Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഥകളുടെ തമ്പുരാന്‍

വര്‍ഷകാലം തുടങ്ങി. പ്രകൃതിയുടെ കോപം ഓരോ ദിവസവും ഏറിയേറിവന്നു. കണ്ണുരുട്ടലും പള്ളുപറയലും ഉറ‍ഞ്ഞുതുള്ളലും തന്നെ ഏതുനേരവും. ഗ്രാമത്തിലുള്ളവര്‍ ആകെ പരിഭ്രാന്തിയിലായി. തുടര്‍ച്ചയായി പെയ്ത മഴയ്ക്കൊടുവില്‍ ഒരുദിവസം ഗ്രാമത്തിനു കിഴക്കുള്ള മലയില്‍ വലിയൊരു ഉരുള്‍ വീണുപൊട്ടി കലക്കമണ്ണു കുഴച്ച ചുവന്ന വെള്ളവും അലിവില്ലാത്ത മണ്ണും പാഴ്‍ക്കല്ലുകളും കൂലംകുത്തി കുതിച്ചൊഴുകിവന്നു. ഗ്രാമത്തിലെ വീടുകളുടെയെല്ലാമുള്ളിലേക്ക് മലവെള്ളവും പാറക്കല്ലുകളും ഇരച്ചൊഴുകി. അവരുടെ ചെറുതും വലുതുമായ വന്യസ്വപ്നങ്ങള്‍ക്കു മേലേക്ക് ഉരുളന്‍കല്ലുകള്‍ കൂട്ടം കൂട്ടമായി ചെന്നുവീണു. 

ആ പ്രളയത്തെ അതിജീവിച്ചത് പാമ്പന്‍മല മാത്രമായിരുന്നു. പ്രകൃതിയുടെ വരദാനമല്ല പാമ്പന്‍മല. മലപ്പാമ്പന്‍ കൊക്കയില്‍നിന്നു ചാക്കില്‍ മണ്ണുകൊണ്ടുവന്നിട്ട് ഉയര്‍ത്തിയ സ്ഥലം. അങ്ങനെ ചെയ്തതിന്റെ പേരില്‍ ഗ്രാമത്തിന്റെ രോഷം അയാള്‍ ഏറ്റുവാങ്ങിയിരുന്നു. മഴ പെയ്യുമ്പോള്‍ മലയിലെ മണ്ണ് ഒഴുകി വീടുകളിലേക്ക് കയറുമെന്നായിരുന്നു ഗ്രാമീണര്‍ പേടിച്ചത്. സംഭവിച്ചതു മറിച്ചും. മഴ എല്ലാം തകര്‍ത്തെറിഞ്ഞപ്പോലും ഇളകാതെ നിന്ന മലയില്‍ ഗ്രാമം അഭയം തേടി. മഴ പെയ്തുതോര്‍ന്നപ്പോള്‍ മലയുടെ എതിര്‍ദിശയില്‍ ജീവിതം തേടിപ്പോകുകയും ചെയ്തു. 

കഥയെന്നതിലുപരി സാമൂഹിക പാഠമാണ് മലപ്പാമ്പനും അയാളുടെ ജീവിതവും. സമൂഹത്തെ നിരീക്ഷിക്കുകയും കാഴ്ചയില്‍നിന്ന് ഉള്‍ക്കാഴ്ചയിലേക്കു പോകാന്‍ കഴിയുകയും ചെയ്യുന്ന ഒരു എഴുത്തുകാരനുമാത്രം സൃഷ്ടിക്കാനാവുന്ന കഥാപാത്രം. സാധ്യതകളില്‍നിന്നു പ്രവചനത്തിലേക്കു സഞ്ചരിക്കാന്‍കഴിയുന്ന മനസ്സിനു മാത്രം നെയ്തെടുക്കാവുന്ന ഭാവന. മലപ്പാമ്പന്റെ ജീവിതാഖ്യാനത്തില്‍ കേരളം കടന്നുപോയ പ്രളയമുണ്ട്. സഹനവും അതിജീവനവുമുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പെഴുതിയ ഒരു കഥയില്‍ത്തന്നെ മലപ്പാമ്പനിലൂടെ  ഭാവിയുടെ ഭൂപടം വരച്ചിട്ടത് രവിവര്‍മ്മ തമ്പുരാന്‍. ചിന്ത പബ്ളിഷേഴ്സ് പുറത്തിറക്കിയ രവിവര്‍മ്മ തമ്പുരാന്റെ ‘ കഥകള്‍’ എന്ന സമാഹാരത്തില്‍ മലപ്പാമ്പനൊപ്പം കാലത്തിന്റെ കാഴ്ചകളുണ്ട്. സമൂഹത്തിന്റെ നേര്‍ച്ചിത്രങ്ങളുണ്ട്.  ഭാവിയിലേക്കുള്ള ചൂണ്ടുപലകകളുണ്ട്. താന്‍ ജീവിക്കുന്ന കാലത്തിനോട് ഒരു എഴുത്തുകാരന്‍ നടത്തുന്ന സംഭാഷണമാണ് രവിവര്‍മ്മ തമ്പുരാന്റെ ഓരോ കഥയും. യാഥാര്‍ഥ്യമായാലും ഭാവനയായാലും നിഷ്കളങ്കതയായാലും രതിയായാലും കരുണയായാലും ക്രൂരതയായാലും മാറിനിന്നു നോക്കുന്ന നിരീക്ഷകനല്ല, സഹതാപത്തോടെ, അനുകമ്പയോടെ ഒപ്പം നടക്കുന്ന സഹയാത്രികനായാണ് കഥാകൃത്ത് പ്രത്യക്ഷപ്പെടുന്നത്. കേവലം മനോവ്യാപാരങ്ങള്‍ എന്നതിലുപരി മനഃപരിവര്‍ത്തനങ്ങളുടെയും ശുഭകരമായ മാറ്റങ്ങളുടെയും ചിറകില്‍ സ‍ഞ്ചരിക്കുന്ന സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന കഥകള്‍. 

പ്രളയത്തെ അതിജീവിക്കാന്‍ പാമ്പന്‍മലയില്‍ കയറി രക്ഷപ്പെട്ടവര്‍ പ്രളയാനന്തരജീവിതം കെട്ടിപ്പടുക്കാന്‍ പാമ്പന്‍ കുന്നിറങ്ങിപ്പോയ അതേ വഴിയേ നടക്കുകയാണ്. പാമ്പന്‍ ആരാണെന്നു ചോദിക്കരുത്. എത്ര വയസ്സുണ്ടെന്നും. വര്‍ഷങ്ങളായി ആ ഗ്രാമത്തിന്റെ ഭാഗമാണ്. കഥകളിലെയും ഉപകഥകളിലെയും കഥാപാത്രം. പക്ഷേ, കഥകളില്‍ വര്‍ണിക്കുന്ന ക്രൂരതയോ ഭീതിയോ ഹിംസയോ ജനിപ്പിക്കാതെ തന്റെ എളിയ കര്‍മങ്ങളിലാണ് അയാളുടെ ശ്രദ്ധയത്രയും. എന്നാലൊരു ദുരൂഹത അയാളുടെ പ്രവൃത്തിയിലാകെയുണ്ടുതാനും. 

പാമ്പന്‍ പോയ വഴിയേ നടന്നുപോയ ഗ്രാമം കണ്ടത് വിസ്മയിപ്പിക്കുന്ന ഒരു സ്ഥലം. പച്ചപ്പിന്റെ വാഗ്ദാനം. കൃഷിയുടെ സമൃദ്ധി. അനുവാദം ചോദിക്കാന്‍ പാമ്പനുവേണ്ടി കാത്തുനില്‍ക്കുകപോലും ചെയ്യാതെ അവര്‍ ആ സ്ഥലം കൈക്കലാക്കി. തങ്ങളുടെ ഭാവി പാമ്പന്റെ കയ്യിലാണെന്നതുപോലെ. തങ്ങളെ സംരക്ഷിക്കാനുള്ള കടമ പാമ്പനില്‍ നിക്ഷിപ്തമാണെന്നതുപോലെ. 

ഒടുവില്‍ പാമ്പന്റെ സ്ഥലത്ത് അവര്‍ കെട്ടിടങ്ങളുണ്ടാക്കി. പാമ്പന്‍ വളര്‍ത്തിവലുതാക്കിയ കൃഷി അനുഭവിച്ച് സമൃദ്ധിയോടെ, സന്തോഷത്തോടെ ജീവിച്ചു. പക്ഷേ, ഇനിയാണ് പ്രശ്നം. 

പെട്ടെന്നൊരുനാള്‍ പാമ്പനെങ്ങാലും വന്നാലോ ? 

ആ ചോദ്യത്തിന്റെ ഉത്തരം തിരയവേ അവര്‍ സാധാരണക്കാരായ മനുഷ്യരായി മാറുന്നതിന്റെ ചിത്രീകരണമാണ് മലപ്പാമ്പന്‍ എന്ന കഥ. കടമയും കടപ്പാടും മറക്കുകയും നന്ദികേടിന്റെ ആള്‍രൂപങ്ങളായി ഒരു നാടും നാട്ടുകാരും മാറുകയും ചെയ്യുന്നതിന്റെ സാമൂഹികപ്രസക്തിയുള്ള ആഖ്യാനം. തങ്ങളെ രക്ഷിച്ച, ഭാവിയുടെ പച്ചപ്പു കാത്തുവച്ച മനുഷ്യന് ഒരു നാടു കാത്തുവച്ച ഉപഹാരത്തിന്റെ കഥയും ജീവിതവും. 

മലപ്പാമ്പന്‍ പ്രതിബദ്ധതയുടെ പേരിലാണ് ശ്രദ്ധിക്കപ്പെടുന്നതെങ്കില്‍ ഡോണാപോള, ചെന്താമരക്കൊക്ക തുടങ്ങിയ കഥകള്‍ ഭാവനയുടെ വന്യതയും യാഥാര്‍ഥ്യത്തിന്റെ പാരുഷ്യവും ഒരേപോലെ പ്രകടമാക്കി കഥപറച്ചിലിന്റെ ധര്‍മം നിറവേറ്റുന്നു. ജീവിതം തുടിച്ചുനില്‍ക്കുന്ന കഥകള്‍. അകന്നുനിന്നും അടുത്തുനിന്നും നോക്കിയാലും ജീവിതത്തിലേക്കുതന്നെ ക്ഷണിക്കുന്ന വാക്കുകളും രൂപകങ്ങളും. 

അവള്‍ അവനോടു പറഞ്ഞു: 

‘നീ പെരുമഴയായി എന്നില്‍ പെയ്തുതിമിര്‍ക്കുക’. 

അവന്‍ പറഞ്ഞു: 

‘ ഞാനൊരു വെള്ളച്ചാട്ടമാകാം. നീ പാറക്കെട്ടാകുക. നിന്നിലേക്ക് എനിക്ക് തല്ലിയലച്ച് പതിക്കണം’ 

അവള്‍ പറഞ്ഞു: 

‘ നീയൊരു മഴമുകിലാക് . ഞാന്‍ വേഴാമ്പലാകാം. എന്നിട്ടു പെയ്യുമ്പോള്‍ നിന്നെ മതിവരുവോളം കുടിക്കാം’. 

അവന്‍ ചോദിച്ചു: 

‘എന്നെ കുടിച്ചിട്ട് നിനക്കെന്തു പുണ്യം ? ’

അവള്‍ പറഞ്ഞു: 

‘എനിക്കു നിന്നെ ഗര്‍ഭം ധരിക്കണം. പത്തുമാസം കഴിയുമ്പോള്‍ നിന്നെ ഞാനൊരു മഴക്കുഞ്ഞായി പ്രസവിക്കാം. അതുവരേക്കും ഗര്‍ഭത്തില്‍കിടന്ന് നിനക്കു ഞാനുമായി ഇണചേരാം’   ( മഴയുടെ കല്യാണം )