സാലഭഞ്ജികമാര്‍ പറഞ്ഞ വിക്രമാദിത്യകഥകള്‍

vikramadithyan
SHARE
പി. സുമംഗല

കറന്റ് ബുക്സ് തൃശൂര്‍

വില 250 രൂപ രൂപ

നീതിയുടെ കഥ പറയുന്ന വിക്രമാദിത്യ കഥകള്‍ പറഞ്ഞത് സാലഭഞ്ജികമാര്‍. 32 പേരുണ്ടായിരുന്നു അവര്‍. ഭോജരാജാവിനു കിട്ടിയ അത്ഭുത സിംഹാസനത്തില്‍നിന്നുമാണ് സാലഭഞ്ജികമാരും കഥകളുമുണ്ടായത്. അതു കഥയ്ക്കു പിന്നിലെ കഥ. 

ധര്‍മ്മപുരി തലസ്ഥാനമാക്കി ധര്‍മ്മപ്രകാരം നാടു ഭരിക്കുന്നതിനിടെ, ഭോജരാജനും മന്ത്രിയും ഭടന്‍മാരും കൂടി ഒരു നായാട്ടിനുപോയി. തിരികെവന്നത് ചോളവയലുകളിലൂടെ. ശരവണഭട്ടന്‍ എന്ന ബ്രാഹ്മണനായിരുന്നു വയലുകളുടെ ഉടമസ്ഥന്‍. വേട്ടയാടിത്തളര്‍ന്ന രാജാവിനെയും പരിവാരങ്ങളെയും കണ്ട ബ്രാഹ്മണന്‍ അവരെ വയലുകളിലെ ചോളമണികളും വെള്ളരിക്കയും തിന്നാന്‍ ക്ഷണിച്ചു. അപ്പോൾ ബ്രാഹ്മണന്‍ ഏറുമാടത്തില്‍ ഇരിക്കുകയായിരുന്നു. അവിടെനിന്നിറങ്ങി വയലുകളിലേക്ക് ചെന്നപ്പോള്‍ ബ്രാഹ്മണന്റെ സ്വഭാവം ആകെ മാറി. ആരു പറഞ്ഞിട്ടാണ് ചോളമണികളും വെള്ളരിക്കയും തിന്നതെന്ന് ചോദിച്ച് അയാള്‍ രാജാവ് ഉള്‍പ്പെടെയുള്ളവരെ ശകാരിച്ചു. വീണ്ടും ഏറുമാടത്തില്‍ ഇരിപ്പുറപ്പിച്ചപ്പോള്‍ തന്റെ വയലുകളിലിറങ്ങി വേണ്ടതെല്ലാം എടുത്തുകൊള്ളാന്‍ അനുവാദം കൊടുക്കുകയും ചെയ്തു. 

ഏറുമാടത്തിന്റെ ചുവട്ടില്‍ എന്തോ അത്ഭുതരഹസ്യമുള്ളതുകൊണ്ടാണ് ബ്രാഹ്മണന്റെ ഭാവം നിരന്തരമായി മാറുന്നതെന്ന് അഭിപ്രായപ്പെട്ട മന്ത്രി രാജാവിനെക്കൊണ്ട് ആ ചോളവയലുകള്‍ വാങ്ങിപ്പിച്ചു. ശേഷം വയലുകള്‍ കിളപ്പിച്ചു. കിളച്ചുചെന്നപ്പോള്‍ ഒരു സ്വര്‍ണസിംഹാസനം ലഭിച്ചു. കാലപ്പഴക്കം മൂലം തിളക്കം കുറവായിരുന്നെങ്കിലും ധാരാളം കൊത്തുപണികളുള്ള മനോഹരമായ സിംഹാസനം. അതിന്റെ 32 പടികളില്‍ ജീവനുണ്ടെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന സ്ത്രീരൂപത്തിലുള്ള 32 മരപ്പാവകളും നിന്നിരുന്നു. 

ഭോജരാജന്‍ സിംഹാസനം കൊട്ടാരത്തിലെത്തിച്ച് ആസ്ഥാനമണ്ഡപത്തില്‍ വച്ചു. ശേഷം സിംഹാസനത്തിലേക്കു കയറാന്‍ തുടങ്ങിയപ്പോള്‍ പടികളില്‍ നില്‍ക്കുന്ന മരപ്പാവകള്‍ പരിഹാസത്തോടെ ചിരിച്ചു. അത്ഭുതപ്പെട്ട രാജാവിനോട് ആദ്യത്തെ പടിമേല്‍നിന്ന പാവ ഉപദേശിച്ചു: 

അങ്ങ് വലിയ ചക്രവര്‍ത്തി തന്നെ. എന്നാല്‍ സാധാരണ മനുഷ്യര്‍ക്ക് കയറാന്‍ പാടില്ലാത്ത ഈ ദിവ്യസിംഹാസനത്തിന്‍മേല്‍ അങ്ങ് കയറിയാല്‍ തല പൊട്ടിത്തെറിക്കും. ഞങ്ങള്‍ മരപ്പാവകളല്ല, അപ്സരസ്സുകളാണ്. 

മുമ്പ് ഈ സിംഹാസനത്തില്‍ ഇരുന്നതാരാണെന്ന് രാജാവ് അപ്സരസ്സുകളോട് ചോദിച്ചു. അദ്ദേഹത്തിന് എന്തെല്ലാം യോഗ്യതകളുണ്ടായിരുന്നെന്നും. 

പാവ മറുപടി പറഞ്ഞു: പ്രതാപിയും ധര്‍മ്മിഷ്ഠനും നീതിനിപുണനും അപരാജിതനും കീര്‍ത്തിശാലിയുമായ വിക്രമാദിത്യചക്രവര്‍ത്തിയുടേതാണ് സിംഹാസനം. അദ്ദേഹത്തെപ്പോലെ ഭൂമിയില്‍ ആരുമുണ്ടായിട്ടില്ല. രണ്ടായിരം കൊല്ലം അദ്ദേഹം നാടുവാണു. അങ്ങേയക്ക് അദ്ദേഹത്തിന്റെ ആയിരത്തിലൊരംശം യോഗ്യതയുണ്ടോ ? 

ഭോജരാജന്‍ തലയാട്ടി. വിക്രമാദിത്യനെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. എനിക്ക് അത്രയ്ക്കൊന്നും യോഗ്യതയില്ല. അദ്ദേഹത്തിന്റെ അത്ഭുതകഥകള്‍ കേള്‍ക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. നിങ്ങള്‍ പറഞ്ഞുതരൂ...

ഒന്നാമത്തെ സാലഭഞ്ജിക ആദ്യത്തെ കഥ തുടങ്ങി. തുടര്‍ന്ന് 32 പേരും.... ആ കഥകളാണ് വിക്രമാദിത്യ കഥകള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ കഥ പറയുന്നത് സുമംഗല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA