന്നു. അവരെ രണ്ടുപേരെയും ആകുംവിധം കെട്ടിച്ചയച്ചു. അമ്പതാമത്തെ വയസ്സിൽ അത്തരം ബാധ്യതകളൊക്കെ തീർത്തതിനുശേഷം തീർത്ഥാടനത്തിനും യാത്രക്കുമായി ഇറങ്ങിത്തിരിക്കണം എന്ന ഉൾവിളിയുണ്ടായി. ഭാര്യയും എതിരു നിന്നില്ല. അങ്ങനെ കഴിഞ്ഞ ഇരുപതിലധികം വർഷങ്ങളായി മുടക്കംകൂടാതെ ഹിമാലയമേഖലയിലൂടെ കറങ്ങിത്തിരിയുന്നു. മറ്റു തീർത്ഥസ്ഥലങ്ങളിൽ പോകാറുണ്ടെങ്കിലും ഹിമാലയമേഖല തന്നെയാണ് മുഖ്യ സഞ്ചാരകേന്ദ്രം. 2013 ലെ മേഘസ്‌ഫോടനം മൂലമുണ്ടായ പ്രളയകാലത്തൊഴികെ ഇതുവരെ യാത്രക്കു ഭംഗം വന്നിട്ടില്ല. ചെറിയ കൃഷിയിൽ നിന്നുള്ള തുച്ഛ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്നതോടൊപ്പം അതിൽ നിന്നും ഒരു ചെറിയ തുക സഞ്ചാരത്തിനായി നീക്കിവെക്കുന്നു. 

തീവണ്ടിയിലും ബസ്സിലും കാൽനടയുമായാണ് സഞ്ചാരം. വീട്ടിൽ നിന്ന് ഗോതമ്പ് ഉണക്കി വറുത്തുപൊടിച്ചു ശർക്കര ചേർത്തു തയാറാക്കുന്ന സക്തു മാവ് ആവശ്യത്തിന് കരുതും. അത് ദീർഘനാൾ കേടുകൂടാതെയിരിക്കും. പണ്ട് വഴിയിൽ ഭക്ഷണം കിട്ടാൻ മാർഗ്ഗമില്ലാതിരുന്ന കാലത്ത് തീർത്ഥാടകർ വിശപ്പടക്കിയിരുന്നത് ഈ സക്തു മാവുകൊണ്ടാണ്. ഓരോരുത്തരും അവരുടെ ഭാണ്ഡക്കെട്ടിൽ തീർത്ഥാടനകാലത്തേക്കാവശ്യമായ സക്തു മാവും അരിയും ഗോതമ്പുമാവുമായിട്ടൊക്കെയായിരുന്നു യാത്ര. യാത്രക്കിടയിൽ പാചകത്തിനു സൗകര്യമുള്ള ചില ഇടത്താവളങ്ങളുണ്ട്. അവിടെ ഗോതമ്പുമാവും അരിയും പരിപ്പും ഉപ്പും വിറകും ഒക്കെ വിൽക്കുന്ന കടകളും അവയൊക്കെ സൗജന്യമായി നൽകുന്ന സർക്കാർ സംവിധാനങ്ങളും ആശ്രമങ്ങളും സന്നദ്ധസംഘടനകളുമുണ്ടായിരുന്നു. അത്തരം ഇടത്താവളങ്ങളിൽ തീർത്ഥാടകർ തമ്പടിച്ച് ഭക്ഷണം പാകം ചെയ്തു കഴിച്ചിരുന്നു. അതിനു സൗകര്യമില്ലാത്ത വഴിയിൽ സക്തു മാവായിരുന്നു അവരുടെ ആശ്രയം. 

ഇപ്പോൾ വാഹന സൗകര്യവും വഴിയിലെങ്ങും ഭക്ഷണശാലകളുമുള്ളതിനാൽ ആരും സക്തു മാവുമായി യാത്രചെയ്യാറില്ല. പക്ഷേ ഇദ്ദേഹം പരമാവധി ചെലവു ചുരുക്കുന്നതിനായിട്ടാണ് ഇപ്പോഴും ഇങ്ങനെ യാത്ര ചെയ്യുന്നത്. ദിവസം ഒന്നുരണ്ടു നേരം കണക്കാക്കി ഇരുപത് ഇരുപത്തഞ്ചു ദിവസത്തേക്കുള്ള മാവ് പ്ലാസ്റ്റിക് കവറിൽ കരുതും. ഈ പൊടി നല്ല ഊർജ്ജദായകമാണെന്നതിനാൽ കുറച്ചു കഴിച്ചാൽ മതി. സന്ധ്യയോടെ എവിടെത്തുമോ അവിടെയടുത്ത് എവിടെയാണോ സൗജന്യമായി താമസവും ഭക്ഷണവും ലഭിക്കുന്ന ആശ്രമങ്ങളോ വഴിയമ്പലങ്ങളോ സത്രങ്ങളോ ഗുരുദ്വാരകകളോ ഉള്ളതെന്നന്വേഷിച്ച് കണ്ടെത്തി അവിടെ രാത്രി ചെലവഴിക്കും. ഒരു നേരത്തെ ഭക്ഷണം അങ്ങനെ കഴിഞ്ഞുകിട്ടും. ചില സ്ഥലങ്ങളിൽ രാവിലെയും ഭക്ഷണം കിട്ടും. കാളികംബ്ലിവാലയുടേതു പോലുള്ള വിശ്രമസത്രങ്ങളിൽ സൗജന്യമായി തങ്ങാൻ പറ്റുമെങ്കിലും അവിടെ ഭക്ഷണം കിട്ടുകയില്ല. അങ്ങനെയുള്ള അവസരങ്ങളിൽ സക്തു മാവു തന്നെ രാത്രിയിലും ശരണം. വളരെ അപൂർവ അവസരങ്ങളിൽ മാത്രമെ പണം കൊടുത്തു തങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാറുള്ളൂ. ചിലപ്പോൾ ചെന്നെത്തുന്ന ക്ഷേത്രങ്ങളിൽ തന്നെ രാത്രി കഴിച്ചുകൂട്ടാറുണ്ട്. വളരെ തണുപ്പായതിനാൽ അത് അത്യന്തം ദുഷ്‌കരമാണ്. കൈലാസ മാനസ സരോവര യാത്രക്കിടയിൽ ഒരു കമ്പിളി മാത്രം പുതച്ച് തുറസ്സായ സ്ഥലങ്ങളിൽ കൊടുംതണുപ്പു സഹിച്ച് പലദിവസങ്ങളും തള്ളിനീക്കേണ്ടി വന്ന അവസ്ഥയെപ്പറ്റി കൈലാസയാത്ര എന്ന പുസ്തകത്തിൽ തപോവന സ്വാമികൾ പറയുന്നുണ്ട്. നിരന്തര സഞ്ചാരത്തിലൂടെ ഓരോ സ്ഥലത്തും സൗജന്യമായി തങ്ങാൻ കഴിയുന്ന, ഭക്ഷണം ലഭിക്കുന്ന കേന്ദ്രങ്ങളെപ്പറ്റി ഇദ്ദേഹത്തിന് ഇപ്പോൾ നല്ല നിശ്ചയമാണ്. സൗജന്യ താമസവും ഭക്ഷണവും ലഭിക്കുന്ന കേന്ദ്രങ്ങൾ വർഷം കഴിയുന്തോറും കുറഞ്ഞുവരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. കാളികംബ്ലിവാല ആശ്രമംപോലും ഇപ്പോൾ താമസത്തിന് ചെറിയ വാടക ഈടാക്കിത്തുടങ്ങി. വാഹനനിരക്കിലെ വർദ്ധന, താമസത്തിനു വേണ്ടി വരുന്ന ചെലവ് തുടങ്ങിയവയൊക്കെ ഓരോ വർഷവും കൂടിക്കൂടി വരികയാണെന്നതാണ് ഇദ്ദേഹത്തിന്റെ സങ്കടം. 

സക്തു മാവ് കൂടാതെ ഒരു മുണ്ട്, ഒരു ഷർട്ട്, ഒരു കമ്പിളിത്തൊപ്പി, കമ്പിളി കാലുറകൾ, ഒരു തോർത്ത.് തീർന്നു ആഡംബരങ്ങൾ. രാത്രി തങ്ങുന്ന ഇടങ്ങളിലോ അല്ലെങ്കിൽ പകൽ ഏതെങ്കിലും നദിക്കരയിലോ വസ്ത്രം കഴുകി ഉണക്കിയെടുത്തു മാറിമാറി ഉപയോഗിക്കും. ഇരുപത് ഇരുപത്തഞ്ചു ദിവസം നീളുന്നതാണ് ഓരോ യാത്രയും. പിന്നിട്ട വഴികളിൽക്കൂടെത്തന്നെയാണ് പലപ്പോഴും  സഞ്ചാരം. പുതുമക്കായി എന്തെങ്കിലും കണ്ടെത്തും. ബസ്സുള്ള വഴിയാണെങ്കിലും പഴയപോലെ കാൽനടയായി പോകും. ചില ക്ഷേത്രങ്ങളിൽ ദിവസങ്ങളോളം ചെലവഴിക്കും. ഇപ്പോൾ ഇറങ്ങിത്തിരിച്ചിട്ട് പത്തു ദിവസം കഴിഞ്ഞു. ഹരിദ്വാർവരെ തീവണ്ടിയിൽ സാധാരണ ക്ലാസ്സിൽ വന്നു. അവിടെ നിന്നും ബസിൽ കേദാറിലെത്തി. അവിടെ രണ്ടു ദിവസം തങ്ങി. അവിടെ നിന്നുമാണ് ഇങ്ങോട്ടു വരുന്നത്. ഇന്നു രാത്രി രുദ്രനാഥിൽ തങ്ങും. നാളെ രാവിലെ തിരിച്ചിറങ്ങി നേരെ ബദരിക്കു പോകും. ബദരിയിൽ രണ്ടു ദിവസം തങ്ങും. പിന്നീട് കാൽനടയായി ഹരിദ്വാറിനിടയിലുള്ള എല്ലാ നദീസംഗമങ്ങളിലും, വിഷ്ണു പ്രയാഗ്; നന്ദ പ്രയാഗ്; കർണ്ണ പ്രയാഗ്; രുദ്രപ്രയാഗ്; ദേവപ്രയാഗ് തുടങ്ങിയ പ്രയാഗകളിൽ സ്‌നാനം ചെയ്ത് ഹരിദ്വാറിലെത്തി നാട്ടിലേക്കു മടങ്ങാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇവിടെയുള്ളതെല്ലാം പുണ്യനദികളാണ്. ഇതിനു മുമ്പും ബദരിക്ക് നടന്നുപോയിട്ടുണ്ട്. പക്ഷേ എല്ലാ പ്രയാഗകളിലും ഇറങ്ങി സ്‌നാനം കഴിച്ചിട്ടില്ല. അതുകൊണ്ടാണ് ഇത്തരത്തിലൊരു തീർത്ഥാടനത്തെപ്പറ്റി ആലോചിച്ചത്. 

പവിത്രജലമുൾക്കൊള്ളുന്ന നദി, ജലാശയം, പുണ്യ സ്ഥലം, ജലം  എന്നൊക്കെയാണ് തീർത്ഥമെന്ന വാക്കിനർത്ഥം. അതുകൊണ്ട് പുണ്യജലമൊഴുകുന്ന നദികളിലെ സ്‌നാനം തീർച്ചയായും ഒരു തീർത്ഥാടകന് വളരെ പ്രധാനപ്പെട്ടതാണ്. മഹാഭാരതം വനപർവ്വത്തിലെ തീർത്ഥയാത്രാ പർവ്വത്തിൽ തെക്കും വടക്കും; കിഴക്കും പടിഞ്ഞാറും ഒക്കെയുള്ള പുണ്യസ്ഥലങ്ങളെപ്പറ്റി പറയുന്നുണ്ട്. അതോടൊപ്പം അഗ്‌നിപുരാണത്തിലും മറ്റു പലയിടത്തും തീർത്ഥസ്ഥലങ്ങളെപ്പറ്റി പരാമർശങ്ങളുണ്ട്. ഹിമാലയ മേഖലകളിലെ ശ്രീ പർവ്വതത്തിൽ മഹാദേവൻ ദേവിയോടുകൂടി വസിക്കുന്നതായും മേരു, മൈനാകം തുടങ്ങി അനേകം പർവ്വതങ്ങളും, തീർത്ഥങ്ങളും, ബദരിയും ഹരിദ്വാറും ഭാഗീരഥി നദിയും ഗംഗാനദിയും ഒക്കെ തീർത്ഥസ്ഥലങ്ങളാണെന്ന് തീർത്ഥയാത്രാ പർവ്വത്തിൽ പറയുന്നുണ്ട്. മൂന്നുരാവ് ഉപവാസം ചെയ്യാതിരിക്കുകയോ; തീർത്ഥയാത്ര ചെയ്യാതിരിക്കുകയോ; സ്വർണ്ണഗോദാനം ചെയ്യാതിരിക്കുകയോ ചെയ്യുന്നവൻ ദരിദ്രനായി ഭവിക്കും എന്നാണ് തീർത്ഥയാത്രാ പർവ്വം പറയുന്നത്. ഉപവാസം ഈ മനുഷ്യൻ സ്ഥിരം അനുഷ്ഠിക്കുന്നുണ്ട്. കാരണം മിക്കദിവസങ്ങളിലും ഭക്ഷണം കിട്ടാറില്ല. സ്വർണ്ണ ഗോദാനം പോയിട്ട് കളിമൺ ഗോദാനത്തിനുപോലും പാങ്ങില്ല. അതിനെപ്പറ്റി ചിന്തിക്കാനെ കഴിയില്ല. ഒരുപക്ഷേ കൂടുതൽ ദരിദ്രനായി ഭവിക്കാതിരിക്കാൻ ഈ സ്‌നാനം ഉപകരിക്കപ്പെടുമെന്നറിഞ്ഞു കൊണ്ടാണോ എന്തോ അദ്ദേഹം 

ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നറിയില്ല. ഇതിനൊക്കെ എത്രദിവസം എടുക്കുമെന്നോ, ഹരിദ്വാറിലെന്നെത്തുമെന്നോ ഒരു നിശ്ചയവുമില്ല. എത്തുമ്പോൾ എത്തട്ടെ എന്നതിനപ്പുറം ഒരു കണക്കുകൂട്ടലുമില്ല. എത്തുമ്പോൾ ഒരു ദിവസം അവിടെ ചെലവഴിച്ച് അടുത്തു കിട്ടുന്ന തീവണ്ടിക്ക് നാട്ടിലേക്ക് മടങ്ങാനാണ് പരിപാടി. നാട്ടിലെത്തുമ്പോൾ അടുത്ത കൃഷിപ്പണിക്കുള്ള കാലമായിരിക്കും. പിന്നെ മനസ്സും ശരീരവും മുഴുവൻ കൃഷിയിലാണ്. അതിൽ നിന്നു കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് ഒരു കളിമൺ വഞ്ചിയിൽ സൂക്ഷിക്കും. അടുത്ത വർഷത്തെ യാത്രയ്ക്കുള്ള നിക്ഷേപമാണത്. ഈ മനുഷ്യൻ നേടുന്ന ശാരീരികവും മാനസികവുമായ സാക്ഷാത്കാരം എന്താവും. 

ഞാൻ അദ്ദേഹത്തോടു ചോദിച്ചു. എന്താണ് ഈ യാത്രയുടെ ഉദ്ദേശ്യം. വെറും നാലാം ക്ലാസ് വരെമാത്രം പഠിച്ചിട്ടുള്ള നിഷ്‌കളങ്കനായ ആ കൃഷിവലന്റെ കുഴിഞ്ഞ കണ്ണുകൾ വിടർന്നു. മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിടർന്നു. അത് വളരെ ദാർശനികമായ ഒരു ചിരിയായിരുന്നു. ഏതു ഉത്തരത്തേക്കാളും വലിയ അർത്ഥങ്ങൾ ഉൾക്കൊള്ളുന്ന ഒരു മറുപടിയായിരുന്നു ആ ചിരി. ഒരു രസം അത്രതന്നെ.

ഒരു ഗീർവ്വാണവും തട്ടിവിടാതെ അദ്ദേഹം പറഞ്ഞു. ഞാൻ ജീവിക്കാനായി കൃഷിചെയ്യുന്നു. അതിൽ നിന്ന് മിച്ചം പിടിച്ച് യാത്രചെയ്യുന്നു. അതായത് ജീവിക്കാനും യാത്രചെയ്യാനുമായി കൃഷിചെയ്യുന്നു. കൃഷി ചെയ്യാനും ജീവിക്കാനുമായി യാത്രയും ചെയ്യുന്നു. നാം യാത്ര ചെയ്യുന്നത് ജീവിതത്തിൽ നിന്നും രക്ഷപ്പെടാനല്ല മറിച്ച് ജീവിതം നമ്മിൽ നിന്നും നഷ്ടപ്പെടാതിരിക്കാനാണെന്ന് അജ്ഞാതനായ ഒരാൾ പറഞ്ഞിട്ടുണ്ട്. ചില കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ഒരു വലിയ ആളൊന്നുമാകേണ്ട കാര്യമില്ലെന്നും മറിച്ച് ഏതു സാധാരണ മനുഷ്യനും നിശ്ചയ ദാർഢ്യവും മനസ്സും പ്രചോദനവുമുണ്ടെങ്കിൽ ഏതു കാര്യവും നേടാമെന്നുമാണ് എവറസ്റ്റ് പർവ്വതം കീഴടക്കിയ എഡ്മണ്ട് ഹില്ലാരി പറഞ്ഞിട്ടുള്ളത്. 

''മിക്ക മനുഷ്യരും വളരെ നിരാശാഭരിതമായ ജീവിതം നയിക്കുകയും ആ നിരാശയോടെ ശവക്കുഴിയിലേക്കു പോകുകയും ചെയ്യുന്നു'' എന്ന അമേരിക്കൻ ദാർശനികനും കവിയും അനുഭവാതീത ജ്ഞാനവാദത്തിന്റെ വക്താവുമായ ഹെന്റി ഡേവിഡ് തോറായുടെ നിരീക്ഷണം മലയാളിയെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണ്. ഇരുപതു വർഷത്തിനു ശേഷം നിങ്ങൾ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ ചെയ്ത കാര്യങ്ങളെക്കാളുപരി ചെയ്യാത്ത കാര്യങ്ങളെ ഓർത്താവും നിരാശപ്പെടുന്നത്. അതുകൊണ്ട് പായ്ക്കപ്പലിന്റെ കെട്ടുകയറുകൾ അഴിച്ചുവിടുക, സുരക്ഷിത തീരം വിട്ട് പാക്കപ്പൽ സഞ്ചരിക്കട്ടെ. കടൽക്കാറ്റ് അവയെ മുമ്പോട്ടു കൊണ്ടുപോകും. കടൽക്കാറ്റിന്റെ സഹായത്തോടെ സഞ്ചരിക്കുക, സ്വപ്നം കാണുക, കണ്ടെത്തുക എന്നാണു മനുഷ്യസ്വഭാവങ്ങളെ നന്നായി നിരീക്ഷിച്ചിട്ടുള്ള എഴുത്തുകാരനായ മാർക്ക് ട്വെയ്ൻ പറഞ്ഞിട്ടുള്ളത്. നിങ്ങൾക്കൊരു നദി കടക്കണമെന്നുണ്ടെങ്കിൽ നദിയെ നോക്കിനിന്നിട്ടു കാര്യമില്ല. വെള്ളത്തിലേക്കിറങ്ങുകതന്നെ വേണമെന്നാണ് മഹാകവി ടാഗോർ എഴുതിയിട്ടുള്ളത്. അതെ സ്വപ്നം കാണുക. കെട്ടുകയറുകൾ അഴിച്ചുവിടുക, വെള്ളത്തിലേക്കിറങ്ങുക. 

ഇത്തരത്തിൽ വളരെ വിചിത്രമായി യാത്ര ചെയ്യുന്ന അനേകരെ നമുക്കു വഴിയിൽ കണ്ടെത്താൻ കഴിയും. വളരെ പ്രത്യേകമായ അനുഭവങ്ങളും അനുഭൂതികളും പേറുന്ന ഇവരാരും യാത്രാവിവരണം എഴുതാൻ യാത്ര ചെയ്യുന്നവരല്ല. യാത്ര ചെയ്യാൻ മാത്രം യാത്ര ചെയ്യുന്ന ആരും അറിയാതെ പോകുന്ന അജ്ഞാതരായ ഇത്തരം ഓരോ മഹായാത്രികനുമായി ഈ പുസ്തകം സമർപ്പിക്കുന്നു.