sections
MORE

മരണത്തിനും തോൽപ്പിക്കാനാവാത്ത പ്രണയം; ജിജി ജോഗിയ്ക്കെഴുതിയ കത്തുകൾ

HIGHLIGHTS
  • വായനക്കാരന്റെ കണ്ണു നനയ്ക്കുന്ന പുസ്തകം
  • മരിച്ചു പോയ ഒരാളെക്കുറിച്ചുള്ള ഓർമയെഴുത്തല്ല ഇത്. കൂടെയുള്ള ഒരാളോടുള്ള പറച്ചിലുകളാണ്
ninakulla-kathukal-p

SHARE
ജിജി ജോഗി

മാതൃഭൂമി ബുക്സ്

വില 100 രൂപ രൂപ

'പാതിയുറക്കത്തിൽ നിന്നെ തിരഞ്ഞെണീക്കുമ്പോൾ, ഒരു കുഞ്ഞിനെയെന്നവണ്ണം ഇടതുകൈകൊണ്ട് എന്നെ തട്ടിയുറക്കുമായിരുന്നു നീ... ചിലപ്പോഴൊക്കെ എന്റെയാ ഉണർച്ചകളിൽ, പുസ്തകമടച്ച്, മെഴുകുതിരിയണച്ച് എന്നിലേക്കു ചേരുമായിരുന്നു നീ.'

അകാലത്തിൽ തന്നെ വിട്ടുപിരിഞ്ഞ ഭർത്താവിന്റെ ഓർമയിൽ ജിജി എഴുതിയ ഓരോ വരിയും വായിക്കുമ്പോൾ വായനക്കാരന്റെ കണ്ണിൽ കണ്ണീർ പൊടിയും, അക്ഷരങ്ങൾ കാണാതാവും. കണ്ണുതുടച്ച് വീണ്ടും വായിച്ചു തുടങ്ങും മരണത്തിനുപോലും തോൽപ്പിക്കാനാവാത്ത ജിജിയുടെയും ജോഗിയുടെയും പ്രണയ കഥ. തന്നെ തനിച്ചാക്കി മരണത്തിലേക്ക് നടന്നു പോയ ഭർത്താവിനായി, ഭാര്യ ഹൃദയംകൊണ്ടെഴുതിയ കത്തുകളാണ് 'നിനക്കുള്ള കത്തുകൾ' എന്ന പുസ്തകം. 

പുസ്തകത്തെ കുറിച്ച് ജിജി തന്നെ എഴുതുന്നു– 'ജോഗിയെന്ന പ്രണേതാവ്, അകാലത്തിൽ മരണപ്പെട്ടുപോയ അഭിനേതാവായി മാത്രം ചുരുങ്ങേണ്ടവനല്ല എന്നെനിക്ക് നല്ലബോധ്യമുണ്ടായിരുന്നു. ഈ കത്തുകളിലൂടെ എന്റെ പപ്പുവിന്റെ പ്രണയം അടയാളപ്പെടുത്താനാകും എന്നു തന്നെയാണ് എന്റെ വിശ്വാസം' 

മരിച്ചു പോയ ഒരാളെക്കുറിച്ചുള്ള ഓർമയെഴുത്തല്ല ഇത്. മരണത്തിനും പറിച്ചെറിയാനാവാത്തവിധം ജീവിതത്തോട് ഒട്ടിച്ചേർന്ന ഒരാളോടുള്ള പറച്ചിലുകളാണ്.

റഫീക്ക് അഹമ്മദ്

റഫീക്ക് അഹമ്മദ് പുസ്തകത്തിന്റെ അവതാരികയിൽ എഴുതുന്നു–

"മരിച്ചു പോയ ഒരാളെക്കുറിച്ചുള്ള ഓർമയെഴുത്തല്ല ഇത്. മരണത്തിനും പറിച്ചെറിയാനാവാത്തവിധം ജീവിതത്തോട് ഒട്ടിച്ചേർന്ന ഒരാളോടുള്ള പറച്ചിലുകളാണ്. കത്തുകളുടെ രൂപത്തിൽ അക്ഷരങ്ങളിലൂടെയാണ് ജിജി അത് ചെയ്തുവെച്ചിരിക്കുന്നതെങ്കിലും വായിക്കുമ്പോൾ നമ്മുടെ കണ്ണുകൾക്കു മുന്നിൽ അക്ഷരങ്ങൾ അപ്രത്യക്ഷമാകുന്നു. അവിടെ അമ്മുവും പപ്പുവും മഴ നനഞ്ഞു നടക്കുന്നു. ആര്യങ്കാവ് ക്ഷേത്രത്തിലെ ഉത്സവപ്പറമ്പിലും സംഗീതമേളയിലും നമ്മൾ അവരോടൊപ്പമുണ്ട്. ചിലപ്പോൾ ചൂരൽകൊണ്ടുള്ള ഊഞ്ഞാലിലിരുന്ന് പ്രേമസല്ലാപത്തിൽ ഏർപ്പെടുന്ന അവരോടൊപ്പമായിരിക്കും നമ്മൾ. അല്ലെങ്കിൽ അവർ തമ്മിൽ കലഹിക്കുന്നിടത്ത്. രാത്രി വളരെ വൈകി എത്തുന്ന അവനെ അവൾ ഊട്ടുന്നത് നമ്മൾ നോക്കിനിൽക്കും. ഒരു കുഞ്ഞിനെയെന്നവണ്ണം മാറിലെ ചൂടുപകർന്ന് അവനെ അവൾ ഉറക്കുന്നതും പിന്നീട് ഉറക്കത്തിൽ അവൾ അവളുടെ കാലുകൾ അവന്റെ ശരീരത്തിൽ കയറ്റിവയ്ക്കുന്നതും നമ്മൾ കാണുന്നുണ്ട്."

'ഒരു പുസ്തകത്തെ തൊടുമ്പോൾ പ്രണയത്തെയാണ് തൊടുന്നതെന്ന് ചിന്തിച്ച പുസ്തകമാണ് ജിജി ജോഗിയുടെ നിനക്കുള്ള കത്തുകൾ.' എന്നാണ് മ്യൂസ് മേരി ജോർജ്.

പ്രണയം സമ്മാനിച്ച ഉള്ളു തൊടുന്ന ഓർമകളൊക്കെയും വായനക്കാരുമായി പങ്കുവെയ്ക്കുന്നുണ്ട് ജിജി ജോഗി. ഭാവനയേക്കാൾ തീക്ഷണമാകുന്നു ജീവതത്തിൽ നിന്ന് അടർത്തിയെടുത്ത ഓർമകള്‍ പറയുമ്പോൾ പ്രണയം. 

'എന്റെ നിനക്ക്...

നീയത്ര വലിയ മിടുക്കൊന്നുമല്ല കാണിച്ചത് ട്ടോ... എന്നെ തനിച്ചാക്കിപ്പോകാം എന്നല്ലേ കരുതിയിരുന്നത്... എങ്കിൽ കേട്ടോളൂ, നിന്റെ ശബ്ദവും ചിത്രങ്ങളും അഭിനയവും എല്ലാം എന്റെയൊരൊറ്റ വിരൽത്തുമ്പിലുണ്ട്... നീയടുത്തുള്ളതിനേക്കാൾ അധികമായി ഞാനവയിലൂടെ കടന്നുപോകുന്നു... നീയൊപ്പമുണ്ടാവുന്നതുപോലുള്ള അനുഭവം.'

പെട്ടെന്ന് ഇറങ്ങിപുറപ്പെടുന്ന യാത്രകളുടെ ഓർമകൾ ഒന്നിലേറെ പങ്കുവയ്ക്കുന്നുണ്ട് ജിജി പുസ്തകത്തിൽ. ഒന്നിങ്ങനെ–

'നിനക്കോർമ്മയുണ്ടോ നമ്മളൊരിക്കൽ മംഗലാപുരത്തേക്കു പോയത്? നീ പറയുകയായിരുന്നു ‘അമ്മൂ.... നമുക്ക് മൂകാംബികയ്ക്കു പോയാലോ’ എന്ന്...ഞാൻ പിന്നെ കേൾക്കേണ്ട താമസം, ‘യെസ് ’ മൂളി...(അതുകൊണ്ടായിരുന്നുവല്ലോ അമ്മയെന്നെ, നിന്റെ വാലാട്ടിപ്പട്ടി എന്നു വിളിച്ചിരുന്നത്...!) ഭക്ഷണത്തിനു മാത്രം കഷ്ടിച്ചു മതിയാകുന്നത്ര പണമേ കൈയിലുള്ളുവെന്നു നീയാദ്യമേ പറഞ്ഞിരു ന്നു... എന്നാലും നമ്മൾ പുറപ്പെട്ടു... ടിക്കറ്റെടുക്കാതെ ട്രെയിനിൽ കയറി.. പതിവു പോലെ നീ എന്നോടു വാചാലനായി...

ഒന്നോ രണ്ടോ സ്റ്റേഷനുകൾ കഴിഞ്ഞപ്പോൾ ടിക്കറ്റു പരിശോധകൻ വന്നു... നീ അല്പം മാറി നിന്ന് അദ്ദേഹത്തോട് എന്തൊക്കെയോ സംസാരിച്ചു.. പിന്നീടു ഞാൻ കണ്ടത് നിന്റെ അടുത്തിരുന്ന് താളമിട്ടു പാട്ടു കേൾക്കുന്ന പരിശോധകനെയാണ്....! നീ മുഹമ്മദ് റാഫിയുടെ പാട്ടുകൾ തുടരെത്തുടരെ പാടിക്കൊണ്ടിരുന്നു... ഞാനും ഒപ്പം ചേർന്നു.... ഏറെ നേരം കഴിഞ്ഞാണ് പിന്നീടാ മനുഷ്യൻ നമ്മുടെയരികിൽ നിന്നും പോയത്...' ലക്ഷ്യങ്ങളും മുന്നൊരുക്കങ്ങളും ഇല്ലാതെ സ്വന്തം മനസ്സു പറയുന്ന വഴിയേ പറക്കുന്ന, പറവകണക്കു ള്ള യാത്രകൾ തെല്ലൊന്നുമല്ല വായനക്കാരെ കൊതിപ്പിക്കുന്നത്.

വായനക്കാർ നെഞ്ചേറ്റിയ പുസ്തകത്തിന്റെ മൂന്നാം പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഓരോ വരികളിലും ജിജിയിലൂടെ നമ്മൾ ജോഗിയെ അറിയുന്നു... പ്രണയം കണ്ടെത്തുന്നു. പുസ്തകം വായിച്ചു മടക്കുമ്പോൾ ഒരു വേദന മനസ്സിന്റെ കോണിൽ ഒളിക്കുന്നു. അവസരം കിട്ടുമ്പോഴൊക്കെ അവ പുറത്തുവരും ഉറപ്പ്. പിന്നെ ഉള്ളൊന്നു പിടയും പ്രണയത്തിനായി. 

ഇത്രത്തോളം മനോഹരമായി പ്രണയത്തെ ആർക്ക് പകർത്താനാവും? സർവ ഉന്മാദങ്ങളോടും അത് അനുഭവിച്ചവർക്കല്ലാതെ... നന്ദി ജോഗി... നന്ദി ജിജി... ഞങ്ങളുടെ വായനകളെ ഇത്രമേൽ പ്രണയാതുരമാക്കിയതിന്...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA