Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈന്യാധിപനെ പ്രണയിച്ച അലാവുദ്ദീൻ ഖിൽജി..

ഇന്ത്യൻ പ്രസാധന രംഗത്ത് ചരിത്രം സൃഷ്ടിക്കുകയാണ് ചരിത്രമെഴുത്ത്. ചൂടപ്പം പോലെ ചരിത്രപുസ്തകങ്ങൾ വിറ്റഴിയപ്പെടുന്നു. അക്കാദമിക ജാഗ്രതയും കണിശതയും കൈവിടാതെ തന്നെ വായനാക്ഷമമായി ചരിത്രമെഴുതാമെന്നും ജനപ്രിയത ചരിത്രവിരുദ്ധമായ സംഗതിയല്ലെന്നും ചരിത്രകാരൻമാർ, പ്രത്യേകിച്ചും പുതുതലമുറയിലെ ചരിത്രകാരൻമാർ വിശ്വസിക്കാൻ തുടങ്ങുകയും തങ്ങളുടെ പുസ്തകങ്ങളിലൂടെ അതു തെളിയിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. 

ഇറാ മുഖോട്ടി, റൂബി ലാൽ തുടങ്ങിയ പുതുചരിത്രമെഴുത്തുകാർക്കൊപ്പം മുൻനിരയിൽ നിൽക്കുന്നയാളാണ് മലയാളിയായ മനു എസ്. പിള്ള. തിരുവിതാംകൂർ രാജകുടുംബത്തെക്കുറിച്ച് വർഷങ്ങൾ നീണ്ട ഗവേഷണത്തിനു ശേഷമെഴുതിയ ‘ഐവറി ത്രോൺ’ എന്ന ആദ്യ പുസ്തകമാണ് മനുവിനെ ശ്രദ്ധേയനാക്കിയത്. വിൽപ്പനയിൽ അദ്ഭുതം സൃഷ്ടിച്ച ആ പുസ്തകത്തിനു ശേഷം മനുവിന്റെ ശ്രദ്ധ പതിഞ്ഞത് ഡെക്കാണിന്റെ ചരിത്രത്തിലാണ്. ഇന്ത്യൻ ചരിത്രമെഴുത്തിൽ അധികം ആഘോഷിക്കപ്പെടാതെ പോയ ഡെക്കാണിലെ ഭരണാധികാരികളെ കുറിച്ചുള്ള, മനുവിന്റെ പഠനങ്ങൾ ‘റിബെൽ സുൽത്താൻസ്’ എന്ന മനോഹരമായ പുസ്തകമാണ് നമുക്കു സമ്മാനിച്ചത്. രണ്ടു പുസ്തകങ്ങളുടെയും മലയാള വിവർത്തനങ്ങളും വലിയ തോതിൽ സ്വീകരിക്കപ്പെട്ടു.

‘ചരിത്ര വ്യക്തികൾ, വിചിത്ര സംഭവങ്ങൾ’ മനുവിന്റെ മൂന്നാമത്തെ പുസ്തകമാണ്. മിന്റ് പത്രത്തിൽ പ്രസിദ്ധീകരിച്ച പംക്തിയുടെ സമാഹാരമാണിത്. ഐവറി ത്രോണോ റിബെൽ സുൽത്താൻസോ പോലെ വലിയ പുസ്തകമല്ല ഇത്. പത്ര പംക്തിയുടെ സ്വഭാവത്തോടും ശൈലിയോടും ചേർന്നുനിൽക്കുന്നവയാണ് ഇതിലെ കുറിപ്പുകൾ. തട്ടും തടവുമില്ലാത്ത, തെളിച്ചമുള്ള ഗദ്യം കൊണ്ടും നർമം കൊണ്ടും സൂക്ഷ്മത കൊണ്ടും വിഷയസ്വീകരണത്തിലെ സവിശേഷത കൊണ്ടും വലിയ തോതിൽ സ്വീകരിക്കപ്പെട്ടവയാണ് ഈ കുറിപ്പുകൾ.

മധുരയിലെ ‘ഇറ്റാലിയൻ’ ബ്രാഹ്മണനായ റോബർട്ടോ ഡി നോബിലി തൊട്ട് സ്വാമി വിവേകാനന്ദൻ വരെയുള്ളവരുടെ വ്യക്തിത്വങ്ങളിലൂടെയും ആശയങ്ങളിലൂടെയും ഈ കുറിപ്പുകൾ സഞ്ചരിക്കുന്നു. 

മനുവിന്റെ മുൻ പുസ്തകങ്ങളിൽ നിന്നു വ്യത്യസ്തമായി അടിക്കുറിപ്പുകൾ ഒന്നുമില്ലാതെയാണ് ചരിത്രത്തിലെ ഈ നുറുങ്ങുകൾ വായനക്കാരെ അഭിമുഖീകരിക്കുന്നത്. സമകാലീന സംഭവങ്ങളാണ്  ഇതിലെ ചില കുറിപ്പുകളുടെ പ്രചോദനം. ‘വാളാൽ വാണ അലാവുദ്ദീൻ ഖിൽജി’ എന്ന കുറിപ്പിനുള്ള പ്രേരണ സഞ്ജയ് ലീലാ ബൻസാലിയുടെ ‘പദ്മാവത്’ എന്ന വിവാദ സിനിമയാണ്. അലാവുദ്ദീൻ ഖിൽജിയെ കൃത്യമായി അടയാളപ്പെടുത്താൻ ഏതാനും വാക്കുകൾ കൊണ്ട് എഴുത്തുകാരനു സാധിക്കുന്നുണ്ട്. ജീവിതത്തിലൊരിക്കലും വീടിനകത്ത് സമാധാനം അനുഭവിച്ചിട്ടില്ലാത്ത, അമ്മായിയമ്മയെ പേടിസ്വപ്നമായി കരുതുന്ന, ഷണ്ഡനായ സൈന്യാധിപനുമായി പ്രണയത്തിലാവുന്ന അലാവുദ്ദീൻ. അമ്മാവനും ഭാര്യയുടെ അച്ഛനുമായിരുന്ന ജലാലുദ്ദീനെ വിളിച്ചുവരുത്തി ചതിയിലൂടെ തല കൊയ്തായിരുന്നു തുടക്കം. ചോരയിലൂടെയും ഉപജാപങ്ങളിലൂടെയും നീണ്ട ജീവിതത്തിന്റെ അവസാനകാലവും സമാധാനപൂർണമായിരുന്നില്ല. 

‘ദാരാ ഷുക്കോ: വാളേന്തിയ കവി’ ഷാജഹാൻ ചക്രവർത്തിയുടെ മൂത്ത മകനെക്കുറിച്ചുള്ളതാണ്. ചക്രവർത്തിയുടെ സിംഹാസനം ദാരയ്ക്കു പറഞ്ഞുവച്ചതായിരുന്നു. പിതാവിന്റെ വലംകയ്യായിരുന്ന ദാര മറ്റു സഹോദരങ്ങളെ അച്ഛനിൽ നിന്ന് അകറ്റി നിർത്തി. യോഗികൾക്കും കവികൾക്കുമൊപ്പം കഴിഞ്ഞ ദാരയുടെ ജീവിതം അതേസമയം തന്നെ ആഡംബര നിർഭരവുമായിരുന്നു. വർഷം രണ്ടുകോടി വെള്ളി രൂപയായിരുന്നു വരുമാനം. പറുദീസയിൽ മുല്ലമാർക്ക് പ്രവേശനമുണ്ടാവില്ലെന്നു പറഞ്ഞ് പുരോഹിതവൃന്ദത്തെ അദ്ദേഹം പരിഹസിച്ചു. ദാര തൂലികയെടുത്തപ്പോൾ സഹോദരങ്ങളുടെ കയ്യിൽ വാളായിരുന്നു. ഒടുവിൽ ഔറംഗസേബിനാൽ ആട്ടിയോടിക്കപ്പെട്ട്, നിന്ദിതനും പീഡിതനുമായി ദാര വധശിക്ഷയേറ്റു വാങ്ങി. സംസ്കൃതത്തിൽ നിന്ന് ഉപനിഷത്തുകൾ പേർഷ്യനിലേക്ക് വിവർത്തനം ചെയ്ത ദാരയുടെ സാംസ്കാരിക ഔന്നത്യത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടാണ് മനു കുറിപ്പ് അവസാനിപ്പിക്കുന്നത്.

1910 ജൂലൈയിൽ ബ്രിട്ടിഷ് കപ്പലിൽ നിന്ന് മെഡിറ്ററേനിയൻ കടലിലേക്കു ചാടിയ സവർക്കർ മാഴ്സെയിൽസ് തുറമുഖത്തേക്കു നീന്തിക്കയറി. വൈകാതെ പിടിയിലായെങ്കിലും ഇതു ബ്രിട്ടനും ഫ്രാൻസിനുമിടയിലെ നയതന്ത്ര ബന്ധങ്ങളെ ഗുരുതരമായി ബാധിക്കുന്നിടം വരെയത്തി. ഇതിന്റെ രാഷ്ട്രീയമാണ് ‘സവർക്കർ കപ്പലിൽ നിന്നു ചാടിയപ്പോൾ’ എന്ന കുറിപ്പ്. 

മെക്കാളെ, രാജാറാം മോഹൻ റോയ്, ജ്യോതിറാവു ഫുലെ, ആനി ബസന്റ്, മീരാ ബായി, ജോധാബായി, കഴ്സൺ പ്രഭു, ശിവജി, ഔറംഗസേബ്, വാജിത് അലി ഷാ തുടങ്ങിയവരെക്കുറിച്ചുള്ള കുറിപ്പുകൾ മികവുറ്റതാണ്. അതേ സമയം ജെയിൻ ഓസ്റ്റിനെയും സ്വാമി വിവേകാനന്ദനെയും കുറിച്ചുള്ള കുറിപ്പുകൾ പുതിയ നിരീക്ഷണങ്ങൾ മുന്നോട്ടുവയ്ക്കുന്നതായി തോന്നിയില്ല. അതൊരു പത്രപംക്തിയുടെ പരിമിതിയായി മാത്രം എടുത്താൽ മതി. ക്ഷേത്രകവാടത്തിൽ ഒരു ദലിതൻ, നമുക്ക് ആർത്തവത്തെക്കുറിച്ചു സംസാരിക്കാം, ബസവയും ലിംഗായത് സമത്വബോധത്തിന്റെ വളർച്ചയും തുടങ്ങിയ കുറിപ്പുകൾ അഗാധമായ ചരിത്രബോധവും രാഷ്ട്രീയ വിവേകവും പുലർത്തുന്നവയാണ്. 

ചരിത്രം വർത്തമാനകാലത്തോടു നിരന്തരമായി സംവദിക്കുകയും  വർത്തമാനകാലം ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കുകയും ചെയ്യുന്നതാണ് ഈ കുറിപ്പുകളിൽ ഉള്ളത്. ചരിത്രത്തെ വികലമായും പ്രകടമായ പക്ഷപാതിത്വങ്ങളോടെയും വ്യാഖാനിക്കുകയും അതു കൽപ്പിത കഥകളെ നാണിപ്പിക്കുകയും ചെയ്യുന്ന കാലത്ത് നമുക്കു മനു എസ്. പിള്ളയുടേതു പോലുള്ള സ്വതന്ത്രശബ്ദങ്ങളാണ് ആവശ്യമെന്നതിനുള്ള തെളിവാണ് ‘ചരിത്രവ്യക്തികൾ, വിചിത്ര സംഭവങ്ങൾ’ എന്ന പുസ്തകം. പേരുകൾ എഴുതിയതിൽ അടക്കം കടന്നുകൂടിയിട്ടുള്ള തെറ്റുകൾ വരും പതിപ്പിൽ തിരുത്തപ്പെടുമെന്നു വിചാരിക്കാം.