sections
MORE

'ഭൂമിയും പെണ്ണും ഒരുപോലെ... ഒരുപാടു പഠിക്കാനുണ്ട്'

HIGHLIGHTS
  • കറുപ്പിന്റെ രാഷ്ട്രീയം സംസാരിക്കുന്ന കഥയാണ് ‘പെൺകാക്ക’.
  • വായനക്കാരുമായി നേരിട്ടു സംവദിക്കുന്ന ലളിതമായ ആഖ്യാനം
penkakka-p
Jpeg
SHARE
അർഷാദ് ബത്തേരി

ഡിസി ബുക്സ്

125 രൂപ രൂപ

"നീ മരിച്ചുപോയി, അല്ലേ?" ഏന്തിവലിഞ്ഞ് അയാൾ മുഖത്തിനടുത്തേക്കിരുന്നു. തണുത്ത കാറ്റ് കോലായിയിലേക്കു വീശിയടിച്ചു. അയാൾ തന്റെ പെണ്ണിന്റെ നെറ്റിയിൽ സ്നേഹത്തിന്റെ എല്ലാ ദാഹവുമായിതൊട്ടു. പിന്നീടൊന്നു ചുംബിച്ചു.

"ഞാൻമരിക്കുന്നതിനു മുൻപ് നീ മരിച്ചതു നന്നായി. അല്ലെങ്കിൽ കണ്ണുകാണാത്ത നീയ്യ് ഒറ്റയ്ക്ക് എങ്ങനെ ജീവിക്കാനാ. നെനക്ക് കണ്ണു കാണാനാകില്ലെന്ന് നാട്ടുകാർക്കറിയാതെ തന്നെ നീ മരിച്ചില്ലേ. സമാധാനമായി. അയാൾ പിന്നെയും ചുംബിച്ചു. വലതുകൈ ഉയർത്തിപ്പിടിച്ച് വിരലുകളിൽ മാറിമാറി ചുംബിച്ചു..

നിന്റെ കൂടെ, മെല്ലെമെല്ലെ നടന്നാണ് ഞാൻ നടത്തം പഠിച്ചത്… ആ നടത്തമാണ്, മണ്ണിനെയും മനുഷ്യരെയുമറിയാൻ സഹായിച്ചത്… ഭൂമിയും പെണ്ണും ഒരുപോലെയാണ്... ഒരുപാടു പഠിക്കാനുണ്ട്, നിങ്ങളിൽ നിന്ന്..’’ അയാൾ ഭാര്യയുടെ വലത്തെ കൈ വീണ്ടുമുയർത്തി. വിരലുകളിൽ ഒന്നു തടവി...

ഞാൻ ഈ നേരം വരെ നെനക്കുള്ള കുഴികുത്തായിരുന്നു. നമ്മളെപ്പോലെയുള്ളവരെ കുഴിച്ചിടുന്ന ആ മൈതാനത്ത്. പിന്നെ വരുന്നവരൊക്കെ പൊയ്ക്കോട്ടെന്നു കരുതി… മ്മള് ജീവിക്കുമ്പോൾ കിട്ടാത്ത സ്നേഹവും സഹായവും എന്തിനാ മരിച്ചിട്ടു കിട്ട്ണ്. ഞാൻ കുഴിച്ച കുഴി ആറടിയൊന്നുമല്ല, വലുതാണ്.. നല്ല വീതിയുമുണ്ട്.. പക്ഷേ, നീ ഒറ്റയ്ക്ക് കെടക്കണം..’’ അയാളുടെ ശബ്ദം ചെറുതായൊന്ന് ഇടറി. അയാൾ ഭാര്യയുടെ തല തന്റെ മടിയിലേക്കു കയറ്റിവെച്ചു. തന്റെ വിരലുകൾ കൊണ്ട് അവരുടെ അടഞ്ഞുകിടക്കുന്ന കണ്ണുകളിൽ ഒന്നു തൊട്ടു.

ജീവിക്കുമ്പോൾ കിട്ടാത്ത സ്നേഹവും സഹായവും എന്തിനാ മരിച്ചിട്ടു കിട്ട്ണ്. ഞാൻ കുഴിച്ച കുഴി ആറടിയൊന്നുമല്ല, വലുതാണ്.. നല്ല വീതിയുമുണ്ട്.. പക്ഷേ, നീ ഒറ്റയ്ക്ക് കെടക്കണം

അയാൾ എഴുന്നേറ്റ് ഒരൊറ്റ കോരലിൽ അവരെയെടുത്ത് തന്റെ തോളിലേക്കിട്ട് മുറ്റത്തേക്കിറങ്ങി.

(വളരെ ചെറിയ യാത്രക്കാരൻ)

ഹൃദയത്തിൽ ചോരപൊടിക്കുന്ന വാക്കുകൾ കൊണ്ടാണ് അർഷാദ് ബത്തേരി ‘വളരെ ചെറിയ യാത്രക്കാരൻ’ എന്ന കഥയെഴുതിയത്. വേഗമേറിയ ഈ ലോകത്ത് വേഗക്കുറവുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്ന അനേകം ആളുകളിൽ ഒരാളാണു കഥാനായകൻ. അയാളുടെ ജീവിതം കാമറയിലേക്കു പകർത്താനെത്തുകയാണ് കൂട്ടുകാരായ മൂന്നുപേർ. അയാളുടെ സഞ്ചാരത്തെക്കുറിച്ച് ഈ മൂന്നുപേർക്കുമുള്ള അഭിപ്രായത്തിലാണു കഥ തുടങ്ങുന്നത്. ‘‘ ശൂന്യതയിൽ സ്വയം വരച്ചിട്ട ഏതാനും വരകളിലൂടെ മാത്രമാണ് അയാൾ സഞ്ചരിക്കുന്നത്’. മൂന്നുപേരും ചേർന്ന് അയാൾക്കൊരു വിളിപ്പേരുമിട്ടു– ‘ആമ’. കഥാകൃത്ത് അയാളെക്കുറിച്ചു പറയുന്നതിങ്ങനെ– ‘താൻ നിരന്തരമായി പരിഹാസത്തിന്റെ കൂർത്ത കല്ലുകളാൽ എറിയപ്പെടുന്നുണ്ടെന്നും പലരെക്കാളും വളരെ പിറകിലാണ് തന്റെ എല്ലാ നീക്കങ്ങളെന്നും ബോധ്യപ്പെട്ടിട്ടും അയാൾ തന്റെ ആമജീവിതത്തിന്റെ പാതയിൽ ഉറച്ചുനിന്നു. എന്തുകൊണ്ട് അയാൾ എല്ലാംകൊണ്ടും ആമയെപ്പോലെ വേഗം കുറഞ്ഞവനായി എന്നതിലേക്ക് വായനക്കാരൻ എത്തുമ്പോഴേക്കും അർഥമേറിയ വാക്കുകൾ വന്ന് അയാളെ മൂടും. 

അയാളറിയാതെ, അയാളെ കാമറയുമായി പിൻതുടരുന്ന മൂന്നുപേരും ഒരു സത്യം തിരിച്ചറിയുന്നു–

‘‘ പതുക്കെ നടക്കനാണു കഴിയാത്തത്’’.അവർ ഒരുമിച്ചു പറഞ്ഞു. അയാൾ ഒന്നു നിന്നു. അൽപം കുനിഞ്ഞ് വഴിയിൽ കിടക്കുന്ന കമ്പിവേലിത്തുണ്ട് എടുത്ത് ആരുടെയും കാലുകളിൽ തറയ്ക്കാത്ത ഒരിടത്തേക്കു മാറ്റിവച്ച് നടത്തം തുടർന്നു.

അൽപദൂരം പിന്നിട്ടപ്പോഴേക്കും ആ ആമവേഗത്താൽ ചുറ്റിവരിയപ്പെട്ട് അവർ പൂർണ്ണമായും തളർന്നു. അവരുടെ ശരീരങ്ങൾ മുഴുവനും കടഞ്ഞ് വേദനിച്ചു.

‘‘പതുക്കെ നടക്കാൻ വല്ല്യ പാടാ.. മുട്ടുകാല് വേദനിക്ക്ണ്’’.

ആമവേഗത്തിൽ നടക്കുന്ന അയാളെക്കുറിച്ച് ഡോക്യുമെന്ററിയെടുക്കുന്ന മൂന്നുപേരും അയാളുടെ ഭാര്യയെയും കാമറയിൽ പകർത്താൻ ശ്രമിക്കുന്നു. 

‘‘ഇയാളൊരു സാധാരണക്കാരനാണെന്നു വിശ്വസിക്കാൻ പ്രയാസമുണ്ട്.അതുപോലെ അയാളുടെ ഭാര്യയും. നമ്മൾ തുടങ്ങേണ്ടിയിരുന്നത് അയാളുടെ ഭാര്യയിൽ നിന്നുമായിരുന്നു. നമ്മളെന്തേ അയാളുടെ ഭാര്യയെ പാടേ ഒഴിവാക്കിക്കളഞ്ഞത്? പുറത്തൊന്നും വിടാതെ വീടിനകത്തിട്ട് പോറ്റുന്ന അവരുടെ കഥയെന്താവും? ഒരുപക്ഷേ, ആ സ്ത്രീ നേരെ വിപരീതമാണെങ്കിലോ? വേഗതയെ ഇഷ്ടപ്പെടുന്നവരാണെങ്കിലോ? ഇയാളുടെ വേഗക്കുറവിലേക്കെത്താൻ അവരെത്ര പരിശീലിച്ചിട്ടുണ്ടാകും? 

നമുക്കറിയാത്തതെന്തൊക്കയോ ഉണ്ട്. എന്തുവന്നാലും നാളെ മുതൽ നമ്മൾ അയാളുടെ ഭാര്യയെയും വീടിനെയും വളയും. 

എന്നാൽ കാമറയുമായി വരുന്ന മൂന്നുപേരെ മാത്രമല്ല, വായനക്കാരുടെയാകെ കാഴ്ചയെയാണ് കഥാകൃത്ത് തുടർന്നു മാറ്റിമറിക്കുന്നത്. ഓരോ വാക്കിലും ഒരായിരം അർഥം ഒളിപ്പിച്ചുവച്ചുകൊണ്ടാണ് കഥാകൃത്ത് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ ആമവേഗക്കാരനെപോലെ തന്നെയേ വായനക്കാരനും സഞ്ചരിക്കാൻ കഴിയൂ. വാക്കുകൾ സങ്കടങ്ങളായി അയാളെ വീർപ്പുമുട്ടിക്കും. 

‘‘ ഇയാളെങ്ങോട്ടാണ് അവരെ കൊണ്ടുപോകുന്നതെന്ന്’’ കഥയുടെ ഒടുക്കം മൂന്നുപേരും ചോദിക്കുന്നത് വായനക്കാർ കഥാകൃത്തിനോടും ചോദിക്കും–നിങ്ങളെങ്ങോട്ടാണു ഞങ്ങളെ കൊണ്ടുപോകുന്നത്?

അർഷാദ് ബത്തേരിയുടെ ‘പെൺകാക്ക’ എന്ന പുതിയ കഥാസമാഹാരത്തിൽ ഒൻപതു കഥകളാണുള്ളത്. മനുഷ്യന്റെ ആകുലതകളും മരണവും ഹരിത രാഷ്ട്രീയവുമെല്ലാം മാറിമാറി വരുന്ന ഒൻപതുകഥകൾ. കറുപ്പിന്റെ രാഷ്ട്രീയം സംസാരിക്കുന്ന കഥയാണ് ‘പെൺകാക്ക’.

പെൺകാക്ക

‘‘ഫർഹാനേ, അവള് ഗർഭിണിയായിരുന്നു അല്ലേ? എല്ലാ പ്രതീക്ഷയും പോയല്ലേ?’’ സുദേവൻ പൊട്ടിച്ചിരിച്ചു. ആ ചിരി റാഷിദിലേക്കു പടർന്നു. അവർ കാറിന്റെ ഗ്ലാസ് താഴ്ത്തിവെച്ച് ഉറക്കെയുറക്കെ ചിരിച്ചു.

ഫർഹാൻ അവരുടെ ചിരിയെ അവഗണിച്ചു.പോക്കറ്റിലെ ഫോണെടുത്ത് ഗാലറി തുറന്നു. അവളുടെ ഫോട്ടോയിൽ വിരൽവച്ചു.

‘‘ഇതാണോ നല്ല കറുത്തിട്ടാണല്ലോ?’’

‘‘അതിനെന്താ, പുറമേക്ക് കറുത്തവരുടെ അകം വെളുത്തിട്ടായിരിക്കുമെന്നാ പറയാറ്’.

‘‘എന്താ അവരുടെ പേര്?’’

‘‘ ലളിത, അല്ല കാക്ക’’.

‘‘കാക്കയോ?’’

‘‘ഉം, അവൾക്ക് കാക്കളെ വല്യ ഇഷ്ടാണ്. അതുകൊണ്ട്ഞാൻ കാക്കയെന്നാണു വിളിക്കാറുള്ളത്’’.

(പെൺകാക്ക)

തടിച്ചുകറുത്ത ചുണ്ടുകളും ഉന്തിയ വയറുമുള്ള ലളിതയെന്ന ഗർഭിണിയോട് ഫർഹാനുള്ള സ്നേഹമാണ് പെൺകാക്ക. ഫർഹാന് ഭാര്യയും ഒരു മകളുമുണ്ട്. ഇതിനു മുൻപ് ലളിത രണ്ടുതവണ ഗർഭിണിയായിരുന്നു. രണ്ടും ചാപിള്ളകൾ. മൂന്നാമതു ഗർഭിണിയായതോടെ ഭർത്താവ് അവളെ ഉപേക്ഷിച്ചു. 

ആൾത്തിരക്കേറിയ ഒരു ബസിൽ കുട്ടിപ്പൗഡറിന്റെ ഗന്ധവുമായിട്ടാണ് അവൾ അയാളിലേക്കു കയറിവരുന്നത്. കാറ്റുവരുന്ന നേരത്ത് കാക്കയുടെ നീളൻമുടി ഫർഹാന്റെ മുഖത്തേക്കു പാറിവീണു. ഓരോ മുടിയിഴയിലും പരന്നുകിടക്കുന്ന കുട്ടിപ്പൗഡറിന്റെ മണം ഗന്ധങ്ങളുടെ പരവതാനിയായി.

‘‘കുട്ടികളുടെ പൗഡറാണോ ഇഷ്ടം’’

‘‘ചെറുപ്പത്തിൽ ഉത്സവത്തിനു പോയപ്പോൾ അമ്മ വാങ്ങിച്ചു തന്നതാണ്. ഞാനിത് ഇട്ടുകഴിഞ്ഞാൽ അമ്മ ചേർത്തുപിടിച്ചു മണക്കും. ഉത്സവം കഴിഞ്ഞ് രണ്ടാം മാസത്തിലാണ് അമ്മ മരിക്ക്ണത്. അമ്മയ്ക്കും ഈ മണമായിരുന്നു. പിന്നെ ഉപേക്ഷിക്കാനും തോന്നിയില്ല.’’കാക്ക നിറയുന്ന കണ്ണുകൾക്കൊപ്പം ചിരിച്ചു. കാക്ക കണ്ണുകൾ തുടയ്ക്കുന്നതു കാണെ ഈ ഗന്ധത്തിലാണ് നിന്നിലേക്ക് ഞാൻ അനുരാഗപ്പെട്ടതെന്ന് പറയാൻ മുതിർന്നില്ല. പ്രിയത്തിന്റെ ചെറുചെറു അനക്കങ്ങൾ സൃഷ്ടിക്കുന്ന ഉൾത്തുടിപ്പുകളാൽ ഇരുവരും ഒട്ടിപ്പിടിച്ചിരുന്നു. കഴിഞ്ഞു പോയ വർഷങ്ങൾക്കിടയിൽ താനിത്രയും സന്തോഷത്തിൽ പുൽകപ്പെട്ടിട്ടില്ലായെന്ന് ഓർക്കുംതോറും കാക്കയുടെ ഉള്ളിൽ നദി മുറിച്ചു പറക്കുന്ന ആഹ്ലാദം.

കാക്കയെ കാണാനാണ് ഫർഹാൻ രാത്രിയിൽ കൂട്ടുകാർക്കൊപ്പം വരുന്നത്. എന്നാൽ കൂട്ടുകാർ അവനെ വഴിയിൽ ഇറക്കിവിട്ട് യാത്രയാകുന്നു. അറിയാത്ത വഴിയിലൂടെ രാത്രിയുടെ ഇരുട്ടിനെ മുറിച്ചുകടന്ന് ഫർഹാൻ കാക്കയെ തേടിപോകുന്നതിനൊരു ലക്ഷ്യമുണ്ട്. ആ യാത്രയിലെ വാക്കുകളുടെ വൻകര മുറിച്ചുകടക്കാൻ വായനക്കാരൻ നന്നേ പ്രയാസപ്പെടും.

ഉമ്മ കയറാത്ത തീവണ്ടി

വികസനവും ഹരിതരാഷ്ട്രീയവും നമ്മുടെ നാട്ടിൽ ഏറ്റുമുട്ടൽ തുടങ്ങിയിട്ട് കാലം കുറച്ചായി. പരിസ്ഥിതിയെ മാനിക്കാതെയുള്ള വികസനത്തിനായി ഒരുകൂട്ടരും പരിസ്ഥിതിയെ പിഴുതുമാറ്റിക്കൊണ്ടുള്ള വികസനം പാടില്ലെന്ന് ഒരു വിഭാഗവും. വയനാട്ടിലേക്ക് ട്രെയിൻ വരുമെന്നുകേട്ടപ്പോൾ ഉമ്മ ചോദിക്കുകയാണ്.

‘‘മോനേ, വയനാട്ടിലേക്കെങ്ങനെ തീവണ്ടിയോടിക്കും?’’

‘‘ മൈസൂരിലെ നെഞ്ചൻകോട്ട്ന്ന് കാട്ടിലൂടെ ബത്തേരി വരെയെത്തും’’

‘‘കാട്ടിലൂടെയോ, അപ്പോ മൃഗങ്ങളൊക്കെയെന്തുചെയ്യും? അവറ്റകളെ സ്വൈര്യം പോവൂലേ തീവണ്ടി തട്ടി മരിച്ചുപോവൂലേ’’. വേവലാതിയുടെ സ്വരം.

ഉമ്മ ജമീലയ്ക്ക് കാമുകൻ സുലൈമാൻ വർഷങ്ങൾക്കു മുൻപെഴുതിയ കത്തുമായി അൻവർ യാത്ര ചെയ്യുകയാണ്. ആ കത്തുമായി അവൻ സുലൈമാന്റെ വീട്ടിലെത്തി. ഉമ്മയുടെ ചിരകാലാഗ്രഹമായിരുന്നു തീവണ്ടിയിൽ കയറുകയെന്നത്. ആ മോഹം സഫലമാക്കാൻ അവൻ ഉമ്മയെയും കൂട്ടി പുറപ്പെടുകയാണ്, പഴയ കാമുകന്റെ അടുത്തേക്ക്.

അയാളെ കാണുമ്പോൾ ഉമ്മയെന്താണു ചോദിക്കുകയെന്ന ആലോചനയിൽ അൻവർ മുഴുകി. പെട്ടെന്ന് ഉണർന്നപ്പോൾ, വയലിലേക്കിറങ്ങി, പച്ചനിറങ്ങൾക്കിടയിലെ വരമ്പിലൂടെ നടന്നുപോകുന്ന ഉമ്മയെ കണ്ടു. 

"ഉമ്മാ, ഇവിടെയല്ല ഇറങ്ങേണ്ടത്.. ഉമ്മാ" അൻവർ അലറിവിളിച്ചു. ഉമ്മ തിരിഞ്ഞുനിന്നു.

"മോനേ, ഇവിടെയാണ് ഇറങ്ങേണ്ടത്., ഇവിടെത്തന്നെയാ." ഉച്ചത്തിൽ ചിരിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു. നോവലിസ്റ്റ് എം.മുകുന്ദനാണ് ‘പെൺകാക്ക’ എന്ന കഥാസമാഹാരത്തിന് അവതാരിക എഴുതിയത്. എം. മുകുന്ദൻ പറയുന്നു.

‘‘ ഇന്ന് പല കഥാകൃത്തുക്കളും അവരുടെ കഥകളുടെ മുൻപിൽ കയറി നടക്കുന്നവരാണ്. അതായത്, കഥയേക്കാൾ പ്രധാനം കഥാകൃത്താണെന്ന് അവർ സങ്കൽപ്പിക്കുന്നു. അർഷാദ് ബത്തേരി അങ്ങനെയുള്ള ഒരു കഥാകാരനല്ല. പുതുമയുള്ള പ്രമേയങ്ങൾ. ഹരിതബിംബങ്ങൾ ഇടതൂർന്നു നിൽക്കുന്ന ഭാഷ. മനുഷ്യപക്ഷത്ത് നിന്നുകൊണ്ടുള്ള കൃത്യമായ രാഷ്ട്രീയബോധം. വായനക്കാരുമായി നേരിട്ടു സംവദിക്കുന്ന ലളിതമായ ആഖ്യാനം’’.

മുൻതലമുറയിലെ എഴുത്തുകാരന്റെ ഭംഗിവാക്കുകളല്ല ഇത്. അതു വെളിവാക്കും ഈ ഒൻപതു കഥകളും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA