Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യത്തെ നേത്രബാങ്കിന്റെ അത്ഭുതകഥ

കേരളത്തിലെ അന്ധതാ നിവാരണ പ്രവര്‍ത്തനങ്ങളില്‍ വിപ്ലവം സൃഷ്ടിച്ച നേത്രബാങ്കിന് കാരണക്കാരിയായത് ഒരു യുവതിയായിരുന്നു; ഒരു നിയോഗത്തിന്റെ പുണ്യമായി എന്നെന്നും ഓര്‍മിക്കപ്പെടേണ്ടതാണ് ആ യുവതിയുടെ പേരെങ്കിലും അവരുടെ ജീവിതത്തെ ഗ്രസിച്ച ദുരന്തവും കാണാതിരുന്നുകൂടാ. കൃഷ്ണമണി വെളുക്കുന്ന ‘കോര്‍ണിയല്‍ ഡിസ്ട്രോഫി’ എന്ന രോഗം മൂലം കാഴ്ചയുടെ ലോകം അന്യമായ യുവതിയാണ് ഈ യഥാര്‍ഥ കഥയിലെ കഥാപാത്രം. പേര് സിസിലി. സ്വകാര്യമേഖലയില്‍ ഇന്ത്യയിലെ ആദ്യത്തെ നേത്രബാങ്കിനു കാരണക്കാരിയായ യുവതി. 

സിസിലിയുടെ ജീവിതം പറയുന്നത് നേത്രചികില്‍സാരംഗത്ത് ഇന്ത്യയിലെ അതികായന്‍ എന്നറിയപ്പെടുന്ന ഡോ.ടോണി ഫെര്‍ണാണ്ടസ്. നേത്രോല്‍സവം എന്ന ആത്മകഥയിലൂടെ. 

തൃശൂര്‍ സ്വദേശിനിയാണ് സിസിലി. അന്ന് ഡോ.ടോണി നേത്രചികില്‍സാരംഗത്തു കേരളത്തെ കൈപിടിച്ചു നടത്തിയ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍. നേത്രം മാറ്റിവയ്ക്കാന്‍ ഗുജറാത്തിലോ ഡല്‍ഹിയിലോ പോകണമെന്നു നിര്‍ദേശിച്ചെങ്കിലും ഡോ.ടോണിയുടെ നേതൃത്വത്തില്‍ അങ്കമാലി എല്‍എഫില്‍ തന്നെ ശസ്ത്രക്രിയ ചെയ്താല്‍മതിയെന്നായിരുന്നു സിസിലിയുടെ നിര്‍ബന്ധം. 

1970 ഡിസംബര്‍. കേരള ഐ ബാങ്ക് അസോസിയേഷന്‍ എന്ന പേരില്‍ കേരളത്തിലെ ആദ്യത്തെയും ദക്ഷിണേന്ത്യയിലെ രണ്ടാമത്തേതുമായ നേത്രബാങ്ക് രൂപീകൃതമായി. കേന്ദ്ര ആരോഗ്യമന്ത്രിയെ ഉദ്ഘാടനത്തിനു വിളിച്ചിട്ട് കിട്ടാതിരുന്ന സന്ദര്‍ഭത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചത് എറണാകുളം സഹായമെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി. നേത്രദാനം മഹാദാനം എന്ന ഇന്നു സുപരിചിതമായ പരസ്യവാചകത്തിന്റെ തുടക്കവും അന്നുതന്നെ. പ്രചാരണ പരിപാടികളും ബോധവത്കരണങ്ങളും നടന്നുകൊണ്ടിരുന്നു; പക്ഷേ, പ്രതീക്ഷിച്ച സഹകരണം ജനങ്ങളില്‍നിന്നുണ്ടായില്ല. ഒടുവില്‍ ആദ്യത്തെ നേത്രദാതാവായി മാറിയത് ഒരു സ്ത്രീ. ലയണ്‍സ് ക്ലബ് ഭാരവാഹിയും നേത്രബാങ്ക് സംഘാടകനുമായ ഇ.വി. ഫിലിപ്പിന്റെ ഭാര്യ. അവരുടെ വിയോഗത്തെത്തുടര്‍ന്ന് എതിര്‍പ്പുണ്ടാകാതിരിക്കാന്‍ മക്കളോടുപോലും പറയാതെ ഫിലിപ് അനുമതി നല്‍കി. ആ വീട്ടമ്മയുടെ കണ്ണുകളിലൂടെ പ്രകാശത്തിന്റെ ലോകത്തെത്തിയതു രണ്ടുപേര്‍. ബെംഗളൂരു സ്വദേശിയായ യുവാവും തിരുവല്ലക്കാരിയായ ഒരു യുവതിയും. നേതൃബാങ്കിനു കാരണക്കാരിയായ തൃശൂരില്‍നിന്നുള്ള യുവതിക്ക് കാഴ്ച വീണ്ടെടുത്തുകൊടുക്കാന്‍ പിന്നെയും വൈകി. 

നേത്രബാങ്ക് വരുന്നതിനുമുമ്പു തന്നെ കേരളത്തില്‍ നേത്രം മാറ്റിവയ്ക്കല്‍ നടന്നിരുന്നു. പക്ഷേ, അവയെല്ലാം രഹസ്യമായാണ് ചെയ്തിരുന്നത്. അജ്ഞാത മൃതദേഹമായി പൊതുശ്മശാനത്തിലേക്ക് അയയ്ക്കാന്‍ നിര്‍ദേശിക്കപ്പെടുന്ന ഭിക്ഷാടകരുടെ കണ്ണുകള്‍ ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയകള്‍. 1971-ന്റെ ആരംഭത്തില്‍ ഡോ. ടോണിയുടെ നേതൃത്വത്തില്‍ അങ്കമാലിയില്‍ നടന്നത് കേരളത്തിലെ ആദ്യത്തെ ഔദ്യോഗിക നേത്രം മാറ്റിവയ്ക്കല്‍ ആയിരുന്നു എന്നുമാത്രം. 

ആദ്യത്തെ സന്നദ്ധ നേത്രദാനവും ചരിത്രമാണെന്ന് ഓര്‍മിപ്പിക്കുന്നു ഡോ.ടോണി. ഒരു സാധാരണക്കാരന്റെ നിസ്വാര്‍ഥമായ ആഗ്രഹവും അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കാന്‍ മക്കള്‍ കാട്ടിയ ധൈര്യവുമാണ് അത് സാധ്യമാക്കിയത്. അങ്കമാലി ആശുപത്രിക്കടുത്ത് തയ്യല്‍ക്കട നടത്തിയിരുന്ന തോമസ് നേത്രദാന സമ്മതപത്രം നേരത്തെ ഒപ്പിട്ടുകൊടുത്തിരുന്നു. മരണക്കിടക്കയില്‍വച്ച് അദ്ദേഹം മക്കളെ ഓര്‍മിപ്പിച്ച ഏകകാര്യവും തന്റെ കണ്ണുകള്‍ ദാനം ചെയ്യണം എന്നതുമാത്രം. കണ്ണടുക്കാന്‍ ചെന്ന ഡോ.ടോണിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നെങ്കിലും മക്കള്‍ അവരെ വസ്തുത പറഞ്ഞു ബോധ്യപ്പെടുത്തി. 

വീണ്ടും സിസിലിയിലേക്ക്. കേരളത്തില്‍തന്നെ ശസ്ത്രക്രിയ നടത്തണമെന്ന അവരുടെ ഇഛാശക്തി സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം തുറന്നുവെങ്കിലും അവരുടെ ജീവിതം പിന്നീട് പ്രകാശപൂര്‍ണമായിരുന്നു എന്നു പറഞ്ഞുകൂടാ. കാഴ്ച തിരിച്ചുകിട്ടി സന്തോഷവതിയായി ആശുപത്രിവിട്ട യുവതി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അധികം താമസിയാതെ ആശുപത്രിയില്‍ തിരിച്ചെത്തി. കാഴ്ച തിരിച്ചുകിട്ടിയതിനാല്‍ ജോലി ചെയ്ത് സ്വന്തം കാര്യം നോക്കണമെന്നു പറഞ്ഞ് സഹോദരന്‍മാര്‍ ആ യുവതിയെ നട തള്ളുകയായിരുന്നു. അതുവരെ ഒരു ജോലിയും ചെയ്തിട്ടില്ലാത്ത സിസിലി തിരിച്ചുകിട്ട കാഴ്ചയുമായി അന്തംവിട്ടുനിന്നു. 

കാഴ്ചയുടെ കാവലാള്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഡോ.ടോണി കേരളത്തിലെ നേത്രചികില്‍സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തിയാണ്. നേത്രോല്‍സവം അദ്ദേഹത്തിന്റെ ആത്മകഥയായിരിക്കുമ്പോള്‍ തന്നെ ജന്‍മലക്ഷ്യങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന പ്രചോദനാത്മക ഗ്രന്ഥം കൂടിയാണ്. മലേഷ്യയില്‍നിന്ന് കേരളത്തിലൂടെ കര്‍ണാടകയിലെത്തി, വീണ്ടും മലേഷ്യ വഴി ഇംഗ്ലണ്ടിലെത്തി, തമിഴ്നാട്ടിലൂടെ കേരളത്തില്‍ വേരുറപ്പിച്ച പ്രയാണത്തിലെ നായകന്‍. നിയോഗങ്ങളുടെ വഴിയില്‍ ദൈവത്തിന്റെ കൈ പിടിച്ചുനടന്ന ഡോ. ടോണി സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതത്തിലേക്ക് കഠിനാധ്വാനത്തിലൂടെ എങ്ങനെയെത്തിയെന്നതിന്റെ സാക്ഷ്യം പറയുകയാണ് നേത്രോല്‍സവത്തില്‍. ഒരു പഠനഗ്രന്ഥത്തിന്റെ ആധികാരികതയും ജീവചരിത്രത്തിന്റെ ലാളിത്യവും ആത്മകഥയുടെ ആര്‍ദ്രതയും നിറഞ്ഞ ഗ്രന്ഥം.