Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഷിതയെ ‘വായിക്കരുത്’; വായിച്ചാൽ...

അവസാനിക്കരുത് എന്നു വ്യർഥമായി ആഗ്രഹിക്കുമ്പോഴേക്കും അവസാനിക്കുന്നവയാണ് അഷിതയുടെ മിക്ക കഥകളും. രണ്ടോ മൂന്നോ പേജുകളിലെ ഇതിഹാസങ്ങള്‍. പാഞ്ഞുപോകുന്ന ട്രെയിനിലോ ബസിലോ ഇരിക്കുമ്പോൾ അപ്രതീക്ഷിതമായി വഴിയോരത്ത് പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന കാണാനാഗ്രഹിച്ച മുഖം പോലെ. കണ്ടു കൊതി തീരാതെ, കണ്ണെടുക്കാൻ കഴിയുന്നതുനുമുമ്പ് നിഷേധിക്കപ്പെടുന്ന കാഴ്ച പോലെ. കാഴ്ചയുടെ മോഹവലയിൽനിന്നു പുറത്തുവരാനാകാതെ വിങ്ങുമ്പോഴേക്കും നഷ്ടപ്പെടുന്ന കാഴ്ച. വായിച്ചു മനസ്സിലുടക്കിയ ആഷിതക്കഥകൾ വീണ്ടും വായിച്ചാലോ. പൂർണമായും പിടിതരാതെ, വഴുക്കുന്ന മൽസ്യങ്ങളെപ്പോലെ അവ കുതറിത്തെറിച്ചു രക്ഷപ്പെടും. 

അപൂർണതയുടെ, പറഞ്ഞുതീരാത്ത വിങ്ങലിന്റെ, പറയാൻ ആഗ്രഹിച്ചതു പറയാനാകാത്തതിന്റെ വിങ്ങലും വിറയലും. പ്രണയത്തിന്റെ ഒരു ഘട്ടത്തിൽ പ്രണയിക്കുന്ന വ്യക്തിയെന്നതിനപ്പുറം പ്രണയം തന്നെയായിപ്പോകുന്ന തൻമയീഭാവം. പ്രണയത്തിലകപ്പെടുകയല്ലെന്നും പ്രണയം ഏറ്റെടുത്തിരിക്കുകയാണെന്നും അറിയുന്നതുപോലുള്ള അപൂർവാനന്ദത്തിന്റെ ലഹരി. അഷിതയുടെ എല്ലാക്കഥകളും ഈ നിർവചനങ്ങൾക്കു യോജിക്കുമെന്നോ അവയെല്ലാം മികച്ചതാണെന്നോ പറയാനാവില്ലെങ്കിലും മോശപ്പെട്ട കഥകളിൽപ്പോലും ഒരു കഥാപാത്രമോ സന്ദർഭമോ അഗാധമായ ഉൾക്കാഴ്ചയോടെ എഴുതിയ ഒരു വാചകമോ വായനക്കാരനെ കീഴ്പ്പെടുത്തും. 

കഥ പൂർണമായി നിരാശപ്പെടുത്തിയെന്നിരിക്കട്ടെ, കഥയുടെ പേരെങ്കിലും ആദ്യവായനയിൽത്തന്നെ അനുരാഗത്തിന്റെ കയത്തിലേക്ക് വലിച്ചെറി‍യും (ശിവേന സഹനര്‍ത്തനം, ഒരു സ്ത്രീയും പറയാത്തത്, അലമേലു പറയട്ടെ, അപൂര്‍ണവിരാമങ്ങള്‍, മുഴുമിക്കാത്ത തിരുരൂപങ്ങള്‍, വിവാഹം ഒരു സ്ത്രീയോടു ചെയ്യുന്നത്, അര്‍ധനാരീശ്വരം). ഏറെയെഴുതി കുറച്ചു ബോധ്യപ്പെടുത്തി പിൻവാങ്ങുകയല്ല, കുറച്ചുമാത്രം പറഞ്ഞ് കൂടുതൽ അനുഭവിപ്പിച്ച്, തീവ്രപ്രണയത്തിലേക്കു വലിച്ചടിപ്പിച്ചിട്ട് പെട്ടെന്ന് എവിടേയ്ക്കോ എങ്ങനെയോ അപ്രത്യക്ഷമാകുകയാണ് ഈ കഥാകാരി. അപൂർവം ചില കഥകളിൽ മാത്രം പക്ഷം ചേരലുകളും സാമൂഹിക പ്രതിബദ്ധതയും ഒളി മിന്നുമെങ്കിലും വ്യക്തികളുടെ മനസ്സുകളുടെ ആഴത്തിൽ വലയെറിയുന്ന കഥകളിൽ യഥാർഥ അഷിതയെക്കാണാം. ഒരുപക്ഷേ മലയാളത്തിലെ ഒരേയൊരു മനഃശാസ്ത്രജ്‍ഞയായ കഥാകാരി എന്നും അഷിതയെ വിശേഷിപ്പിക്കാം. ഒന്നോ രണ്ടോ കഥാപാത്രങ്ങളെ അണിനിരത്തി അവരുടെ ഏതാനും ചിന്തകളിലൂടെ വജ്രസൂചി പോലെ  കടന്നുപോകുന്ന കഥകൾ. എന്നാൽ ഒരൊറ്റ സംഭവംകൊണ്ടുതന്നെ ഒരു വ്യക്തിയുടെ വ്യക്തിത്വം വെളിവാക്കുകയും ചെയ്യുന്നുണ്ട് പല അഷിതക്കഥകളും. മിക്കപ്പോഴും ഒരു കൂടിക്കാഴ്ചയോ ഒരു തവണത്തെ സംഭാഷണം മാത്രമോ ആയിരിക്കും പ്രമേയം. വളരെക്കുറച്ചു വാക്കുകളിൽ അന്യാദൃശമായ സൂക്ഷ്മതയോടെ, അവധാനതയോടെ, വിദഗ്ധനായ ഒരു ഡോക്ടറെപ്പോലെ അഷിത മനസ്സിലെ ചുഴികളും മലരികളും സൂക്ഷ്മദർശിനിയിലൂടെ വെളിപ്പെടുത്തുന്നു. യഥാർഥ രോഗം കണ്ടുപിടിച്ച ഡോക്ടറെയെന്നപോലെ രോഗികളായ വായനക്കാർ നമിച്ചുനിൽക്കുന്നു അക്ഷരങ്ങളുടെ ഈ ഡോക്ടർക്കു മുന്നിൽ. അപൂർണവിരാമങ്ങളിലൂടെ പൂർണതയ്ക്കപ്പുറമെത്തുന്ന വിഷാദപൂർണിമയുടെ പൂർണചന്ദ്രൻ– വായിച്ചു മാത്രം അനുഭവിക്കാവുന്ന, വ്യാഖ്യാനിക്കാനാവാത്ത അസ്വസ്ഥതയുടെയും ആനന്ദത്തിന്റെയും മറുപേര്– അഷിത... അഷിതയുടെ കഥകൾ... 

ഭയം. ഭയമാണ് അഷിതയുടെ മിക്ക കഥാപാത്രങ്ങളുടെയും അടിസ്ഥാന മാനസിക ഭാവം. ഇതുപക്ഷേ, ഒരിക്കലും ബാഹ്യമായി പ്രകടിപ്പിക്കപ്പെടുന്ന ഭാവമല്ല. പ്രകൃതി പ്രതിഭാസങ്ങളോ ദുരന്തങ്ങളോ രോഗങ്ങളോ ദുരിതങ്ങളോ അല്ല പേടിപ്പിക്കുന്നത്; സ്വന്തം മനസ്സു തന്നെ. വെളിപ്പെടുത്താതെ ഉള്ളിൽ അടക്കിവച്ചിരിക്കുന്ന വികാരങ്ങൾ തന്നെത്തന്നെ ചതിക്കുമോ എന്ന ആശങ്ക. തുറന്നു സംസാരിക്കാൻ ഭയം. മുഖത്തേക്ക് സ്പഷടമായി നോക്കാൻ പോലുമാകാത്തവർ. കൂടുതൽ കാണാൻ ആഗ്രഹമുണ്ടെങ്കിലും വെളിച്ചം വരരുതേയെന്നും ഇരുട്ടിൽതന്നെ തുടരാമെന്നും തീരുമാനിച്ച് വിളക്കു കൊളുത്താതെ ഇരുട്ടിലിരുന്ന് സംസാരിക്കുന്നവർ. സ്വയം നഷ്ടപ്പെടുമോ എന്നു പേടിച്ച് കൂടിക്കാഴ്ച പെട്ടെന്ന് അവസാനിപ്പിച്ച് ഏകാന്തതയിലേക്കു പിൻവലിയുന്നവർ. അവർക്കറിയാം ഒരു നിമിഷം അല്ലെങ്കിൽ ഒരു നോട്ടം അല്ലെങ്കിൽ ഒരു സ്പർശം മതി താൻ എന്താണെന്നും ആരാണെന്നും വെളിവാക്കപ്പെടാൻ. അങ്ങനെ സംഭവിച്ചാൽ പൊടിഞ്ഞുതകരുന്നത് എന്താണെന്നും കൈവിട്ടുപോകുന്നത് എന്താണെന്നും. പ്രതിരോധത്തിന്റെ പരുക്കൻ നെടുനീളൻ കോട്ട കെട്ടി അവർ സ്വന്തം രാജ്യത്തെ ഏകാധിപതികളായി വാക്കുകളെ ഇഷ്ടമുള്ളയിടങ്ങളിലേക്കു മാത്രം മേയാൻ വിട്ട് പരിമിതികളിൽ ആശ്വാസവും അഭയവും കണ്ടെത്തുന്നു. ഒപ്പം സ്വന്തം ആന്തരികലോകത്ത് ആർക്കും പിടിച്ചാൽകിട്ടാത്ത ചക്രവർത്തിമാരായി രാജസൂയങ്ങൾ നടത്തുന്നു. 

അഷിതയുടെ കഥകൾ ഇനിയും വായിച്ചിട്ടില്ലാത്തവരോട് എന്താണു പറയാനുള്ളതെന്ന ചോദ്യത്തിന് അവർ പറഞ്ഞ മറുപടിയിൽ വലിയ സത്യമുണ്ട്. വായിക്കരുത്. ദയവു ചെയ്ത് വായിക്കരുത്. കാരണം അഷിതയുടെ കഥകളിലൂടെ കടന്നുപോകുന്നവർ കഥാപാത്രങ്ങളെ അനുധാവനം ചെയ്യുകയല്ല മറിച്ച് ആ കഥകളുടെ കണ്ണാടിയിലൂടെ സ്വന്തം മനസ്സിലേക്ക് നോക്കുകയാണ്. അസ്വസ്ഥജനകമാണ് ആ നോട്ടം. അങ്ങേയറ്റം വേദനയുളവാക്കുന്നതും. ആരോടും പറയാതെ, സ്വന്തം മനസാക്ഷിക്കുമുന്നിൽപ്പോലും സമ്മതിക്കാതെ ഒളിപ്പിച്ചുവച്ച വികാരവിചാരങ്ങളെ പെട്ടെന്നൊരു നിമിഷം തട്ടിക്കുടഞ്ഞ് പുറത്തിടുന്നതുപോലെയാണ് കഥാപാത്രങ്ങൾ സംസാരിക്കുക. വാക്കുകകൾ മുനകൂർത്ത അമ്പുകളാകുന്നു. വേദനയുടെ വിഷം പുരട്ടിയ അമ്പുകൾ. കുത്തി മുറിവേൽപിക്കുന്നതിനൊപ്പം മനസ്സുതന്നെ അലകൾ ഇളകിയ കടലിനു സമാനമാക്കി മാറ്റുന്നു. എന്നിലെ എന്നെ നേർക്കുനേർ കാണുന്ന അപൂർവസാഹചര്യം. ശരീരം തേടിയ ആത്മാവായിരുന്നു അന്തരിച്ച എഴുത്തുകാരി മാധവിക്കുട്ടിയെന്ന് അഷിത പറഞ്ഞിട്ടുണ്ട്. താൻ ആത്മാവു തേടുന്ന ശരീരമെന്നും. സത്യത്തെ സൗന്ദര്യമായിക്കാണുന്നു അഷിത.  

ആത്മഹത്യയ്ക്കു ശ്രമിച്ചു പരാജയപ്പെട്ട സുഹൃത്തിനെ കാണാൻപോകുന്ന ഒരു യുവതിയുടെ കാഴ്ചപ്പാടിലൂടെ പറയുന്ന ഒരു കഥയാണ് ആത്മഗതങ്ങള്‍. എന്തു പറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്നൊക്കെയാണ് ആദ്യത്തെ ആശങ്കകൾ. പതിവു ചോദ്യങ്ങള്‍  മരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട പെൺകുട്ടി അവഗണിക്കുന്നതോടെ അസ്വസ്ഥയാവുകയാണ് ആശുപത്രിയിൽ കാണാൻചെന്നയാൾ. വാക്കുകൾക്ക് അർഥം നഷ്ടപ്പെട്ടപ്പോൾ കയ്യിൽപിടിക്കുന്നു. അപ്പോഴേക്കും ഒരു രുപാന്തരത്തിനു വിധേയയാകുകയാണ് സന്ദർശക. യഥാർഥത്തിൽ ആത്മഹത്യയ്ക്കു ശ്രമിക്കേണ്ടിയിരുന്നത് താനല്ലേ എന്ന ചിന്ത. തനിക്കുവേണ്ടി മറ്റൊരാൾ കുരിശു വഹിച്ച് മുറിവേറ്റു വീണ അവസ്ഥ. ഇനി ഒരു നിമിഷം കൂടി ആശുപത്രിയിൽത്തന്നെ നിന്നാൽ നിയന്ത്രണം കൈവിടുകയും താൻ രോഗക്കിടക്കയെ ശരണം പ്രാപിക്കേണ്ടിവരുമെന്ന് ഉറപ്പാകുകയും ചെയ്യുന്ന ഘട്ടത്തിൽ ഒന്നും പറയാതെ ആശുപത്രി മുറിയിൽനിന്ന് ഇറങ്ങി ഓടുകയാണ് സന്ദർശക. അഷിതയുടെ കഥകൾ വായിക്കുമ്പോൾ, സ്വന്തം മനസ്സ് അനാവരണം ചെയ്യപ്പെടുന്നതു കാണുമ്പോൾ പ്രാണഭയത്താൽ മനസ്സുകൊണ്ട് ഓടിത്തളരാന്‍ കൊതിക്കുന്നവര്‍ ഏറെ. 

അഷിതയുടെ ആഘോഷിക്കപ്പെട്ട കഥകളിലൊന്നല്ല ഉമ. (ഉമയും അനുരാധയുമൊക്കെ ആവർത്തിച്ചുകടന്നുവരുന്നുണ്ട് അഷിതക്കഥകളിൽ). പക്ഷേ, കഥനചാതുരിയുടെ മകുടോദാഹരണമായി ഈ കഥയെ വായിക്കാം. കോളജിൽവച്ച് ഒരു പ്രണയത്തിൽ അകപ്പെടുകയും അതു പരാജയപ്പെട്ട് മറ്റൊരു വിവാഹം കഴിക്കേണ്ടിവരികയും ചെയ്ത യുവതിയാണ് കഥയിലെ പ്രധാന കഥാപാത്രം. ഭർത്താവിന്റെ സഹോദരിക്ക് യുവതിയുടെ ആദ്യപ്രണയത്തെക്കുറിച്ച് അറിയാം. അവർ വിവാഹത്തെ എതിർത്തതുമാണ്. അവർ എപ്പോഴൊക്കെ മുന്നിൽവന്നിരിക്കുമ്പോഴും പ്രതിക്കൂട്ടിൽ നിൽക്കുന്ന തടവുകാരന്റെ അതേ അവസ്ഥയിലാണ് യുവതി. നിശ്ശബ്ദമായ ചോദ്യംചെയ്യൽ സഹിക്കാനാവാതെ, താൻ ചെയ്ത കുറ്റം എന്താണെന്ന് ഉറക്കെച്ചോദിക്കാനുള്ള ധൈര്യം യുവതി ആർജിക്കുമ്പോഴേക്കും ഭർതൃസഹോദരി ഒരൊറ്റ വാചകത്തിൽ കഥയ്ക്കു വിരാമമിടുന്നു. ‘സാരമില്ല കുട്ടീ, ഒരു സമയത്തുതന്നെ രണ്ടുപേരെ ഒരുപോലെ സ്നേഹിക്കാന്‍ പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ; എനിക്കതിനു കഴിഞ്ഞിട്ടില്ലെങ്കിലും..’. 

മറക്കാനാവുമോ വിവാഹിതയായ ഒരു യുവതിയുടെ അമ്മയോടുള്ള വാക്കുകൾ: 

എന്താണമ്മേ സ്നേഹവും കാമവും തമ്മിലുള്ള വ്യത്യാസം? അറിയണോ അമ്മയ്ക്ക്? 

കാമത്തിന് തൃപ്തമാകാൻ ഒരു പ്രവൃത്തി വേണം. കാമം കനകത്തിനോടായാലും കാമിനിയോടായാലും. പക്ഷേ, സ്നേഹം... അവളുടെ വാക്കുകൾ തേജോമയമായ ഒരു കാന്തിയിൽ തിളങ്ങി. സ്നേഹം അങ്കുരിക്കുമ്പോഴേ തൃപ്തമാണ്. അതിനൊന്നും തന്നെ ആവശ്യമില്ല. സ്നേഹിക്കപ്പെടണമെന്നുപോലുമില്ല. ഒരു നക്ഷത്രം മതി അതിനു രാവു കഴിച്ചുകൂട്ടാൻ. കണ്ണടച്ചുള്ള ഒരു ചിരിയുടെ ഓർമ മതി, അതിന് ഒരു ജൻമം കഴിച്ചുകൂട്ടാൻ. 

അവളുടെ വാക്കുകളിൽ ശതാബ്ദങ്ങളിലൂടെ നടന്നുപോയ നിരവധി മുഖമില്ലാ സ്ത്രീകളുടെ ഊമബധിര വിലാപത്തിന്റെ ദുഖഃഛായ കലർന്ന് ഒരു തേജസ്സു നിറയുന്നതായി എനിക്കു തോന്നി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.