sections
MORE

ഗുണ്ടർട്ടന്റെ കൊച്ചുമകനായിട്ടും ഹെർമൻ ഹെസ്സെയെ മലയാളം മറന്നതെന്ത്?

SHARE

സാഹിത്യ നൊബേൽ സമ്മാനജേതാക്കളോട് മലയാളികൾക്ക് ഒരു പ്രത്യേക ആദരവാണുള്ളതെന്നു നമുക്കറിയാം. ഗാർസിയ മാർക്കേസും ഏണസ്റ്റ് ഹെമിങ്ങ്​വേയും സാർത്തറും ഷോളോഖോവും പാബ്ളോ നെരൂദയും വി.എസ്. നയ്പോളും ഗുന്തർ ഗ്രാസും ഒർഹാൻ പാമുക്കും ഒക്കെ വിവർത്തനങ്ങൾ വഴിയും വർഷങ്ങൾനീണ്ട ആസ്വാദന-സംവാദ പരമ്പരകൾ വഴിയും മുഖ്യധാരാമലയാള സാഹിത്യത്തിൽ തങ്ങളുടെ സാന്നിധ്യം അരക്കിട്ടുറപ്പിച്ചിട്ടുണ്ട്. അതുപോലെതന്നെ, ബർണാഡ് ഷാ, തോമസ് മാൻ, റ്റി.എസ്. എലിയറ്റ്, ബർട്രാൻഡ് റസ്സൽ തുടങ്ങിയവർ അക്കാദമിക് തലങ്ങളിൽ ധാരാളം പഠിപ്പിക്കപ്പെട്ടിട്ടും പഠിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ ഇവരെയൊക്കെപോലെതന്നെ, അഥവാ മലയാളക്കരയോടുള്ള പൈതൃകബന്ധം മൂലം ഇവരെക്കാളുപരി നമുക്കു പ്രിയങ്കരനാകേണ്ടിയിരുന്ന ഹെർമൻ ഹെസ്സെ എന്ന മഹാപ്രതിഭയ്ക്കു മലയാളസാഹിത്യരംഗത്തു കിട്ടേണ്ടിയിരുന്ന പരിഗണന കിട്ടിയിട്ടില്ല എന്നു തോന്നുന്നു. ഈ കുറവ് അൽപമെങ്കിലും നികത്താനുതകുന്ന ഒരു പുസ്തകമാണ് ഡോ. പി.സി. നായർ എഴുതി, ഗ്രീൻ ബുക്സ് ഈയിടെ പ്രസിദ്ധീകരിച്ച "ഹെർമൻ ഹെസ്സേക്ക് ഒരു ആമുഖം."

ജന്മം കൊണ്ടു യൂറോപ്യനായിരുന്നെങ്കിലും മലയാളഭാഷയുടെ ഇതിഹാസത്തിൽ ഒരു ചരിത്രവിഗ്രഹത്തിന്റെ പരിവേഷമുള്ള ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ മകളുടെ മകനായിരുന്ന ഹെർമൻ ഹെസ്സെ, ഭാരതീയപൈതൃകത്തിന്റെ അടിസ്ഥാനശിലകളായ വേദങ്ങളിലും ഉപനിഷത്തുക്കളിലും അവഗാഹമായ പാണ്ഡിത്യം നേടിയിരുന്നു. കൂടാതെ, മഹാത്മാഗാന്ധിയുടെ ജീവിതസന്ദേശങ്ങളിലും അദ്ദേഹം ആകൃഷ്ടനായിരുന്നു.

കൃത്യമായ ഗവേഷണപാതകളിലൂടെ സഞ്ചരിച്ച്, ഹെർമൻ ഹെസ്സെ എന്ന യുഗപ്രഭാവന്റെ ജീവിതത്തിലേക്കിറങ്ങിച്ചെന്ന് അദ്ദേഹത്തിന്റെ സാഹിത്യപ്രപഞ്ചവും ദാർശനികഭൂമികയും മലയാളികൾക്കു പരിചയപ്പെടുത്തുകയാണു ഡോ. പി.സി. നായർ ഈ പുസ്തകത്തിലൂടെ.  നൂറ്റിനാൽപത്തിനാലു പേജുകളുള്ള ഈ പുസ്തകം ഹെസ്സെയുടെ ജീവിത-സാഹിത്യ-തത്വദർശന മണ്ഡലങ്ങളെ ഒരു കൗതുകച്ചിമിഴിലൊതുക്കിയ അനുഭവമാണു വായനക്കാർക്കു സമ്മാനിക്കുന്നത്.

ഹെസ്സെയുടെ സാഹിത്യരചനകളിൽ വമ്പിച്ച സ്വാധീനം ചെലുത്തിയ, ബാല്യകാലത്തെയും കൗമാരകാലത്തെയും ജീവിതാനുഭവങ്ങൾ വിവരിച്ചുകൊണ്ട് ആരംഭിക്കുന്ന ആഖ്യാനം ആ ധന്യജീവിതത്തിന്റെ സമഗ്രശാഖകളിലേക്കും വെളിച്ചം പായിക്കുന്നു.  

"പെൻസിൽ പിടിക്കാൻ തുടങ്ങിയ നാൾ മുതൽ ഈരടികൾ എഴുതുമായിരുന്ന" സർഗശക്തിയുടെ ഉടമയായിരുന്നത്രെ ഹെസ്സെ. ആ പ്രതിഭയ്ക്ക്, തന്റെ ജീവിതത്തിൽ സംഭവിച്ച തീവ്രനൈരാശ്യങ്ങളും പ്രണയപരാജയങ്ങളും ഏകാന്തതയും കുടുംബജീവിതത്തിലെ താളഭ്രംശങ്ങളും പിന്നെ ധിഷണാശാലികളുമായുള്ള സൗഹൃദങ്ങളും എല്ലാം തന്നെ ബൗദ്ധികവും ദാർശനികവുമായ വളർച്ചയ്ക്ക് ഊർജമായിത്തീർന്ന നാൾവഴികൾ ഈ പുസ്തകം വിശദീകരിക്കുന്നു.

ഹെസ്സെയുടെ ജീവിതാഖ്യാനത്തിലൂടെ സഞ്ചരിക്കുമ്പോൾ വെളിവാകുന്ന ഒരുകാര്യം ഗുരുശിഷ്യബന്ധങ്ങളും ഉത്തമങ്ങളായ സുഹൃദ് ബന്ധങ്ങളും എങ്ങനെയാണു ഒരു വ്യക്തിത്വത്തെ വികസിപ്പിച്ചെടുക്കാൻ സഹായിക്കുന്നത് എന്ന സന്ദേശമാണ്. "ഉപനിഷത്" എന്ന സംജ്ഞയിലെ ആശയത്തോടു തുലനം ചെയ്യാവുന്നതരം ബന്ധമാണു ഹെസ്സെയ്ക്ക് തന്റെ ഗുരുസ്ഥാനീയരുമായി ഉണ്ടായിരുന്നത്. ദ് ഗ്ലാസ്ബീഡ്സ് ഗെയിമെന്ന നോവലിലെ രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഇത്തരം ഗുരുശിഷ്യബന്ധങ്ങളുടെ അനുരണനം കാണുന്നത് ഒരു ഉദാഹരണം മാത്രം. 

രണ്ടുഡസനിലധികം ഗ്രന്ഥങ്ങളുടെ കർത്താവായ ഹെർമൻ ഹെസ്സെയുടെ പ്രധാനകൃതികൾ സിദ്ധാർഥ, ദ് ഗ്ലാസ് ബീഡ്സ് ഗെയിം, സ്റ്റെപ്പൻവുൾഫ്, നാർസിസസ്സ് ആന്റ് ഗോൾഡ്മണ്ഡ്, ഡെമിയാൻ തുടങ്ങിയവയാണ്. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളിൽ പലരിലും തന്റെ ആത്മാംശം എത്രമാത്രം കലർന്നിരുന്നു എന്നതു കൗതുകകരമാണ്. ആദ്യകാലത്ത് എഴുതപ്പെട്ട നിരവധി കവിതകൾ പ്രസിദ്ധീകരിക്കപ്പെടാതെ മ്യൂസിയങ്ങളിൽ വിശ്രമിക്കുന്നു.

ഒരു സാഹിത്യകാരനെന്നതിനുപരി, ഭാരതീയ തത്വചിന്താപൈതൃകം ലോകത്തിനു പരിചയപ്പെടുത്തി, അതുവഴി ഉരുത്തിരിഞ്ഞുവരുന്ന ഒരു പുതിയ ലോകക്രമവും ധർമ്മനീതിയും സ്വപ്നം കണ്ട ഒരു ദാർശനികനായിരുന്നു ഹെസ്സെ. കാൽപനികമായ ഭാവാത്മകതയിലൂടെയാണെങ്കിലും അദ്ദേഹം അവതരിപ്പിച്ച ചിന്താധാരകൾ ലോകം ഉൾക്കൊണ്ടിട്ടുന്നതിനു തെളിവാണ് കാലാതിവർത്തികളായി നിലകൊള്ളുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങൾ. 1946-ലെ നൊബേൽ പുരസ്കാരപ്രഖ്യാപനത്തിൽ, അദ്ദേഹത്തിന്റെ കൃതികളിലെ ദാർശനികത നൊബേൽ കമ്മിറ്റി പ്രത്യേകം ശ്ലാഘിക്കുകയുണ്ടായി.

വളരെ സംഭവബഹുലവും ധന്യവുമായ ജീവിതത്തിനുശേഷം തന്റെ എൺപത്തിയഞ്ചാം വയസിൽ, സ്വിറ്റ്സർലന്റിലെ മൊണ്ടനോളയിൽ വെച്ച് ഹെസ്സെ മരിക്കുന്നതും, തന്റെ പ്രിയങ്കരനായ മോത്സാർട്ടിന്റെ സംഗീതം ആസ്വദിച്ച് ഉറങ്ങാൻ കിടന്നതിന്റെ പിറ്റേദിവസം രാവിലെയായിരുന്നു!

ഹെസ്സെയുടെ കൃതികളിലെ സാഹിത്യമേന്മയോടൊപ്പം മറ്റു മണ്ഡലങ്ങളിലെ സംഭാവനകളേയും ഗ്രന്ഥകർത്താവ് തന്റെ സ്വതസിദ്ധമായ വീക്ഷണപാടവത്തോടെ വിലയിരുത്തുന്നു. ഇതിലൂടെ, തന്നിൽത്തന്നെയുള്ള ഒരു ആസ്വാദകനേയും നിരൂപകനേയും തത്വചിന്തകനേയും കൂടി നമുക്കു വെളിവാക്കിത്തരികയാണു ലേഖകൻ.  

ഹെസ്സെയുടെ ജീവിതാനുഭവങ്ങളും അക്കാലത്ത് യൂറോപ്പിലെ നവോത്ഥാന-സാംസ്ക്കാരിക-സാഹിത്യ-കലാരംഗങ്ങളിലുണ്ടായ സംഭവവികാസങ്ങളും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് കാര്യകാരണസഹിതം അദ്ദേഹം ഇഴപിരിച്ചു കാണിച്ചുതരുന്നു. അതോടൊപ്പം, ഹെസ്സെയുടെ ജീവിതദർശനം രൂപപ്പടുത്തുന്നതിൽ ഭാരതീയസംസ്കാരത്തിന്റെ പങ്കും പരാമർശവിഷയമാകുന്നു. ഇതുപോലൊരു ഗ്രന്ഥം രചിക്കാൻ വേണ്ട ചരിത്രപാണ്ഡിത്യവും ശാസ്ത്രവീക്ഷണവും സാഹിത്യബോധവും തനിക്കുണ്ടെന്നും അദ്ദേഹം തെളിയിച്ചിരിക്കുന്നു.

തിരുവല്ലാ സ്വദേശിയായ ഡോ. പി.സി. നായർ കേരളത്തിലും അമേരിക്കയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ധനതത്വശാസ്ത്രത്തിൽ എം.എ. യും. പി.എച്.ഡി. യും നേടിയിട്ടുള്ള ഇദ്ദേഹം അമേരിക്കയിലെ പല കോളജുകളിലും പ്രഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1985-ൽ വാഷിങ്ടനിൽ നടന്ന ലോകമലയാള സമ്മേളനത്തിന്റെ ജനറൽ കൺവീനറായിരുന്നു. ഹെർമൻ ഹെസ്സെയുടെ "സിദ്ധാർഥ" ഇബ്സന്റെ "മാസ്റ്റർ ബിൽഡർ" എന്നീ കൃതികളുടെ വിവർത്തനങ്ങളടക്കം മലയാളത്തിലും ഇംഗ്ലിഷിലുമായി ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹം 2014-ലെ വള്ളത്തോൾ പുരസ്കാരജേതാവുമാണ്.

"ഹെർമൻ ഹെസ്സേക്ക് ഒരു ആമുഖം" ഒരാവർത്തി വായിച്ചുകഴിയുമ്പോൾ, ആ മഹത് വ്യക്തിയെ യഥാവിധി ആദരിക്കാൻ മലയാളത്തിനു കഴിഞ്ഞിട്ടില്ലല്ലോ എന്ന വ്യഥയാവും വായനക്കാർക്ക് അനുഭവപ്പെടുന്നത്, വിശേഷിച്ചും ലോകസാഹിത്യത്തിൽനിന്നുള്ള എല്ലാ ഉത്കൃഷ്ടതകളും സർവാത്മനാ സ്വാംശീകരിക്കാൻ സന്നദ്ധതയുള്ള നമ്മുടെ ഭാഷയ്ക്ക്!  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA