Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനലിൽ ചുട്ടെടുത്ത കഥകൾ

‘ഞാനും നിങ്ങളെപ്പോലെതന്നെ. ജോലി തുടങ്ങുമ്പോൾ മുഖംമൂടി അണിയും. ഒരെഴുത്തുകാരന്റെ മുഖംമൂടി. പക്ഷേ, നിങ്ങളൊരു ദിവസം എന്റെയീ മുഖംമൂടി ഇളക്കിമാറ്റുമെന്ന് എനിക്കറിയാമായിരുന്നു. എത്രത്തോളം വൈകിപ്പിക്കാമെന്നതിൽ മാത്രമായിരുന്നു എന്റെ മത്സരം. അല്ലേലും ജെൻ‍ഡർ‌ റൈറ്റിങ്ങിലൊന്നും വിശ്വാസമില്ല. എന്തെഴുതുന്നു എന്നതിലല്ലേ കാര്യം?’– വധിക്കാനെത്തിയ ക്വട്ടേഷൻകാരോടു സ്വാഭാവികതയോടെ എഴുത്തുകാരി പറഞ്ഞു. തമാശയെന്തെന്നാൽ ‘എഴുത്തുകാരനെ’ തീർക്കാനായിരുന്നു ക്വട്ടേഷൻ. പക്ഷേ, എഴുത്തുകാരൻ എന്ന പുരുഷബോധം മിഥ്യയാണെന്നറിഞ്ഞപ്പോൾ ഗുണ്ടകളുടെ പിടിവിട്ടു പോകുന്നു.

വെറും വെട്ടുംകുത്തുമായി നടക്കുന്ന മുക്കാൽച്ചക്രത്തിന്റെ ഗുണ്ടകളല്ല ഈ ക്വട്ടേഷൻകാർ. എഴുത്തും വായനയുമുള്ള ചെറുപ്പക്കാർ. വാർത്തയും സാഹിത്യവും അപ്ടുഡേറ്റ്. ക്വട്ടേഷൻ: ഒരു ദാർശനിക മൂല്യവിചാരം എന്നപേരിൽ പുസ്തകം വരെ എഴുതാൻ കോപ്പുള്ള സർഗാത്മക ക്വട്ടേഷൻകാർ. സമൂഹത്തിന്റെ വെണ്ണപ്പാളികളിൽ അഭിരമിക്കുന്ന, അതിവേഗം ചലിക്കുന്ന മനുഷ്യർക്കു വഴിമധ്യേ നേരിടുന്ന തടസ്സങ്ങൾ നീക്കാൻ നിയോഗിക്കപ്പെട്ടവർ എന്നിവരാണെന്നു സ്വയം വിശേഷിപ്പിക്കുന്നവരുടെ രസകരമായ കഥയാണ് ഓപ്പറേഷൻ മാരിയോ വർഗാസ് യോസ.‌

കഥയിലില്ലാത്ത ക്ലൈമാക്സ് അനുഭവിച്ചവരാണ് ഈ ക്വട്ടേഷൻകാർ. ചലനമെന്നതാണു ജീവന്റെ സത്യം. അതിവേഗം മുന്നോട്ടു പോവുന്നവരുടെ വഴിയിൽ തടസ്സം നിൽക്കുന്നവർ ജീവന്റെ ശത്രുക്കളാണ്. അത്തരം ശത്രുക്കളെ ഭംഗിയായും വെടിപ്പായും എടുത്തുമാറ്റിക്കൊടുക്കുന്ന പ്രവൃത്തി ജീവകാരുണ്യം കൂടിയാണെന്നു പറയുന്നു ഈ ക്വട്ടേഷൻകാർ. ഗുണ്ടകൾക്കു കഥയുണ്ടെന്ന് ഏവർക്കുമറിയാം. പക്ഷേ ഇങ്ങനെയൊരു യാത്ര അപ്രതീക്ഷിതം. ‘അതൊരൊന്നൊന്നര ക്വട്ടേഷനായിരുന്നു’ എന്ന തുടക്കവാക്യം കഥാന്ത്യത്തിൽ വായനക്കാരുടെ മനസ്സിലും മുഴങ്ങും.

ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ‘ചീങ്കണ്ണിയെ കനലിൽ ചുട്ടത്’ എന്ന ആദ്യ കഥാസമാഹാരത്തിലൂടെ വായനക്കാരുടെ ഇഷ്ടം കവരുകയാണു ടി. അരുൺകുമാർ. കേട്ടിട്ടില്ലാത്ത കഥാപാത്രങ്ങൾ, കഥനവഴികൾ, അപ്രതീക്ഷിത പരിണാമങ്ങൾ, അസാധാരണമായ ആഴം. അരുൺകുമാർ എന്ന നവാഗത എഴുത്തുകാരൻ മലയാളത്തിൽ അക്ഷരങ്ങളുടെ മാന്ത്രികവടി വീശുകയാണ്. പതിവു വായനാശീലങ്ങൾക്കു പിടിതരാത്ത ആഖ്യാനശൈലി നിറഞ്ഞ 10 കഥകളാണു സമാഹാരത്തിലുള്ളത്. പുസ്തകത്തിലെ ഓപ്പറേഷൻ മാരിയോ വാർഗാസ് യോസ, നക്ഷത്രരഹസ്യം, ക്രക്കോഷ്യ, മിശ്രം, ചീങ്കണ്ണിയെ കനലിൽ ചുട്ടത് എന്നിവ മലയാളത്തിലെ മികച്ച കഥകളാണ്.

എഴുത്തിനോളം സിനിമയെയും ഇഷ്ടപ്പെടുന്നയാളാണ് അരുൺ. മാർട്ടിൻ സ്കോർസസെ, സ്റ്റാൻലി കുബ്രിക്, കപ്പോള, നോളൻ, കെ.ജി.ജോർജ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരുടെ സിനിമകളാണ് ഇഷ്ടം. ഇതുപറയാൻ കാരണം അരുണിന്റെ പല കഥകളും നോൺ ലീനിയർ സിനിമ പോലെയാണ്. ട്വിസ്റ്റുകളും ഇമേജറികളും ധാരാളം. ലോക സിനിമകളിലെ പ്രശസ്ത കഥാപാത്രങ്ങളെ പലപ്പോഴും കണ്ടുമുട്ടാം. സിനിമകളിലെ സാങ്കൽപിക രാഷ്ട്രങ്ങളെ മലയാളത്തിലേക്കു പറിച്ചുനടും. ചിലപ്പോൾ, വാക്കുകൾ കൊണ്ടുമാത്രം സാധ്യമാകുന്ന രാസവിദ്യയിലൂടെ സിനിമയെ വെല്ലുന്ന ചിത്രഭാഷ്യവുമൊരുക്കുന്നു.

എഴുത്തുകാർ സൃഷ്ടിക്കുന്ന മായിക ലോകങ്ങളുണ്ട്, മക്കോണ്ടോ പോലെ കൊതിപ്പിക്കുന്നത്. പൊടുന്നനെ ഒരു ദിനം അലങ്കാരങ്ങളെല്ലാം അഴിച്ചുവച്ച് താരപദവിയില്ലാതെ ജീവിക്കേണ്ടി വരുന്ന നടനാണു നക്ഷത്രരഹസ്യത്തിലെ ലോറൻസ്. വിശ്രമജീവിതത്തിനു ലോറൻസ് തിരഞ്ഞെടുക്കുന്നത് ദീർഘായുസ്സിന്റെ ആരോഗ്യനികേതനമായ അബ്ഖാസിയയാണ്. ജരാനരകളെ തോൽപ്പിച്ച് മനുഷ്യർ 120 കൊല്ലം ജീവിക്കുന്ന അബ്ഖാസിയ എന്ന അദ്ഭുതലോകം. നരച്ചുകൊരച്ചു താൻ തീർന്നുപോവുമെന്നാരും വിചാരിക്കേണ്ടെന്നു വീരവാദം മുഴക്കുന്ന താരം താമസിക്കുന്ന കൽവീട്.

‘ആ കുടത്തിനുള്ളിൽ കാലമാണ്’– മൂന്നാമത്തെ പെഗ്ഗിനൊപ്പം ശതാവരിക്കിഴങ്ങരച്ച കൊക്കിറച്ചി കഴിച്ചിരിക്കെ രസകരമായ കുടം ചൂണ്ടി ലോറൻസ് മൊഴിഞ്ഞു. അബ്ഖാസിയൻ പർവതങ്ങളിൽ മാത്രം കിട്ടുന്ന വീഞ്ഞാണതിൽ. അയ്യായിരം വർഷം പഴക്കമുള്ളത്. ജീവിതത്തിന്റെ ഏറ്റവും വലിയ സന്തോഷം വരുമ്പോഴോ കൊടിയ സങ്കടം വരുമ്പോഴോ പൊട്ടിക്കാൻ വേണ്ടി സൂക്ഷിച്ച വീഞ്ഞുകുടം. പൂരുരവസ്സിന്റെ യൗവനം ദാനം വാങ്ങി നിത്യഹരിതമായി ജീവിക്കാൻ കൊതിക്കുന്ന യയാതിയെന്ന ലോറൻസിനെ ഇവിടെ കാണാം.

സെക്സോളജിസ്റ്റായ ലൂക്കോസച്ചനും ഉഭയജീവിതം നയിക്കുന്ന മാരിയയും തമ്മിലുള്ള സംഭാഷണമാണു ‘ചീങ്കണ്ണിയെ കനലിൽ ചുട്ടത്’ എന്ന പുസ്തകപ്പേരിലെ കഥയുടെ കാതൽ. ഇതര ലൈംഗികതകളുടെ ലോകത്തെപ്പറ്റിയുള്ള ചിന്ത. കിനാവള്ളിയുടെ കൈകൾ പോലെ വിറച്ചു ചലിച്ചുകൊണ്ടിരുന്ന ആ വിരലുകൾ‌ തൊട്ടതും നെടുങ്കണ്ടത്തെ സെന്റ് ഫ്രാൻസിസ് കരുണാലയത്തിലെ അച്ചൻ വളർത്തിയ അവസാനത്തെ മൂന്ന് അനാഥക്കുട്ടികളിൽ ഒരുവളായി എന്നാണ്, ഓസ്ട്രേലിയയിൽനിന്നു കൂട്ടുകാരോടൊപ്പം വന്ന മാരിയയുടെ ഭൂതകാലത്തെ ഒറ്റവരിയിലേക്ക് കഥാകാരൻ ഊതിക്കാച്ചിയത്.

‘എന്റെ മറിയക്കൊച്ചേ, നീ അത്രമേൽ ധന്യയും വിശുദ്ധയും ദൈവത്തിന്റെ വിരലടയാളം തിരുനെറ്റിയിൽ എറ്റുവാങ്ങിയവളുമാകുന്നു. എന്തെന്നാൽ ദൈവം പരമാനന്ദത്തിന്റെ എല്ലാ വിത്തുകളെയും ഒരോന്നു വീതം നിന്നിലെറിഞ്ഞു മുളപ്പിച്ചിരിക്കുന്നു. ആകയാൽ നിന്റെ പുൽമേടുകളിലൂടെ നീ ആഹ്ലാദഭരിതയായി കുതിച്ചു കൊൾക, ആരും നിന്നെ തടയുകയില്ല. ദുർബലർ നിന്നെ ഭയന്നേക്കാം. എന്നാൽ നിന്റെ പറുദീസയുടെ വാതിൽ ഒരിക്കലും നീ അടയ്ക്കരുത്. സ്നേഹം ധീരമായതിനാൽ അതവസാനം ഭീരുവിനെ കീഴടക്കുക തന്നെ ചെയ്യും’– മാരിയയെ ലൂക്കോസച്ചൻ വാക്കുകൾ കൊണ്ടു വിശുദ്ധയാക്കുമ്പോൾ, ജ്ഞാനസ്നാനം ചെയ്യപ്പെടുന്നതു വായനക്കാരാണ്.

സൂക്ഷ്മ രാഷ്ട്രീയത്തിന്റെ, ഉട്ടോപ്യകളുടെ, ഏതു സമയവും കൊള്ളയടിക്കപ്പെടാൻ വിധിക്കപ്പെട്ടവരുടെ കഥയാണു ക്രക്കോഷ്യ. തുരുത്തിന്റെ ഇതിഹാസങ്ങളായ മരുവങ്കോട്ടപ്പന്റെയും ഖാലിസയുടെയും പുരാവൃത്തമാണു മിശ്രം. സംഘം വിട്ടുപോകുന്നവന്റെ മടങ്ങിവരവിനെ കല്ലുവാഴയിലേക്കു സംക്രമിപ്പിക്കുകയാണു സംഘകാലം. രാത്രിയിൽ പഴയ ബോട്ടിൽ കശാപ്പു മാലിന്യങ്ങൾ കായലിൽ തള്ളുന്നയാളിലൂടെ ഖസാക്കിന്റെ ഇതിഹാസത്തിനും ഒ.വി.വിജയനും ജലാഞ്ജലി അർപ്പിക്കുന്നു, കഥാന്തരം. ‘ഇത്രയും തന്തയില്ലാഴ്ക കാണിക്കണമെങ്കില്‍ അത് സ്വന്തം മോനല്ലാതെ മറ്റാര്?’ എന്നു ചോദിക്കുന്ന കഥാന്തരത്തിലെ ആ രാത്രിദൃശ്യം കേമം.

‘അരുണിന്റെ ഏതാണ്ടെല്ലാ കഥകളിലും ഭാഷയുടെ നവീനതയും സൂക്ഷ്മ രാഷ്ട്രീയവും സമകാലികതയും പ്രമേയ വൈവിധ്യവും പ്രകടമാണ്. കഥ പറഞ്ഞു പോവുക എന്നതിനൊപ്പം അതിന്റെ ഗാഢമായ രാഷ്ട്രീയത്തിലൂടെ കടന്നുപോവാനും കഴിയുന്നു. വളരെ മുതിർന്ന, പയറ്റിത്തെളിഞ്ഞ എഴുത്തുകാരനല്ല. പക്ഷേ പറയാൻ വേണ്ടിയുള്ള കാര്യങ്ങളേ പറയുന്നുള്ളൂ. ഉൾബോധമുണ്ട്. അത് കിട്ടുക എളുപ്പമല്ല’– എഴുത്തുകാരൻ ജി.ആർ.ഇന്ദുഗോപന്റെ സാക്ഷ്യം.

നക്ഷത്രരഹസ്യത്തിൽ ലോറൻസിന്റെ മൊഴിയായി എഴുത്തുകാരൻ സ്വയം അടയാളപ്പെടുത്തുന്നതിങ്ങനെ: ‘നമുക്കുചുറ്റും സംഭവിക്കുന്ന കാര്യങ്ങളിൽ ജീവിതത്തിന്റെ സുഗന്ധവും അർഥവും അടയാളവും കണ്ടെത്താനല്ലാതെ ഒരു പാവം മനുഷ്യനു മറ്റെന്താണു ചെയ്യാൻ കഴിയുക?’. വായനയുടെ രുചിമുകുളങ്ങളെ ഉദ്ദീപിപ്പിക്കുന്ന സുഗന്ധമുള്ള കഥകൾ ഇനിയും കനലിൽ ചുട്ടെടുത്തു തരുമെന്നു പ്രതീക്ഷിക്കാം.