Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജീവ്ഗാന്ധി വധം, മറയ്ക്കപ്പെട്ട സത്യങ്ങൾ തുറന്നുപറ‍ഞ്ഞ് നളിനി

'എന്താടീ.. നിന്നെ പൂർണ നഗ്നയാക്കി നിർത്തി ചോദ്യം ചെയ്താലേ നീ മര്യാദ പഠിക്കുകയുള്ളോ?' എന്ന ഈ ഒരു ചോദ്യം മാത്രമാണ് ആ വിചാരണ ഉദ്യോഗസ്ഥന്റെ വായയിൽനിന്നു വീണ അൽപമെങ്കിലും മാന്യതയുള്ള വക്കുകൾ! ഇതിനേക്കാൾ എത്രയോ നികൃഷ്ടമായ ഭാഷയാണ് അയാൾ തുടർന്ന് ഉപയോഗിച്ചത്. അൽപമെങ്കിലും മനക്കട്ടിയില്ലാത്തവരായിരുന്നെങ്കിൽ അപ്പോൾത്തന്നെ അവരുടെ ജീവൻ ഉടൽവിട്ടു പിരിഞ്ഞുപോകുമായിരുന്നു. ആ അസഭ്യവർഷങ്ങൾ ഏതൊരു മനുഷ്യന്റെയും ആത്മാഭിമാനത്തെയും ഉണർവുകളെയും പിഴുതെറിഞ്ഞുകളയും. തുടർന്ന് അവരുടെ താളത്തിനൊത്തു തുള്ളുന്ന ഒരുപാവയായി, ജീവച്ഛവമായി ഏതൊരാളും മാറിപ്പോകും.

അൽപ്പനേരം കഴിഞ്ഞ് ഒരു പൊലീസുകാരൻ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. 'ഇതോടെ നിന്റെ കഥ കഴിയും. എന്തു നടക്കുമോ എന്തോ? മര്യാദയ്ക്കു പറയുന്നതു കേട്ടുനടന്നോ.. എങ്ങനെയെങ്കിലും ജീവൻ രക്ഷിക്കാൻ നോക്ക്..' ഇങ്ങനെ ദ്വയാർഥത്തിൽ, എന്നാൽ ഭയപ്പെടുത്താനും വേണ്ടി പലതും പോകുന്നവഴിയിൽ അയാൾ പറഞ്ഞുകൊണ്ടിരുന്നു. 

അയാളുടെ ഭീഷണി എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. എന്താണു നടക്കാൻ പോകുന്നതെന്നറിയാതെ എന്റെ അടിവയറു വരെ നീറാൻ തുടങ്ങി. കൈകാലുകൾ വിയർക്കാനും വിറയ്ക്കാനും തുടങ്ങി. മേൽനിലയിലുള്ള സൂപ്രണ്ടിന്റെ മുറിക്കുള്ളിലേക്ക് എന്നെ പിടിച്ചുതള്ളി. തിരിഞ്ഞു നോക്കുന്നതിനിടിയിൽ പുറത്തുനിന്നും ഉഗ്രശബ്ദത്തോടെ വാതിൽ ആഞ്ഞടച്ചു. എതിരെ കസേരയിൽ പൊലീസ് സൂപ്രണ്ട് ഇരിക്കുന്നു. അയാൾ എന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു.

'ജീവൻ കയ്യിലെടുത്തു പിടിച്ചിരിക്കും പോലെ എന്നൊരു ചൊല്ലുണ്ടല്ലോ. അതായിരുന്നു എന്റെ അവസ്ഥ. 

എടീ തേവിടിശ്ശീ.. നടന്നതെല്ലാം ഒന്നു വിട്ടുപോകാതെ പറയെടീ.. ഒന്നും മറച്ചുവയ്ക്കാൻ പാടില്ല. മനസ്സിലായോ? ആ മുരുകനുമായി എങ്ങനെ പരിചയപ്പെട്ടു? എങ്ങനെയായിരുന്നു നിങ്ങൾ തമ്മിലുള്ള ബന്ധം? അവനോടൊപ്പം എവിടെയെല്ലാം ചുറ്റിനടന്നു? നിങ്ങൾഎന്തെല്ലാം ചെയ്തു? നിങ്ങൾ നടത്തിയ ഗൂഢാലോചനകളെപ്പറ്റിയെല്ലാം പറയണം. നിർത്താതെ പറഞ്ഞുകൊണ്ടിരിക്കണം. ഞാൻ ചോദിച്ചുകൊണ്ടേയിരിക്കും.'

അയാൾ പരുക്കൻ ശബ്ദത്തിൽ ആജ്ഞാപിച്ചു. വേട്ടയാടാനായി ചുറ്റും കൂടിനിൽക്കുന്ന പുലികൾക്കു നടുവിൽപ്പെട്ട പേടമാനെപ്പോലെ ഭയന്നു വിറച്ചു ഞാൻ നിന്നു.

യഥാർഥത്തിൽ നടന്നതും എനിക്കറിയാവുന്നതുമായ എല്ലാകാര്യങ്ങളും ഒന്നും ഒളിക്കാതെ ഞാൻ പറഞ്ഞുകൊണ്ടിരുന്നു. അൽപനേരത്തിനുള്ളിൽ ആ ഓഫിസർ ഉറങ്ങാൻ തുടങ്ങി. ഇതുകണ്ട ഞാൻ ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ എന്നു കരുതി പറച്ചിൽ നിർത്തി.

പെട്ടന്നു കണ്ണുതുറന്ന അയാൾ 'എന്താടീ നിർത്തിക്കളഞ്ഞത്? നീ എത്രപേരെ കണ്ടിട്ടുണ്ട്? ആരുടെയെല്ലാം കൂടെ പോയിട്ടുണ്ട്? അവരെയൊക്കെ കബളിപ്പിച്ചതുപോലെ എന്നെ പറ്റിക്കാൻ നോക്കേണ്ട. നീ ഒരുപാടുപേരെ കണ്ടിട്ടുണ്ടല്ലോ. പിന്നെ ഇവനോടു മാത്രമെന്തേ നിനക്കിത്ര കമ്പം തോന്നാൻകാരണം? അതോ അവനു നിന്നോടാണോ ഇഷ്ടം തോന്നിയത്. പറയെടീ.. മോളേ…' ഇങ്ങനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എന്നോട് എന്തെങ്കിലും ചോദിച്ചറിയുക എന്നുള്ളതല്ല അയാളുടെ അയാളുടെ  ലക്ഷ്യം. എന്നെ മാനസ്സികമായി തളർത്തണം.

'നിർത്താതെ പറഞ്ഞുകൊണ്ടിരിക്കണം.. നിർത്തിയാൽ നിന്റെമുതുകിലെ തോലുരിച്ചെടുക്കും' എന്നു പറഞ്ഞുകൊണ്ട് കയ്യിലുണ്ടായിരുന്നചൂരൽവടി കൊണ്ട് മുതുകത്ത് ഒരു കുത്തുകുത്തി. കഴുത്തറത്ത കോഴിയെപ്പോലെ ഞാൻ നിലത്തുവീണു.

നളിനി മുരുകൻ എന്നു പറഞ്ഞാൽ എല്ലാവർക്കും അറിയാം. തമിഴ്നാട്ടിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പെൺകുട്ടി. തമിഴ്നാട്ടിൽ നിയമവിരുദ്ധമായി എത്തിയ മുരുകൻ എന്ന തമിഴ് പുലിയുമായി പരിചയത്തിലാകുകയും പിന്നീട് രഹസ്യ വിവാഹം കഴിക്കുകയും ചെയ്ത നളിനി എങ്ങനെ, അറിയാതെ രാജീവ്ഗാന്ധി വധക്കേസിൽ ഉൾപ്പെട്ടു എന്നതിന്റെ അനുഭവസാക്ഷ്യമാണ് ‘മറയ്ക്കപ്പെട്ട സത്യങ്ങൾ’ എന്ന പുസ്തകം. ഒരു ശ്രീലങ്കൻ പൗരനെ വിവാഹം കഴിച്ചു എന്നല്ലാതെ മറ്റൊരു അപരാധവും താൻ ചെയ്തിട്ടില്ലെന്നാണ് നളിനി ആവർത്തിച്ചു പറയുന്നത്. പൊലീസ് പിടിയിലായ നളിനി അനുഭവിക്കുന്ന കൊടുംക്രൂരതയാണ് ഈ പുസ്തകം വായിക്കുന്ന ആരെയും ഉലച്ചുകളയുന്നത്. മനുഷ്യാവകശാങ്ങളെല്ലാം നിഷേധിക്കപ്പെട്ട്, ഏറ്റവുമധികം കാലം തടവിൽ കഴിയാൻ വിധിക്കപ്പെട്ട നളിനി എന്ന ഇരയുടെ ചോരയും കണ്ണീരും വീണ അനുഭവങ്ങൾ ആരെയും ഇരുത്തിചിന്തിപ്പിക്കുമെന്നതിൽ സംശയമില്ല.

'സിബിഐ എന്നെ അറസ്റ്റ് ചെയ്യുമ്പോൾ ഞാൻ രണ്ടുമാസം ഗർഭിണിയായിരുന്നു. അടുത്ത രണ്ടുമാസങ്ങൾ സിബിഐയുടെ മൂന്നാം മുറയുടെ ഇരയായി ഞാനവരുടെ കസ്റ്റഡിയിൽ ആയിരുന്നു. അതിനടുത്ത ആറുമാസങ്ങൾ ചെങ്കൽപ്പട്ടിലെ ഈ ജയിലിൽ. വാക്വം ഡെലിവറിയിലൂടെ ഞാനൊരു പെൺകുഞ്ഞിനു ജന്മം നൽകി. 

ജയിലിൽ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് വളരെ തിടുക്കത്തിൽ തിരികെ ചെങ്കൽപ്പെട്ടു ജയിലിലേക്കുതന്നെ കൊണ്ടുവന്നു. പേരിനു മെത്ത പോലെ തോന്നിക്കുന്ന ഒരു കിടക്ക മാത്രം. അല്ലാതെ എന്തെങ്കിലും ചികിത്സാ സൗകര്യങ്ങളോ ഉപകരണങ്ങളോ അവിടെ ഉണ്ടായിരുന്നില്ല. ആ സെല്ലിൽ ഞാൻ തനിയെ കിടന്നു. രക്തസ്രാവം പൂർണമായും നിലച്ചിരുന്നില്ല. അപ്പോൾ ഞാനനുഭവിച്ച നരകയാതന എങ്ങനെ എഴുതി ഫലിപ്പിക്കാൻ കഴിയും?

എന്നെ അറസ്റ്റ് ചെയ്യുമ്പോൾ അനുജത്തി കല്യാണിക്ക് 21 വയസ്സ്. ഈ പ്രായത്തിലുള്ള ഒരു പെൺകുട്ടി അനാഥയായി തെരുവിൽ അലയേണ്ട അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഞാൻ മുരുകനുമായി പ്രേമിച്ചു വിവാഹം കഴിച്ചു, ഗൂഢാലോചനയെക്കുറിച്ചൊന്നുമറിയാതെ ശിവരാജനുമായി പരിചയപ്പെട്ടു. പലപ്രാവശ്യം അയാളുമായിസംസാരിച്ചു. ശുഭ, ധനു എന്നിവരോടൊപ്പം അഞ്ചുദിവസം ചുറ്റിനടന്നു. എന്നാൽ കല്യാണിക്ക് ഈ പറയുന്നവരുമായി ഒരു ബന്ധവുമില്ലായിരുന്നു. അവൾ അവരെ കാണുകപോലും ചെയ്തിട്ടില്ല. അവൾ ചെയ്ത ഒരേയൊരു കുറ്റം എന്റെ അനുജത്തിയായി ജനിച്ചു എന്നതുമാത്രമാണ്. അവളെയും അറസ്റ്റ് ചെയ്തു കൊണ്ടുവന്നു. ധനുവിനോടും ശുഭയോടുമൊപ്പം കൂട്ടുകൂടിയിട്ടുണ്ട്, ഗൂഢാലോചനകളെല്ലാം അവൾക്കറിയാം എന്ന മട്ടിലായിരുന്നു സിബിഐ അവളെ ശാരീരികമായി പീഡിപ്പിച്ച് ചോദ്യം ചെയ്തത്. രാപകൽഭേദമില്ലാതെ, ഉറങ്ങാൻ പോലും അനുവദിക്കാതെ ശരീരത്തിനെയും മനസ്സിനെയും ഉലയ്ക്കുന്ന മൂന്നാംമുറയാണ് അവൾക്കുനേരെ ഉപയോഗിച്ചത്. പൊലീസുകാരുടെ കയ്യിലകപ്പെട്ട ഒരുപെൺകുട്ടിയുടെ ഗതിയെന്താണെന്നതിന് ഞാൻ തന്നെ ഉദാഹരണമാണ്. അങ്ങനെ നാൽപ്പതു ദിവസം അവളെ കസ്റ്റഡിയിൽ പാർപ്പിച്ചു’’.

27 വർഷം പിന്നിട്ടു നളിനി ജയിലിലായിട്ട്. 1991 ജൂൺ10നാണ് അവർ അറസ്റ്റിലാകുന്നത്. രാജീവ്ഗാന്ധി കൊല്ലപ്പെടുന്നത് മെയ് 21നും. 60 ദിവസം സിബിഐ കസ്റ്റഡിയിലായിരുന്നു. അവസാനം 26 പ്രതികൾക്ക് ടാഡ കോടതി വധശിക്ഷ വിധിച്ചു. പിന്നീട് വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തു. ജയിലിൽ പിറന്ന മകൾ ഹരിദ്ര ഇന്നു ലണ്ടനിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു ഡോക്ടറാണ്. ഹരിദ്രയ്ക്ക് ഇന്ത്യയിൽ വരാൻ ഇന്ത്യാ ഗവൺമെന്റ് ഇതുവരെ വീസ നൽകിയിട്ടില്ല. വെല്ലൂർ വനിതാജയിലിലാണ് നളിനി. മുരുകൻ പുരുഷൻമാരുടെ ജയിലിലും.