sections
MORE

തുന്നൽക്കാരന്റെ പുത്രനായി പിറന്ന ചിത്രകാരന്റെ കഥ

SHARE

പാശ്ചാത്യ രാജ്യങ്ങളിൽ നവോത്ഥാനത്തിന്റെ കാറ്റ് ശക്തമായി വീശിയടിച്ച പതിനാലു മുതൽ പതിനാറുവരെയുള്ള നൂറ്റാണ്ടുകൾ എഴുത്തിലും ചിന്തയിലും ചിത്രകലയിലും നവീനാശയങ്ങൾ പിറവിയെടുത്ത നാളുകളായിരുന്നു. യുക്തിയും, സ്വാതന്ത്ര്യബോധവും സ്വതന്ത്രചിന്തയും ചിറകു വിരിച്ച് പറന്നുയർന്ന ഈ കാലഘട്ടം ചിത്രകലയുടെ സുവർണ ദിനങ്ങളും മനുഷ്യന്റെ സമസ്തഭാവങ്ങളും പ്രകൃതിയുടെ ലാവണ്യവും ക്യാൻവാസിലും ചുവരിലും കോറിയിടുവാൻ കലാകാരന്മാർ തമ്മിൽ മത്സരിച്ചു. പാശ്ചാത്യ ലോകത്ത് പ്രത്യേകിച്ച് ഇറ്റലിയിലെ ഫ്ലോറൻസ് മിലാൻ തുടങ്ങിയ നഗരങ്ങൾ കലാകാരന്മാർക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകി. രാജാക്കന്മാരും പള്ളികളും സമ്പന്നരായ മെഡിച്ചി പ്രഭുക്കളും ചിത്രകലയെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ മുന്നിട്ടിറങ്ങി. കൊട്ടാരത്തിലും പള്ളികൾക്കുള്ളിലും സമ്പന്ന ഭവനങ്ങളിലും ചിത്രകാരന്മാരുടെ മാന്ത്രിക വിരൽ സ്പർശത്താൽ അദ്ഭുതങ്ങൾ വിരിഞ്ഞു. നവോത്ഥാന ചിത്രകലയുടെ രാജശിൽപികളായ ലിയനാർഡോ ഡാവിഞ്ചി, മൈക്കലാഞ്ചലോ, റാഷേൽ തുടങ്ങിയവരുടെ വിശ്വോത്തര കലാസൃഷ്ടികൾ പിറന്ന ഈ നാളുകളിൽ അവരുടെ സമകാലീനനായ മറ്റൊരു പ്രതിഭാശാലി ഫ്ലോറൻസിൽ ജീവിച്ചിരുന്നു. ആൻഡ്രിയ ഡെല്‍ സാർട്ട. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഉയർച്ച താഴ്ചകളുടെ കഥ പറയുന്ന നോവലാണ് നർഗീസിന്റെ ‘ചായം നദിയോ കടലോ ആകുമ്പോൾ’.

ഒരു സാധാരണ തുന്നൽക്കാരന്റെ പുത്രനായി പിറന്ന ആൻഡ്രിയയെ ഒരു തയ്യൽക്കാരനോ സ്വർണപ്പണിക്കാരനോ ആയി കാണാനാണ് പിതാവ് ആഗ്രഹിച്ചത്. എന്നാൽ ബ്രഷും ചായവും എടുക്കാനായിരുന്നു ആൻഡ്രിയയുടെ നിയോഗം. പത്താം വയസ്സിൽ മരപ്പണിയിലും സ്വർണപ്പണിയിലും വിദ്യ അഭ്യസിക്കുന്നതിന് ആൻഡ്രിയയെ ജിയാൽ ബാരലിനെ ഏൽപ്പിച്ച പിതാവ് ഒരു നാൾ മകനെ തേടി എത്തിയപ്പോൾ കണ്ട കാഴ്ച നോവലിസ്റ്റ് വിവരിക്കുന്നു. 

‘‘മുറിയിലെ ഭീതിദമായ ദൃശ്യം കണ്ട് ഇരുവരും പകച്ചു നിന്നു. മുറിയിലാകമാനം നൃത്തം വെയ്ക്കുന്ന തീനാളങ്ങൾ. ചുമരിലും മേൽക്കൂരയിലും അഗ്നിയുടെ താണ്ഡവം. നടുവിൽ ഭയന്ന മുഖത്തോടെ ആൻഡ്രിയ എയ്ജെലൊയുടെ അപായബോധമുണർന്നു. തീക്കൂമ്പാരത്തിൽ നിന്ന് മകനെ വാരിയെടുക്കാൻ അയാൾ അകത്തേക്ക് കുതിച്ചു. മുറിയിലെത്തിയപ്പോഴാണ് എയ്ജെലൊ കൂടുതൽ ചകിതനായത്. അഗ്നിനാളങ്ങൾ നിശ്ചലമായിരുന്നു. ഏപ്രിൽ മാസത്തിലെ തണുപ്പും കാറ്റും മറ്റെവിടെയും എന്നപോലെ ആ മുറിയിലും വന്നു പോയിരുന്നു. കൊട്ടുവടി എടുക്കേണ്ടവനല്ല ആൻഡ്രിയ എന്ന തിരിച്ചറിവ് ബാരലിനുണ്ടായി. ഭാവുകങ്ങൾ വരും കാലത്ത് നമ്മുടെ ഫിറൻസ് നഗരം അറിയപ്പെടാൻ പോകുന്നത് നിങ്ങളുടെ മകന്റെ പേരിലാകും. 

പിന്നീട് വിചിത്രവും അസാധാരണവുമായ ജീവിതം നയിച്ച അരക്കിറുക്കനായ ആർട്ടിസ്റ്റ് പിയറോയുടെ ശിഷ്യത്വം സ്വീകരിച്ച് ചിത്രകല പഠിക്കാൻ ആൻഡ്രോ പുറപ്പെട്ടു. ആൻഡ്രിയ ചിത്രകലയിൽ അനുദിനം വളർന്നുകൊണ്ടിരുന്നു. പള്ളികളിൽ നിന്ന് കരാർ ജോലികൾ ലഭിച്ചു തുടങ്ങി. പണവും പ്രശസ്തിയും വർദ്ധിച്ചു. ആരെയും വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ അദ്ദേഹം രചിച്ചു. 

ചായം വിൽക്കുന്ന ‘അപ്പോത്തിക്കരിയുടെ പീടിക’ അയാൾ പതിവായി സന്ദർശിച്ചിരുന്നു. അവിടെ വച്ച് ഒരിക്കൽ 'സാഗര നീല മിഴികളുള്ള’ ഒരു തരുണിയെ കണ്ടുമുട്ടി. മറന്നു പോയ തൊപ്പി എടുക്കാൻ എത്തിയതാണവൾ. തിടുക്കത്തിൽ  തൊപ്പി എടുത്തപ്പോൾ കൈതട്ടി ചായ ഭരണി മറിഞ്ഞുടഞ്ഞു. അതിലെ ചെഞ്ചായം മുറിയാകെ ഒഴുകി. 

ലുക്രേഷ്യ എന്ന ആ അപ്സര സുന്ദരി തൊപ്പിയോടൊപ്പം ആൻഡ്രിയയുടെ ഹൃദയവും കൂടി ആണ് കൊണ്ടു പോയത്. അവർ തമ്മിൽ തീവ്രാനുരാഗം വളർന്ന് ഒടുവിൽ വിവാഹത്തിൽ ചെന്ന് അവസാനിച്ചു. ആൻഡ്രിയ എന്ന പ്രതിഭയുടെ പതനം ആരംഭിക്കുകയും ചെയ്തു. പണം മാത്രമായിരുന്നു അവർക്ക് വേണ്ടിയിരുന്നത്. ആഢംബര ജീവിതം നയിച്ച ലുക്രേഷ്യക്ക് ആൻഡ്രിയയുടെ കലാപ്രതിഭ മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഫ്രാൻസിലെ രാജാവുമായുള്ള കരാർ പോലും മറന്ന് ലുക്രേഷ്യയുടെ വിരൽതുമ്പിൽ ചലിക്കുന്ന വെറുമൊരു പാവയായി ആൻഡ്രിയ മാറി. ‘അപ്പോത്തിക്കരിയുടെ പീടികയിൽ’ ചായഭരണിമറിഞ്ഞ് ചായം നിലത്തോട്ടൊഴുകി എന്ന നോവലിലെ വാചകം ആൻഡ്രിയ എന്ന ചിത്രകാരന്റെ തകർച്ചയുടെ ചിത്രം സൂചിപ്പിക്കാൻ നോവലിൽ വരച്ചു ചേർത്തതാണ്. 

നവോത്ഥാന കാലഘട്ടത്തിലെ ചിത്രകലയുടെ ചരിത്രമാണ് ഈ നോവലിൽ ആലേഖനം ചെയ്തിരിക്കുന്നത്. കഥാപാത്രങ്ങൾക്കൊപ്പം പ്രകൃതിയും അണിഞ്ഞൊരുങ്ങി ഈ നോവലിലുണ്ട്. കലാകാരന്മാരുടെ ജീവിതത്തിലെ വൈചിത്ര്യങ്ങളും ൈവശിഷ്ട്യങ്ങളും നോവലിലാകെ നിറഞ്ഞിരിക്കുന്നു. കലയെ ആവോളം പുണർന്ന ഒരു ജനതയുടെ സാംസ്കാരിക പശ്ചാത്തലവും ഇവിടെ ഇതൾ വിരിയുന്നു. 

ഒരു കലാകാരൻ തന്റെ ദർശനങ്ങളിൽ നിന്നു പിൻതിരിയുമ്പോൾ എന്തു സംഭവിക്കുന്നുവെന്ന് ആൻഡ്രിയയുടെ ജീവിതം പറയുന്നു. എല്ലാം തകർന്നു പ്ലേഗ് ബാധിതനായി ലുക്രേഷ്യയാൽ ഉപേക്ഷിക്കപ്പെട്ടവനായി മരണത്തിലേക്ക് നടന്നു നീങ്ങുന്ന ആൻഡ്രിയായുടെ ജീവിത കഥ ആരെയും നൊമ്പരപ്പെടുത്തും. ഹൃദ്യമായ വായനാനുഭവം പകരുന്ന നോവൽ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA