sections
MORE

കൂപ്പുകൈ... കവിതയുടെ നിലാവൂട്ടിയ കവികുലപരമ്പരയ്ക്ക്

SHARE

അഗരുചന്ദനത്താല്‍ ചിത ഞാന്‍ തീര്‍ത്തിടാം 

നിന്‍ കയ്യാലാ ചിത കൊളുത്തീടുമോ? 

കത്തിയെരിഞ്ഞു ഞാന്‍ ഭസ്മമായിടുമ്പോള്‍ 

നിന്‍ മെയ്യില് നീയതു പൂശിടുമോ? 

മീര പാടുകയാണ്... മനം ഒഴുകിപ്പരക്കുന്ന കൃഷ്ണപ്രേമത്താല്‍. ഗിരിധാരിയുടെ അടുത്തേക്ക് എന്നും യാത്ര ചെയ്യുന്ന മീര. ഗിരിധാരിയാണ് എന്റെ ഏക കാമുകന്‍. ഞാന്‍ അദ്ദേഹത്തിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടയായിരിക്കുന്നു. ഞങ്ങളുടെ പ്രേമം പഴക്കമുള്ളതാണ്. എനിക്കദ്ദേഹത്തെക്കൂടാതെ ജീവിക്കാന്‍ സാധ്യമല്ല ഞങ്ങളുടെ പ്രേമം പൂര്‍വജന്‍മം മുതല്‍ക്കുള്ളതാണ് അതിനെ ഇപ്പോള്‍ ത്യജിപ്പാന്‍ സാധ്യമല്ല... 

പ്രപഞ്ചത്തെനോക്കി കണ്ണീരൊഴുക്കിയ, ഭക്തിയുടെ അമൃതലതയെ കണ്ണീരുകൊണ്ട് നനച്ച് നട്ടുവളര്‍ത്തി ഗിരിധരന്റെ ദാസിയായി ആത്മസായൂജ്യം നേടിയ മീര. പാനപാത്രത്തില്‍ കൊടുത്തയച്ച വിഷം പ്രേമത്താല്‍ അമൃതാക്കിമാറ്റിയ, ദംശനത്താല്‍ കാലപുരിക്കയയ്ക്കാമെന്ന് വ്യാമോഹിച്ചു കൊടുത്തയച്ച സര്‍പ്പത്തെ അനുഗ്രഹമാല്യമാക്കിമാറ്റിയ മീര... അഹംബോധമില്ലാതെ, തീവ്രപ്രേമത്താല്‍ തീവ്രഗാനങ്ങള്‍ ചമച്ച മീരയുള്‍പ്പെടെ ഇന്ത്യയുടെ ആത്മാവിനെ ആഴത്തില്‍ സ്പര്‍ശിച്ച ഭക്തിപ്രസ്ഥാനത്തെ സമഗ്രമായും സംപൂര്‍ണമായും പരിചയപ്പെടുത്തുകയാണ് ഡോ. പി. വി. കൃഷ്ണന്‍നായര്‍ ഭക്തിഭാരതം എന്ന കൃതിയിലൂടെ. 

മതത്തില്‍നിന്ന് ഭിന്നമായ ആത്മീയതയാണ് ഭക്തിപ്രസ്ഥാനത്തിന്റെ കരുത്ത്. വ്യക്തിനിഷ്ഠമായ യഥാര്‍ഥ ആത്മീയത. ജീവിതവീക്ഷണത്തെ, ഭാഷയെ, സംസ്കാരബോധത്തെ, ജനജീവിതത്തെ എല്ലാം ആത്മീയതയുടെ കരുത്തില്‍ ഭക്തിപ്രസ്ഥാനം സ്വാധീനിച്ചു. ഭക്തിപ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരായി അറിയപ്പെട്ടവര്‍ പുലര്‍ത്തിയതാകട്ടെ വിപ്ലവ വീക്ഷണങ്ങളും. ജാതിയെ, അനാചാരങ്ങളെ, അന്ധവിശ്വാസങ്ങളെ, അസമത്വത്തെ, അനീതിയെ എതിര്‍ത്തവര്‍. സ്നേഹത്തെ വിലമതിക്കാനാവാത്ത മൂല്യമായി സ്വീകരിച്ചവര്‍. ജനപക്ഷത്തുനിന്ന് അടരാടിയവര്‍. കബീര്‍, ബസവണ്ണ, കനകദാസ്, രസഖാന്‍, രൈദാസ്, മീരാബായ്.... നമ്മുടെ സ്വന്തം ശങ്കരാചാര്യര്‍, മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി, വില്വമംഗലത്ത് സ്വാമിയാര്‍, തുഞ്ചത്തെഴുത്തച്ഛന്‍, പൂന്താനം... 

കാളിദാസനെക്കുറിച്ചുള്ള അധ്യായത്തില്‍ ആ കവിഗുരുവിന്റെ ജീവിതവും കൃതികളും പരിചയപ്പെടുത്തുന്നതിനൊപ്പം അദ്ദേഹത്തെക്കുറിച്ചും കൃതികളെക്കുറിച്ചും വിവിധ ഭാഷകളിലുണ്ടായിട്ടുള്ള പഠനങ്ങളും ഗവേഷണങ്ങളുമെല്ലാം പരിചയപ്പെടുത്തുന്നുണ്ട് ഗ്രന്ഥകര്‍ത്താവ്. അറിവുകള്‍ വിരസമായി അടുക്കിവയ്ക്കുകയല്ല, സര്‍ഗാത്മകമായി ഒരു കവിയെ അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്. ചങ്ങമ്പുഴയുടെ വരികളും സുഗതകുമാരിയുടെ ലേഖനത്തിലെ ഭാഗവും വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതാഭാഗവുമെല്ലാമായി സമഗ്രമായ ബോധം പ്രദാനം ചെയ്യാനാണ് കൃഷ്ണന്‍നായര്‍ ശ്രമിക്കുന്നത്. ഒപ്പം തന്റേതായ രീതിയില്‍ കാളിദാസന്റെ ആത്മാവ് കണ്ടെത്താനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. വിശിഷ്ട കൃതികളില്‍നിന്നുള്ള ഭാഗങ്ങളും വ്യാഖ്യാനങ്ങളും വിശദീകരണങ്ങളുമെല്ലാം ഈ കൃതിക്കു മാറ്റുകൂട്ടുന്നു.  

ഓരോ ഭാഷയിലെയും ഭക്തിസാഹിത്യ പരിപോഷണ വ്യഗ്രന്‍മാരില്‍ ശ്രേഷ്ഠരായിട്ടുള്ളവര്‍ക്ക് അതതു പ്രദേശങ്ങളിലുള്ള ജനസമ്മതിയും അതു വ്യക്തമാക്കുന്ന സംഭവങ്ങളും ഐതിഹ്യങ്ങളും വിശ്വാസങ്ങളും എല്ലാമായി ഭാരതത്തെ നയിച്ച കവികുല പരമ്പരയെക്കുറിച്ചാണ് ഭക്തിഭാരതം. ഡോ.എം.ലീലാവതിയുടെ അവതാരിക. നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍.                         

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA