Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുദ്ധനും ശങ്കരനും മുരളി തുമ്മാരുകുടിയും

കർമ്മബോധവും നർമ്മബോധവുമാണ് മലയാളികളെ നിർവചിക്കുന്നതെങ്കിൽ മുരളി തുമ്മാരുകുടി ഒന്നാന്തരമൊരു മലയാളി തന്നെ. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ  ദുരന്ത ലഘൂകരണ വിഭാഗം തലവനായി അൻപതിലേറെ രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുള്ള ഒരാഗോള പൗരനെ മലയാളി എന്ന ഭാഷാ/സാംസ്കാരിക സ്വത്വത്തിൽ മാത്രമൊതുക്കുന്നതിൽ ഒരു നീതികേടുണ്ടോ? ഉണ്ടെങ്കിൽത്തന്നെ തെളിമലയാളത്തിൽ കാച്ചിക്കുറുക്കിക്കാര്യങ്ങളവതരിപ്പിക്കാനുള്ള തന്റെ ശേഷികൊണ്ട് ഈ ആഗോള സുരക്ഷാ വിദഗ്ധൻ മറ്റെന്തിനും മേലെ മലയാളിയായിത്തീരുന്നു.   ‌

പത്രസമൂഹമാധ്യമങ്ങളിലെ കുറിപ്പുകൾ കൊണ്ട് തന്റേതായ വായനാ സമൂഹത്തെ സൃഷ്ടിച്ചിട്ടുള്ള തുമ്മാരുകുടിയുടെ ‘ബുദ്ധനും ശങ്കരനും പിന്നെ ഞാനും’ എന്ന പുതിയ പുസ്തകവും അദ്ദേഹത്തിന്റെ കർമ/നർമ ബോധങ്ങളെ കൂടുതൽ വെളിപ്പെടുത്തുന്നു. 

എത്ര ഗൗരവമുള്ള വിഷയത്തെയും നർമത്തിൽ ചാലിച്ചവതരിപ്പിക്കാനുള്ള തന്റെ ശൈലി ഈ പുസ്തകത്തിന്റെ തലക്കെട്ട് മുതൽ തുമ്മാരുകുടി ദൃശ്യമാക്കുന്നു. ഭാരതീയ ആധ്യാത്മിക ചിന്തയുടെ ഉന്നതങ്ങളിലുള്ള ബുദ്ധശങ്കരന്മാരെയാണ് തുമ്മാരുകുടി തലക്കെട്ടിനായി കൂട്ടുപിടിക്കുന്നതെങ്കിലും അതിന്റെ യഥാർഥ വേരുകൾ കിടക്കുന്നത് ‘ആറാം തമ്പുരാനെന്ന എക്കാലത്തെയും ജനപ്രിയ സിനിമകളിലൊന്നിലാണെന്നിടത്താണ് തുമ്മാരുകുടിയൻ തമാശയുടെ രസതന്ത്രം. ‘‘ഞാൻ ആര്?’’ എന്ന കുഴക്കുന്ന ചോദ്യത്തിന്  ബുദ്ധനെയും ശങ്കരനെയും പോലെ ആറാം തമ്പുരാനിലെ ഗൃഹനാഥനും ഉത്തരമുണ്ടായിരുന്നില്ല. എന്നാൽ അമേരിക്കയിലേക്കുള്ള ഒരു യാത്രയിൽ തന്റെ ജനിതക പൈതൃക യാത്രയുടെ ദൂരവേഗങ്ങളെ കണ്ടെത്തിയതിനെപ്പറ്റിയുള്ള വി‍ജ്ഞാനപ്രദവും രസകരവുമായ കുറിപ്പാണ് തുമ്മാരുകുടിയുടെ പുസ്തകത്തിലെ ആദ്യ ലേഖനം. 

ജനിതക ശാസ്ത്രത്തിൽ തിളങ്ങുന്ന ഈ പുസ്തകം (246 പേജുകൾ), ചുംബന സമരം, ഇഞ്ചികൃഷി, തെരഞ്ഞെടുപ്പ്, കൊച്ചി മെട്രോ, ഒളിമ്പിക്സ് എന്നിങ്ങനെ വൈവിധ്യമാർന്ന ഒരു പിടി വിഷയങ്ങളിലൂടെയുള്ള ഓട്ടപ്രദക്ഷിണമാണ്. തികച്ചും ഗൗരവമാർന്ന ഈ വിഷയങ്ങളെ പലപ്പോഴും കണക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കുമ്പോഴേക്കും താരങ്ങളെയും സിനിമാ ശകലങ്ങളെയും പുട്ടിനു പീര പോലെ ചേർക്കുന്നു എഴുത്തുകാരൻ. അതിന്റെ കാരണം പുസ്തകത്തിന്റെ ആമുഖത്തിൽ തുമ്മാരുകുടി വ്യക്തമായി പറഞ്ഞിട്ടുള്ളത് – ‘‘ഞാൻ എഴുതുന്നത് സമൂഹത്തിന്റെ ചിന്തയിൽ മാറ്റം വരുത്താമെന്ന ആഗ്രഹത്തോടെയാണ്. സാഹിത്യമോ ഹാസ്യമോ സൃഷ്ടിക്കുക എന്റെ ലക്ഷ്യമല്ല. വായനക്കാരിലേക്ക് വസ്തുതയെങ്ങനെയെത്തിക്കാം എന്നതു മാത്രമാണ് പ്രധാനം.  ഒരു വിഷയം ഹാസ്യത്തിൽ പൊതിഞ്ഞാലാണ് കൂടുതൽ ആളുകൾ ശ്രദ്ധിക്കുക. വിഷയത്തോട് താൽപര്യമില്ലാത്തവരും, എതിർപ്പുള്ളവരും കൂടുതൽ വായിക്കാൻ സാധ്യതയുള്ളതിനാൽ അൽപം ഹാസ്യം എഴുത്തിൽ ചേർക്കാറുണ്ട്. 

അങ്ങനെയൊക്കെയാണെങ്കിലും മുരളി തുമ്മാരുകുടിയെന്നാൽ അൽപം ഹാസ്യം എന്ന കള്ളി ചേർക്കൽ അനീതിയാണ്. മർമ്മമറിഞ്ഞുള്ള നർമ്മത്തേക്കാൾ കുറിക്കു കൊള്ളുന്ന സാമൂഹ്യ നിരീക്ഷണങ്ങൾ കൊണ്ടും സമ്പന്നമാണ് ഈ പുസ്തകം. 'പ്രകൃതി ദുരന്തം, കാലാവസ്ഥ' എന്ന ലേഖനത്തിലെ പല നിരീക്ഷണങ്ങളും പ്രവചന സ്വഭാവത്തിലുള്ളതായിരുന്നുവെന്നതിന്റെ സാക്ഷ്യം ഓഗസ്റ്റിലെ പ്രളയം തന്നെ. ‘‘ദുരന്തങ്ങളെ അറിഞ്ഞു കൊണ്ടുള്ള സ്ഥലവിനിയോഗം, ദുരന്തസാധ്യതകൾ കണക്കിലെടുത്തുകൊണ്ടുള്ള നിർമാണ നിയമങ്ങളും നിർദ്ദേശങ്ങളും ദുരന്തം ഒഴിവാക്കാൻ സാധിക്കുന്ന പരിസ്ഥിതി സംരക്ഷണം, അടുത്ത നൂറു വർഷത്തെ കാലാവസ്ഥാ വ്യതിയാനത്തെ മുന്നിൽക്കണ്ടു കൊണ്ടുള്ള ദുരന്ത ലഘൂകരണ പ്രവർത്തനം എന്നീ അടിസ്ഥാനപരമായ മാറ്റങ്ങളാണ് ഇനി നാം കൊണ്ടു വരേണ്ടത്’’. ആ ലേഖനത്തിന്റെയവസാനം അദ്ദേഹം എഴുതുന്നു. 

‘‘ഓരോ മരണവും ദുഃഖകരമാണ്. എന്നാൽ ഒരു സംഭവം ദുരന്തമാകുന്നത് സമൂഹം അതിൽ നിന്നും ഒന്നും  പഠിക്കാതെ പോകുമ്പോഴാണ്.’’ പാഴായിപ്പോയ ഒരു മരണം എന്ന ലേഖനം തുടങ്ങുന്നതാണ്. ദുരന്തങ്ങളെപ്പറ്റിയുള്ള ഈ കൃത്യതയാർന്ന നിർവചനം ഈ പുസ്തകത്തിൽ പലപ്പോഴും ആവർത്തിക്കു ന്നുണ്ട്. കോഴിക്കോട്ട് ഒരു മാളിലുണ്ടായ സെക്യൂരിറ്റിക്കാരന്റെ  മരണത്തെ ഒരു സന്ദർഭമായി എടുത്തുകൊണ്ട് സുരക്ഷാ ജീവനക്കാരുടെ പ്രവർത്തന സ്ഥലത്തിൽ വരേണ്ടതും വരുത്തേണ്ടതുമായ  സമൂല മാറ്റങ്ങളെപ്പറ്റി തുമ്മാരുകുടി ഈ ലേഖനത്തിലെഴുതുന്നു. ഈ സെക്യൂരിറ്റിക്കാരിൽ കൂടുതല്‍ പേരുടെയും ജോലി  കളവോ മറ്റു കുറ്റകൃത്യങ്ങളോ നിയന്ത്രിക്കുക എന്നല്ല മറിച്ച് ആളുകൾ പെരുമാറു ന്നത് പോലെ പെരുമാറാൻ മലയാളികളെ നിർബന്ധിക്കുകയെന്നതാണ്? തുമ്മാരുകുടി എഴുതുന്നു. എത്ര ശക്തമായ നിരീക്ഷണം!

കേരളത്തിലിപ്പോൾ നടക്കുന്ന പ്രധാന പരിസ്ഥിതി പ്രശ്നമാണ് പാറ പൊട്ടിക്കൽ, മണൽ വാരൽ, വയൽ നികത്തൽ, ഖരമാലിന്യ നിക്ഷേപം തുടങ്ങിയവയെല്ലാം ഞാനും നിങ്ങളും ഉൾപ്പെട്ട പൊതു സമൂഹത്തിന്റെ സാമ്പത്തിക വളർച്ചയുടെയും അതുണ്ടാക്കുന്ന ഉപരോധത്തിന്റെയും നേരിട്ടുള്ള പ്രത്യാഘാതമാണ്’’ (കരുതലില്ലാത്ത വികസനം) ‘‘കോൺക്രീറ്റു കൊണ്ടുള്ള കെട്ടിടങ്ങൾ ഡിസൈൻ ചെയ്തു വച്ചിട്ട് മണൽമാഫിയയെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം? (കരുതലില്ലാത്ത വികസനം) എന്നിങ്ങനെ ഒരു ലേഖനത്തിൽ നിന്നു തന്നെ നിരവധി സൂക്ഷ്മനിരീക്ഷണങ്ങൾ കണ്ടെത്താനാവുന്ന സന്ദർഭങ്ങൾ നിരവധിയുണ്ട് ഈ പുസ്തകത്തിൽ ഇവയിൽ ഏതിനോടൊക്കെ യോജിക്കുന്നു. അല്ലെങ്കിൽ യോജിക്കേണ്ടായെന്ന് വായനക്കാർക്ക് തീരുമാനിക്കാം.

നിരീക്ഷണങ്ങൾക്കൊപ്പം കണക്കുകളുടെ സൂക്ഷ്മമായ ഉപയോഗവും ഈ പുസ്തകത്തിൽ നിരവധി.  ‘‘ട്രക്ക് ഡ്രൈവർ മാരുടെ ഇന്ത്യ’’ എന്ന ലേഖനത്തിൽ (അതെ, തലക്കെട്ട് വന്നിരിക്കുന്നത് ദി കിംഗിലെ മമ്മൂട്ടിയുടെ തകർപ്പൻ സംഭാഷണത്തിൽ നിന്നു തന്നെ) നമ്മുടെ റോഡിൽ നടക്കുന്ന അപകടങ്ങളുടെ ഡാറ്റാ കൃത്യമായി അവതരിപ്പിക്കുന്നു. ‘‘ഇന്ത്യയിൽ നടക്കുന്ന ആകെ അപകടമരണങ്ങളിൽ ഇരുപത് ശതമാനത്തിലും ഒരു ട്രക്ക് ഉൾപ്പെട്ടിട്ടുണ്ട്’’ എന്ന് ലേഖകൻ വാദിക്കുന്ന ഈ ലേഖനം ട്രക്ക് ഡ്രൈവർമാർക്ക് മെച്ചപ്പെട്ട തൊഴിൽ / ജീവിത സാഹചര്യങ്ങളുണ്ടാക്കുന്നതിനു വേണ്ടിയുള്ള മുറവിളിയാണ്.

‘‘കുട്ടികളുടെ ആത്മഹത്യ ’’ എന്ന ലേഖനം തുടങ്ങുന്നത് തന്നെ ഞെട്ടിപ്പിക്കുന്ന ഒരു കഥയോടെയാണ്. 2014 ൽ കേരളത്തിൽ 22 കൂട്ട ആത്മഹത്യയാണ് നടന്നത്. അതിൽ മിക്കതിലും കുട്ടികളുൾപ്പെട്ട ആത്മഹത്യകൾ ശരാശരി മാസത്തിൽ ഒന്നിൽ കൂടുതലുണ്ട്.

കോഴിക്കോട്ടെ ഓട നന്നാക്കുന്നവരുടെ മരണത്തെപ്പറ്റിയുള്ള ലേഖനത്തിൽ നിന്നും തുമ്മാരുകുടി പോകുന്നത് യൂറോപ്പിലെ അഭയാർഥി പ്രവാഹത്തെപ്പറ്റി പറയാനാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഈ പുസ്തകം ക്രമമായ ഒരു വായനയാവശ്യപ്പെടുന്നില്ല. ഇതിലെ ഏതു ലേഖനവും എപ്പോൾ വേണമെങ്കിലും വായിക്കാവുന്നതും അവ സ്വതന്ത്രമായി നില കൊള്ളുന്നതുമാണ്. എന്നാൽ സുരക്ഷ/ദുരന്തലഘൂകരണം എന്നിങ്ങനെ തന്റെ പ്രവർത്തന മണ്ഡലവുമായി  ബന്ധപ്പെട്ട അറിവുകൾ കൃത്യമായി സംയോജിപ്പിച്ചു കൊണ്ട്  വിഷയ വൈവിധ്യത്തിനിടയിലും തുമ്മാരുകുടി പുസ്തകത്തിനൊരു പൊതു സ്വഭാവം കണ്ടെത്തുന്നു. 

ഒരാൾ ആഴവും പരപ്പുമേറിയ തന്റെ ജീവിത/ഔദ്യോഗിക യാത്രകളും പരിചയങ്ങളും വ്യക്തിബന്ധങ്ങളുമൊക്കെക്കൊണ്ട് ആർജിച്ച അറിവുകൾ ലളിതമായ ഭാഷയിൽ മറ്റുള്ളവർക്കു കൂടി പങ്കു വയ്ക്കാൻ തീരുമാനിച്ചാലെന്തുണ്ടാകും? ചുരുക്കിപ്പറഞ്ഞാൽ അതിന്റെയുത്തരമാണ് ബുദ്ധനും ശങ്കരനും പിന്നെ ഞാനും എന്ന പുസ്തകം അത് ഒരു നല്ല ഫെയ്സ്ബുക്ക് പോസ്റ്റു പോലെ ലൈക്കുകളും ഷെയറുകളും അർഹിക്കുന്നു.