Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിത വിജയത്തിന് ചില ചിന്തകൾ

ജീവിതത്തിലെ സമസ്തരംഗങ്ങളെയും ആഘോഷമാക്കാൻ സഹായിക്കുന്ന ഉന്മേഷചിന്തകളാണ്. ഈ സമാഹാരത്തിലെ 375 ചെറു കുറിപ്പുകൾ. കുട്ടികൾക്കായി രചിക്കപ്പെട്ടത് എന്ന് ആമുഖത്തിൽ ഗ്രന്ഥകർത്താവ് പരാമർശിക്കുന്നുവെങ്കിലും ഏതു പ്രായക്കാർക്കും ഒരു പോലെ ആസ്വാദ്യകരമായ ചിന്തകൾ. മുൻപിൽ നിന്നും പുറകിൽ നിന്നും മധ്യഭാഗത്തു നിന്നും വായിക്കാൻ കഴിയുമെന്നു മാത്രമല്ല. ഏതു പേജിൽ തുടങ്ങിയാലും അവയിൽ നിന്ന് പ്രത്യാശയുടെ പ്രതീക്ഷയുടെ പ്രചോദനത്തിന്റെ കിരണങ്ങൾ പ്രസരിപ്പിക്കുന്ന ലേഖനങ്ങൾ.

മഹാവിജയങ്ങൾ കൈപ്പിടിയിലൊതുക്കിയവർക്കെല്ലാം ദിവസത്തിന് 24 മണിക്കൂർ മാത്രമാണുള്ളതെന്ന് ഇവയിൽ ഓർമ്മിപ്പിക്കുന്നു. റോക് ഫെല്ലർ, ആൻഡ്രൂ കാർണിഗി, ജോർജ് സൊറോസ്, വാറൻ ബഫറ്റ്, ബിൽ ഗേറ്റ്സ് തുടങ്ങിയ പ്രമുഖർ ആർജ്ജിച്ച വിജയങ്ങൾ മേൽ പ്രസ്താവനയെ ഉറപ്പിക്കുന്നതാണെന്ന് പുസ്തകത്തിൽ സൂചിപ്പിക്കുന്നു.

പ്രശസ്തരുടെ ഉദ്ധരണികൾ കൊണ്ട് സമൃദ്ധമാണ് പല കുറിപ്പുകളും ആദ്ധ്യാത്മിക ചിന്തകൻ അമിത് റേ ‘‘ജീവിതം വെല്ലുവിളികൾ ഉയർത്തുന്നു. ഓരോ വെല്ലുവിളിയിലും അതിനെ കീഴടക്കാനുള്ള മാരിവില്ലും പ്രകാശവുമുണ്ട്’’ വിൻസ്റ്റൺ ചർച്ചിലിന്റെ അഭിപ്രായം.’’ ഒരു പരാജയത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഉത്സാഹം നഷ്ടപ്പെടാതെ പോകുവാനുള്ള കഴിവാണ് വിജയം’.

സംഭവകഥകള്‍, പുരാണകഥകള്‍, കവിതകൾ, മഹദ്വജനങ്ങൾ പഴമൊഴികൾ എല്ലാം ഇവയിൽ ചേർത്തുകൊണ്ടാണ് ഓരോ ചെറുലേഖനത്തിനും രൂപം നൽകിയിരിക്കുന്നത്.

നമ്മുടെ മനോഭാവമാണ് ഓരോ വീഴ്ചയ്ക്കും കാരണമായിട്ടു ള്ളത്. അവ കണ്ടെത്തി തിരുത്തലുകൾ വരുത്തിയാൽ വിജയിക്കുവാൻ കഴിയുമെന്നതാണ് ഈ പുസ്തകത്തിലെ ചിന്തകളെ മുൻപോട്ടു നയിക്കുന്നത്.

വാരണസിയിൽ നിന്ന് ഐ.എ.എസിൽ ഉന്നത വിജയം നേടിയ ഒരു യുവാവിന്റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ജീവിത യാതനകളോട് പൊരുതി നേടിയതാണ് അദ്ദേഹത്തിന്റെ വിജയം. പിതാവ് ഒരു റിക്ഷാക്കാരനാണ്. ദൃഢനിശ്ചയവും, കാരിരുമ്പിന്റെ കരുത്തുള്ള ഇച്ഛാശക്തിയും അയാളെ വിജയകിരീടത്തിന് അവകാശിയാക്കി. വിദ്യാർഥികളെ പ്രചോദിപ്പിക്കുന്നതാണ് ഈ കഥ.

സമയത്തിന്റെ മാനേജ്മെന്റിൽ വരുത്തുന്ന വീഴ്ചയാണ് പലരേയും പിന്നോട്ടടിക്കുന്നത്.

ജീവിതത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന പല ചിന്തകളും ഈ കുറിപ്പുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അപവാദം പ്രചരിപ്പിക്കുന്നവരെപ്പറ്റി ചാൾസ് സ്പർജന്റെ ഒരു ഉദ്ധരണി ചേർത്തിരിക്കുന്നു

‘‘സത്യം ഷൂസിടുമ്പോഴേക്കും അസത്യം ലോകത്തിന്റെ പാതിയോളം ചുറ്റിക്കഴിഞ്ഞിരിക്കും’

കോപം ഉപേക്ഷിക്കണം എന്നതിന് ശ്രീബുദ്ധന്റെ വാക്കുകൾ ഉപയോഗിക്കുന്നു.

‘‘കോപിച്ചു നിൽക്കുന്നത് മറ്റൊരാളെ എറിയാൻ തീക്കനൽ പിടിച്ചു നിൽക്കുന്നതു പോലെയാണ്. പൊള്ളിക്കരിയുന്നത് നിങ്ങൾ തന്നെയായിരിക്കും’’

മറ്റുള്ളവരോട് ക്ഷമിക്കാൻ കൂട്ടാക്കാത്ത ഒരു ശിഷ്യനെ മയപ്പെടുത്താൻ ഗുരു സ്വീകരിച്ച നടപടി വ്യക്തമാക്കുന്ന കഥയുണ്ട്. ഗുരു ശിഷ്യനെ വിളിച്ചു പറഞ്ഞു. നിനക്ക് ഇഷ്ടമില്ലാത്തവരുടെ പേരുകൾ ഉരുളക്കിഴങ്ങിൽ സൂചികൊണ്ട് എഴുതണം. ഒരു പേരുമാത്രമെ ഒരു ഉരുളക്കിഴങ്ങിൽ എഴുതാവൂ. അവ സഞ്ചിയിലാക്കി എവിടെ നീ യാത്ര ചെയ്യുമ്പോഴും അവിടെ കൊണ്ടു പോകണം. ശിഷ്യൻ അനുസരിച്ചു. സഞ്ചിയുടെ ഭാരം കൂടിക്കൊണ്ടിരുന്നതു മാത്രമല്ല ഉരുളക്കിഴങ്ങ് ചീയാനും തുടങ്ങി. കാര്യങ്ങളുടെ പുരോഗതി ഗുരു തിരക്കിക്കൊണ്ടിരുന്നു. ഒടുവിൽ ശിഷ്യന് തന്റെ തെറ്റ് ബോധ്യമായി.

നിഷേധ ചിന്തകൾ ഒരു വ്യക്തിയുടെ ജീവിതവിജയത്തിന് എല്ലാക്കാലത്തും തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് ഇതിൽ വ്യക്തമാക്കുന്നു. ശ്രീബുദ്ധൻ പറയുന്നത് ഉദ്ധരിച്ചിരിക്കുന്നു. ‘‘നിഷേധ ചിന്തകൾ നിങ്ങളുടെ മനസ്സിൽ കടക്കാതെ നോക്കുക. ഇക്കാര്യത്തിൽ നിതാന്ത ജാഗ്രത പാലിക്കുക.’’

അന്യരോടുള്ള പെരുമാറ്റത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഉപകാരം ചെയ്തവരോട് നന്ദിയുള്ളവരാകുക, മറ്റുള്ളവരെ അവരുടെ വിജയങ്ങളിൽ അഭിനന്ദിക്കുക, കാരുണ്യം നിറഞ്ഞ മനസ്സുള്ളവരായിരിക്കുക എന്നിവയെല്ലാം വായനക്കാരോട് പങ്കു വയ്ക്കുന്നു. കാരുണ്യത്തെക്കുറിച്ച് പറയുമ്പോൾ ഒരു ജാപ്പനീസ് പഴമൊഴി ഉദ്ധരിക്കുന്നു.

‘‘മൂന്നു ശിശിരമാസത്തെ കൊടും തണുപ്പകറ്റാൻ കരുണാർദ്രമായ ഒരു വാക്കു മതി.’’

പലതിലും ഒഴിവുകഴിവു പറയുന്നവരെ ഓർമ്മിപ്പിക്കുന്നു.’’ പരാജയത്തിന്റെ വീടു പണിയാനുള്ള ആണികളാണ് ഒഴിവു കഴിവുകൾ’’ നിസ്സംഗത ജീവിതത്തിലെ വലിയ തിന്മയാണെന്ന് പറയാൻ ഹെലൻ കെല്ലറുടെ വാക്കുകൾ ഉപയോഗിക്കുന്നു.

‘‘മിക്ക തിന്മകൾക്കും നാം പരിഹാരം കണ്ടിട്ടുണ്ട്. പക്ഷേ നിസ്സംഗതയെന്ന കൊടും തിന്മയ്ക്ക് ഇനിയും മറുമരുന്നായിട്ടില്ല.

ഉയരങ്ങൾ കൈവരിക്കാൻ കൊതിക്കുന്നവർക്ക് ഒരു ഉത്തമ സുഹൃത്താണീ പുസ്തകം. ലളിതമായ അവതരണം ഏതു വിഭാഗത്തിലുള്ളവർക്കും പ്രയോജനപ്പെടും. ഇരുട്ടിൽ പ്രകാശം പരത്തുന്ന വഴിവിളക്കായി മാറുന്ന ചിന്തകൾ.