Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹപാഠിയുടെ മകളെ പെണ്ണുകാണാൻ പോയ അടൂർ ഭാസി, എന്നിട്ടോ?

അടൂർ ഭാസി പെണ്ണുകാണാൻ പോയ ഒരു കഥയുണ്ട്. സിനിമയിൽ വരുന്നതിനും മുൻപാണ്. അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് വീരൻ, ഭാസിയുമായി പെണ്ണുകാണാൻ ഇറങ്ങിയത്. പെണ്ണു കാണാൻ വീരനും ഭാസിയും മാത്രം. ബ്രോക്കർ ഒഴികെ മറ്റു പരിവാരങ്ങൾ ഒന്നുമില്ല. 

അവർ പെണ്ണിന്റെ വീട്ടിൽ എത്തി. പരിഷ്കാരം എത്തി നോക്കിയിട്ടുപോലുമില്ലാത്ത വീടും പരിസരവും. കാലിവളർത്തൽ വിളിച്ചോതുന്ന കാലിതൊഴുത്ത് വീട്ടുമുറ്റത്ത്. വീടിന്റെ പൂമുഖം എന്നവണ്ണം ഇരിപ്പിടങ്ങൾ ഒരുക്കിയ ചാവടി. ഒഴിഞ്ഞു കിടക്കുന്ന കസേരകൾ കണ്ടാൽ ആണുങ്ങൾ ഇല്ലാത്ത വീട് എന്നു സ്പഷ്ടം.

ബ്രോക്കർ വീടിനകത്തേക്ക് കടന്നു പോയി. ഭാസിയും വീരനും ചാവടിയിൽ കിടന്ന രണ്ടു കസേരകളിൽ ഉപവിഷ്ടരായി. പെണ്ണു കാണാൻ വന്നിരിക്കുന്നവരെ സംബന്ധിക്കുന്ന ഒരു വിവരവും വീട്ടുകാർക്ക് നൽകിയ ലക്ഷണമില്ല. ഭാസി ഇടയ്ക്കിടെ വീടിന്റെ പരിസരമൊക്കെ കണ്ണോടിക്കുന്നുണ്ട്. കക്ഷിയേത്തേടി. പക്ഷേ ശൂന്യം ആരെയും കാണാനില്ല. 

വീടിനകത്തേക്കു പോയ ബ്രോക്കർ പുഞ്ചിരിയുമായി മടങ്ങി വന്നു. വീരന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു. വീരൻ 'വെയ്റ്റ്, ഉടൻ വരും' എന്ന് ആംഗ്യഭാഷയിൽ അറിയിച്ചു.

അൽപം കഴിഞ്ഞ് മുറുക്കിചുവപ്പിച്ച ചുണ്ടുകളുമായി മധ്യവയസ്കയും കുലീനയുമായ ഒരു സ്ത്രീ കടന്നുവന്നു. പ്രായം മുപ്പത്തഞ്ചിനോടടുക്കും. മുണ്ടും ബ്ലൗസും രണ്ടാം മുണ്ടുമാണ് വേഷം. പ്രായം തോന്നിക്കാത്ത യുവത്വം. അൽപം തടിച്ചതാണെങ്കിലും ശരീരത്തിന് മങ്ങലേൽക്കാത്ത ശരീര പുഷ്ടി. പുഞ്ചിരി ഒഴിയാത്ത മുഖം. അവരെ കണ്ട മാത്രയിൽ ഭാസി ചാടി എഴുന്നേറ്റു. സാവധാനം മുറ്റത്തേക്കിറങ്ങി. കഥയറിയാതെ വീരൻ അനുഗമിച്ചു. മിഴിച്ചു നിൽക്കുന്ന ബ്രോക്കറുടെ മുഖത്തേയ്ക്ക് എന്താ കാര്യം എന്ന മട്ടിൽ വന്ന സ്ത്രീ തുറിച്ചു നോക്കി.

ചാവടിയിറങ്ങി വന്ന വീരനോട് ഭാസി ചോദിച്ചു. 'പെണ്ണിന്റെ അമ്മയാണോ വന്നത്? അമ്മ എന്നല്ലേ, പറഞ്ഞത്'

അതേ എന്ന അർഥത്തിൽ വീരൻ തലകുലുക്കി ഭാസി എന്താണ് പറയാൻ പോകുന്നത് എന്നറിയാൻ തലകൂർപ്പിച്ചു

'അവൾ എന്റെ കൂടെ പഠിച്ചതാണ്. അവർക്ക് എന്നെ മനസ്സിലായിക്കാണുമോ?' സഹപാഠിനിയുടെ മകളെ പെണ്ണുകാണേണ്ടിവരുമല്ലോ എന്ന ജാള്യതയോടെ ഭാസിയുടെ ഡയലോഗ്.

'എങ്കിൽ പോകാം' 

അടൂർ ഭാസിയുടെ ആദ്യത്തെ പെണ്ണുകാണൽ അങ്ങനെ ഭംഗിയായി അവസാനിച്ചു. അവസാനത്തേതും.

മലയാളസിനിമയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അടൂർ ഭാസിയുടെ ജീവിതത്തിൽ ഇങ്ങനെ അരാധകർ അറിഞ്ഞും അറിയാതെയും പോയ എത്രയെത്ര ചിരി മുഹൂർത്തങ്ങൾ.

വെള്ളിത്തിരയിലെ പ്രകടനങ്ങളെ കവച്ചു വയ്ക്കുന്നവയായിരുന്നു മറ്റ് അവസരങ്ങളിൽ സ്വയമേവ മുളച്ച ഫലിതങ്ങൾ. അവയുടെ ഗുണഭോക്താക്കൾ അപ്പോൾ കൂടെയുള്ള സുഹൃത്തുക്കൾ മാത്രം. അവർ പറഞ്ഞാണ് അത്തരം കഥകൾ വെളിയിൽ അറിഞ്ഞത്. അടൂർ ഭാസിയുടെ ഒപ്പം ഉണ്ടായിരുന്നവരും സുഹൃത്തുക്കളും അദ്ദേഹത്തെകുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്ന പുസ്തകമാണ് 'അടൂർ ഭാസി ചിന്തയും ചിരിയും.' പലരിൽ നിന്നുള്ള ഓർമകൾ കൂട്ടിയിണക്കി നർമത്തിൽ കോർത്ത് പത്മനാണ് പുസ്തകം അണിയിച്ചൊരിക്കിയിരിക്കുന്നത്. മലയാളികൾക്ക് ഉള്ളുതുറന്നു ചിരിക്കാൻ ഉതകുന്ന ഹാസ്യകഥകൾ പുസ്തകത്തിൽ നിരവധി കാണാം. മാതൃഭൂമി ബുക്സാണ് പ്രസാധകർ.