Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുവന്ന പതാക ചുരമിറങ്ങുമ്പോള്‍

പ്രതീക്ഷയുടെ മഹാനായ കുറ്റവാളിയെന്നു മാര്‍ക്സിനെ വിശേഷിപ്പിച്ചിട്ടുണ്ട് നെരൂദ. ഒരു വിശേഷണമെന്നതിലുപരി മാര്‍ക്സ് കൂടി രൂപം കൊടുത്ത വിപ്ലവത്തിന്റെ പതാകയേന്തുന്ന പില്‍ക്കാല തലമുറകളെക്കുറിച്ചുള്ള പ്രവചനം കൂടിയാണ് അനശ്വര കവിയായ നെരൂദയുടെ വാക്കുകള്‍. നൂറു നറുപൂക്കള്‍ വിരിയിക്കാന്‍ ജീവിതം ഹോമിക്കുന്ന ഓരോ വ്യക്തിക്കും ചേരുന്ന വിശേഷണപദം. വിപ്ലവത്തിന്റെ നെടുംപാതയില്‍ ചൊരിയപ്പെടുന്ന ചോരയും കണ്ണീരും ഉള്‍ക്കണ്ണിനാല്‍ കണ്ടിട്ടുകൂടിയായിരിക്കാം നെരൂദ മാര്‍ക്സിനെക്കുറിച്ചുള്ള വാക്കുകള്‍ കാലത്തിന്റെ ചുവരില്‍ മായ്ക്കാനാവാത്ത അക്ഷരങ്ങളാല്‍ കുറിച്ചിട്ടത്. പിന്നീടെത്രയോ വിപ്ലവങ്ങള്‍ക്കു ലോകം സാക്ഷ്യം വഹിച്ചു. വിപ്ലവകാരികളെ കണ്ടു. ജീവിതത്തില്‍ ഒരിക്കല്‍മാത്രമുള്ള മരണത്തെ പേടിക്കാതെ സ്വജീവിതം നിസ്വര്‍ക്കും നിരാലംബര്‍ക്കുമായി മാറ്റിവെച്ച നിസ്വാര്‍ഥരെ.

മോഹിച്ച മഴവില്ല് ചക്രവാളത്തില്‍ വിരിഞ്ഞില്ലെങ്കിലും ആഗ്രഹിച്ച വസന്തത്തിന്റെ ഇടിമുഴക്കം പ്രതിധ്വനിച്ചില്ലെങ്കിലും ഇന്നത്തെ ലോകത്തിന് ആ വിപ്ലവകാരികളോടും കടപ്പാടുണ്ട്. ഓര്‍മയിലെ രക്തപുഷ്പങ്ങള്‍. സ്പന്ദിക്കുന്ന അസ്ഥിമാടങ്ങള്‍. അക്ഷരങ്ങളാല്‍ പിന്നീടുവന്നവര്‍ അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്. രക്തഹാരങ്ങള്‍ ചാര്‍ത്തിയിട്ടുണ്ട്. അനുരണനങ്ങളായി തുടര്‍ന്നുകൊണ്ടേയിരിക്കുന്ന അനുസ്മരണങ്ങള്‍. ‘ചുവന്ന പതാക ചുരമിറങ്ങുമ്പോള്‍’  എന്ന രക്തപുഷ്പം പ്രതീക്ഷയുടെ മഹാനായ ഒരു കുറ്റവാളിയെ അവതരിപ്പിക്കുമ്പോള്‍തന്നെ നാളത്തെ ലോകത്തിനു പ്രകാശത്തിന്റെയും പ്രതീക്ഷയുടെയും ഒരു വഴി കൂടി കാണിക്കുന്നുണ്ട്. വിപ്ലവകാരികള്‍ ഇന്നലെയുടെ വിമോചന സ്വപ്നം മാത്രമല്ലെന്നും നാളെയുടെ ഇനിയും മരിക്കാത്ത വാഗ്ദാനം കൂടിയാണെന്നും ഓര്‍മിപ്പിക്കുന്നുണ്ട്. പേരുകള്‍ മാറാം. രൂപം മാറാം. പശ്ഛാത്തലം മാറാം. അടിച്ചമര്‍ത്തപ്പെട്ടവന്‍ അവശേഷിക്കുവോളം അവനുവേണ്ടി ഒരു കൈ നീണ്ടുവരികതന്നെ ചെയ്യുമെന്ന പ്രതീക്ഷയുടെ തുരുത്തിലേക്ക് വായനക്കാരെ നയിക്കുന്നുണ്ട്. സ്മരണകളിരമ്പുന്ന രണസ്മാരകങ്ങളും ബലികുടീരങ്ങളും കടന്ന്, കാല്‍പനിക വ്യാമോഹങ്ങളുടെ കണ്ണീര്‍ക്കടലും കടന്ന് പ്രായോഗികമായ ഒരു പ്രക്രിയയും യാഥാര്‍ഥ്യത്തിലധിഷ്ഠിതമായ പ്രത്യശാസ്ത്രവും മുന്നോട്ടുവയ്ക്കുന്നുണ്ട്. ലോകം എന്നും ഇങ്ങനെ മാത്രമാകരുതെന്നും മാറണമെന്നും ആഗ്രഹിക്കുമ്പോള്‍തന്നെ സ്വയം മാറാനുള്ള ഇച്ഛാശക്തിയുടെ വിളംബരവുമാകുന്നുണ്ട്. 

വിപ്ലവത്തെ ആരും തേടിപ്പോകാറില്ല. ജീവിതം വിപ്ലവകാരികളെ സൃഷ്ടിക്കുകയാണു ചെയ്യുന്നത്. പ്രിന്‍സ് ബി. നായരുടെ ചുവന്ന പതാക ചുരുമിറങ്ങുമ്പോള്‍ എന്ന നോവലിലെ നായകന്‍ ജയപ്രകാശിന്റെ അനുഭവവും മറ്റൊന്നല്ല. പഠിക്കാന്‍ മിടുക്കനാണെങ്കിലും ഉന്നതവിദ്യാഭ്യാസത്തിന്റെ ഉടമയാണെങ്കിലും അയാളും യൗവനാരംഭത്തില്‍ ഒരു രക്തനക്ഷത്രത്തെ സ്വപ്നം കണ്ടുതുടങ്ങുന്നു. ആ സ്വപ്നം അയാളെ നയിക്കുന്നതു വയനാട്ടിലേക്ക്. കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക്. അവിടെവച്ചുണ്ടാകുന്ന സൗഹൃദവും പുതിയ ലക്ഷ്യങ്ങളും മൈസൂരുവിലേക്കും. നോവല്‍ തുടങ്ങുന്നതു ജയപ്രകാശ് ചുരം കയറുമ്പോള്‍. അയാളുടെ ഒരു ചുരംഇറങ്ങലില്‍ അവസാനിക്കുമ്പോഴേക്കും ആദര്‍ശവും വ്യാമോഹവും പ്രതികാരവും പ്രണയവും പശ്ഛാത്താപവും അയാളെ പൂര്‍ണമായും മാറ്റുന്നു. മറ്റൊരു മനുഷ്യനാക്കുന്നു. ഒപ്പം ലോകത്തെയും. 

നോവലില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണു ജയപ്രകാശെങ്കിലും ചുവന്ന പതാക മനസ്സില്‍ അവശേഷിപ്പിക്കുന്ന അവസ്മരണീയ കഥാപാത്രം മുത്തുവേല്‍ തന്നെ. തമിഴ് വംശജരുടെ പോരാട്ടത്തെ മുന്നോട്ടുകൊണ്ടുപോകുന്നെന്ന മുദ്ര ചാര്‍ത്തിക്കിട്ടിയവരില്‍ ഒരാള്‍. അയാള്‍ ഒരാളല്ല. അയാള്‍ മുന്നോട്ടുവയ്ക്കുന്നത് ഒരു പ്രത്യയശാസ്ത്രം മാത്രവുമല്ല. മുത്തുവേല്‍ തന്നെ കൊല്ലപ്പെട്ട വ്യക്തിയാണ്. പക്ഷേ, എത്ര വ്യക്തികള്‍ കൊല്ലപ്പെട്ടാലും അവരുടെ പേരില്‍ മറ്റൊരാളുണ്ടാകും. മരണം ഒരാള്‍ക്കുമില്ല. ഓരോ ജീവിതം ഒരേ പേരില്‍ തുടരുന്നു. ഒരാള്‍ പോയാലും അതേപേരല്‍ മറ്റൊരാള്‍ ദൗത്യമേറ്റെടുക്കുന്നു. അമ്പതോ നൂറോ അഞ്ഞൂറോ വര്‍ഷങ്ങള്‍ക്കുശേഷവും തേടിവരുന്ന വ്യക്തിക്കുമുന്നില്‍ ഒരു മുത്തുവേല്‍ ഉണ്ടാകും. വയറു നിറയെ ഭക്ഷണവും കുറച്ചു പണവും ആശ്വാസ വാക്കുകളും പ്രചോദനവും പിന്നെ തീര്‍ച്ചയായും ഒരു തോക്കുമായി. ആ തോക്കിനുവേണ്ടി നീണ്ടുവരുന്ന കൈകളില്‍ ലോകത്തിനു പ്രതീക്ഷയുണ്ട്. വിമോചനത്തിന്റെ സ്വപ്നമുണ്ട്. അതൊരിക്കലും രകത്തിലും കണ്ണീരിലും കുതിര്‍ന്ന വിപ്ളവമായിരിക്കില്ല. വ്യക്തികളുടെ ആന്തരിക ലോകത്തു നടക്കുന്ന സ്വയം വിമര്‍ശനവും വിലയിരുത്തലും കൂടിക്കലര്‍ന്ന വിചാരവിപ്ളവം. ആ വിപ്ളവത്തിന്റെ കൊടിയുമേന്തി വജ്രത്തിളക്കമുള്ള ആയിരമായിരം സൂര്യന്‍മാര്‍ ഉദിച്ചുയരട്ടെ!